അസുഖം മാറാന്‍ ക്ഷയരോഗികള്‍ കുടിയേറിയ നഗരം, ഒടുവില്‍ റിസോര്‍ട്ട്, ഹട്ടുകള്‍; അറിയാം ആ കഥ...

By Web TeamFirst Published Jul 24, 2020, 2:06 PM IST
Highlights

അന്നത്തെ കാലത്ത്, ഓരോ മൂന്നുപേരിൽ ഒരാൾ ക്ഷയരോഗിയായിരുന്നു. അതുകൊണ്ട് തന്നെ ആ നഗരത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ഈ ക്ഷയരോഗ ചികിത്സയ്ക്ക് വരുന്ന രോഗികളായിരുന്നു.

ഇന്ന് ലോകത്തിന്റെ എല്ലാ കോണിലും കൊറോണ വൈറസ് മഹാമാരി എത്തിക്കഴിഞ്ഞിരിക്കുന്നു. മുൻപ് പല വിപത്തുകൾ ഉണ്ടാകുമ്പോഴും ആളുകൾ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് കുടിയേറാറുണ്ട്. എന്നാൽ, ഇന്ന് എവിടെപ്പോയി ഒളിച്ചാലും അത് നമ്മെ പിന്തുടരുമെന്ന അവസ്ഥയാണ്. ഇതുപോലെ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിനെയും അമേരിക്കയെയും ബാധിച്ചിരുന്ന ഒരു പകർച്ചവ്യാധിയാണ് ക്ഷയരോഗം. 

ഇന്നത്തെപ്പോലെ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാത്ത ഒരുകാലത്ത് ഡോക്ടർ നിർദേശിച്ചിരുന്നത് 'ചികിത്സാ പർവ്വതങ്ങളി'ലേയ്ക്ക് പോവുക എന്നതായിരുന്നു. അവിടെ വരണ്ടതും ശുദ്ധവുമായ വായു ശ്വാസകോശങ്ങളിൽ നിന്ന് ഈർപ്പത്തെ വലിച്ചെടുക്കുമെന്നും, കഷ്ടപ്പാടുകൾ പരിഹരിക്കുമെന്നും അവർ വിശ്വസിച്ചു. ക്ഷയരോഗികൾ രോഗശാന്തി തേടി വരണ്ട കാലാവസ്ഥയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. ഒടുവിൽ രോഗമുക്തിക്കായി ഒരു നഗരം തന്നെ അങ്ങ് സ്ഥാപിക്കപ്പെട്ടു. സുഖകരമായ കാലാവസ്ഥയുള്ള ആ നഗരം ക്ഷയരോഗത്തിനുള്ള പ്രതിവിധിയായി ആളുകൾ കണക്കാക്കാൻ തുടങ്ങി. അങ്ങനെ ആ നഗരത്തിന്റെ പ്രധാന വ്യവസായമായി ക്ഷയരോഗ ചികിത്സ മാറി.

'വൈറ്റ് ഡെത്ത്' എന്നറിയപ്പെട്ടിരുന്ന ക്ഷയരോഗം 1800 -കളിൽ രാജ്യത്തിന്റെ പ്രധാന മരണകാരണമായിരുന്നു. പ്രധാനമായും ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണമാകുന്നത്. ഇത് വിട്ടുമാറാത്ത ചുമ, ഉയർന്ന പനി, കുറഞ്ഞ ശരീരഭാരം എന്നിവയ്ക്ക് കാരണമാകുന്നു. ഒടുവിൽ രോഗി മരിക്കാനും ഇത് കാരണമാകുന്നു. ഇതിന് ഒരു പ്രതിവിധിയെന്നോണം 1871 -ലാണ് കൊളറാഡോ സ്പ്രിംഗ്‍സ് എന്ന ഒരു നഗരം സ്ഥാപിക്കപ്പെടുന്നത്. ആഭ്യന്തര യുദ്ധനായകനും റെയിൽ‌വേ വ്യവസായിയുമായ ജനറൽ വില്യം ജാക്സൺ പാമറാണ് ഈ നഗരം സ്ഥാപിച്ചത്. റോക്കി പർവതനിരകൾക്ക് കിഴക്ക് ഉയർന്ന സമതലങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ ചൂടുകാലത്ത് ഊഷ്‍മളവും, ശൈത്യകാലത്ത് വളരെ സുഖകരവുമായ കാലാവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. പ്രതിവർഷം ശരാശരി 250 -ലധികം ദിവസവും അവിടെ ചൂടുകാലമാണ്. അസുഖം സുഖപ്പെടാനുള്ള ഏറ്റവും നല്ല സ്ഥലമായി അതിനെ ആളുകൾ കണക്കാക്കി. 

നഗരത്തിന്റെ അനുകൂലമായ കാലാവസ്ഥയെ മുതലെടുത്ത് കൊളറാഡോ സ്പ്രിംഗ്‍സിന്റെ സ്ഥാപകൻ നഗരത്തെ ശ്വാസകോശ സംബന്ധമായ പ്രശ്‍നങ്ങൾക്കുമുള്ള പ്രധാന പരിഹാരമായി നിർദേശിക്കാൻ തുടങ്ങി. “ലോകത്തിലെ മറ്റൊരു പ്രദേശത്തിനും കൊളറാഡോ സ്പ്രിംഗ്‍സിനു തുല്യമായ കാലാവസ്ഥയില്ല. ഞങ്ങളുടെ വായു ശുദ്ധവുമാണ്. വിട്ടുമാറാത്ത ചുമ അനുഭവിക്കുന്ന ആളുകൾ കൊളറാഡോയിൽ താമസിക്കുന്നതിലൂടെ കൂടുതൽ കാലം സുഖമായി ജീവിക്കാൻ സാധ്യതയുണ്ട്” കൊളറാഡോ സ്പ്രിംഗ്‍സ് റിസോർട്ട് പ്രഖ്യാപിച്ചു. ക്ഷയരോഗ ചികിത്സക്കായി ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകൾ കൊളറാഡോ സ്പ്രിംഗ്‍സിലേക്ക് എത്താൻ തുടങ്ങി. അവിടത്തെ ചികിത്സാരീതികൾ വളരെ വിചിത്രമായിരുന്നു. രോഗികൾക്ക് നിർബന്ധിത ഭക്ഷണം, നിർബന്ധിത വിശ്രമം, ഹിപ്നോട്ടിസം, സൺബാത്ത്, തുറസായ സ്ഥലത്ത് ഉറക്കം തുടങ്ങിയ ചികിത്സകളായിരുന്നു അവിടെ നിർദേശിച്ചിരുന്നത്.  

ഓരോ രോഗിയും അവർ ആഗ്രഹിക്കുന്നതിനേക്കാളും ഇരട്ടി ഭക്ഷണം കഴിക്കാൻ നിർബന്ധിതരായി. ഒരുദിവസം മൂന്ന് നേരവും മുട്ടകളും ഗ്ലാസ് കണക്കിന് പാലും അവർ ഭക്ഷിച്ചു. രോഗം ബാധിച്ച രോഗികളുടെ ക്ഷീണിച്ച ശരീരം മെച്ചപ്പെടുത്താനായിരുന്നു ഈ ആഹാരരീതി. സാനിറ്റോറിയത്തിൽ വളരെക്കാലം ചെലവഴിച്ചവർ 22 കിലോ വരെ തൂക്കം വച്ചു. ശുദ്ധവായു ചികിത്സയുടെ ഏറ്റവും പ്രധാന ഘടകമായി കണക്കാക്കപ്പെട്ടിരുന്നു. ഈ ആവശ്യത്തിനായി മിക്കവാറും എല്ലാ സാനിട്ടോറിയങ്ങളിലും നല്ല വായുസഞ്ചാരമുള്ള മുറികൾ പണികഴിപ്പിച്ചു. ഇതിലെ താമശയെന്തെന്നാൽ അവിടത്തെ കാലാവസ്ഥയാണോ മറ്റെന്തെങ്കിലുമാണോ എന്നറിയില്ല പല രോഗികളും സുഖം പ്രാപിച്ചുവെന്നാണ് പറയപ്പെടുന്നത്. 

അന്നത്തെ കാലത്ത്, ഓരോ മൂന്നുപേരിൽ ഒരാൾ ക്ഷയരോഗിയായിരുന്നു. അതുകൊണ്ട് തന്നെ ആ നഗരത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് ഈ ക്ഷയരോഗ ചികിത്സയ്ക്ക് വരുന്ന രോഗികളായിരുന്നു. “ക്ഷയരോഗ ചികിത്സ ഞങ്ങളുടെ വ്യവസായമായിരുന്നു” കൊളറാഡോ സ്പ്രിംഗ്‍സ് പയനിയേഴ്‍സ് മ്യൂസിയത്തിന്റെ ഡയറക്ടർ മാറ്റ് മേബെറി ഗസറ്റിനോട് പറഞ്ഞു. 1940 -കളോടെ ഫലപ്രദമായ ആൻറിബയോട്ടിക്കുകളുടെ വികസനം ഒടുവിൽ രോഗത്തിന് ഒരു പരിഹാരമാവുകയും, ഈ ഹട്ടുകൾ കാലഹരണപ്പെടുകയും ചെയ്‍തു. സാനിറ്റോറിയങ്ങൾ അടച്ചപ്പോൾ, ക്ഷയരോഗ കുടിലുകൾ പൊളിക്കുന്നതിനുപകരം വിറ്റുപോയി. അവയിൽ ചിലത് ഇന്നും നിലനിൽക്കുന്നു. ഒരുപക്ഷേ, ക്ഷയമെന്ന ഒരു രോഗമില്ലായിരുന്നെങ്കിൽ,  കൊളറാഡോ സ്പ്രിംഗ്‌സ് എന്ന നഗരം ലോകഭൂപടത്തിൽ ഇത്രകണ്ട് ഇടം നേടില്ലായിരുന്നു. 

click me!