വയസ്സ് 12, പഠിക്കാനൊരുങ്ങുന്നത് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് കോഴ്സ്, അത്ഭുതമായി കാലെബ് ആൻഡേഴ്സൺ

By Web TeamFirst Published Oct 15, 2020, 4:40 PM IST
Highlights

“ഒന്നാം ക്ലാസ്സിൽ പഠിക്കാൻ പോകുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അവിടെ എല്ലാവരും എന്നെക്കാൾ ഉയരമുള്ളവരായിരുന്നു, കാരണം എനിക്ക് അന്ന് വെറും രണ്ട് വയസ്സായിരുന്നു പ്രായം, കഷ്ടിച്ച് പിച്ചവെച്ച് നടക്കുന്ന സമയം” കാലെബ് പറഞ്ഞു.

പന്ത്രണ്ട് വയസ്സുകാരനായ കാലെബ് ആൻഡേഴ്സൺ ആ പ്രായത്തിലുള്ള മറ്റ് കുട്ടികളെക്കാൾ തീർത്തും വ്യത്യസ്‍തനാണ്. അവന്റെ സമപ്രായക്കാർ ഏഴാം ക്ലാസ്സിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, യുഎസ്സിൽ നിന്നുള്ള കാലെബ് ടെക്നിക്കൽ കോളേജിലെ രണ്ടാം വർഷ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. അധികം താമസിയാതെ അവൻ ജോർജിയ സർവകലാശാലയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാകും. അങ്ങനെ സംഭവിച്ചാൽ ഒരു യൂണിവേഴ്സിറ്റിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാകും അവൻ.  

കാലെബിനെ അഭിമുഖം നടത്തിയ അധ്യാപകർ അവന്റെ അറിവ് കണ്ട് അത്ഭുതപ്പെട്ടു. സങ്കീർണ്ണമായ വിവരങ്ങൾ എളുപ്പത്തിൽ വിലയിരുത്താനും മനസിലാക്കാനും അവന് കഴിയുമെന്ന് അവർ പറഞ്ഞു. ചെറുപ്പം മുതലേ അവൻ തന്റെ അതുല്യമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. വെറും ഒൻപത് മാസം പ്രായമുള്ളപ്പോൾ അവൻ ആംഗ്യഭാഷ പഠിച്ചെടുത്തു. രണ്ട് വയസ്സ് തികയുമ്പോഴേക്കും ബുദ്ധിമുട്ടേറിയ കണക്കുകൾ ചെയ്യാൻ തുടങ്ങി.  

“ഒന്നാം ക്ലാസ്സിൽ പഠിക്കാൻ പോകുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അവിടെ എല്ലാവരും എന്നെക്കാൾ ഉയരമുള്ളവരായിരുന്നു, കാരണം എനിക്ക് അന്ന് വെറും രണ്ട് വയസ്സായിരുന്നു പ്രായം, കഷ്ടിച്ച് പിച്ചവെച്ച് നടക്കുന്ന സമയം” കാലെബ് പറഞ്ഞു. എന്നാൽ, അവന്റെ ജീവിതം ഒട്ടും  സുഗമമായിരുന്നില്ലെന്നു അവൻ പറഞ്ഞു. മറ്റ് വിദ്യാർത്ഥികൾ അവൻ അബ്നോർമൽ ആണെന്ന് മുദ്രകുത്തി അവനെ എപ്പോഴും മാറ്റിനിർത്തുമായിരുന്നു എന്നും, മിഡിൽ സ്കൂൾ തനിക്ക് ബുദ്ധിമുട്ടേറിയ കാലമായിരുന്നു എന്നും അവൻ പറഞ്ഞു.  

അവന്റെ കഴിവുകൾ അവനെ തീർത്തും വ്യത്യസ്തനാക്കി. വെറും ഒരുമാസം മാത്രം പ്രായമുള്ളപ്പോൾ അമ്മ പറയുന്നത് അതുപോലെ അവൻ അനുകരിക്കാൻ ശ്രമിക്കുമായിരുന്നുവത്രെ. ഒൻപത് മാസം പ്രായമായമ്പോൾ 250 വാക്കുകൾ അവന് തിരിച്ചറിയാൻ സാധിച്ചിരുന്നെന്നും, 11 മാസം പ്രായമായപ്പോൾ അവൻ സംസാരിക്കാനും, വായിക്കാനും പഠിച്ചുവെന്നും കുടുംബം പറഞ്ഞു. രണ്ട് വയസ്സ് തികയുമ്പോഴേക്കും അവന് ഭരണഘടന വായിക്കാൻ സാധിച്ചു. ഒരു വർഷത്തിനുശേഷം കാലെബിന് IQ സൊസൈറ്റിയായ മെൻസയുടെ അംഗീകാരവും ലഭിച്ചു. ഇപ്പോൾ അവന് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, മാൻഡറിൻ എന്നീ ഭാഷകളും സംസാരിക്കാൻ കഴിയും. 

ആഫ്രിക്കൻ-അമേരിക്കൻ കുട്ടികളോട് സമൂഹം നിഷേധാത്മക മനോഭാവമാണ് വച്ച് പുലർത്തുന്നത് എന്നും, കാലേബിന്റെ വിജയം മറ്റുളളവർക്ക് ഒരു പ്രചോദനമാകുമെന്നും കാലേബിന്റെ അമ്മ ക്ലെയർ പറഞ്ഞു. തന്റെ പ്രായത്തിന്റെ ഇരട്ടിയോളം പ്രായമുള്ള വിദ്യാർത്ഥികളോടൊപ്പം പഠിക്കാൻ അവൻ തയ്യാറായിക്കഴിഞ്ഞു. ജോർജിയ സർവകലാശാല അവന് ഒരു പുതിയ അനുഭവമാകുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു. കൂടാതെ, അവരുടെ കുട്ടി ക്ലാസ് റൂമിന് പുറത്ത് പ്രധാനപ്പെട്ട ജീവിതപാഠങ്ങൾ പഠിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌കുമായി ഇന്റേൺഷിപ്പ് ചെയ്യുക എന്നതാണ് ഇനി അവന്റെ സ്വപ്നം.  


click me!