എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

By Aami alaviFirst Published Dec 19, 2017, 7:31 PM IST
Highlights

പത്ത് പന്ത്രണ്ട്  വയസ്സുള്ള കുഞ്ഞ് ആ  വാക്ക്  പറയുമ്പോള്‍ എന്തിനാണിത്ര പ്രശ്‌നം ? സെക്‌സ് എന്ന് കേള്‍ക്കുമ്പോഴേ വാളെടുക്കുന്നത് എന്തിനാണ് ? ആ പയ്യന്റെ  മനസ്സില്‍ ആ പദം ഏല്‍പ്പിച്ച ആഘാതം എത്രയായിരിക്കും ? എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

കഴിഞ്ഞ  ദിവസം മോളുടെ  ക്ലാസ്സില്‍ ടീച്ചര്‍ നോട്ട്‌സ്  പറഞ്ഞു  കൊടുക്കുമ്പോള്‍ 'സെറ്റ്‌സ്' എന്നൊരു  വാക്ക്  പറഞ്ഞു. 

ഒരു  പയ്യന്‍  എഴുന്നേറ്റു നിന്ന്, 'മാം...സ്‌പെല്ലിങ്  പ്ലീസ്'-എന്ന്  ചോദിച്ചു. 

ഏഴില്‍  ആയിട്ടെന്താ  നിനക്ക്  സ്‌പെല്ലിങ്  അറിയില്ലേ  എന്നായി  ടീച്ചര്‍. 

അവന്‍  മടിച്ചു  മടിച്ചു 'സെക്‌സ്' എന്നാണോ ആ  വാക്കെന്ന്  ചോദിച്ചു. 

പെട്ടെന്ന്  മറ്റുകുട്ടികള്‍  ചിരിക്കാന്‍  തുടങ്ങി. 

ടീച്ചര്‍  കരഞ്ഞു കൊണ്ട്  ക്ലാസ്സില്‍  നിന്നിറങ്ങിപ്പോയി. 

അതൊരു  മോശം  വാക്കാണെന്ന്  സഹപാഠികള്‍  അവനെ  കുറ്റപ്പെടുത്തി.  

ആ  പയ്യന്  ചെറുതായി  കേള്‍വിയുടെ  പ്രശ്‌നം  ഉണ്ടെന്ന് ടീച്ചര്‍ക്ക്  അറിയാവുന്നതാണ്. 

എന്നിട്ടും അവരത്  റിപ്പോര്‍ട്ട്  ചെയ്തു. 

മാതാപിതാക്കളെ വിളിപ്പിക്കല്‍, മാപ്പ് പറച്ചില്‍... 
 
ഈ പ്രായത്തില്‍ വൃത്തികേട് സംസാരിക്കുന്ന പയ്യനെന്ന  കുപ്പായം  എളുപ്പത്തില്‍ ആ ടീച്ചര്‍ അവന്  ചാര്‍ത്തിക്കൊടുത്തു. 

ആ ക്ലാസ് മൊത്തം മോശം കുട്ടികളാണെന്നും ഇത്രേം  വൃത്തികെട്ട പിള്ളേരെ പഠിപ്പിക്കേണ്ടി വന്നുവല്ലോ എന്നുമൊക്കെയുള്ള ടീച്ചര്‍മാരുടെ ഉപദേശപരമ്പരകള്‍. 

സത്യത്തില്‍ ഇതിന് മാത്രം എന്താണുണ്ടായത്? 

പത്ത് പന്ത്രണ്ട്  വയസ്സുള്ള കുഞ്ഞ് ആ  വാക്ക്  പറയുമ്പോള്‍ എന്തിനാണിത്ര പ്രശ്‌നം ? 

സെക്‌സ് എന്ന് കേള്‍ക്കുമ്പോഴേ വാളെടുക്കുന്നത് എന്തിനാണ് ? 

ആ പയ്യന്റെ  മനസ്സില്‍ ആ പദം ഏല്‍പ്പിച്ച ആഘാതം എത്രയായിരിക്കും ? 

എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

സെക്‌സ് എന്ന് കേള്‍ക്കുമ്പോഴേ വാളെടുക്കുന്നത് എന്തിനാണ് ? 

സഹപാഠിയെ  അഭിനന്ദിക്കാന്‍, ആശ്ലേഷിച്ചതിന്റെ പേരില്‍  സ്‌കൂളില്‍നിന്നും പുറത്താക്കപ്പെട്ട തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിലെ പയ്യന്റെ കഥയും  ഇതിനോട്  ചേര്‍ത്തു  വായിക്കണം.  

ഒരൊറ്റ രീതിയിലുള്ള സ്പര്‍ശമേ നമ്മുടെ നോട്ടത്തിലുള്ളൂ. സഹശയനത്തിന്റേത് ! ആശ്വസിപ്പിക്കുന്നതും, അഭയമാകുന്നതും,  കൈപിടിച്ചു ഉയര്‍ത്തുന്നതുമായ സ്പര്‍ശങ്ങളെ നമ്മള്‍ അംഗീകരിക്കില്ല.  

ഇതെന്തുകൊണ്ടാണെന്നു  എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. 

പണ്ടെന്റെ  വീട്ടിലെ ആളുകള്‍ തമ്മില്‍ കാണുമ്പോള്‍ ആണെന്നോ പെണ്ണെന്നോ  വ്യത്യാസമില്ലാതെ ഇഷ്ടവും ഊഷ്മളതയും പ്രകടിപ്പിക്കുന്നത്  ഒരു ഇറുക്കിയ കെട്ടിപ്പിടുത്തത്തില്‍ ആയിരുന്നു. 

വിവാഹിതയായ ശേഷം  ആരെയെങ്കിലും  ചേര്‍ത്തു പിടിക്കുമ്പോഴോ  കൈകൊടുക്കുമ്പോഴോ  പിന്തുടരുന്ന കണ്ണുകള്‍ അതെന്റെ  വീട്ടിലെ മാത്രം പതിവാണെന്ന് പതിയെ എന്നെ  ബോധ്യപ്പെടുത്തി. അരുതാത്തതാണെന്ന്  വിലക്കി.

ചുറ്റും നോക്കുമ്പോള്‍!

ഒരു പെണ്‍/ആണ്‍ സുഹൃത്തിന്റെ മാറില്‍ തല ചായ്ക്കാന്‍ പോലും നമുക്ക് സ്വാതന്ത്ര്യം ഇല്ല. അല്ലെങ്കില്‍ അവസരം ഇല്ല. ശരീരം കൊണ്ട് വികാരങ്ങളെ പ്രകടിപ്പിക്കാന്‍ നമുക്ക് ഇപ്പോഴും ഭയമാണ്; ലജ്ജയാണ്. 

നീയൊരു പെണ്ണല്ലേ! ആ  താക്കീതില്‍ എല്ലാവരും ഒരിഞ്ചു അകലത്തില്‍ നിര്‍ത്തേണ്ടവരാണെന്നു പറയാതെ പറഞ്ഞു കളയും. എങ്കിലും ചിലനേരം ആണെന്നോ പെണ്ണെന്നോ ഇല്ലാതെ  പരസ്പരം തലചായ്ച്ച് ആശ്വാസം കണ്ടെത്താനല്ലേ നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.

എന്തിനെങ്കിലും  വേണ്ടിയാണോ? 

ഒന്നിനും  വേണ്ടിയല്ല .  

ചിലരുണ്ട്! സദാചാര മൂല്യങ്ങളെക്കുറിച്ചു അവരിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. നമ്മുടെ സംസ്‌കാരത്തിനെതിരാണെന്നും വിദേശത്തല്ല ജീവിക്കുന്നതെന്നും ഓര്‍മിപ്പിക്കും.  ആണിനെയും പെണ്ണിനെയും അവര്‍ കൃത്യമായ അകലങ്ങളില്‍ വേലികെട്ടി തിരിച്ചിരിക്കും.  

കുഞ്ഞിലേ മുതലുള്ള അറിവുകളാണ് അവരെ ഇമ്മാതിരി ആക്കിത്തീര്‍ക്കുന്നത്. അവര്‍ കണ്ട കാലങ്ങള്‍, ജീവിതങ്ങള്‍, സമൂഹം പുസ്തകങ്ങള്‍ എല്ലാം അവര്‍ക്ക്  നല്‍കുന്നത്/നല്‍കിയത് അത്തരം അറിവുകളാണ്.  

സ്വതന്ത്രമായി ചിന്തിക്കുന്നത് വരെ ആരും സ്വാതന്ത്രരാവുന്നില്ല. ആരുടെയോ ചിന്തകള്‍ക്കു അനക്കം കൊടുക്കുന്ന രൂപങ്ങള്‍ ആവരുതെന്നാണ് എനിക്ക് പറയാനുള്ളത്.

തീവ്രമായ ഒറ്റപ്പെടലിന്റെ വേദനയാവാം  പലപ്പോളും  പ്രായഭേദമന്യേ  മനുഷ്യര്‍ക്കിടയിലെ  ചങ്ങാത്തങ്ങള്‍.  നോക്കൂ, എന്നിട്ടും ഓരോ ബന്ധങ്ങള്‍ കാണുമ്പോള്‍ നാം അവരെ കുറ്റപ്പെടുത്തുന്നു. 

കരുതലിന്റെ കൈകകള്‍,  ചേര്‍ത്തു പിടിക്കല്‍, അഭിനന്ദനം,  അതെല്ലാം അവര്‍ക്ക് ആവശ്യമായിരിക്കാം. അവരുടെ മനസ്സിന്റെ ഉള്ളറകളില്‍ അവര്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടാകാമെന്ന യാഥാര്‍ഥ്യം ആരാണ് മനസ്സിലാക്കുക.

എങ്കിലും നാം അവര്‍ക്ക് ഒറ്റ പേര് നല്‍കി വിളിക്കും.

അപഥ സഞ്ചാരി/സഞ്ചാരിണി. 

(അതങ്ങ്  പറഞ്ഞു രസിച്ചാല്‍ കൃതാര്‍ത്ഥരായി) 

കാലം  കഴിയുന്തോറും മക്കളെ തൊടാന്‍ ഭയക്കുന്ന അച്ഛനമ്മമാരായി നമ്മള്‍ മാറും.  

അവര്‍ക്കത് ആവശ്യമായിരുന്നു എന്ന് എന്താണ് ചിന്തിക്കാത്തത്? 

ലോകത്തെ ഏറ്റവും സുരക്ഷിത പാര്‍പ്പിടമായ അമ്മയുടെ ഗര്‍ഭപാത്രത്തിന്നുള്ളില്‍ നിന്നും നിലവിളിച്ചു കൊണ്ട്  പുറത്തേയ്ക്കു  വരുന്ന  നമ്മളോരോത്തര്‍ക്കും  അഭയവും സ്വാന്തനവുമാകുന്നത്  അമ്മയുടെ  സ്പര്‍ശം മാത്രമാണ്. 

പക്ഷേ കാലം  കഴിയുന്തോറും മക്കളെ തൊടാന്‍ ഭയക്കുന്ന അച്ഛനമ്മമാരായി നമ്മള്‍ മാറും.  

ഓരോ സ്പര്‍ശത്തിന് പിന്നിലും ഭംഗിയില്ലാത്തതെന്തോ  ഉണ്ടെന്ന്  നമ്മളവരെ  പഠിപ്പിക്കും. 

ഞാനൊന്ന്  ചോദിക്കട്ടെ! എത്ര ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ വെച്ചു ചുംബിക്കാറുണ്ട് ? 

പ്രായമായവരെ/അച്ഛനമ്മമാരെ എത്രപേര്‍  ചേര്‍ത്തു പിടിക്കാറുണ്ട് ? 

ചടങ്ങുകള്‍ക്ക് മുന്‍പ് ആശീര്‍വാദത്തിനായി കാല്‍ക്കല്‍  വീഴാനല്ല,  സ്‌നേഹത്താല്‍ ചേര്‍ത്തു പിടിക്കാനും അനുഭാവപൂര്‍വം ചുംബിക്കാനും  നിങ്ങളവരെ  പഠിപ്പിക്കൂ.  

ആറും അറുപതും ഒരുപോലെയല്ല എന്നാണ് പഴമൊഴി. എങ്കിലും, ആറിലും അറുപതിലും സ്‌നേഹപൂര്‍ണമായ സ്പര്‍ശനത്തിനു കൊതിക്കുന്ന മനസ്സാണ് മനുഷ്യന്റേത്.

സ്പര്‍ശം  ഒരഭയമാണ്. 

സങ്കടങ്ങളില്‍ ചുരുണ്ടു കൂടിപോകുമ്പോഴും,  പനിക്കിടയില്‍  തളരുമ്പോളും നമ്മളൊക്കെ തേടുന്നത് നെറ്റിയില്‍  പതിയുന്ന സ്‌നേഹ സ്പര്ശമല്ലേ ?  
 
പലപ്പോളും  നമുക്ക്  വേണ്ടത്  സഹാനുഭൂതിയുടേതായ  വാക്കല്ല,  മറിച്ചു  സാന്നിധ്യമാണ്. 

താങ്ങി നില്‍ക്കാന്‍ ഒരു ചുമലാണ്.  

നിങ്ങള്‍  ചെടികളെ  ശ്രദ്ധിച്ചിട്ടില്ലേ, നമ്മുടെ  ശ്രദ്ധയോടെയുള്ള പരിചരണം, തലോടല്‍  അതിന്റെ  വളര്‍ച്ചയെ  എങ്ങിനെയാണ്  ത്വരിതമാക്കുന്നതെന്ന്.  

അതുകൊണ്ട്  ദയവുചെയ്ത്  നിങ്ങള്‍  കുഞ്ഞുങ്ങളില്‍  ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടല്ലേ. 

സഹപാഠികളെ   തീര്‍ത്തും  നിഷ്‌കളങ്കമായി  പലതവണ  കെട്ടിപ്പിടിക്കുകയും  കൈകോര്‍ത്തു  നടക്കുകയും  ചെയ്തിട്ടുള്ള  ഒരുവളാണ്  പറയുന്നത് ,  

ശരീരത്തെ  കുറിച്ച്  നടത്തുന്ന ഉപദേശങ്ങളും ആശങ്കകളും മറികടന്ന് ശരീരത്തെ ഒരു ഉപകരണം എന്ന രീതിയില്‍ അല്ലാതെ എന്നെങ്കിലും നിങ്ങളൊന്നു കാണാന്‍  പഠിക്കണം.  

നിങ്ങളുടെ  കുഞ്ഞുങ്ങളില്‍ വികലമായ  കാഴ്ചപ്പാടുകള്‍  കുത്തി നിറച്ചു അവരെ  കുറ്റക്കാരാക്കാതിരിക്കണം.  

ആണും പെണ്ണും എന്നതിനപ്പുറം മനുഷ്യരാവാന്‍ അനുവദിക്കണം.  

അരികത്തുചേര്‍ത്തുനിര്‍ത്തിയുള്ള തലോടല്‍ ഉഗ്രശാസനയെക്കാള്‍ ഫലം ചെയ്യുമെന്ന്  മനസ്സിലാക്കണം. 

അപ്പോള്‍ ആസക്തി  എന്നതിന്റെ  അണുപോലുമില്ലാതെ എങ്ങിനെ ബന്ധങ്ങള്‍  ഉണ്ടാക്കാമെന്ന് അവര്‍ പഠിക്കും.  

ഇനിയുള്ള തലമുറയെങ്കിലും ഭയമില്ലാതെ കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കിടുന്നവര്‍ ആകട്ടെ. 

click me!