
ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിനേയും ആതിരയെയും നമ്മള്‍ അറിയുന്നത് അവര്‍ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ്. എന്നാല്‍ പ്രാണനായി കൊണ്ട് നടന്ന പ്രണയങ്ങള്‍ കുടുംബക്കാരുടെ മാനത്തിനു വേണ്ടി ചങ്കില്‍ നിന്നും പറിച്ചു മാറ്റി മരിച്ച പ്രണയത്തിന്റെ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന എണ്ണിയാല്‍ തീരാത്ത നഷ്ടപ്രണയത്തിന്റെ ശവക്കല്ലറകളായി തീര്‍ന്നവര്‍ നമുക്കു ചുറ്റും എമ്പാടുണ്ട്.
കുറച്ചു ദിവസം മുന്നേ ഞാനിട്ട ഒരു പോസ്റ്റില്‍ വന്നൊരു ചെറുപ്പക്കാരന്‍ എന്റെ ഇന്‍ബോക്‌സ് ഒന്ന് നോക്കുമോ, അത്യാവശ്യമായി എനിക്കൊന്നു സംസാരിക്കണം എന്നൊരു കമന്റിട്ടു. ഇന്‍ബോക്‌സില്‍ കണ്ടയുടനെ ഒട്ടും മുഖവുരയില്ലാതെ തന്നെ അയാള്‍ വീര്‍പ്പുമുട്ടലിന്റെ ഭാണ്ഡക്കെട്ടഴിക്കാന്‍ തുടങ്ങി. ജോലിക്കിടയില്‍ ധാര ധാരയായുള്ള മംഗ്ലീഷ് കുത്തിയിരുന്നു വായിക്കാനുള്ള സമയക്കുറവുള്ളത് കൊണ്ട് എഴുതി ഇട്ടുകൊള്ളൂ, വായിച്ചിട്ടു ഞാന്‍ മറുപടി ഇടാമെന്ന വര്‍ത്തമാനത്തോടെ കളം കാലിയാക്കി. അന്നു രാത്രി കിടക്കും മുന്നേ അത് വായിച്ചു തീര്‍ത്തു.
സംഭവത്തിന്റെ രത്‌നച്ചുരുക്കം എന്താണെന്നു വെച്ചാല്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ മനോഹരമായ ഒരു പ്രണയം അയാള്‍ക്കുണ്ടായിരുന്നു. ഏകദേശം മൂന്നു കൊല്ലത്തോളം ആ കുട്ടിയുടെ വീട്ടില്‍ അറിയാതെ അവരതു കൊണ്ടുനടന്നു, പിന്നീടത് ആ പെണ്‍കുട്ടിതന്നെ വീട്ടില്‍ പറയുകയും പഠിത്തം തീരുന്നതു വരെ വേറെ കല്യാണം നോക്കരുതെന്നും ജോലിക്ക് കയറിയാല്‍ അവരുടെ വിവാഹത്തിന് അനുവദിക്കണമെന്നും വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കുകയും ചെയ്തു.
അങ്ങനെ മെഡിസിനും കഴിഞ്ഞു അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രാക്ടീസിനും ചേര്‍ന്ന് കാര്യങ്ങള്‍ ഒരുപ്രകാരം കരയ്ക്കടുപ്പിക്കാനായപ്പോളുണ്ട് വീട്ടുകാര്‍ മറ്റൊരു ഡോക്ടറുടെ വിവാഹലോചനയുമായി വരുന്നു. ഡോക്ടറായ മകളെ അമ്മയെയും കല്യാണപ്രായമായ രണ്ടു പെങ്ങന്മാരെയും നോക്കേണ്ട ബാധ്യതയുള്ള ഒരു സാധാരണക്കാരന് കെട്ടിച്ചു കൊടുക്കാന്‍ മാത്രം വിഡ്ഢികളല്ലന്ന് അവര്‍ തെളിയിച്ചു.
പെണ്‍കുട്ടി അവനോടൊപ്പം ഇറങ്ങി പോവുമെന്നായപ്പോള്‍ മാതാപിതാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കി. 'മാനം' പോയാല്‍ ജീവിച്ചിരിക്കില്ലെന്ന് ഉഗ്ര ശപഥംചെയ്തു.
അന്നിത്രയുമാണ് ആ പയ്യന്‍ എഴുതിയിട്ടത്. ഇതു വായിച്ചപ്പോള്‍ ഞാന്‍ കരുതി ഇനി എന്ത് ചെയ്യണമെന്നു ചോദിക്കാനാവുമെന്ന്. ആറേഴു വര്‍ഷത്തെ പ്രണയം തകര്‍ത്ത് ആ മാതാപിതാക്കളുടെ ജീവന്‍ രക്ഷിക്കണമെന്നനിക്ക് തോന്നിയില്ല. അതുകൊണ്ടു തന്നെ പോലീസില്‍ പരാതി കൊടുത്ത് ഒന്നാവാനുള്ള വഴികളൊക്കെ തെളിച്ചു കൊടുത്തിട്ട് ഞാനും കിടന്നു. രാവിലെ ആ പയ്യന്റ മറുപടി വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി.
ആ കുട്ടിയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ചപോലെ തന്നെ നടന്നിട്ട് രണ്ടാഴ്ചയായിരുന്നു. ഇപ്പോഴത്തെ വിഷയം ആ കുട്ടിക്ക് എപ്പോഴും ഇവനോട് സംസാരിച്ചു കൊണ്ടിരിക്കണം. ഭര്‍ത്താവ് അടുത്ത് വരുന്നത് പോലും ഇഷ്ടമാവുന്നില്ല, കാര്യങ്ങളെല്ലാം അറിയാവുന്ന ഭര്‍ത്താവിനും ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ. അവളുടെ കരച്ചില്‍ അവസാനിപ്പിക്കാന്‍ ഈ ഫോണ്‍ വിളി മാത്രമാണ് നിലവിലെ പരിഹാര മാര്‍ഗ്ഗം. അവളെ നഷ്ടപ്പെട്ടതിനേക്കാള്‍ വേദന അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോളാണെന്ന വാക്കുകള്‍ വായിക്കുമ്പോള്‍ അറിയാം, ആ ചെറുപ്പക്കാരന്റെ നെഞ്ചു വിങ്ങുന്നത്. മകളെ ജീവച്ഛവമാക്കിയാലെന്താ, മാനം പോവാതെ അതും കക്ഷത്തില്‍ വെച്ച് മാതാപിതാക്കള്‍ സസുഖം ദീര്‍ഘകാലം വാഴട്ടെയെന്നു മനസ്സാലെ ആശീര്‍വദിച്ചു ഞാന്‍.
ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിനേയും ആതിരയെയും നമ്മള്‍ അറിയുന്നത് അവര്‍ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ്. എന്നാല്‍ പ്രാണനായി കൊണ്ട് നടന്ന പ്രണയങ്ങള്‍ കുടുംബക്കാരുടെ മാനത്തിനു വേണ്ടി ചങ്കില്‍ നിന്നും പറിച്ചു മാറ്റി മരിച്ച പ്രണയത്തിന്റെ മരിക്കാത്ത ഓര്‍മ്മളുമായി ജീവിക്കുന്ന എണ്ണിയാല്‍ തീരാത്ത നഷ്ടപ്രണയത്തിന്റെ ശവക്കല്ലറകളായി തീര്‍ന്നവര്‍ നമുക്കു ചുറ്റും എമ്പാടുണ്ട്.
പോറ്റി വളര്‍ത്തുന്ന മക്കളെ കൊണ്ട് ഒരു തുണിക്കടയില്‍ കയറിയാല്‍ കാണാം നിങ്ങള്‍ എടുക്കുന്ന ഡ്രസും അവര്‍ ചൂണ്ടിക്കാണിക്കുന്ന ഡ്രസും രണ്ടായിരിക്കും. കേവലമൊരു ഡ്രസില്‍ പോലും അവരുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. അപ്പോള്‍ പിന്നെ പണവും സ്ഥാനമാനങ്ങളും തൂക്കിനോക്കി നിങ്ങള്‍ അവര്‍ക്കായി കണ്ടെത്തുന്ന ജീവിതപങ്കാളിയെ അവര്‍ക്ക് ഇഷ്ടപ്പെടുമെന്നു നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കുന്ന ഏക ഘടകം മക്കളുടെ മേലെയുള്ള നിങ്ങളുടെ അടിമ-ഉടമ അവകാശ ബോധമാണ്.
സ്വന്തം നിലപാടുകളോടും താല്പര്യങ്ങളോടും സ്വഭാവത്തോടും കാഴ്ചപ്പാടുകളോടും ചേര്‍ന്നു നില്‍ക്കുന്ന പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരുമിച്ചു ജീവിക്കേണ്ടവര്‍ക്കാണ്. പോറ്റി വളര്‍ത്തിയെന്ന കാരണത്താല്‍ പ്രായപൂര്‍ത്തിയായ മക്കളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വയം തിരഞ്ഞെടുപ്പവകാശവും നിങ്ങള്‍ക്കു പണയപ്പെടുത്തണമെന്ന കാളവണ്ടി സംസ്‌കാരത്തിലെ ചിന്തയൊക്കെ കുഴിച്ചു മൂടി തണല്‍ മരങ്ങള്‍ നടുക. കൊന്നൊടുക്കേണ്ടത് മക്കളെയോ അവരുടെ പ്രണയത്തെയോ അല്ല, സമൂഹത്തോടുള്ള പേടിയില്‍ നിന്നും ജനിക്കുന്ന നിങ്ങളുടെ ദുരഭിമാനത്തെയാണ്.
കാലം മാറിയിട്ടും ദുരഭിമാനത്തിന്റെ പേരില്‍ മറിച്ചിടാത്ത കലണ്ടറില്‍ നോക്കിയിരിക്കുന്ന മാതാപിതാക്കളെയും പൊതുബോധത്തെയും സഹായിക്കാനോ അവര്‍ക്ക് ഒത്താശ പാടാനോ ഉള്ളതല്ല പോലീസും നിയമവും. പാലിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യമെന്ന മൗലീകാവകാശമാണ്.
കുറിപ്പ്: നിന്റെറ മക്കള്‍ക്കീ അവസ്ഥ വന്നാല്‍ നീ സമ്മതിക്കുമോ എന്നു ചോദിക്കാന്‍ വരുന്നവരോട്; എന്റെ മക്കളുടെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ എന്റെ കൈയ്യിലുമില്ല, എന്റെ മാനത്തിന്റെ താക്കോല്‍ അവരേയും ഏല്‍പിച്ചിട്ടില്ല, മാനമെന്ന മിഥ്യയെ എനിക്കു ഭയവുമില്ല.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.