
ന്യൂയോര്‍ക്ക്: കോടികളുടെ ലോട്ടറി അടിച്ചാല്‍ എങ്ങനെയാവും ആദ്യ പ്രതികരണം? പലരും പല തരത്തിലാകും പ്രതികരിക്കുക. ചിലര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും, വേറെ ചിലര്‍ വിശ്വസിക്കാനാവാതെ വണ്ടറടിച്ച് നില്‍ക്കും, ചിലര്‍ സന്തോഷ കണ്ണീരണിയും. എന്നാല്‍ അമേരിക്കയില്‍ പുതുവര്‍ഷ രാവിലെ ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോള്‍ യുവതി സന്തോഷം കൊണ്ട് വേദിയില്‍ വീണുപോയി. ഒരു മില്യണ്‍ (8 കോടിയിലധികം ഇന്ത്യന്‍ രൂപ) യുഎസ് ഡോളറാണ് യുവതിക്ക് അടിച്ചത്.
അമേരിക്കയിലെ നോർത്ത് കരോലിന സംസ്ഥാനത്തില്‍ പുതുവര്‍ഷ രാവില്‍ ലോട്ടറി വിജയിയെ പ്രഖ്യാപിക്കുമ്പോഴാണ് സംഭവം. ഒരു മില്യൺ ഡോളർ നേടാനുള്ള നറുക്കെടുപ്പില്‍ അവസാന റൌണ്ടില്‍ പമേലയ്ക്കൊപ്പം മറ്റ് നാല് പേര്‍ കൂടി ഉണ്ടായിരുന്നു. "പമേല! നിങ്ങള്‍ കോടീശ്വരിയായി" എന്ന് കേട്ടപ്പോഴാണ് സന്തോഷം താങ്ങാനാവാതെ യുവതി നിലത്തുവീണുപോയത്.
വേദിയിലുണ്ടായിരുന്നവരും മകളും ചേര്‍ന്ന് പമേലയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് പമേല ദൈവത്തിന് നന്ദി പറഞ്ഞു. ലോട്ടറി തുക ഉപയോഗിച്ച് ഒരു പുതിയ വീട് വാങ്ങാനാണ് പമേലയുടെ പദ്ധതി- "സുരക്ഷിതത്വ ബോധം നല്‍കുന്ന, എന്‍റേതായ വീട് സ്വന്തമാക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. ആഡംബരം നിറഞ്ഞതോ വലുതോ ഒന്നുമല്ല. ഒന്നോ രണ്ടോ കിടപ്പുമുറികളുള്ള ഒരു ചെറിയ വീട്"- എന്നാണ് പമേല പറഞ്ഞത്.