'അന്ന് ഭ്രാന്തിന്‍റെയും സമ്മർദ്ദത്തിന്‍റെയും വക്കിലെത്തി' കുട്ടിക്കാലത്തെ പീഡനാനുഭവങ്ങളെക്കുറിച്ച് എഴുത്തുകാരി

By Web TeamFirst Published Dec 18, 2020, 1:45 PM IST
Highlights

"ഞാൻ മൂന്ന് പതിറ്റാണ്ടോളം ചെലവഴിച്ചത് ആ നരകത്തിലാണ്. ഭ്രാന്തിന്റെയും സമ്മർദ്ദത്തിന്റെയും വക്കിലെത്തി ഞാൻ. ജീവനോടെയിരിക്കുക അസാധ്യമായിരുന്നു. ഒടുവിൽ എന്നാൽ ഞാൻ ക്ഷമിക്കാൻ തീരുമാനിച്ചു. എന്നോട് തന്നെ ദയവ് കാണിക്കാൻ തീരുമാനിച്ചു” അവർ പറഞ്ഞു.

കുട്ടിക്കാലത്ത് അനുഭവിക്കുന്ന പീഡനങ്ങൾ വ്യക്തികളുടെ ജീവിതത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്. 2020 ജൂണിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2–17 വയസ്സിനിടയിലുള്ള ഒരു ബില്ല്യൺ കുട്ടികളാണ് കഴിഞ്ഞ വർഷം ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ ആക്രമണത്തിന് ഇരയിട്ടുള്ളത്. ഈ വർഷം കൊറോണ വൈറസ് ബാധിച്ചവരേക്കാൾ വളരെ ഉയർന്ന സംഖ്യയാണിത്. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ എഴുത്തുകാരിയാണ് റിതുപർണ്ണ ചാറ്റർജി. തന്റെ സമീപകാല പുസ്തകമായ ദി വാട്ടർ ഫീനിക്സി (The Water Phoenix) -ൽ, ചാറ്റർജി ആ ഓർമ്മകൾ പങ്കുവയ്ക്കുന്നു. കുട്ടിക്കാലത്ത് അവർ നേരിട്ട സംഭവങ്ങൾ പുനരവലോകനം ചെയ്യുകയും അത് അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചെന്നും അതിൽ അവർ വിശദീകരിക്കുന്നു.    

സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങളിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയുന്ന ഒരു 'പ്ലേഗ്' എന്നാണ് പീഡനത്തെ എഴുത്തുകാരി വിശേഷിപ്പിക്കുന്നത്. ചാറ്റർജിയുടെ ഈ പുസ്തകം ഒരു ഓർമ്മക്കുറിപ്പാണ്. ആൽമരത്തിനെയും, എല്ലാ അത്ഭുതങ്ങളെയും സ്നേഹിച്ച റിതുവെന്ന കൊച്ചുപെൺകുട്ടിയെ അതിൽ നമുക്ക് കാണാം. അമ്മയെ നേരത്തെ നഷ്ടപ്പെടാനും മാതാപിതാക്കളുടെ അവഗണനയിൽ ജീവിതം തള്ളിനീക്കാനും വിധിക്കപ്പെട്ടവൾ. അത്തരമൊരു ജീവിതത്തിൽ അവൾക്ക് നിരവധി തവണ ലൈംഗിക ചൂഷണം നേരിട്ടു. കുട്ടികൾ‌ക്കെതിരായ അതിക്രമങ്ങൾ എന്ന് പറയുമ്പോൾ പൊതുവെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളൂ. എന്നാൽ, കുട്ടികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന ‌അവഗണന, നിരന്തരമായ വിമർശനം, പരിഹാസം, ഭീഷണി എന്നിവയും ഒരുതരത്തിൽ പീഡനമാണ് എന്ന് അവർ പറയുന്നു.  

ന്യൂസ് 18 -ന് നൽകിയ അഭിമുഖത്തിൽ, കുട്ടികൾക്ക് ശാരീരിക പീഡനം പോലെ തന്നെ നേരിടാൻ പ്രയാസമുള്ളതാണ് വൈകാരിക പീഡനമെന്ന് രചയിതാവ് വിശദീകരിച്ചു. സമൂഹം വൈകാരികമായി കുട്ടികളെ പീഡിപ്പിക്കുകയും കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഇത് അവരെ കൂടുതൽ ദുർബലരാക്കുകയും ഇരകളാക്കുകയും ചെയ്യുന്നു എന്നവർ പറഞ്ഞു. കുട്ടികൾ ചിന്തിക്കാൻ പഠിക്കുന്നതിന് മുൻപ് ഹൃദയം കൊണ്ടാണ് ലോകത്തെ കാണുന്നത്. അവരുടെ സ്വതസിദ്ധമായ സംവേദനക്ഷമതയെ നാം വികസിപ്പിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ നമുക്ക് ഒരു മികച്ച സമൂഹം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഓരോ 15 മിനിറ്റിലും ഏകദേശം ഒരു കുട്ടി വീതം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാൽ, അത് തുറന്നു പറയുന്നവർ കുറവാണ്. അതുകൊണ്ട് തന്നെ ചാറ്റർജിയുടെ വാട്ടർ ഫീനിക്സ് എന്ന പുസ്തകം വളരെ പ്രസക്തമായ ഒന്നായിത്തീരുകയാണ്. ഇത് വായിച്ച പലരും അവരുടെ സമാനമായ അനുഭവങ്ങൾ എഴുത്തുകാരിയുമായി പങ്കുവയ്ക്കുകയുണ്ടായി. "ജനങ്ങളുടെ പ്രതികരണം ഭയങ്കരമായിരുന്നു. മറ്റ് ദുരുപയോഗത്തിന്‍റെ കഥകൾ ഒരു സുനാമി പോലെ എനിക്ക് ചുറ്റിലും പതഞ്ഞുപൊങ്ങുകയാണ്. കഥകൾ പങ്കുവച്ചവരിൽ പലരും പുരുഷന്മാരാണ്. എനിക്ക് പുസ്തകം മാറ്റിയെഴുതാൻ കഴിയുമെങ്കിൽ ഞാൻ അവരെക്കുറിച്ചും എഴുതുമായിരുന്നു” -രചയിതാവ് പറഞ്ഞു.

എന്നാൽ, ഈ വേട്ടയാടുന്ന ഓർമകളിൽ നിന്ന് രക്ഷനേടാനുള്ള ഒരേ ഒരു മാർഗ്ഗം ക്ഷമിക്കലാണ് എന്നവർ പറയുന്നു. "ക്ഷമയാണ് അവസാന പടി. എന്നാൽ നിങ്ങൾക്ക് ഒരു ദിവസം കാലത്ത് എഴുന്നേറ്റ് പെട്ടെന്നു ഞാൻ ആ വ്യക്തിയോട് ക്ഷമിക്കാം എന്ന് പറയാൻ സാധിക്കില്ല. അത് സമയമെടുത്ത് പതുക്കെ സംഭവിക്കുന്ന ഒരു കാര്യമാണ്" എഴുത്തുകാരി പറഞ്ഞു. ചാറ്റർജിയെ സംബന്ധിച്ചിടത്തോളം, ക്ഷമ എന്നത് ആത്മസ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. "ഞാൻ മൂന്ന് പതിറ്റാണ്ടോളം ചെലവഴിച്ചത് ആ നരകത്തിലാണ്. ഭ്രാന്തിന്റെയും സമ്മർദ്ദത്തിന്റെയും വക്കിലെത്തി ഞാൻ. ജീവനോടെയിരിക്കുക അസാധ്യമായിരുന്നു. ഒടുവിൽ എന്നാൽ ഞാൻ ക്ഷമിക്കാൻ തീരുമാനിച്ചു. എന്നോട് തന്നെ ദയവ് കാണിക്കാൻ തീരുമാനിച്ചു” അവർ പറഞ്ഞു. "വാട്ടർ ഫീനിക്സ് എന്റെ ഓർമ്മക്കുറിപ്പായിരിക്കാം, പക്ഷേ ഇത് എന്റെ മാത്രം കഥയല്ല. മറിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ കഥയാണ്” ചാറ്റർജി കൂട്ടിച്ചേർത്തു.

(കടപ്പാട്: news18)

click me!