അട്ടപ്പാടി: നമ്മളും പ്രതികളാണ്

By Asha SusanFirst Published Feb 23, 2018, 8:30 PM IST
Highlights

ഓരോ മധുവിന്റെയും പട്ടിണിക്കും കൊലപാതകത്തിനും ഉത്തരം പറയാന്‍ നമുക്ക് കൂടി ബാധ്യതയുണ്ട്. ഇതിലിരുന്ന് എഴുതി തള്ളുന്ന എനിക്കും, വായിക്കുന്ന നിങ്ങള്‍ക്കും മധു എന്ന നൊമ്പരത്തിന്റെ ആയുസ്സ് നാളെ മറ്റൊരു ചൂടുള്ള വാര്‍ത്ത കിട്ടുന്നത് വരെ മാത്രമായിരിക്കും. 

ചോദിക്കാനാരുമില്ലെന്ന ഉറപ്പാണ് ആള്‍ക്കൂട്ട നീതിയെന്ന അനീതിയുടെ ആണിക്കല്ല്. കുട്ടികളെ തട്ടിക്കൊണ്ടു പോവലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളിയും, സമൂഹത്തിന്റെ തുറിച്ചു നോട്ടത്തെ ഭയന്നു രാത്രിയുടെ മറപറ്റി പൊതുനിരത്തില്‍ ഇറങ്ങേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സദാചാരത്തിന്റെ കാവല്‍മാലാഖമാര്‍ തലോടി ചോര വരുത്തുന്നതുമെല്ലാം ഇതേ ഉറപ്പില്‍ തന്നെയാണ്.

വര: കരീം ഗ്രാഫി

ആള്‍ക്കൂട്ട നീതിയുടെ പുതിയ ഇര പിറന്നിരിക്കുന്നു, മോഷ്ടാവെന്നു മുദ്ര കുത്തിയ അട്ടപ്പാടിയിലെ മധു. എന്താണ് അയാള്‍ മോഷ്ടിച്ചത്? നാട്ടുവാസികളായ നമ്മുടെ ഭൂമി കൈയ്യേറിയോ? രാഷ്ട്രീയത്തിന്റെ മറവില്‍ നമ്മുടെയൊക്കെ പണം കൈയ്യിട്ട് വാരുന്ന രാഷ്ട്രീയക്കാരും വിജയ് മല്യമാരും സസുഖം വാഴുന്ന നമ്മുടെ നാട്ടില്‍ വിശപ്പടക്കാന്‍ വയ്യാതായപ്പോള്‍ മോഷ്ടിക്കപ്പെട്ട അരിയുടെയും മുട്ടയുടെയും പേരില്‍ എങ്ങനെയാണ് ആള്‍ക്കൂട്ട നീതി മരണശിക്ഷ എന്ന വിധി പ്രഖ്യാപിച്ചത്?

മാറി മാറി വരുന്ന സര്‍ക്കാര്‍ അട്ടപ്പാടി ഉള്‍പ്പെടെയുള്ള എല്ലാ ആദിവാസി മേഖലകളിലെയും പട്ടിണിമരണവും ദുരവസ്ഥയും വോട്ടു ബാങ്കായി കാണുന്നു എന്നതു കൊണ്ടു തന്നെ ഇതിനൊരു ശാശ്വത പരിഹാരം പ്രതീക്ഷിക്കേണ്ടതില്ല. 

നാളുകള്‍ക്ക് മുമ്പ്, പ്രധാനമന്ത്രി കേരളത്തെ പട്ടിണിയുടെ നാടായ സോമാലിയോട് ഉപമിച്ചപ്പോള്‍, ആ ഒറ്റ പരാമര്‍ശത്താല്‍ കേരളീയരുടെ മാനം കപ്പലു കയറിയതിന്റെ പ്രതിഷേധവും 'പോ മോനേ' ഹാഷ് ടാഗില്‍ മോദിക്കെതിരായ ട്രോള്‍ കൊണ്ട്  ജാതിമത രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിന്ന് സോഷ്യല്‍ മീഡിയ നിറച്ച കാഴ്ചയും നാം കണ്ടതാണ്. കണക്കുകള്‍ നിരത്തി വെച്ച് കേരളത്തെ സ്വര്‍ഗ്ഗ തുല്യമായി വാഴ്ത്തിയ അതേ നമ്മുടെ മുന്നിലാണ് മനോവിഭ്രാന്തി പിടിച്ച ഒരുവനെ വിശപ്പിന്റെ പേരില്‍ കള്ളനായ കാരണത്താല്‍ തച്ചു കൊന്നത്.

അത്യാര്‍ത്തി പൂണ്ട നമ്മുടെ വായില്‍ നിന്നു പോലും മതി എന്ന വാക്ക് കേള്‍ക്കുക, തൊണ്ട കുഴി വരെ ഭക്ഷണം നിറഞ്ഞു കഴിയുമ്പോഴാണ്. മറ്റൊരു വേദനയും വിശപ്പിന്റെ മുന്നിലൊന്നുമല്ലെന്നു മൂന്നിനു പകരം നാലു നേരം മൃഷ്ടാം ഭോജിക്കുന്ന നമുക്കു മനസ്സിലായെന്നു വരില്ല. പക്ഷേ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മന:പൂര്‍വമായി തന്നെ നമ്മള്‍ അകറ്റി നിര്‍ത്തിയിരിക്കുന്ന കേരളത്തിലെ 'സോമാലിയക്കാരായ' ആദിവാസികള്‍ക്ക്' വിശപ്പിന്റെ വിളി നന്നായിട്ടറിയാം.

ശരിയാണ്, നമ്മുടെ മുതല്‍ ആരു മോഷ്ടിച്ചാലും നമുക്ക് നോവും. നമ്മുടെ നികുതിപ്പണത്തില്‍ നിന്നും അധികാരക്കസേരയില്‍ ഇരിക്കുന്നവര്‍ എത്ര കൈയ്യിട്ട് വാരിയാലും നോവാത്ത, പ്രതിഷേധിക്കാത്ത നമ്മള്‍ വിശപ്പിന്റെ പേരില്‍ സ്ഥിരബുദ്ധിയില്ലാത്ത ഒരുവന്‍ മോഷ്ടിച്ചപ്പോള്‍ അവന്റെ മേലു നോവിക്കാതെ, അവനെ കൊലപ്പെടുത്താതെ നിയമത്തിനു കൈമാറാനുള്ള സ്ഥിരബുദ്ധി കാണിക്കണമായിരുന്നു. അതു ചെയ്യാതെ ദുര്‍ബലന്റെ മുകളില്‍ അധികാരം നടത്താനുള്ള നമ്മുടെ ത്വരയാണ് ഈ കൊലപാതകം. അവന്റെ വിശപ്പടക്കാന്‍ ബാധ്യതയുള്ള നമ്മള്‍ ഒരിക്കലും വിശക്കാത്ത രീതിയില്‍ അവനെത്തന്നെ അടക്കി.

മലയാളിയുടെ ഈ 'അവര്‍ണതയോടുള്ള' അസഹിഷ്ണുത തന്നെയാണ് ഇന്നലെ കൊല്ലപ്പെട്ട മധുവിന്റെയും വിധിയെഴുതിയത്.

അന്യസംസ്ഥാന തൊഴിലാളികളേയും ഭിക്ഷാടനം നടത്തുന്നവരെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും അകറ്റിനിര്‍ത്തുന്ന പ്രബുദ്ധ മലയാളീ സമൂഹത്തിന്റെ സ്വാഭാവിക ധാര്‍മ്മിക ബോധത്തിന് അംഗീകരിക്കാന്‍ പറ്റാത്ത ചിലതാണ് കാഴ്ചയില്‍ സുന്ദരമല്ലാത്ത രൂപവും, കറുത്ത നിറവും, നീട്ടി വളര്‍ത്തിയ താടിയും മുടിയും, അലക്ഷ്യമായ വസ്ത്രധാരണവുമെല്ലാം. മലയാളിയുടെ ഈ 'അവര്‍ണതയോടുള്ള' അസഹിഷ്ണുത തന്നെയാണ് ഇന്നലെ കൊല്ലപ്പെട്ട മധുവിന്റെയും വിധിയെഴുതിയത്.

അങ്ങനെയൊരാളുടെ ദേഹത്തു കൈവെച്ചാല്‍ ചോദിക്കാനാരുമില്ലെന്ന ഉറപ്പാണ് ആള്‍ക്കൂട്ട നീതിയെന്ന അനീതിയുടെ ആണിക്കല്ല്. കുട്ടികളെ തട്ടിക്കൊണ്ടു പോവലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളിയും, സമൂഹത്തിന്റെ തുറിച്ചു നോട്ടത്തെ ഭയന്നു രാത്രിയുടെ മറപറ്റി പൊതുനിരത്തില്‍ ഇറങ്ങേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സദാചാരത്തിന്റെ കാവല്‍മാലാഖമാര്‍ തലോടി ചോര വരുത്തുന്നതുമെല്ലാം ഇതേ ഉറപ്പില്‍ തന്നെയാണ്.

സാമൂഹ്യ സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമായിരിക്കെത്തന്നെ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

1) നീതിയും സുരക്ഷയും ശക്തമായ നിയമവ്യവസ്ഥയുമുള്ള ഒരു ജനാധിപത്യ രാജ്യത്ത് ആള്‍ക്കൂട്ടനീതി നടപ്പിലാക്കാന്‍ എന്ത് അധികാരമാണുള്ളത്?

2) എന്തിന്റെ മാനദണ്ഡത്തിലാണ് ആള്‍ക്കൂട്ടനീതി നടപ്പിലാക്കുന്നത്?

3) നിയമത്തിനു കാവല്‍ നില്‍ക്കുന്ന പോലീസ് നിയമം ജനങ്ങള്‍ കൈയ്യാളുന്നത് കണ്ടിട്ടും കണ്ണടക്കുന്നത് എന്തു പ്രതിബദ്ധത തെളിയിക്കാനാണ്?

4) സുന്ദരമല്ലാത്ത രൂപവും, കറുപ്പും, താടിയും, മുടിയും, തൊഴിലുമൊക്കെ എങ്ങനെയാണു ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാനുള്ള അളവ് കോലാവുന്നത്?

5) കാല്‍ കോടിയോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലാവുന്നത് പത്തോ പതിനൊന്നോ പേരെന്നിരിക്കെ ഒരു വിഭാഗത്തെ മൊത്തം വെറുപ്പോടെ നോക്കി അവരെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന്റെ ധാര്‍മ്മികത എന്താണ്?

6) അനേകം മലയാളികള്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ നിയമ വിരുദ്ധമായി എന്ത് ചെയ്താലും അവരെ ചോദ്യം ചെയ്യാന്‍ പോലീസിന് മാത്രം അധികാരമുള്ളൂ എന്നിരിക്കെ നമ്മുടെ നാട്ടില്‍ ജോലിക്ക് വരുന്നവരെ ആള്‍ക്കൂട്ട വിചാരണ നടത്തുന്നതിന്റെ ന്യായമെന്താണ്?

ആള്‍ക്കൂട്ടനീതിയിലെ ആള്‍ക്കൂട്ടത്തിനു ശിക്ഷ കിട്ടാത്തിടത്തോളം, അവര്‍ക്കു മുഖവും പേരും കൈവരാത്തിടത്തോളം നമ്മളെല്ലാം അതേ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണ്. 

ഓരോ മധുവിന്റെയും പട്ടിണിക്കും കൊലപാതകത്തിനും ഉത്തരം പറയാന്‍ നമുക്ക് കൂടി ബാധ്യതയുണ്ട്. ഇതിലിരുന്ന് എഴുതി തള്ളുന്ന എനിക്കും, വായിക്കുന്ന നിങ്ങള്‍ക്കും മധു എന്ന നൊമ്പരത്തിന്റെ ആയുസ്സ് നാളെ മറ്റൊരു ചൂടുള്ള വാര്‍ത്ത കിട്ടുന്നത് വരെ മാത്രമായിരിക്കും. 

അപ്പോഴും ആള്‍ക്കൂട്ട നീതിയെന്ന അനീതിയുടെ സ്മൃതി മണ്ഡപത്തിലേക്ക് പുതിയ മധുമാര്‍ എത്തികൊണ്ടേയിരിക്കും.

click me!