രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ടി ഐ മധുസൂദനന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം അക്രമം

Published : Jan 24, 2026, 06:58 PM IST
BJP, Congress protest

Synopsis

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം അക്രമം. ടിഐ മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെയാണ് അക്രമം. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി.രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ എല്ലാം തള്ളുകയാണ് സിപിഎം നേതൃത്വം. പാർട്ടിയെ തകർക്കാനാണ് നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാർ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജൻ പ്രതികരിച്ചത്. തന്‍റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ  നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. എന്നാൽ പാർട്ടി അന്വേഷണ കമ്മീഷന്‍ പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വീ കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചു. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത്  സമർപ്പിക്കുന്നതിൽ വീഴ്ച മാത്രമാണ് സംഭവിച്ചത് എന്നുമാണ് അന്നത്തെ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.   

ഒറ്റുകാരനെ ജനം തിരിച്ചറിയുമെന്ന വാചകങ്ങളോടെ പയ്യന്നൂരിൽ  പോസ്റ്ററുകളും ഫ്ലക്സുകളും സിപിഎം ഉയർത്തിയിട്ടുണ്ട്. പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നത് എന്നാണ് നേതൃത്വം പറയുന്നത്. അണികളെ കൂടെ നിർത്താനാണ് സിപിഎമ്മിന്റെ പ്രതിരോധമെന്നും താൻ മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും വി കുഞ്ഞിക്കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്. ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.  

കണ്ണൂർ പാർട്ടിയിലെ കെട്ടടങ്ങാത്ത വിഭാഗീയതകൊണ്ട് കൊടി കീറിയ ഇടമാണ് പയ്യന്നൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്ന വൈകാരിക വിഷയത്തെ വീണ്ടും പുറത്തിടുമ്പോൾ ആ വിഭാഗീയത ആളികത്താൻ സാധ്യതയുണ്ട്. അച്ചടക്കത്തിന്‍റെ വാളെടുക്കുക മാത്രമാണ് പാർട്ടിക്ക് മുൻപിലുള്ള പോം വഴി. മറ്റന്നാൾ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും.

 

PREV
Read more Articles on
click me!

Recommended Stories

കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ, 216 കോടി വിറ്റുവരവ്; കഴിഞ്ഞ വർഷത്തേക്കാൾ 26 കോടി അധികം
മലയാളിയായ ബഷീർ കൈപ്പുറത്തിന് ബിഗ് ടിക്കറ്റിന്‍റെ ഒരു ലക്ഷം ദിർഹം സമ്മാനം!