
ചരിത്രപുസ്‌തകത്തില്‍ എവിടെയും രേഖപ്പെടുത്താതെ പോയ കൊച്ചന്തോണിയാശാന്റെയും സംഘത്തിന്റെയും ജീവിതകഥ ആരുടെയും കണ്ണുനനയിക്കുന്നതാണ്. ഏഴു ദിവസം നിര്‍ത്താതെ, ഒരു ഗ്രാമീണജീവിതത്തിലേക്ക് സൈക്കിള്‍ ചവിട്ടിയ കൊച്ചന്തോണി ആശാന്‍ സമ്മാനിച്ച കാഴ്‌ചകളാണ് 'ചരിത്രപുസ്‌തകത്തിലേക്ക് ഒരേട്' എന്ന നാടകത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊതുജനസമ്പര്‍ക്കവകുപ്പ് സംഘടിപ്പിച്ച നാടകോല്‍സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് തൃശൂര്‍ ഇന്‍വിസിബിള്‍ ലൈറ്റിങ് സൊല്യൂഷന്‍സ് അവതരിപ്പിച്ച 'ചരിത്രപുസ്‌തകത്തിലേക്ക് ഒരേട്'അരങ്ങേറി.
ടി വി കൊച്ചുബാവയുടെ 'ഉപന്യാസം' എന്ന കഥയുടെ നാടകാവിഷ്‌ക്കാരമാണ് 'ചരിത്രപുസ്‌തകത്തിലേക്ക് ഒരേട്'. കാഴ്ചക്കാരെ 1960കള്‍ മുതലുള്ള കേരള സാമൂഹിക പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോയ നാടകം, കൃത്യമായ രാഷ്‌ട്രീയത്തില്‍ പൊതിഞ്ഞ് ഒരുപിടി നൊമ്പരജീവിതങ്ങളുടെ കഥ കൂടിയാണ് പറയുന്നത്. ഒരുകാലത്ത് നമ്മുടെ നാട്ടിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന സൈക്കിള്‍ യജ്ഞമെന്ന, കലയെന്നോ കായികമെന്നോ വിളിക്കാവുന്ന ഒരു കാഴ്‌ചാരൂപത്തെയാണ് അരങ്ങിലേക്ക് പുനരാവിഷ്‌ക്കരിക്കുന്നത്.
1960കള്‍ക്ക് ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിലെ ഗ്രാമാന്തരങ്ങള്‍തോറും സഞ്ചാരികളായി സൈക്കിള്‍ യജ്ഞക്കാര്‍ എത്തിയിരുന്നു. നാട്ടാരുടെ മനസിലിടം നേടുന്ന ഇവരുടെ പ്രകടനം, ഓരോ വീട്ടിടങ്ങളിലും നാടിന്റെ മുക്കിലുംമൂലയിലും ഉണ്ടാക്കുന്ന ചലനങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് നാടകം തുടങ്ങുന്നത്. പിന്നീടാണ് കൊച്ചന്തോണി ആശാനും സംഘവും രംഗത്തേക്കു വരുന്നത്. കല്ലന്‍ കണ്ണപ്പനും കറണ്ട് സെയ്താലിയും മരുതപ്പനും തഞ്ചാവൂര്‍ ഭാരതിയും അനൗണ്‍സറും ഓപ്പറേറ്റര്‍ വറുതൂട്ടിയുമൊക്കെ മെയ്‌വഴക്കംകൊണ്ട് വിസ്‌മയം സൃഷ്ടിക്കുമ്പോള്‍ ഒരു കാലഘട്ടം തന്നെയാണ് കാഴ്‌ചക്കാരുടെ മനസിലേക്ക് ഇരുചക്രങ്ങളിലേറി വരുന്നത്. കൊച്ചന്തോണിയാശാന്റെ പ്രകടനങ്ങള്‍ക്ക് അനുപൂരകമായി പാട്ടും ആട്ടവും വിസ്‌മയപ്രകടനങ്ങളും കാഴ്‌ചക്കാരെ പിടിച്ചിരുത്തുന്നു. ചിരിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടുനീങ്ങിയ നാടകം പരിസമാപ്‌തിയിലേക്ക് എത്തുമ്പോള്‍ കാഴ്‌ചക്കാരുടെ മനസില്‍ കോറിയിടുന്നത് നൊമ്പരങ്ങളാണ്.
സമയം മുന്നോട്ടു കുതിക്കവേ, കാലം മാറുന്നു, കഥ മാറുന്നു, കാഴ്‌ച മാറുന്നു എന്ന നാടകത്തിലെ ആപ്‌തവാക്യം പോലെ, സൈക്കിള്‍ യജ്ഞത്തെ അപ്രസക്തമാക്കിക്കൊണ്ടു മറ്റു പലതും നാട്ടിടങ്ങളിലേക്ക് കടന്നുവരുന്നു.
ഇതോടെ സൈക്കിള്‍ യജ്ഞ കാഴ്‌ചകളില്‍നിന്ന് നാടും നാട്ടാരും മുഖംതിരിച്ചു തുടങ്ങുന്നു. കാഴ്‌ച്ചക്കാരെ പിടിച്ചിരുത്താന്‍, പലതും കാണിച്ചുനോക്കിയെങ്കിലും, ഒടുവില്‍ കൂട്ടത്തിലൊരുത്തന്റെ ജീവന്‍ തന്നെ നല്‍കിയിട്ടും ഒരു ഫലവുമുണ്ടാകാത്ത നിരാശയിലാണ് കൊച്ചന്തോണിയാശാനും സംഘവും പിന്‍വാങ്ങുന്നത്. കാലം മാറിയെന്ന് പറഞ്ഞു എത്ര കലാകാരന്‍മാരെ നാം മണ്ണിട്ടുമൂടിയതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, കാണികള്‍ക്ക് ഒരു നല്ല നാടകാനുഭവം സമ്മാനിച്ചുകൊണ്ട് 'ചരിത്രപുസ്‌തകത്തിലേക്ക് ഒരേട്' അവസാനിക്കുന്നു...
തികവേറിയ ശബ്ദ വിന്യാസമാണ് നാടകത്തെ മികവുറ്റ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത്. കൃത്യമായ പ്രകാശ ക്രമീകരണങ്ങളും നാടകത്തിന്റെ പൂര്‍ണതയ്‌ക്ക് സഹായിച്ച ഘടകമാണ്. ഒന്നേ മുക്കാല്‍ മണിക്കൂറോളം നീളുന്ന 'ചരിത്രപുസ്‌തകത്തിലേക്ക് ഒരേട്' സംവിധാനം ചെയ്‌തിരിക്കുന്നത് ജോസ് കോശിയാണ്. ജെയിംസ് ഏലിയയാണ് നാടകരചന നിര്‍വ്വഹിച്ചിരിക്കുന്നത്. തുഷാര, ജോസ് പി റാഫേല്‍, ജെയിംസ് ഏലിയ, സുധി വട്ടപ്പിന്നി, മല്ലു പി ശേഖര്‍, പ്രതാപന്‍, രാംകുമാര്‍ എന്നിവരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.