
പ്രിയപ്പെട്ട മോഹന്‍ലാല്‍,
മറ്റ് പലരെയും പോലെ, താങ്കളോട് ഇഷ്ടമുള്ള ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളാണ് ഞാനും. മറ്റു സിനിമകള്‍ക്കൊപ്പം ലാല്‍ സിനിമകളും കണ്ടാണ് ഞാനും വളര്‍ന്നത്. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍വരെയുള്ള താങ്കളുടെ തിരജീവിതവും വ്യക്തിജീവിതവും മറ്റ് കാണികളെപ്പോലെ അടുത്തറിഞ്ഞുള്ള വളര്‍ച്ച. കളി തമാശകള്‍ പറഞ്ഞ് ഒരുവശം ചേര്‍ന്നു നടക്കുന്ന തൊഴിലില്ലാത്ത ആ കാമുകനില്‍നിന്നും അധോലോക രാജാവായും മീശ പിരിച്ച ഫ്യൂഡല്‍ പ്രമാണിയായും ദുരന്തങ്ങളിലേക്ക് അവിചാരിതമായി വന്നു പതിക്കുന്ന ഇരയായും ഉടല്‍ ആയുധമാക്കി മാറ്റുന്ന പുലിവേട്ടക്കാരനായുമൊക്കെയുള്ള താങ്കളുടെ അഭിനയജീവിതത്തിന്റെ പല കാലങ്ങള്‍ ഇക്കാലയളവിനിടെ കണ്ടു. വില്ലന്‍ കഥാപാത്രത്തില്‍നിന്നും താരത്തിലേക്കുള്ള വളര്‍ച്ചയും അവിടെ നിന്നും ഓഷോ ഫിലോസഫിയിലേക്കും ലഫ്റ്റനന്റ് കേണലിലേക്കും ലോകത്തോടും ജീവിതത്തോടും സക്രിയമായി ഇടപെടുന്ന ബ്ലോഗറിലേക്കുമൊക്കെ താങ്കള്‍ മാറുന്നതും ഇതിനിടെ കണ്ടു. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമെല്ലാം ദാര്‍ശനികതയുടെ ആഴവും പരപ്പുമുള്ള ഉത്തരങ്ങള്‍ നല്‍കുന്ന ഒരാളായി അഭിമുഖങ്ങള്‍ താങ്കളെ അടയാളപ്പെടുത്തുന്നത് നിരന്തരം കാണുന്ന സാഹചര്യത്തിലാണ്, അത്തരമൊരാള്‍ക്ക് മനസ്സിലാവാതിരിക്കില്ല എന്ന തോന്നലില്‍ ഒരു ചെറിയ കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നത്.
വേറൊന്നുമല്ല, താങ്കളുടെ ഫാന്‍സ് എന്ന പേരില്‍ ഒരു സംഘമാളുകള്‍ നടത്തുന്ന സൈബര്‍ ചട്ടമ്പിത്തരങ്ങളെ കുറിച്ചാണ് പറയാനുള്ളത്. സംഗതി സോഷ്യല്‍മീഡിയാ പൊങ്കാലയാണ്. പല തവണ അതിന്റെ ഇരയായ താങ്കള്‍ക്ക് അതിന്റെ മുറിവുകള്‍ അറിയാതെ വഴിയില്ല. ദേശീയ ഗെയിംസിനോടനുബന്ധിച്ച് അരങ്ങേറിയ ലാലിസം എന്ന താങ്കളുടെ സ്വപ്‌നപരിപാടിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ ഖിന്നനായി അതിന് സര്‍ക്കാര്‍ അനുവദിച്ച പ്രതിഫലം താങ്കള്‍ തിരിച്ചു നല്‍കിയതോര്‍ക്കുന്നു. ജെഎന്‍.യു സമരകാലത്ത് ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് എന്നാരാഞ്ഞ് താങ്കള്‍ എഴുതിയ ബ്ലോഗ് പോസ്റ്റിന് എതിരായ പ്രതിഷേധം സമാനമായ രീതിയിലായിരുന്നു. . കലാഭവന്‍ മണിയുടെ അകാല വിയോഗവേളയില്‍ താങ്കള്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞുമുയര്‍ന്നു പൊങ്കാല. അന്നൊക്കെ, മനുഷ്യരെ വ്യക്തിഹത്യ ചെയ്യുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് എതിരെ താങ്കളുടെ ഫാന്‍സ് എന്നു പറയുന്ന ആള്‍ക്കൂട്ടം വിലാപങ്ങള്‍ മുതല്‍ തെറിവിളികള്‍ വരെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ അനിയന്‍മാര്‍ എന്നൊക്കെ പറഞ്ഞായിരുന്നു അന്നും ഫാന്‍സിന്റെ പ്രതികരണങ്ങള്‍.
സ്ത്രീകളെ ലൈംഗികപരാമര്‍ശങ്ങളോടെ അപമാനിക്കുന്ന സോഷ്യല്‍ മീഡിയാ പൊങ്കാലകളെ നേരിടാന്‍ അനിയന്‍മാര്‍ ഇറങ്ങണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍, ഒരു പക്ഷേ, നമ്മുടെ 'പൊങ്കാല ചരിത്രം' തന്നെ വഴിമാറിപ്പോവും.
'ദൈവത്തിന്റെ കത്ത്' എന്ന തലക്കെട്ടില്‍ അക്കാലത്ത് താങ്കള്‍ എഴുതിയ ഒരു ബ്ലോഗ് പോസ്റ്റില്‍ സോഷ്യല്‍ മീഡിയാ പൊങ്കാലകളെ കുറിച്ച് പറഞ്ഞതും ഓര്‍ക്കുന്നു. ആരെപ്പറ്റിയും എന്തും എഴുതുന്ന മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയെന്നും അതിലൂടെ കലാപം വരെ ഉണ്ടാക്കാമെന്നും അന്നു താങ്കള്‍ എഴുതി. അതിലെ ചില വാചകങ്ങള്‍ ഇങ്ങനെയാണ്: 'ഇപ്പോ നമ്മുടെ മതത്തെയോ ദൈവത്തെയോ പാര്‍ട്ടിയെയോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോ നമുക്ക് ഇത് ഉപയോഗിക്കാം. വെറുതെ ഒരു പോസ്റ്റിട്ടാല്‍ മതി ആളുകള്‍ കേറി തല്ലിക്കോളും, ചീത്ത വിളിച്ചോളും...അവരുടെ കുടുംബം കുളമാക്കി കൊടുക്കും.'
നോക്കൂ, ദൈവത്തെയും മതത്തെയും പാര്‍ട്ടിയെയും പറഞ്ഞാല്‍ മാത്രമല്ല, താങ്കള്‍ക്കെതിരെ വല്ലതും പറഞ്ഞാലും താങ്കളുടെ സിനിമയെ വിമര്‍ശിച്ചാലും നടക്കുന്നത് ഇതു തന്നെയാണ്. 'ആളുകള്‍' എന്ന് ബ്ലോഗ് പോസ്റ്റില്‍ താങ്കള്‍ വിശേഷിപ്പിക്കുന്ന ആ ആള്‍ക്കൂട്ടം, ഇപ്പോള്‍, ഫാന്‍ കൂട്ടങ്ങളാണെന്നു മാത്രം. താങ്കള്‍ പറയുന്നതുപോലെ, ആരെപ്പറ്റിയും എന്തും പറയാന്‍ തയ്യാറാവുന്ന മാധ്യമമായി സോഷ്യല്‍ മീഡിയയെ മാറ്റുന്നതില്‍ അവര്‍ക്കും വലിയ പങ്കുണ്ട്. കലാപം വരെ ഉണ്ടാക്കാനാവുമെന്ന് താങ്കള്‍ക്കുറപ്പുള്ള സോഷ്യല്‍ മീഡിയയെ അത്തരത്തില്‍ ഒന്നാക്കി മാറ്റുന്നതില്‍ ഫാന്‍ കൂട്ടങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഖേദത്തോടെ പറയട്ടെ.
സംശയമുണ്ടെങ്കില്‍, നിഷാമേനോന്‍ ചെമ്പകശ്ശേരി എന്ന സഹോദരിയുടെ ഫേസ്ബുക്ക് പേജ് നോക്കൂ. അതിലെ പോസ്റ്റുകള്‍ക്ക് കീഴെയുള്ള കമന്റുകള്‍ കാണൂ. പച്ചത്തെറിയുടെ പൂരപ്പറമ്പാണത് ഇപ്പോള്‍. അതു ചെയ്തത് ഏതോ ആളുകളല്ല, ഫാന്‍ കൂട്ടങ്ങള്‍. ലൈംഗിക പരാമര്‍ശങ്ങളോടെയും പച്ചത്തെറികളോടെയും സ്ത്രീ എന്ന നിലയില്‍ അവരെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു താങ്കളുടെ അനിയന്‍മാരെന്ന് സ്വയം വിളിക്കുന്ന ഈ ആണ്‍കൂട്ടങ്ങള്‍. പുലിമുരുകന്‍ എന്ന താങ്കളുടെ സിനിമയെക്കുറിച്ച് വ്യത്യസ്തമായ ഒരഭിപ്രായം എഴുതി എന്നതു മാത്രമായിരുന്നു നിഷാ മേനോന്‍ ചെയ്ത തെറ്റ്. ആ അഭിപ്രായത്തോട് യോജിക്കാം, വിയോജിക്കാം, പക്ഷേ, അവരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതിന് എന്തു ന്യായീകരണമാണുള്ളത്? ജെ.എന്‍.യു വിഷയത്തിലടക്കം താങ്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍, അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് താങ്കളും ആരാധകരും പറഞ്ഞത്. ആ സ്വാതന്ത്ര്യം എന്തു കൊണ്ടാണ് ഈ ഒരു സ്ത്രീയ്ക്ക് മാത്രം അനുവദിക്കാത്തത്? താങ്കളെ പൊങ്കാലയിട്ടെന്നു നിലവിളിച്ചു നടന്ന ആരാധകര്‍ക്ക് മറ്റൊരാളെ ഇത്തരം വിലകുറഞ്ഞ രീതിയില്‍ അക്രമിക്കാന്‍ മനസ്സു വന്നത് എങ്ങനെയാണ്? താങ്കളുടെ അനിയന്‍മാരെന്നു പറഞ്ഞ് ഒരു സ്ത്രീയെ ഈ വിധത്തില്‍ അപമാനിക്കുന്ന ഈ ആണ്‍കൂട്ടങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടത് ആരാണ്?
ആ സൈബര്‍ ആക്രമണത്തിന്റെ റിസല്‍ട്ട് എന്താണ് എന്നു കൂടി അറിയേണ്ടതുണ്ട്. ആ പോസ്റ്റ്, അവരുടെ അഭിപ്രായം, ഒരു ദിവസത്തോളം അവര്‍ പബ്ലിക്ക് അല്ലാതാക്കി. അത്, സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന ഒന്നാക്കി മാറ്റി. ഇപ്പോള്‍ അവര്‍ അതു വീണ്ടും പബ്ലിക്ക് പോസ്റ്റ് ആക്കി മാറ്റിയിട്ടുണ്ട്. അതില്‍ തെറിവിളികള്‍ കുമിഞ്ഞു കൂടുന്നുമുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ക്ക് മറ്റൊരു പോസ്റ്റ് കൂടി ഇടേണ്ടി വന്നു. എന്താണ് ഇതിനര്‍ത്ഥം? ആക്രമണം കൊണ്ട് ഫാന്‍സ് ഒരുവളുടെ വായടപ്പിക്കാന്‍ ശ്രമിച്ചു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ തെറിവിളികള്‍ കൊണ്ട് ഇല്ലാതാക്കാനും. വിമര്‍ശനങ്ങള്‍ വേണ്ടെന്ന് മറ്റുള്ളവര്‍ക്കുള്ള ഭീഷണി കൂടിയാണിത്. ഓഷോയെ കുറിച്ച് നിരന്തരം പറയുന്ന താങ്കള്‍ക്ക് മനസ്സിലാവാത്ത കാര്യമാണോ സ്വാതന്ത്ര്യം എന്ന വാക്കിന്റെ നാനാര്‍ത്ഥങ്ങള്‍?
ഏറ്റവും ഒടുവിലത്തെ ഇര ആയതിനാലാണ് നിഷാ മേനോന്റെ പേരു പരാമര്‍ശിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട കാര്യമാണ് എന്നു തോന്നുന്നുവെങ്കില്‍ തെറ്റാണ് ആ ധാരണ. താങ്കള്‍ക്കു വേണ്ടി എന്ന പേരിലുള്ള പൊങ്കാലകളില്‍ മാത്രമല്ല, ഓണ്‍ലൈന്‍ മലയാളത്തില്‍ നടന്ന മറ്റനേകം സോഷ്യല്‍ മീഡിയാ ആക്രമണങ്ങളിലും ഈ ഫാന്‍സ് കൂട്ടങ്ങളുമുണ്ടായിരുന്നു. മീശ പിരിച്ച്, വായില്‍ പച്ചത്തെറികള്‍ തിരുകി, എതിരാളി എന്നു തോന്നുന്നവരെ കൈകാര്യം ചെയ്യുന്ന സൈബര്‍ ഗുണ്ടാസംഘങ്ങളുടെ കൂട്ടത്തില്‍ അവരുമുണ്ടായിരുന്നു. കുറച്ചു നാള്‍ മുമ്പ് പാക്കിസ്താന്‍ സൈനിക വക്താവ് ജനറല്‍ അസീം ബജ്‌വയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ പച്ചമലയാളത്തില്‍ തെറിയഭിഷേകം നടത്തിയവരുടെ കൂട്ടത്തില്‍ താങ്കളുടെ ചിത്രം പ്രൊഫൈലില്‍ ഒട്ടിച്ചവര്‍ ഏറെയായിരുന്നു എന്ന് അവിടെ ചെന്ന് ഒന്നു നോക്കിയാലറിയാം. അതിനു മുമ്പു മരിയ ഷറപ്പോവയ്ക്കും ന്യൂയോര്‍ക്ക് ടൈംസിനും എതിരെ മലയാളത്തില്‍ നടന്ന പൊങ്കാലകളിലും മറ്റും ഉപയോഗിക്കപ്പെട്ട അതേ ഭാഷയും തെറികളും തന്നെയാണ് ഇന്നലെ നിഷാ മേനോന്റെ ഫേസ്ബുക്ക് പേജിലും നിറഞ്ഞത്. സ്ത്രീകളാവുമ്പോള്‍ വീര്യം കൂടുന്ന തെറിവിളികള്‍ അക്ഷരാര്‍ത്ഥത്തില്‍ വാക്കാലുള്ള ബലാല്‍സംഗം തന്നെയാണെന്ന് ആ കമന്റുകള്‍ ഒന്നു കണ്ടാല്‍ ആര്‍ക്കും മനസ്സിലാവും.
ജെ.എന്‍.യു വിഷയത്തിലടക്കം താങ്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍, അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് താങ്കളും ആരാധകരും പറഞ്ഞത്. ആ സ്വാതന്ത്ര്യം എന്തു കൊണ്ടാണ് ഈ ഒരു സ്ത്രീയ്ക്ക് മാത്രം അനുവദിക്കാത്തത്?
സോഷ്യല്‍ മീഡിയ പോലുള്ള ഒരിടത്ത് ആര്‍ക്കും ആരെയും എന്തും പറയാമെന്നും തെറിപറയുന്നവരില്‍ എത്രപേര്‍ താങ്കളുടെ യഥാര്‍ത്ഥ ഫാന്‍സ് ആണെന്ന് പറയാനാവില്ലെന്നും പ്രൊഫൈല്‍ ചിത്രം ലാല്‍ ആയതുകൊണ്ട് അത് ഫാന്‍സ് കൂട്ടങ്ങള്‍ ആണെന്ന് പറയാനാവില്ലെന്നും, വേണമെങ്കില്‍, പറയാം. പക്ഷേ, മോഹന്‍ലാല്‍ ഫാന്‍സ് പോലെ സോഷ്യല്‍ മീഡിയാ ഇടങ്ങളില്‍ ശക്തമായ ഒരു കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അങ്ങനെ അഴിഞ്ഞാടാനാവില്ലെന്ന് വ്യക്തമാണ്. താങ്കള്‍ ഒരു നിര്‍ദേശം കൊടുത്താല്‍, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഈ ഫാന്‍ സംഘത്തിന് അത്തരം ആരെങ്കിലും താങ്കളുടെ പേരു ചീത്തയാക്കാന്‍ നടക്കുന്നുവെങ്കില്‍, അവരെ നിലയ്ക്ക് നിര്‍ത്താന്‍ എളുപ്പം കഴിയുമെന്നും ഉറപ്പാണ്. വെല്‍ഫെയര്‍ അസോസിയേഷനുകളായി പ്രവര്‍ത്തിക്കുകയും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഫാന്‍സ് അസോസിേയഷന്‍കാര്‍ക്ക് താങ്കളുടെ പേരിലുള്ള സോഷ്യല്‍ മീഡിയാ പൊങ്കാലകള്‍ അവസാനിപ്പിക്കാനും അധികസമയമൊന്നും വേണ്ടിവരില്ല.
അതൊക്കെ ഉണ്ടാവണമെങ്കില്‍, ഒരു കാര്യം ആദ്യം സംഭവിക്കണം. താങ്കള്‍ ഇക്കാര്യത്തില്‍ ഇടപെടണം. സ്വന്തം 'അനിയന്‍മാരോട്' അരുത് എന്നൊരു വാക്ക് താങ്കള്‍ പറയണം. എല്ലാ കാര്യങ്ങളും ബ്ലോഗ് പോസ്റ്റായി എഴുതുന്ന താങ്കള്‍, ദൈവത്തിന്റെ കത്ത് പോലെ, ആരാധകര്‍ക്ക് അത്തരമൊരു കത്ത് എഴുതിയാല്‍ സംഭവിക്കുന്ന മാറ്റം ചെറുതാവില്ല. സ്ത്രീകളെ ലൈംഗികപരാമര്‍ശങ്ങളോടെ അപമാനിക്കുന്ന സോഷ്യല്‍ മീഡിയാ പൊങ്കാലകളെ നേരിടാന്‍ അനിയന്‍മാര്‍ ഇറങ്ങണമെന്ന് താങ്കള്‍ ആവശ്യപ്പെട്ടാല്‍, ഒരു പക്ഷേ, നമ്മുടെ 'പൊങ്കാല ചരിത്രം' തന്നെ വഴിമാറിപ്പോവും.
അതിനുള്ള ഹൃദയവിശാലതയും പക്വതയും ഈ സമയത്ത്, താങ്കള്‍ പ്രദര്‍ശിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. ഏട്ടന്‍ പറയുന്നതെന്തും അനുസരിക്കുമെന്ന് സദാ പ്രഖ്യാപിക്കുന്ന അനിയന്‍മാര്‍, വഴി തെറ്റാതിരിക്കാനുള്ള സമയോചിതമായ ഒരു ഇടപെടലായിരിക്കും അതെന്നും വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു
സ്‌നേഹപൂര്‍വ്വം
കെ.പി റഷീദ്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.