അച്ഛനെ കൊന്നയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആ ഒമ്പത് വയസ്സുകാരൻ കാത്തിരുന്നത് 17 വർഷം

Web Desk   | others
Published : Sep 24, 2020, 10:26 AM IST
അച്ഛനെ കൊന്നയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആ ഒമ്പത് വയസ്സുകാരൻ കാത്തിരുന്നത് 17 വർഷം

Synopsis

ഈ സമയത്ത് സിയാങ്ങിന്റെ അച്ഛനും അമ്മയും ടി വി വാങ്ങാനായി കടയിൽ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ, എന്തിനാണ് തന്റെ മക്കളെ ഇങ്ങനെ തല്ലിച്ചതച്ചെന്ന് ചോദിക്കാൻ ഷാങ് ജുനിന്റെ വീട്ടിൽ ചെന്നു.

സ്വന്തം അച്ഛനെ കൊന്നയാളെ കണ്ടെത്താനും, നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഒരു മകൻ നടത്തിയ പോരാട്ടത്തിന്റെ കഥ ചൈനീസ് മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മകന് വെറും ഒമ്പത് വയസ്സുള്ളപ്പോഴാണ് അച്ഛനെ അവന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ആ കുഞ്ഞ് മനസ്സിൽ അത് ഒരു ഉണങ്ങാത്ത മുറിവായി കിടന്നു. നീണ്ട 17 വർഷവും അതിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങി. അമ്മയുടെ കണ്ണുനീരും, പട്ടിണിയുടെ ആന്തലും അവന്‍റെ ലക്ഷ്യത്തെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. ഒരുപാട് അലഞ്ഞുതിരിഞ്ഞെങ്കിലും ഒടുവിൽ അവൻ അയാളെ കണ്ടെത്തുകയും, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്‌തു.    

2000 ഓഗസ്റ്റ് ഒമ്പതിനാണ് സിയാങ് മിങ്‌കിയാനിന്റെ ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ ആ സംഭവം നടക്കുന്നത്. അന്ന് അവന് വെറും ഒമ്പത് വയസ്സായിരുന്നു പ്രായം. അയൽവാസിയായ ഷാങ് ജുനുമായി വീടിന് പുറത്ത് കളിക്കുകയായിരുന്നു അന്നവൻ. ഇടയിൽ, ഷാങ് ജുൻ ഒരു കല്ല് എടുത്ത് ചെളിവെള്ളത്തിലിട്ട്, സിയാങിന്റെ മേൽ ചെളി തെറിപ്പിച്ചു. സിയാങും വിട്ടില്ല. കുറച്ചുകൂടി വലിയ കല്ല് നോക്കി അവനും വെള്ളത്തിൽ ഇട്ടു കൂട്ടുകാരന്റെ മേൽ ചെളി തെറിപ്പിച്ച് അതിന് പകരം വീട്ടി. തമാശയ്ക്ക് തുടങ്ങിയ കളി പക്ഷേ പതുക്കെ കാര്യമായി. താമസിയാതെ അവർ തമ്മിൽ ഊക്കൻ വഴക്കായി. ഷാങ്‌ ജുൻ പെട്ടെന്നു വീട്ടിൽ പോയി തന്റെ മുത്തശ്ശിയെ വിളിച്ചു കൊണ്ടുവന്നു. മുത്തശ്ശി വന്ന് സിയാങിനെ പിടിച്ചുതള്ളി. സമീപത്ത് താമസിച്ചിരുന്ന സിയാങ്ങിന്റെ മൂത്ത സഹോദരി ഇത് കണ്ട് ഓടിവന്നു. ഷാങ് ജുനിന്റെ കുടുംബം സഹോദരിയെയും തല്ലിച്ചതച്ചു. ഒടുവിൽ ചേച്ചിയും സിയാങും വേദനയും അപമാനവും സഹിച്ച് വീട്ടിലേക്ക് മടങ്ങി.  

.  

ഈ സമയത്ത് സിയാങ്ങിന്റെ അച്ഛനും അമ്മയും ടി വി വാങ്ങാനായി കടയിൽ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയ അദ്ദേഹം സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ, എന്തിനാണ് തന്റെ മക്കളെ ഇങ്ങനെ തല്ലിച്ചതച്ചെന്ന് ചോദിക്കാൻ ഷാങ് ജുനിന്റെ വീട്ടിൽ ചെന്നു. അച്ഛൻ ഷാങ്ങിന്റെ വീട്ടിലേക്ക് പോകുന്നത് സിയാങ് നോക്കിനിന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം അവിടത്തെ ലൈറ്റ് ബൾബ് അണയുന്നത് അവൻ കണ്ടു. ചുറ്റും ഇരുട്ട് കനത്തുവന്നപ്പോഴും, ആ നിശബ്തതയിൽ നിന്ന് ഉയർന്ന് വന്ന അച്ഛന്റെ നിലവിളി അവൻ വ്യക്തമായി കേട്ടു. ഷാങ് കുടുംബാംഗങ്ങൾ അച്ഛനെ പലതവണ കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഒടുവിൽ, അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. തനിക്ക് വല്ലാതെ തണുക്കുന്നുവെന്നും, വിശക്കുന്നുവെന്നും അച്ഛൻ മരിക്കുന്നതിന് തൊട്ടുമുൻപ് പറഞ്ഞത് അവന്റെ കാതിൽ ഇന്നും മുഴങ്ങുന്നു.  

കൊലപാതകത്തെ കുറിച്ച് സിയാങ് കുടുംബം പ്രാദേശിക പൊലീസിൽ പരാതിപ്പെട്ടെങ്കിലും, ആരെയും അറസ്റ്റ് ചെയ്തില്ല. പ്രധാന പ്രതിയായ ഴാങ് മൗക്വി അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ പ്രധാന പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കേസ് ഉപേക്ഷിച്ചു. അതേസമയം, പിതാവിന്റെ മരണശേഷം, സിയാങിന്റെ കുടുംബം പട്ടിണിയിലായി. വെറും 10 വയസുള്ളപ്പോൾ സ്കൂൾ പഠനം ഉപേക്ഷിച്ച് സിയാങ് നൂഡിൽസ് വിറ്റ് ഉപജീവനം കഴിക്കാനായി തെരുവിലേക്കിറങ്ങി. എന്നിരുന്നാലും അവന്റെ മനസ്സ് പിതാവിന്റെ കൊലയാളിയെ കണ്ടെത്തണമെന്നുള്ള ഓരൊറ്റ ചിന്തയിൽ ഉഴറി. അച്ഛന്റെ കൊലപാതകിയെ തെരഞ്ഞു കണ്ടെത്തണം എന്ന് മാത്രമായിരുന്നു പിന്നീട് അവന്‍റെ ചിന്ത. പലയിടത്തും അവൻ അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. 



ഒടുവിൽ 2017 -ൽ, ഫ്യൂജിയൻ പ്രവിശ്യയിൽ പ്രതി ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരം അവന് ലഭിച്ചു. അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ തേടി ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് സിയാങ് അവിടെത്തി. ഷാവോ ലിയാങ് എന്ന കള്ളപ്പേരിലാണ് കൊലപാതകി അവിടെ താമസിച്ചിരുന്നത്. അവിടെ അയാൾക്ക് ഭാര്യയും, മക്കളുമടങ്ങുന്ന ഒരു കുടുംബവുമുണ്ടായിരുന്നു. പിതാവിന്റെ രക്തക്കറയുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ സകല തെളിവുകളും ശേഖരിച്ച ശേഷം, സിയാങ് മിങ്‌കിയാൻ പൊലീസിന് മുന്നിലെത്തി. ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു.  

2018 ഒക്ടോബർ 10 -ന്, യുനാൻ പ്രവിശ്യയിലെ ഷോട്ടോംഗ് സിറ്റിയിലെ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി, സിയാങ് വെൻ‌ഷിയുടെ മരണത്തിൽ ഴാങ് മൗക്വി കുറ്റക്കാരനാണെന്ന് കണ്ടെത്തി അയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അവകാശങ്ങൾ പിൻവലിക്കുകയും ചെയ്തു. അങ്ങനെ 17 വർഷത്തിനും നാല് ദിവസത്തിനും ശേഷം, സിയാങ് മിങ്‌കിയാൻ താൻ ചെയ്യാനുറച്ച കാര്യങ്ങൾ ചെയ്തു തീർത്തു. വർഷങ്ങൾക്കുശേഷം അച്ഛന്റെ കൊലപാതകിയെ കണ്ടുമുട്ടിയപ്പോൾ വേണമെങ്കിൽ അവന് പ്രതികാരം ചെയ്യാമായിരുന്നു. തന്റെ ജീവിതത്തിൽ അനീതികൾ നടന്നപ്പോഴും, അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ പക്ഷേ അവൻ ശ്രമിച്ചില്ല. വർഷങ്ങളായി കൊണ്ട് നടന്ന വേദനയുടെ കനലുകളാണ് ഒടുവിൽ ആ വിധിയിലൂടെ എരിഞ്ഞടങ്ങിയത്. സന്തോഷം നിറഞ്ഞ ഒരു നല്ല ജീവിതം സ്വപ്നം കാണുകയാണ് സിയാങ് ഇന്ന്.  
 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!