വീഡിയോ: ജലം സംരക്ഷിക്കാന്‍ ഈ എണ്‍പതുകാരന്‍ ചെയ്യുന്നത്

By Web TeamFirst Published Aug 14, 2018, 12:26 PM IST
Highlights

നാല് മണിക്ക് എഴുന്നേറ്റ് അമ്മ വെള്ളത്തിനായി വരി നിന്നു. മറ്റ് സ്ത്രീകളോടൊപ്പം. ചെലപ്പോഴൊക്കെ ചീത്തയും വഴക്കും പതിവായി. അതാണ് താനിങ്ങനെയൊരു കാര്യം ചെയ്യാന്‍ കാരണമായത്

മുംബൈ: ആബിദ് സുര്‍ത്തി, വയസ് എണ്‍പത്, ചിത്രകാരനും എഴുത്തുകാരനുമാണ്. അതൊന്നുമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വെള്ളം സംരക്ഷിക്കാന്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. അതിനായി ആബിദ് തെരുവിലിറങ്ങി. ഒരു പ്ലംബറെയും കൂട്ടി വീടായ വീടുകള്‍ കയറിയിറങ്ങി. ലീക്കായ പൈപ്പുകള്‍ സൌജന്യമായി അടച്ചു നല്‍കി. അതിന് അദ്ദേഹം പറയുന്ന കാരണം, 'ഒരു സെക്കന്‍റില്‍ ഒരു തുള്ളി വെള്ളം നഷ്ടമാകുമെങ്കില്‍, ഒരുമാസം കൊണ്ട് ആയിരം ലിറ്റര്‍ പാഴാകും. അങ്ങനെ സംഭവിച്ചുകൂടാ' എന്നാണ്. 

ടാപ്പില്‍ നിന്ന് വെറുതെ താഴേക്ക് പതിക്കുന്ന ഓരോ വെള്ളത്തുള്ളിയും, എന്‍റെ ശിരസില്‍ പതിക്കുന്ന ചുറ്റിക പോലെയാണെന്നും അദ്ദേഹം പറയുന്നു. 'ഒരു ബക്കറ്റ് വെള്ളത്തിനായി തെരുവില്‍ മല്ലിടുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. നാല് മണിക്ക് എഴുന്നേറ്റ് അമ്മ വെള്ളത്തിനായി വരി നിന്നു. മറ്റ് സ്ത്രീകളോടൊപ്പം. ചെലപ്പോഴൊക്കെ ചീത്തയും വഴക്കും പതിവായി. അതാണ് താനിങ്ങനെയൊരു കാര്യം ചെയ്യാന്‍ കാരണമായത്'. ആബിദ് സുര്‍ത്തി പറയുന്നു.

രാജ്യത്തിന് നന്മ ചെയ്യാന്‍ ആയിരം വഴികളുണ്ട്. അതിലേത് വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. മുംബൈയില്‍ താമസിക്കുന്ന എനിക്ക് ഒരിക്കലും ഗംഗ ശുദ്ധീകരിക്കാന്‍ ആകില്ല. പക്ഷെ, അതിനര്‍ത്ഥം ഞാനൊന്നും ചെയ്യാതെ വീട്ടിലിരിക്കണമെന്നല്ലല്ലോ. അതുകൊണ്ട് ഞാനീ വഴി തെരഞ്ഞെടുത്തു. സുഹൃത്തുക്കളുടെ വീട്ടിലൊക്കെ പോകുമ്പോള്‍ എന്‍റെ ചെവി ആദ്യം കേള്‍ക്കുന്നത് അവിടെ പൈപ്പ് ലീക്കായി വെള്ളം ഇറ്റ് വീഴുന്നതാണ്. ഞാനവരോട് പറയും. ഇങ്ങനെ ചെയ്യരുതെന്ന്.  പിന്നീടാണ് ഞാന്‍ ഒരു പ്ലംബറെ കൂട്ടി ഓരോ വീട്ടിലും ചെന്ന് സൌജന്യമായി ലീക്കായ പൈപ്പുകള്‍ ശരിയാക്കിക്കൊടുത്തു തുടങ്ങിയത്. 

ഒരു പുസ്തകമെഴുതിയതിലൂടെ തനിക്ക് പുരസ്കാരമായി ലഭിച്ച ഒരു ലക്ഷം രൂപയും ആബിദ് സുര്‍ത്തി മാറ്റിവച്ചത് പൈപ്പുകള്‍ നന്നാക്കാനായാണ്. ജലത്തെ സംരക്ഷിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. താന്‍ സ്വമേധയാ 10 ലക്ഷം ലിറ്റര്‍ ജലം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് സംരക്ഷിച്ചു കഴിഞ്ഞു. 'ഈ വയസ്സന് ഇത് കഴിയുമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കത് സാധിക്കില്ല?' എന്നും ആബിദ് ചോദിക്കുന്നു.

വീഡിയോ:


 

click me!