ആകെ ഉണ്ടായിരുന്ന അമ്പത് രൂപക്ക് ടിക്കറ്റെടുത്തു; ഒടുവിൽ ബധിരനും മൂകനുമായ യുവാവിനെ തേടിയെത്തിയത് ഭാഗ്യദേവത

By Web TeamFirst Published Jan 25, 2020, 1:41 PM IST
Highlights

വൈകുന്നേരം ഫലം വന്നപ്പോൾ ആദ്യം ഒന്ന് അമ്പരന്ന സജി, പിന്നീട് തനിക്കാണ് നറുക്ക് വീണതെന്ന് ഉറപ്പുവരുത്തുകയായിരുന്നു. 

തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നതിനിടെ ഭാ​ഗ്യ ദേവതയുടെ കടാക്ഷം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശി സജി. ബധിരനും മൂകനുമായ സജിയുടെ മുന്നിൽ ഭാ​ഗ്യം എത്തിയത് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ്. WP 717310 എന്ന ടിക്കറ്റിലൂടെയാണ് സജിക്ക് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത്.

കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സജിക്ക് ലഭിച്ചത്. വട്ടിയൂർക്കാവ്, വെള്ളെെക്കടവ് അരുവിക്കുഴി സ്വദേശിയായ സജി ​ഗാർഡനിം​ഗ് പണിക്കാണ് പോകുന്നത്. പണി ഇല്ലാത്തപ്പോൾ സജി ലോട്ടറി വില്പനയും നടത്തിയിരുന്നു. 

പോക്കറ്റിൽ ആകെ ഉണ്ടായിരുന്ന അമ്പത് രൂപ കൊടുത്താണ് വട്ടിയൂർക്കാവിലെ എംഎച്ച് ലോട്ടറിക്കടയിൽ നിന്ന്‌ സജി 30 രൂപയുടെ ഒരു ടിക്കറ്റെടുത്തത്. വൈകുന്നേരം ഫലം വന്നപ്പോൾ ആദ്യം ഒന്ന് അമ്പരന്ന സജി, പിന്നീട് തനിക്കാണ് നറുക്ക് വീണതെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

Read Also: ഒരുകോടി ലോട്ടറിയടിച്ചു: ഇതര സംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

മകൻ സന്തോഷിനെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണമെന്നും നല്ലൊരു വീട് വയ്ക്കണമെന്നുമാണ് സജിയുടെ ആ​ഗ്രഹം. വട്ടിയൂർക്കാവ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സന്തോഷ്. അനിലയാണ് സജിയുടെ ഭാര്യ. സമ്മാനാർഹമായ ടിക്കറ്റ് എസ്ബിഐ വട്ടിയൂർക്കാവ് ശാഖയിൽ ഏല്പിച്ചു. 
 

click me!