പകർച്ചവ്യാധിക്ക് ശേഷം ഇന്ത്യയിൽ ഇനി വരാനിരിക്കുന്നത് ഹിമാലയൻ ഭൂകമ്പം?

Web Desk   | others
Published : Dec 20, 2020, 10:05 AM ISTUpdated : Dec 20, 2020, 10:10 AM IST
പകർച്ചവ്യാധിക്ക് ശേഷം ഇന്ത്യയിൽ ഇനി വരാനിരിക്കുന്നത് ഹിമാലയൻ ഭൂകമ്പം?

Synopsis

ഹിമാലയത്തിന് അടുത്ത് കിടക്കുന്ന നഗരങ്ങളാണ് ഇന്ത്യയിലെ ചണ്ഡീഗഢും, ഡെറാഡൂണും, നേപ്പാളിലെ കാഠ്മണ്ഡുവും. ഭൂകമ്പത്തിന്റെ ആഘാതം 11 ദശലക്ഷത്തിലധികം ആളുകൾ തങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ദില്ലി വരെ തെക്കോട്ട് വ്യാപിക്കും എന്നാണ് വെസ്നൗസ്കി സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ചും 2020 -ൽ, മുമ്പെങ്ങുമില്ലാത്തവിധം പ്രകൃതി ദുരന്തങ്ങളാണ് നമ്മൾ കണ്ടത്. അതിനൊപ്പം മഹാമാരിയും നമ്മളെ കീഴ്പെടുത്തി. മണ്ണിടിച്ചിൽ, കാട്ടുതീ, വെള്ളപ്പൊക്കം, രോഗങ്ങൾ, വെട്ടുക്കിളി ആക്രമണങ്ങൾ എന്നിവയെല്ലാം നമ്മുടെ സ്വസ്ഥത കെടുത്തി. എന്നാൽ, ഇതെല്ലാം ഒരു തുടക്കം മാത്രമാണ് എന്നാണ് ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത്. ലോകത്തെ പ്രമുഖ ഭൂകമ്പ ശാസ്ത്രജ്ഞർ നടത്തിയ സമീപകാല പഠനമനുസരിച്ച്, ഹിമാലയൻ ശ്രേണിയെ തകർക്കുന്ന ഒരു വലിയ ഭൂകമ്പമാണ് ഇനി ഉണ്ടാകാൻ പോകുന്നത് എന്നാണ് പറയുന്നത്.  

റിച്ച്റ്റർ സ്കെയിൽ 8 -ന് മീതെ പോകാവുന്ന ആ ഭൂകമ്പം രാജ്യത്ത് അഭൂതപൂർവമായ നാശം വിതയ്ക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഭൂകമ്പത്തിന്റെ ആഘാതം അടുത്തുള്ള നഗരങ്ങളായ ചണ്ഡീഗഢ്, ന്യൂഡൽഹി എന്നിവയെ ബാധിക്കും. സങ്കൽപ്പിക്കാൻ സാധിക്കാത്ത അളവിൽ ആളുകൾ മരണപ്പെടുമെന്ന് അതിൽ മുന്നറിയിപ്പ് നൽകുന്നു. 2018 -ലെ ഒരു റിപ്പോർട്ട് പ്രകാരം, ടെക്റ്റോണിക്-പ്ലേറ്റ് കൂട്ടിയിടി കാരണം ഹിമാലയം പോലുള്ള പർവതപ്രദേശങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ വളരെ ശക്തികൂടിയതാകും എന്ന് കണ്ടെത്തിയിരുന്നു.  

“അരുണാചൽ പ്രദേശിന്റെ (ഇന്ത്യ) കിഴക്ക് അതിർത്തി മുതൽ പാക്കിസ്ഥാൻ (പടിഞ്ഞാറ്) വരെ നീളുന്ന മുഴുവൻ ഹിമാലയൻ കമാനവും മുൻകാലങ്ങളിൽ വലിയ ഭൂകമ്പങ്ങളുടെ ഉറവിടമായിരുന്നു” പഠന രചയിതാവ് സ്റ്റീവൻ ജി. വെസ്നൗസ്കി പറഞ്ഞു. ജിയോളജി, സീസ്മോളജി പ്രൊഫസറും യുഎസിലെ റെനോയിലെ നെവാഡ സർവകലാശാലയിലെ സെന്റർ ഫോർ നിയോടെക്റ്റോണിക് സ്റ്റഡീസിന്റെ ഡയറക്ടറുമാണ് അദ്ദേഹം. ഭാവിയിലെ ഹിമാലയൻ ഭൂകമ്പങ്ങളുടെ ക്രമം ഇരുപതാം നൂറ്റാണ്ടിൽ അലൂഷ്യൻ സബ്ഡക്ഷൻ സോണിനരികിൽ ഉണ്ടായ വലിയ ഭൂകമ്പങ്ങൾക്ക് സമാനമായിരിക്കാമെന്ന് പഠനം പറയുന്നു. 

ഹിമാലയത്തിന് അടുത്ത് കിടക്കുന്ന നഗരങ്ങളാണ് ഇന്ത്യയിലെ ചണ്ഡീഗഢും, ഡെറാഡൂണും, നേപ്പാളിലെ കാഠ്മണ്ഡുവും. ഭൂകമ്പത്തിന്റെ ആഘാതം 11 ദശലക്ഷത്തിലധികം ആളുകൾ തങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ദില്ലി വരെ തെക്കോട്ട് വ്യാപിക്കും എന്നാണ് വെസ്നൗസ്കി സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ചെറിയ ഭൂകമ്പങ്ങൾക്ക് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചു. ഒരു വലിയ ഭൂകമ്പത്തിനുള്ള മുന്നൊരുക്കമായി ആളുകൾ ഇതിനെ കാണുന്നു. എന്നിരുന്നാലും, ചെറിയ ഭൂകമ്പങ്ങളും ഭാവിയിലെ വലിയ ഭൂകമ്പങ്ങളുടെ സമയവും തമ്മിൽ ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ഭൂകമ്പത്തേക്കാൾ ആയിരക്കണക്കിന് മടങ്ങ് ചെറുതാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിശാസ്ത്രപരവും ചരിത്രപരവും ജിയോഫിസിക്കൽ ഡാറ്റയും അവലോകനം ചെയ്യുന്ന ഈ പഠനം ഓഗസ്റ്റിൽ സീസ്മോളജിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.  

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി