ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കേരളത്തോട് പറയുന്നത്

സി.കെ.വിശ്വനാഥ് |  
Published : May 08, 2018, 07:11 PM ISTUpdated : Jun 08, 2018, 05:43 PM IST
ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ കേരളത്തോട് പറയുന്നത്

Synopsis

സി.കെ.വിശ്വനാഥ് എഴുതുന്നു

കേരളീയ ദലിത് അവസ്ഥ, അതിന്റെ സാമുദായിക രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന പുത്തന്‍കാലഘട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ജാതി-ഉപജാതിയായി വിഭജിച്ച് നില്‍ക്കുന്ന വിഭാഗങ്ങളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന ദലിത് സാമുദായിക ഉണര്‍വുകള്‍, വര്‍ഗവും - സമുദായവും തമ്മിലുള്ള പുത്തന്‍ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ദലിത് ആത്മാഭിമാന പൗരത്വ രാഷ്ട്രീയം, കേരളീയ ജനാധിപത്യ പ്രക്രിയയിലെ സവിശേഷമായ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. 

ഇന്ത്യന്‍ ദലിത് രാഷ്ട്രീയം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എസ്‌സി/എസ്ടി പ്രിവന്‍ഷന്‍ ഓഫ് ആട്രോസിറ്റീസ് നിയമവുമായി ബന്ധപ്പെട്ട് നടന്ന അഖിലേന്ത്യാ ബന്ദും അത് സംബന്ധിച്ച് നടന്ന സംവാദങ്ങളും ദലിത് സമൂഹത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രധാന്യമുള്ളതാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയര്‍ കൊല ചെയ്യപ്പെട്ടതിന്റെ അമ്പതാം വാര്‍ഷികം നടന്നുകൊണ്ടിരിക്കുകയാണ്. ലോകമെങ്ങും തന്നെ മര്‍ദ്ദിതരായ സമൂഹങ്ങള്‍ പുതിയ ഒരു പൗരാവകാശ അവബോധത്തിനായി പോരാടി കൊണ്ടിരിക്കുന്നു. സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി മനസിലാക്കലിലൂടെയാണ് വര്‍ത്തമാനകാലം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. 

ദളിതുകള്‍ക്ക് നേരിടേണ്ടിവരുന്ന 116 തരം വിവേചനങ്ങളെക്കുറിച്ചാണ് ചില വെബ്സൈറ്റുകള്‍ എഴുതുന്നത് . ദലിത് മുന്നേറ്റങ്ങള്‍ക്ക് ഒപ്പം തന്നെ ദലിതര്‍ക്കെതിരായ അതിക്രമങ്ങളും പുതിയ രൂപങ്ങള്‍ കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ദലിത് വിഭാഗങ്ങള്‍ക്കതിരെ വര്‍ത്തമാന കാലത്ത് നടക്കുന്ന അക്രമങ്ങള്‍ക്കുള്ള  പ്രധാന കാരണങ്ങളിലൊന്ന് ദലിത് മുന്നേറ്റങ്ങള്‍ തന്നെയാണ്. അത് അപമാനവീകരണത്തിന്റെ പല മാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ദലിത് രാഷ്ട്രീയ മണ്ഡലം ഉണ്ടാക്കിയെടുത്ത ചലനാത്മകത രാഷ്ട്രീയമണ്ഡലത്തെ മുഴുവനും തന്നെ ഇളക്കിമറിച്ചിരിക്കുന്നു. ദലിത് വോട്ട് ബാങ്ക് ആര് നേടുമെന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. നവീനമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ ഈ ദലിത് രാഷ്ട്രീയ മണ്ഡലത്തെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനായി നടത്തുന്ന തന്ത്രങ്ങള്‍ ഒരു തരത്തില്‍ ജനാധിപത്യത്തിന്റെ മത്സരാത്മക സ്വഭാവത്തെ സങ്കീര്‍ണ്ണമാക്കി മാറ്റിത്തീര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ 20 ശതമാനത്തോളം ഈ മര്‍ദ്ദിത സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. നവീന ന്യൂനപക്ഷ മര്‍ദ്ദിത സമൂഹഷ്ട്രീയം നേടിക്കൊണ്ടിരിക്കുന്ന അവകാശബോധങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തെ ജനാധിപത്യപരമായ ഒരു നവീനതലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ജനാധിപത്യ പൗരാവകാശങ്ങള്‍ പുതിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇത് സവിശേഷമായ ജനാധിപത്യ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. സാമൂഹ്യമായ ഉന്നതിയെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചുമൊക്കെയുള്ള പരമ്പരാഗത അന്വേഷണങ്ങളെത്തന്നെ പുനര്‍ വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു കാലഘട്ടമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ത്യയിലെ ദലിതുകളും അമേരിക്കയിലെ കറുത്ത വിഭാഗക്കാരും യൂറോപ്പിലെ റോമാ സമൂഹവും മറ്റ് തദ്ദേശീയ മര്‍ദ്ദിത ജനസമൂഹങ്ങളും ഇത്തരമൊരു ജനാധിപത്യ അന്വേഷണങ്ങളെ തിരിച്ചറിയുന്നു. ജനാധിപത്യത്തെത്തന്നെ മാനവീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

ദലിത് മുന്നേറ്റങ്ങള്‍ക്ക് ഒപ്പം തന്നെ ദലിതര്‍ക്കെതിരായ അതിക്രമങ്ങളും പുതിയ രൂപങ്ങള്‍ കൈവരിച്ച് കൊണ്ടിരിക്കുകയാണ്.

ജാതിയും വംശവും തമ്മിലുള്ള സംവാദം ഒരു ഉയര്‍ന്ന രൂപത്തില്‍ എത്തിയതിന്റെ ഉദാഹരണമായിരുന്നു ദര്‍ബാന്‍ സമ്മേളനം (Durban Conferrence ).  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെതുടക്കം തന്നെ മെഗസ്തനീസും ഹുയാന്‍സാങും അടക്കം ഉള്ളവര്‍ എഴുതിത്തുടങ്ങിയ ജാതി അവസ്ഥയുടെ നവീന അന്തര്‍ദേശീയവല്‍ക്കരണമാണ് ദക്ഷിണാഫ്രിക്കയിലെ ദര്‍ബാനില്‍ കണ്ടത്. ജാതിയുടെ രാഷ്ട്രീയത്തെ അന്താഷ്ട്രീയ തലത്തില്‍ വിചാരണ ചെയ്യപ്പെടുന്നത് മറ്റനേകം തദ്ദേശീയമായ സാമൂഹ്യ വിവേചനങ്ങള്‍ക്കൊപ്പമാണ് എന്നത് വര്‍ത്തമാന രാഷ്ട്രീയത്തിന്റെ മര്‍ദ്ദിത ന്യൂനപക്ഷ സാമൂഹ്യ അവകാശങ്ങളിലൂടെയുള്ള കുതിച്ചു ചാട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. പ്രാദേശീകവും ദേശീയവും അന്തര്‍ദേശീയവുമാകുന്ന രാഷ്ര്ട്രീയവല്‍ക്കരണ പ്രക്രിയയിലെ അതിശക്തമായ കണ്ണിയാണ് ജാതിയുടെ രാഷ്ട്രീയം. അംബേദ്കര്‍ ഈ സ്വത്വ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഏറ്റവും ശക്തമായ ഇന്ത്യന്‍ മാതൃകയായിത്തീര്‍ന്നിരിക്കുന്നു. 1930 ആഗസ്റ്റില്‍ നാഗ്പൂരില്‍ നടന്ന ഓള്‍ ഇന്ത്യാ ഡിപ്രസ്ഡ് ക്ലാസ് കോണ്‍ഫ്രന്‍സില്‍ അംബേദ്കര്‍ വ്യക്തമാക്കി: 'ഞാന്‍ കോണ്‍ഗ്രസുകാരോട് യോജിക്കുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ഭരിക്കുന്നത് നല്ലതല്ല. അതുപോലെ തന്നെ ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ ഭരിക്കുന്നതും നല്ലതല്ല തന്നെ'. 

ഇത്തരമൊരു ജനാധിപത്യ സങ്കല്‍പത്തിന്റെ പ്രധാന്യം ഇപ്പോഴും നിലനില്‍ക്കുന്നു. മനുഷ്യരാശിയുടെ വിമേചന സങ്കല്‍പത്തെ സംബന്ധിച്ചിടത്തോളം അനിവാര്യം കൂടിയാണിത്. ജാതിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സംവാദങ്ങളെ, ഇന്നത്തെ ഇന്ത്യന്‍ വര്‍ത്തമാന അവസ്ഥയില്‍ നിന്ന് കാണുമ്പോള്‍, മനസ്സിലാവുന്ന  ശ്രദ്ധേയമായ മാറ്റം, അംബേദ്ക്കര്‍ക്ക് ലഭിച്ചിരിക്കുന്ന പ്രധാന്യമാണ്. അത് ജനാധിപത്യത്തിന്റെ കീഴാള ഉണര്‍വിനെ രാഷ്ട്രീയവല്ക്കരിക്കുന്നു. ഓരോ പ്രാദേശിക സമൂഹങ്ങളും അനേകമനേകം മര്‍ദ്ദിത സാമൂഹ്യബിംബങ്ങളെ ചരിത്രത്തില്‍ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഈ ദലിത് മുന്നേറ്റം ഇന്ത്യന്‍ കീഴാള സാംസ്‌കാരിക ഉയര്‍ത്തെഴുന്നേപ്പ് കൂടിയായി മാറിയിരിക്കുകയാണ്. 

ദലിത് സാമുദായിക രാഷ്ട്രീയത്തിന്റെ ഒരു പ്രധാനപ്പെട്ട മുദ്രാവാക്യമായിത്തീര്‍ന്നിരിക്കുകയാണ് ഈ ഭൂമിയുടെ രാഷ്ട്രീയം.

ദലിത് ഭൂ സമരങ്ങള്‍ അതിശക്തമാം വിധം ഉയര്‍ന്നു വന്നിരിക്കുന്നു. ഇത് വര്‍ഗാധിഷ്ഠിതമായി കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് - സോഷ്യലിസ്റ്റുകള്‍ നടത്തിയ സമരങ്ങള്‍ക്കപ്പുറത്താണ് നില്‍ക്കുന്നത്. ദലിത് സാമുദായിക രാഷ്ട്രീയത്തിന്റെ ഒരു പ്രധാനപ്പെട്ട മുദ്രാവാക്യമായിത്തീര്‍ന്നിരിക്കുകയാണ് ഈ ഭൂമിയുടെ രാഷ്ട്രീയം. ഇത് ഇന്ത്യയിലെ ഭൂ പരിഷ്‌ക്കരണ രാഷ്ട്രീയത്തിന്റെ ജനാധിപത്യ വികാസത്തെ അടയാളപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍, ഭൂ പരിഷ്‌ക്കരണം സഹായിച്ചിട്ടുള്ളത് പ്രധാനമായും മധ്യമ ജാതി വിഭാഗങ്ങളെയാണ്. ദളിതുകള്‍ പ്രധാനമായും ഭൂരഹിത കര്‍ഷകത്തൊഴിലാളികളായിരുന്നു. അതിശക്തമായ ഒ.ബി.സി. രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ഭൂപരിഷ്‌ക്കരണ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഇന്ത്യയിലെ സാമൂഹ്യനീതി രാഷ്ട്രീയമെന്നത് തന്നെ ഈ ഭൂപരിഷ്‌ക്കരണ രാഷ്ട്രീയവും സാമൂഹ്യവുമായ ഉന്നതി കൂടിയായിരുന്നു. വര്‍ത്തമാന കാര്‍ഷിക പ്രതിസന്ധി ഇന്ത്യയിലെ കീഴാള ജനവിഭാഗങ്ങളെ ആഴമേറിയ ഒരു അതിജീവന പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇത്തരമൊരു യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പുത്തന്‍ ബഹുജന്‍ - ദലിത് കൂട്ടായ്മകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഒരേ സമയം തന്നെ ബഹുമുഖമായ രാഷ്ട്രീയവും സാമൂഹ്യവുമായ വൈരുദ്ധ്യങ്ങളെ തുറന്നു കാട്ടുന്നു.

കേരളീയ ദലിത് അവസ്ഥ, അതിന്റെ സാമുദായിക രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന പുത്തന്‍കാലഘട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ജാതി-ഉപജാതിയായി വിഭജിച്ച് നില്‍ക്കുന്ന വിഭാഗങ്ങളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന ദലിത് സാമുദായിക ഉണര്‍വുകള്‍, വര്‍ഗവും - സമുദായവും തമ്മിലുള്ള പുത്തന്‍ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ദലിത് ആത്മാഭിമാന പൗരത്വ രാഷ്ട്രീയം, കേരളീയ ജനാധിപത്യ പ്രക്രിയയിലെ സവിശേഷമായ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!