ഇരുന്നൂറിന്‍റെ നിറവില്‍ സിഎംഎസില്‍ പിറക്കുന്നത് ഇരുന്നൂറ് മരങ്ങള്‍

Published : Jul 14, 2016, 04:39 PM ISTUpdated : Oct 04, 2018, 08:00 PM IST
ഇരുന്നൂറിന്‍റെ നിറവില്‍ സിഎംഎസില്‍ പിറക്കുന്നത് ഇരുന്നൂറ് മരങ്ങള്‍

Synopsis

കടന്നുപോയ പ്രൗഢമായ ഇരുന്നൂറ് വർഷങ്ങളുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുകയാണ് കോട്ടയത്തെ വിശ്വപ്രസിദ്ധമായ സി.എം.എസ് കോളേജ്.  കഥകളേറെ ഉറങ്ങുന്നുണ്ട് ഈ കാമ്പസില്‍. കേരളചരിത്രത്തിലെ ആദ്യത്തെ കോളേജ് എന്നതു മാത്രമല്ല ബെഞ്ചമിൻ ബെയ്ലി മുതലുള്ള മിഷനറിമാരുടെ സഹനം ഉള്‍പ്പെടെയുള്ള കഥകള്‍. സി.എം.എസ്സിനെ വേറേ ഏതു കാമ്പസ്സിൽനിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളാണ്.

വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രഗത്ഭൻമാരാണ് സി.എം.എസ്സിന്റെ ക്ലാസ്സ്മുറികളിൽ നിന്നു പിറന്നത്. കെ.ആർ.നാരായണൻ, കെ.പി.എസ്.മേനോൻ, കാവാലം നാരായണപ്പണിക്കർ, ജോൺ എബ്രഹാം, വേണു ഐ.എസ്.സി, ഉണ്ണി.ആർ, ഉമ്മന്‍ ചാണ്ടി പട്ടിക നീളുന്നു.

കോട്ടയം നഗരത്തിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജലം ശേഖരിച്ചിരിക്കുന്നത് സി.എം.എസ്സിന്റെ വിസ്തൃതമായ കാമ്പസ്സിലെ വനപ്രദേശത്താണ്. ഒരുപക്ഷേ ഏറ്റവുമധികം ശുദ്ധവായു ലഭിക്കുന്ന ഹരിതാഭമായ കാമ്പസ്സും ഇതുതന്നെയാവണം.

പല മലയാളസിനിമകളിലും ഒരു കഥാപാത്രമായിട്ടുണ്ട് കോളേജ്  ചാമരമെന്ന ഭരതൻ ചിത്രത്തിലെ പ്രണയം ഒരു വിങ്ങലായി പലരുടെയും മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകും. ക്ലാസ്സ്മേറ്റ്സിലെ സുകുവിന്റെയും താരയുടെയും പ്രണയവും ഈ കാമ്പസ്സിന്റെ പശ്ചാത്തലത്തിലാണ് പകർന്നാടിയത്.  കലാലയരാഷ്ട്രീയത്തിന്റെ കാര്യത്തിലും ഒട്ടുവളരെ പാരമ്പര്യം അവകാശപ്പെടാൻ ഈ കാമ്പസ്സിനുണ്ട്. ഈ ചരിത്രത്തെയൊക്കെ തനിമയോടെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ.  ഒപ്പം ചേരാൻ പ്രകൃതിയെ സംരക്ഷിക്കാനും നിലനിർത്താനും വേണ്ടി ഇന്ത്യയൊട്ടാകെ പ്രവർത്തിച്ചുപോരുന്ന ഗ്രീൻവെയിൻ എന്ന സംഘടനയുമുണ്ട്. ശോഷിച്ചുവരുന്ന കാമ്പസ്സിലെ വന്യസൌന്ദര്യത്തെ പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അവർ കൈകോർത്തുകഴിഞ്ഞു.

മഹത്തായ ഇരുനൂറാം വാർഷികം ഇവർ ആഘോഷിക്കുന്നത് നാട്ടിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അമ്പതോളം വൃക്ഷജനുസ്സുകളുടെ ഇരുനൂറ് തൈകൾ ക്യാമ്പസ്സിലും സമീപപ്രദേശങ്ങളിലും നട്ടുകൊണ്ടാണ്. ‘ഒറ്റ ദിവസത്തേക്കുള്ള പ്രകൃതിസ്നേഹത്തിൽ വിശ്വാസമില്ല. സംരക്ഷിക്കപ്പെടാത്ത ഒരു മരവും ഞങ്ങൾ നടില്ല’ എന്ന പ്രഖ്യാപനത്തിൽ തന്നെ പ്രകൃതിയോടുള്ള അവരുടെ സമീപനം വ്യക്തമാണ്. ജൂലൈ പതിനഞ്ചിനു പകൽ 1.30 യ്ക്കു സിഎംഎസ്സിലെ വിദ്യാർത്ഥികൾ നടത്തുന്ന ഒരു തെരുവുനാടകത്തോടെ പരിപാടികൾക്കു കൊടികയറും.  രണ്ട് മണിക്കു കോളേജ് ഗ്രേറ്റ് ഹാളിൽ വച്ച് നടക്കുന്ന വകുപ്പുമേധാവി ഡോ.തോമസ് ചാക്കോ അദ്ധ്യക്ഷനാകുന്ന ചടങ്ങ് 'ഗ്രീൻ വെയിൻ' സ്ഥാപകനും ചീഫ്-കോഡിനേറ്ററുമായ സ്വാമി സംവിദാനന്ദ് ഉദ്ഘാടനം ചെയ്യും. തുടർന്നു വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ വെയിൻ പ്രവർത്തകരും ചേർന്നു വൃക്ഷത്തൈകൾ നടും. തൈകളുടെ വിതരണവും ഉണ്ടായിരിക്കും. ഇരുന്നൂറ് വർഷത്തെ പ്രകൃതിയുടെ കഥ പറയാതെ പറയുക മാത്രമല്ല ഇനിയൊരുപാട് കാലത്തേയ്ക്കുള്ള പുതിയ കഥകൾ എഴുതുക കൂടിയാണ് മനോഹരമായ ഈ കാമ്പസ്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'ഇതിലും മഞ്ഞെന്‍റെ ഫ്രിഡ്ജിലുണ്ട്'; മണാലിയിൽ സഞ്ചാരികൾക്ക് സ്കീ ചെയ്യാൻ 'കൃത്രിമ' മഞ്ഞൊരുക്കുന്നു, വീഡിയോ വൈറൽ
രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്