
അടുപ്പിലിരിക്കുന്ന ഒരു പാത്രത്തിന്റെ വക്കു തട്ടിയാല്‍ തന്നെ കൈ പൊള്ളി വീര്‍ക്കും. അപ്പോള്‍ എങ്ങിനെയാണ് ചുട്ടു പഴുത്ത തീക്കനലില്‍ കൂടി ആളുകള്‍ നടന്നു നീങ്ങുന്നത്?
അടുപ്പില്‍ ഇരിക്കുന്ന ഒരു ഉള്ളി വഴറ്റാനോ തേങ്ങ ഇളക്കാനോ ഒക്കെ നമ്മള്‍ സ്റ്റീല്‍ തവികളെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് തടികൊണ്ടുള്ള തവികളല്ലേ. കാരണം സ്റ്റീല്‍ ആണെങ്കില്‍ പെട്ടന്ന് ചൂടാവും.സ്റ്റീല്‍ ഗ്ലാസ്സിനെക്കാള്‍ കുപ്പി ഗ്ലാസില്‍ ചായ കുടിക്കാന്‍ ആണ് നമുക്കിഷ്ടം, കൈ പൊള്ളാതെ ചൂടുചായ ഊതിക്കുടിക്കാം. അതുപോലെ, മുറിയില്‍ ഒരേ താപനിലയിലുള്ള ചവിട്ടുമെത്തയില്‍ ചവിട്ടുമ്പോഴും ടൈല്‍സില്‍ ചവിട്ടുമ്പോഴും തണുപ്പില്‍ വ്യത്യാസമില്ലേ?
ഇതിനെല്ലാം കാരണം എന്തെന്നോ. ചൂട് നമ്മളിലേക്ക് കടത്താന്‍ ഉള്ള ഓരോ വസ്തുവിന്റെയും കഴിവ് വ്യത്യസ്തമാണ്. അതാണ് താപ ചാലകത. ചൂടുള്ള വസ്തുവില്‍ താരതമ്യേന തണുത്ത നമ്മുടെ ശരീരം തട്ടുമ്പോള്‍ താപോര്‍ജ്ജം തണുത്ത സ്ഥലത്തേയ്ക്ക് പോകുന്നത് കൊണ്ടാണ് നമുക്ക് പൊള്ളുന്നത്. അപ്പോള്‍ ആ വസ്തു എങ്ങനെ ചൂട് കൈമാറുന്നു എന്നതിന് അനുസരിച്ചായിരിക്കും പൊള്ളലിന്റെ തീവ്രത!
ഇനി തീക്കനലിന്റെ കാര്യം.
ശ്രദ്ധിക്കണം, തീയല്ല തീക്കനല്‍. കനലിന്റെ താപ ചാലകത വളരെ കുറവാണ്. വളരെ ചെറിയ സമയം തീക്കനല്‍ കാലുമായി തട്ടുമ്പോള്‍ ചൂട് കൈമാറാന്‍ കനലിനു കഴിയില്ല. കാല്‍പ്പാദത്തിന് മറ്റു ശരീരഭാഗങ്ങളെക്കാള്‍ കട്ടിയും കൂടുതലാണ്. അതുകൊണ്ടു തന്നെ ശ്രദ്ധിച്ചു വേഗത്തില്‍ നടന്നാല്‍ തീക്കനലില്‍ നിന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കില്ല.
ഇനി കനലിനു മുകളില്‍ ചാരം കൂടി ചെറുതായി ഇട്ടാലോ? ചാരത്തിന്റെയും താപചാലകത കുറവാണ്. അപ്പോള്‍ തീക്കനല്‍ നടത്തം കൂടുതല്‍ എളുപ്പമാകും. ഇനി കനലില്‍ പ്ലാസ്റ്റിക് പോലെ ഉരുകി കാലില്‍ പറ്റിപ്പിടിക്കുന്ന വസ്തുക്കള്‍ ഉണ്ടെങ്കില്‍ പണി പാളും. അവ കാലില്‍ കൂടുതല്‍ സമയം ഒട്ടിപ്പിടിച്ചു കാലു പൊള്ളിക്കും. അതുപോലെ വളരെ പെട്ടന്നു ഒരു കനല്‍ക്കട്ട കൈകൊണ്ടു എടുത്തിട്ട് തിരിച്ചിടാനും നിങ്ങള്‍ക്ക് കഴിയും. ഇവിടെയെല്ലാം സമയം വളരെ കുറവ് ആയിരിക്കണം.
കനലിലൂടെ നടക്കുന്നതിന്റെ ശാസ്ത്രം ഇതാണെങ്കിലും ശാസ്ത്രം രക്ഷിക്കുമെന്ന് പറഞ്ഞു തീക്കനലില്‍ ചെന്ന് കയറിയാല്‍ പണി കിട്ടും. നല്ല പരിശീലനം, അതീവ ശ്രദ്ധ ഇവയൊക്കെ ആവശ്യമാണ്.
(In collaboration with FTGT Pen Revolution)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.