
2000 -ത്തിന്റെ തുടക്കത്തിലാണ് അന്നത്തെ സർക്കാറിന്റെ കൂടി അനുമതിയോടെ തിരുവനന്തപുരം നഗരത്തിലെ സാംസ്കാരിക പ്രവർത്തകർ മാനവീയം വീഥി എന്ന സാംസ്കാരിക ഇടനാഴിക്ക് തുടക്കം കുറിച്ചത്. ഏറെ ആഘോഷത്തോടെ അന്ന് നാടകവും പാട്ടും നൃത്തവുമായി ജനങ്ങൾ ഒത്തു കൂടി. പിന്നീടിങ്ങോട്ട് ആൾക്കൂട്ടമായും അല്ലാതെയും നിരവധി പരിപാടികൾക്കും പ്രതിഷേധങ്ങൾക്കും ഭാഗമായൊരു ഇടമാണ് മാനവീയം വീഥി. ഒരോ സമൂഹത്തിനും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കുവയ്ക്കാനൊരിടം വേണമെന്ന ആശയത്തിന് അങ്ങനെ തിരുവനന്തപുരം നഗരത്തിലും ഒരിടം കണ്ടെത്താനായി. കാലം മാറി. 25 വർഷങ്ങൾ കടന്ന് പോയി. ഇതിനിടെ പലവുരു നഗരത്തിന്റെ ഭരണവും മാറി. കാലത്തിന്റെ മാറ്റം ഭരണകൂടത്തിന്റെ ആശയത്തിലും പൊതുസമൂഹത്തോടുള്ള മനോഭാവത്തിലും മാറ്റം കൊണ്ടുവന്നു. ഇന്ന് നഗരപിതാവിന്റെ അഭിപ്രായത്തിൽ മാനവീയം വീഥി ചിലർ തങ്ങളുടെ സ്വകാര്യ സ്വത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ്. എന്താണ് മാനവീയം വീഥിയിലെ പ്രശ്നം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഏതാണ്ട് ഒരു പതിറ്റാണ്ടിന് മേലെ നാടകവും പാട്ടും പ്രതിരോധവുമായി മാനവീയത്ത് സജീവമായിരുന്ന, അഭിനയ നാടക സംഘം നടത്തിയിരുന്ന ഡി രഘൂത്തമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി നടത്തിയ ദീർഘ സംഭാഷണത്തിൽ നിന്ന്...
പുഷ്പവതിക്ക് പാടാൻ അനുമതി നിഷേധിച്ച മേയറുടെ നടപടിയോടെ വീണ്ടും ചർച്ചയാകുന്നത് മാനവീയം വീഥിയുടെ സാംസ്കാരിക സ്വാതന്ത്ര്യവും അതിന്റെ ജനാധിപത്യ സ്വഭാവവുമാണ്. കലാകാരന്മാരുടെയും സാധാരണ മനുഷ്യരുടെയും തുറന്ന സാംസ്കാരിക ഇടമാക്കി ഒരു തെരുവിനെ മാറ്റാനുള്ള ശ്രമത്തിന് പിന്നിൽ കാൽനൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ ആദ്യകാല സംഘാടകരിലൊരാളും മാനവീയം വീഥിയിൽ നാടകാവതരണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ഡി രഘൂത്തമൻ ഓർത്തെടുക്കുന്നത് ഒരു തെരുവിന്റെ വളർച്ച മാത്രമല്ല, കലയും മനുഷ്യരും സ്വാതന്ത്ര്യവും ചേർന്നുണ്ടാക്കിയ ഒരു സാംസ്കാരിക മുന്നേറ്റം കൂടിയാണ്.
ഒരു തെരുവിനെ സാംസ്കാരിക ഇടമാക്കി മാറ്റുക എന്നത് കേവലം അവിടെ ഇടയ്ക്കിടെ കലാപരിപാടികൾ സംഘടിപ്പിക്കുക എന്നതല്ല. ആ തെരുവിനെ മനുഷ്യരുടെ സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള ഇടമാക്കി മാറ്റുക എന്നതാണെന്ന് രഘൂത്തമൻ ചൂണ്ടിക്കാണിക്കുന്നു. കലാകാരന്മാർക്കും സാധാരണ മനുഷ്യർക്കും ഒരുപോലെ കടന്നുവരാനും തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാനും കഴിയുന്ന പൊതുസ്ഥലം. അങ്ങനെയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു തിരുവനന്തപുരത്തെ മാനവീയം വീഥി.
(ഡി രഘൂത്തമൻ)
ഇന്ന് പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ച മേയറുടെ നടപടിയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും മാനവീയം വീഥിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. എന്നാൽ ഈ വിവാദത്തെ കേവലം ഒരു പരിപാടിക്ക് അനുമതി നൽകിയില്ലെന്ന പ്രശ്നമായി മാത്രം കാണാനാവില്ല. പൊതുജനങ്ങൾക്കും കലാകാരന്മാർക്കും സ്വതന്ത്രമായി ഒത്തുചേരാനും കല അവതരിപ്പിക്കാനും കഴിയുന്ന ഒരു സാംസ്കാരിക ഇടത്തിന്റെ അവകാശത്തെക്കുറിച്ചുള്ള ചോദ്യമാണത്.
മാനവീയം വീഥിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച ഡി രഘൂത്തമൻ ഈ തെരുവിനോട് പറയാനുള്ളത് അതിന്റെ കാൽനൂറ്റാണ്ടിന്റെ ചരിത്രമാണ്. ആ ചരിത്രത്തിൽ സ്വപ്നങ്ങളുണ്ട്, പരീക്ഷണങ്ങളുണ്ട്, സൗഹൃദങ്ങളുണ്ട്, കലാപ്രവർത്തനങ്ങളുണ്ട്. അതോടൊപ്പം രാഷ്ട്രീയവും ഭരണകൂടവുമായുള്ള ഏറ്റുമുട്ടലുകളുമുണ്ട്.
'മാനവീയം വീഥി' എന്ന ആശയത്തിന്റെ വിത്ത് മനസ്സിൽ വീണത് പാരീസിൽവെച്ചാണെന്ന് ഡി രഘൂത്തമൻ ഓർക്കുന്നു. 1995 -ൽ ഫ്രാൻസിൽ ഫുസ്ബോൺ ട്രാവലിങ് തിയേറ്ററിന്റെ ലോകപര്യടനത്തിന്റെ ഭാഗമായി കാവാലം സംഘത്തിലെ കലാധരനും മറ്റ് യുവ അഭിനേതാക്കളും ഒഡീസി എന്ന നാടകത്തിൽ അഭിനയിച്ചിരുന്നു. പാരീസിൽ ഒരു മാസത്തോളം ടെന്റ് കെട്ടിയായിരുന്നു നാടകാവതരണം. എല്ലാ ദിവസവും പരിപാടിയുണ്ടായിരുന്നതിനാൽ പകൽ സമയം സ്വതന്ത്രമായിരുന്നു. ആ സമയത്താണ് ഞങ്ങൾ പാരീസിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
അത്തരമൊരു സന്ദർശനത്തിനിടയിലാണ് മോണ്ട്മാർട്രിലെ കലാകാരന്മാരുടെ തെരുവ് ശ്രദ്ധയിൽപ്പെടുന്നത്. ഒരു കുന്നിൻമുകളിലുള്ള പള്ളിയും അവിടെനിന്നുള്ള പാരീസ് നഗരത്തിന്റെയും ഈഫൽ ടവറിന്റെയും കാഴ്ചകളും അതിമനോഹരമായിരുന്നു. എന്നാൽ രഘൂത്തമനെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ ചിത്രകാരന്മാരായിരുന്നു. പാരീസിലെ പ്രശസ്തരായ ചിത്രകാരന്മാർ മുതൽ സാധാരണക്കാരായ ചിത്രകലാപ്രേമികൾ വരെ അവിടയെത്തി ചിത്രങ്ങൾ വരയ്ക്കുന്നു. ചിലർ അഞ്ചു മിനിറ്റുകൊണ്ട് സഞ്ചാരികളുടെ കാരിക്കേച്ചറുകൾ വരച്ചുനൽകും. മറ്റുചിലർ ചെറിയ ചിത്രങ്ങളും മിനിയേച്ചറുകളും വിൽപ്പനയ്ക്ക് വെക്കും. അവിടെ ഇരുന്ന് ചിത്രങ്ങൾ വരയ്ക്കുന്നവർക്ക് വലിയ സ്റ്റുഡിയോകളുണ്ടായിരുന്നു. തെരുവിലെ വരയും വിൽപ്പനയും അവരുടെ കലാജീവിതത്തിന്റെ മറ്റൊരു ഭാഗം മാത്രമായിരുന്നു.
അതേസമയം, ചിത്രകല ഔപചാരികമായി പഠിക്കാത്തവരും കലാപ്രവർത്തനത്തിലേർപ്പെടുന്നവരുമായ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. എൻജിനീയർമാരും ഡോക്ടർമാരും മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടവരുമൊക്കെ തങ്ങളുടെ ചിത്രങ്ങളുമായി തെരുവിലെത്തും. ചെറിയ വിലയ്ക്ക് അവരുടെ സൃഷ്ടികൾ വാങ്ങാൻ ആളുകളുമുണ്ടാകും.
കല എന്നത് ആർട്ട് ഗാലറികളിലോ ഫൈൻ ആർട്സ് കോളേജുകളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. സാധാരണ മനുഷ്യർക്കും തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള ഇടമുണ്ടാകണം. വലിയ ചിത്രകാരന്മാരാകണമെന്നില്ല; വരയ്ക്കാൻ ആഗ്രഹമുള്ളവർക്ക് വരയ്ക്കാം. പാടാൻ അറിയുന്നവർക്ക് പാടാം. കവികൾക്ക് കവിത ചൊല്ലാം. അതിനുള്ള പൊതുവായ ഇടം നഗരത്തിലുണ്ടാകണം. ഈ കാഴ്ചയാണ് പിന്നീട് മാനവീയം വീഥി എന്ന ആശയത്തിന് പ്രചോദനമായതെന്ന് രഘൂത്തമൻ പറയുന്നു.
എന്നാൽ ഒരു നാടക സംഘത്തിന്റെ ഉടമയ്ക്ക് മാത്രം സാധ്യമാകുന്ന ഒന്നല്ല, ഒരു തെരുവിനെ സാംസ്കാരിക വീഥിയാക്കുമാറ്റുകയെന്നത്. അതിന് മറ്റ് ചിലത് കൂടി സംഭവിക്കാനുണ്ട്. 21 -ാം നൂറ്റാണ്ടിന്റെ വരവിന്റെ പശ്ചാത്തലത്തിൽ 1999 -ൽ തിരുവനന്തപുരത്ത് ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടി സംഘടിപ്പിക്കാനുള്ള ആലോചനയുണ്ടായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും സാംസ്കാരിക വകുപ്പിന്റെയും നേതൃത്വത്തിൽ രൂപപ്പെട്ട ഈ പദ്ധതിക്ക് മാനവീയം എന്നാണ് പേരിട്ടത്.
സാംസ്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ കോർഡിനേറ്റർമാർ ആഴ്ചതോറും യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. സൂര്യകൃഷ്ണമൂർത്തിയായിരുന്നു പ്രധാന സംഘാടകരിലൊരാൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നാടകപരിപാടികളുടെ ഏകോപനച്ചുമതല ഡി രഘൂത്തമനായിരുന്നു.
ആ ഒരു വർഷത്തെ പരിപാടിയുടെ ഭാഗമായി നൃത്തം, നാടകം, സംഗീതം തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി. പഞ്ചാബിൽനിന്നുള്ള കൊറിയോഗ്രാഫർ നവദേജ് ജോഹറിന്റെ നേതൃത്വത്തിൽ ടാഗോർ തിയേറ്ററിൽ നടന്ന നൃത്തപരിപാടിയും അതിന്റെ ഭാഗമായിരുന്നു. രഘൂത്തമന്റെ നാടകസംഘമായ അഭിനയത്തിലെ കലാകാരന്മാരും ആ പരിപാടിയുടെ സംഘാടനത്തിലും അവതരണത്തിലും പങ്കാളികളായി. പരിപാടി അവസാനിച്ചെങ്കിലും അതിലൂടെ രൂപപ്പെട്ട സൗഹൃദങ്ങളും സാംസ്കാരിക ബന്ധങ്ങളും നിലനിന്നു. മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്ന ബോധ്യം ഊട്ടിയുറപ്പിക്കപ്പെട്ടു.
ഒരു വർഷം നീണ്ടു നിന്ന പരിപാടിക്കിടെ സൂര്യകൃഷ്ണമൂർത്തി, രഘൂത്തമനോട് ഒരു ചോദ്യം ചോദിച്ചു. മാനവീയം പദ്ധതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ ഓർമ നിലനിർത്താൻ എന്തെങ്കിലും സ്ഥിരമായ സിഗ്നേച്ചർ പ്രോജക്ട് നടപ്പാക്കാനാകുമോ? ആദ്യ ചോദ്യമാണ് ഇന്നത്തെ മാനവീയം വീഥി എന്ന തെരുവിന്റെ സാധ്യത തുറന്നതെന്ന് രഘൂത്തമൻ ഓർത്തെടുക്കുന്നു. പാരീസിലെ തെരുവിൽ കണ്ട കലാസംസ്കാരം എന്തുകൊണ്ട് തിരുവനന്തപുരത്തും ആയിക്കൂടെന്ന ആശയത്തിലേക്ക് ആ ചോദ്യം തന്നെ കൊണ്ടെത്തിച്ചെന്ന് അദ്ദേഹം പറയുന്നു.
കവികൾക്ക് മൈക്കില്ലാതെ കവിത ചൊല്ലാനും ചിത്രകാരന്മാർക്ക് ചിത്രങ്ങൾ വരയ്ക്കാനും നാടകക്കാർക്ക് ചെറിയ അവതരണങ്ങൾ നടത്താനും കഴിയുന്ന ഒരു പൊതുവിടം. അതും നഗരത്തിന്റെ ഹൃദയഭാഗത്ത്, സാധാരണക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടം. രഘൂത്തമന്റെ ആശയം സൂര്യകൃഷ്ണമൂർത്തിയുമായി പങ്കുവെച്ചു. ആശയം നല്ലതാണെന്നും അത് പ്രായോഗികമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് സാംസ്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണൻ, രഘൂത്തമനെ വിളിച്ചു. ആദ്യം പരിഗണിച്ചിരുന്ന കവടിയാർ പാലസിന് സമീപത്തെ സ്ഥലത്ത് ചില ഭരണപരമായ തടസ്സങ്ങളുണ്ടായി. പകരം മാനവീയം വീഥിയിലെ റോഡ് ഉപയോഗിക്കാമെന്ന നിർദേശം മുന്നോട്ടുവന്നു. സാംസ്കാരിക സെക്രട്ടറിയുടെ നിർദ്ദേശം തന്നെ അമ്പരപ്പിച്ചെന്ന് രഘൂത്തമൻ പറയുന്നു. ഇത്രയും വലിയൊരു റോഡ് എങ്ങനെ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും? എന്നാൽ റോഡിന്റെ ഇരുവശങ്ങളിലുമായി പരിപാടികൾ നടത്താമെന്നും ആവശ്യമായാൽ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും അധികൃതർ ഉറപ്പുനൽകി. അങ്ങനെ മാനവീയം വീഥിയുടെ സാംസ്കാരിക യാത്രയ്ക്ക് തുടക്കമായി.
(മാനവീയത്തെ ഒരു രാത്രി ജീവിതം)
ഒരു പുതിയ സാംസ്കാരിക സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ തുടർച്ച ഉറപ്പാക്കുകയാണ്. പരിപാടി ഉദ്ഘാടനം ചെയ്യാനും വലിയൊരു ആഘോഷം സംഘടിപ്പിക്കാനും എളുപ്പമാണ്. എന്നാൽ, എല്ലാ ആഴ്ചയും ആളുകളെ പങ്കെടുപ്പിച്ച് ഒരു ഇടം സജീവമായി നിലനിർത്തുക അത്ര എളുപ്പമുള്ള ഒന്നല്ല. എന്നാൽ, രഘൂത്തമന് മുന്നിലൊരു സാധ്യതയുണ്ടായിരുന്നു. അഭിനയ എന്ന നാടക സംഘം!
നാടകപ്രവർത്തകരും ഗായകരും മറ്റ് കലാകാരന്മാരുമടങ്ങിയ ഒരു ചെറു സംഘം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ഞായറാഴ്ചയും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായി.
ചെറിയ നാടകങ്ങൾ, സ്കിറ്റുകൾ, നാടൻപാട്ടുകൾ, കവിതകൾ തുടങ്ങിയവയായിരുന്നു തുടക്കത്തിലെ പ്രധാന പരിപാടികൾ. വലിയ റിഹേഴ്സലുകളോ ചെലവുകളോ ആവശ്യമില്ലാത്ത അവതരണങ്ങൾ. അഭിനയയിലെ കലാകാരന്മാർ തന്നെ ഓരോ ഞായറാഴ്ചയും പരിപാടികൾ അവതരിപ്പിച്ചു.
പിന്നീട് നാടൻപാട്ടുകാരും മറ്റ് കലാകാരന്മാരും എത്തിത്തുടങ്ങി. കലാകാരന്മാർക്ക് പ്രതിഫലം നൽകാതെ പരിപാടികൾ നടത്തുന്നത് ശരിയല്ലെന്ന നിലപാടും സംഘാടകർ സ്വീകരിച്ചു. അതിനുള്ള സാമ്പത്തിക അടിത്തറ കണ്ടെത്താൻ ചെറിയൊരു രീതിയും പരീക്ഷിച്ചു. പരിപാടി കഴിഞ്ഞ് തൊപ്പി വെച്ച് കാണികളിൽനിന്ന് സംഭാവന സ്വീകരിക്കുക. കാഴ്ചക്കാർക്കും പങ്കെടുക്കുന്നവർക്കും ചായയും ലഘുഭക്ഷണവും ലഭ്യമാക്കുക. അങ്ങനെ മാനവീയം വീഥി ക്രമേണ ജനങ്ങളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോയി.
2013 വരെ അഭിനയയുടെ നേതൃത്വത്തിലായിരുന്നു പ്രധാനമായും പരിപാടികൾ നടന്നിരുന്നത്. എന്നാൽ ഈ ഇടം ഒരു നാടകസംഘത്തിന്റെ മാത്രം വേദിയായി തുടരരുതെന്ന തിരിച്ചറിവ് അതിനകം ശക്തിപ്പെട്ടിരുന്നു. അതിലൊരു ജനധിപത്യ മര്യദ ഇല്ലായിരുന്നു. മറ്റ് നാടക സംഘങ്ങൾക്ക് എന്തു കൊണ്ട് പറ്റില്ലെന്ന ചോദ്യം സ്വാഭാവികമായും ഉയരാം.
(ആദ്യകാലത്ത് അഭിനയയുടെ നേതൃത്വത്തിൽ മാനവീയത്ത് നടന്ന നാടക പരിപാടികൾ)
ചിത്രകാരന്മാരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആദ്യഘട്ടത്തിൽ അത്ര വിജയിച്ചിരുന്നില്ല. ഫൈൻ ആർട്സ് കോളേജുമായും മറ്റ് കലാകാരന്മാരുമായും ബന്ധപ്പെട്ടു. എന്നാൽ തെരുവിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനോട് പലർക്കും താൽപര്യമുണ്ടായിരുന്നില്ല. യൂറോപ്പിൽ കണ്ടതുപോലെ തെരുവിൽ കലാപ്രകടനം നടത്തുന്നത് അന്നത്തെ നാട്ടിലെ കലാകാരന്മാർക്ക് പരിചിതമായിരുന്നില്ല.
പിന്നീട് ഈ സ്ഥിതിക്ക് മാറ്റമുണ്ടായി. ചിത്രകാരി സജിത ശങ്കർ, റിയാസ് കോമു തുടങ്ങിയവർ എത്തി. വിസ്മയ മാക്സ് എന്ന ആനിമേഷൻ സ്ഥാപനവുമായുള്ള ബന്ധത്തിലൂടെ അവിടുത്തെ വിദ്യാർഥികളും പങ്കാളികളായി. ഒ.വി. വിജയൻ, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങൾ അവർ വരച്ചു. കുട്ടികൾക്ക് തെരുവിലെത്തുന്നവരുടെ കാരിക്കേച്ചറുകൾ വരയ്ക്കാനുള്ള അവസരവുമുണ്ടായി. ഇങ്ങനെ നൂറോളം കുട്ടികൾ ഉൾപ്പെടുന്ന ഒരു വലിയ കലാസമൂഹം രൂപപ്പെട്ടു.
മറ്റ് നാടകസംഘങ്ങളും സംഗീതസംഘങ്ങളും ചേർന്നു. ഏകദേശം പതിമൂന്ന് സംഘങ്ങൾ വരെ പങ്കാളികളായ ഒരു കൂട്ടായ്മയായി അത് വളർന്നു. തെരുവോരക്കൂട്ടം എന്ന പേരിൽ ഈ കൂട്ടായ്മ വിപുലീകരിക്കപ്പെട്ടു.
ഇതൊരു വ്യക്തിയുടെയോ ഒരു നാടകസംഘത്തിന്റെയോ മാത്രം പദ്ധതിയല്ലെന്നും കലാകാരന്മാരും പൊതുജനങ്ങളും ചേർന്ന് ഏറ്റെടുത്ത ഒരു പൊതുസാംസ്കാരിക ഇടമാണെന്നും ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം.
മാനവീയം വീഥിയുടെ വളർച്ചയുടെ മറ്റൊരു പ്രധാന സവിശേഷത വിവിധ സാമൂഹിക വിഭാഗങ്ങളെയും കലാരൂപങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമായിരുന്നു. സാധാരണ നാടകാവതരണങ്ങൾക്കും പാട്ടുകൾക്കും പുറമെ വലിയ സാംസ്കാരിക പരിപാടികൾക്കും ഇടം ലഭിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്ന പ്രേക്ഷകരെയും കലാകാരന്മാരെയും മാനവീയം വീഥിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു.
സി.എസ്. വെങ്കിടേശ്വരൻ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകരുമായി നടത്തിയ ചർച്ചകളിൽ നിന്നാണ് വലിയ ജനപങ്കാളിത്തമുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന ആശയം ശക്തമായത്. ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. സിനിമാപ്രേമികളും ബുദ്ധിജീവികളും കലാകാരന്മാരും പൊതുജനങ്ങളും ഒരുമിച്ചെത്തിയതോടെ മാനവീയം വീഥി നഗരത്തിലെ ശ്രദ്ധേയമായ സാംസ്കാരിക ഇടമായി മാറി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ കലാപ്രകടനങ്ങൾക്കും ഇവിടെ വേദിയൊരുക്കി. അന്ന് പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ഈ വിഭാഗത്തിലെ കലാകാരന്മാർക്ക് ഫാഷൻ പരേഡും നൃത്തവും അവതരിപ്പിക്കാൻ അവസരം നൽകി. മൈത്രി, ജയശ്രീ തുടങ്ങിയവരിലൂടെയും ചില്ല എന്ന സംഘടനയിലൂടെയും രൂപപ്പെട്ട ബന്ധങ്ങളാണ് അതിന് സഹായകമായത്. അവരുടെ പ്രകടനങ്ങൾ രണ്ട് തവണ മാനവീയം വീഥിയിൽ അരങ്ങേറി. അത് അക്കാലത്ത് ഏറെ പുതുമയുള്ള അനുഭവമായിരുന്നു.
സ്ട്രീറ്റ് മാജിക്, കുട്ടികളുടെ ചിത്രരചന, സ്കേറ്റിങ്, നാടൻപാട്ട്, കവിതാപാരായണം തുടങ്ങിയവയും പരിപാടികളുടെ ഭാഗമായി. ഓരോ വാർഷികത്തിലും പുതിയ കലാകാരന്മാരെയും പുതിയ അവതരണരീതികളെയും ഉൾപ്പെടുത്താൻ ശ്രമിച്ചു. പ്രശസ്തരായ കലാകാരന്മാരുടെ സാന്നിധ്യവും ഈ തെരുവിന്റെ പ്രത്യേകതയായി. കുരുപ്പുഴ ശ്രീകുമാർ, പ്രൊഫ. ഡി വിനയചന്ദ്രൻ തുടങ്ങിയ കവികളും ഗായകരും എത്തി. കാവാലത്തിന്റെ അവനവൻ കടമ്പയുടെ വാർഷികാഘോഷം പോലുള്ള പരിപാടികളും തെരുവിൽ സംഘടിപ്പിക്കപ്പെട്ടു.
സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, ജി. ശങ്കരപ്പിള്ള, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയ സാംസ്കാരിക വ്യക്തിത്വങ്ങളുമായി മാനവീയം വീഥിക്ക് ബന്ധമുണ്ടായി. പരിപാടികളിൽ പങ്കെടുത്തു. പലപ്പോഴും പ്രതിസന്ധികളിൽ പിന്തുണയുമായെത്തി. കലാകാരന്മാരുടെ സാന്നിധ്യത്തെക്കാൾ, പേരറിയാത്ത അനേകം സാധാരണക്കാർ അവിടെ ഐക്യപ്പെടാനായെത്തി. ആ മനുഷ്യരുടെ പങ്കാളിത്തവുമായിരുന്നു ഈ തെരുവിന്റെ യഥാർത്ഥ കരുത്ത്.
ഭരണകൂടത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് തുടങ്ങിയതെങ്കിലും അതൊരു സാംസ്കാരിക ഇടമായി വളരുമ്പോൾ അതിനെ നിലനിർത്താനുള്ള പോരാട്ടങ്ങളും ആരംഭിക്കും. മാനവീയം വീഥിയിലും അതുണ്ടായി.
ഒരു രാത്രി പന്ത്രണ്ടുമണിയോടെ, വാട്ടർ അഥോറിറ്റിയുടെ സ്ഥലത്ത് നിന്നും തെരുവിലേക്ക് തുറക്കുന്ന പുതിയൊരു ഗേറ്റ് സ്ഥാപിക്കുന്നതിനായി ജെസിബി എത്തിയത് അത്തരമൊരു പ്രതിസന്ധിയായിരുന്നു. വാട്ടർ അഥോറിറ്റിയുടെ പുതിയ കെട്ടിടത്തിലേക്ക് റോഡിൽ നിന്നും നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു ആ നീക്കമെന്നാണ് രഘൂത്തമൻ ഓർക്കുന്നത്.
അവിടെ ഗേറ്റ് സ്ഥാപിച്ചാൽ മാനവീയം വീഥിയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകും. പിന്നാലെ രാത്രിയിൽത്തന്നെ സ്ഥലത്തെത്തി. തുടർന്ന് അടൂർ ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടു. രാവിലെ സുഗതകുമാരി ടീച്ചറെയും മറ്റ് സാംസ്കാരിക പ്രവർത്തകരെയും വിവരം അറിയിച്ചു. അവർ ബന്ധപ്പെട്ട മന്ത്രിയെയും അധികൃതരെയും ഇടപെടുവിച്ചു. തൽക്കാലം നിർമാണം നിർത്തിവെക്കാൻ മന്ത്രി തലത്തിൽ നിന്നും നിർദേശം ലഭിച്ചു. പിന്നീട് സാംസ്കാരിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് ആ നീക്കം ഉപേക്ഷിക്കപ്പെട്ടു. ഇത് വെറുമൊരു ഗേറ്റ് സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധം മാത്രമായിരുന്നില്ല. ഒരു പൊതുവിടത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള ഇടപെടലായിരുന്നു.
മാനവീയം വീഥി സജീവമായി നിലനിർത്താൻ റോഡിന്റെ ഉപയോഗം സംബന്ധിച്ച് തുടക്കം മുതൽ ഭരണകൂടവുമായി ധാരണകളുണ്ടായിരുന്നു. ഞായറാഴ്ചകളിൽ രണ്ട് മണിക്കൂർ പരിപാടി നടത്താൻ പോലീസ് സഹായം ലഭിച്ചിരുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് ചെണ്ടയും മറ്റ് ഉപകരണങ്ങളും എത്തിക്കാൻ അന്ന് തിരുവനന്തപുരം കോർപ്പറേഷൻ വാഹനവും അനുവദിച്ചിരുന്നു. പോലീസ് സാന്നിധ്യത്തിൽ ഗതാഗത നിയന്ത്രണം ഉറപ്പാക്കിയാണ് പരിപാടികൾ നടന്നിരുന്നത്.
ആദ്യകാലത്ത് ഇത് ഒരു വലിയ ഗതാഗതപ്രശ്നമായി കണ്ടിരുന്നില്ല. എന്നാൽ പിന്നീട് വലിയ പരിപാടികൾക്ക് റോഡ് കൂടുതൽ സ്വതന്ത്രമായി ഉപയോഗിക്കേണ്ട സാഹചര്യം വന്നു. വാഹനഗതാഗതം നിയന്ത്രിക്കുക, ശബ്ദമലിനീകരണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ സംഘാടകർ മുന്നോട്ടുവെച്ചു.
മാനവീയം വീഥിയെ കൂടുതൽ മികച്ച സാംസ്കാരിക ഇടമാക്കി വികസിപ്പിക്കാനുള്ള ശ്രമവും ഇതിനിടെ നടന്നിരുന്നു. 2016 -ഓടെ തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി വന്നപ്പോൾ അപ്പോഴേക്കും 'തെരുവോരക്കൂട്ടം' എന്നറിയപ്പെട്ട് തുടങ്ങിയ മാനവീയം സംഘം അതിനായി വിശദമായ ഒരു ആശയരേഖ തയ്യാറാക്കി. കലാകാരന്മാരുടെ ആവശ്യങ്ങൾ അറിയുന്നവർ എന്ന നിലയിൽ സംഘാടകർ തന്നെ പദ്ധതിയുടെ രൂപകൽപ്പനയിൽ പങ്കാളികളായി.
എൻജിനീയറിങ് കോളേജിലെ അർബൻ ആർക്കിടെക്ചർ വിഭാഗത്തിലെ ഡോ. മനോജ് കിണിയുമായി ചേർന്നായിരുന്നു ഈ പ്രവർത്തനം. ഏകദേശം മൂന്ന് കോടി രൂപയുടെ പദ്ധതിയെന്ന നിലയിൽ ഒരു വിശദമായ രൂപരേഖ തയ്യാറാക്കി കോർപ്പറേഷന് സമർപ്പിച്ചു. അത് കേവലം ഒരു കലാവേദി മാത്രമായിരുന്നില്ല. കലയും വിനോദവും വിശ്രമവും ഒത്തുചേരുന്ന പൊതുസ്ഥലം എന്നതായിരുന്നു വിഭാവനം ചെയ്തത്.
തുറന്ന വേദികൾ, മഴയിലും പരിപാടികൾ നടത്താൻ കഴിയുന്ന മേൽക്കൂര, ഗ്രീൻ റൂം, കലാകാരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള പ്രവേശനവും പ്രത്യേക ശുചിമുറികളും, മുലയൂട്ടുന്ന അമ്മമാർക്കുള്ള സൗകര്യം, മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഐടിക്കാർക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യാൻ കഴിയുന്ന ഇടങ്ങൾ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമായിരുന്നു. യൂറോപ്പിലെ വിവിധ സാംസ്കാരിക തെരുവുകളുടെ മാതൃകകളും ആവശ്യമായ സൗകര്യങ്ങളും പരിഗണിച്ചായിരുന്നു ആ രൂപരേഖ തയ്യാറാക്കിയത്.
(പുഷ്പവതിയുടെ പരിപാടിക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ പത്രസമ്മേളനം നടത്തുന്നു.)
എന്നാൽ, ഇതിനിടെയുണ്ടായ ഭാര്യയുടെ വേർപാട് രഘൂത്തമന്റെ, മാനവീയം പരിപാടികളെയും പ്രവർത്തനത്തെയും ബാധിച്ചു. 2017-ൽ ഭാര്യയ്ക്ക് അപകടം സംഭവിച്ചതോടെ ആറു വർഷത്തോളം അദ്ദേഹത്തിന് വീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. മാനവീയം വീഥിയുമായും നാടകപ്രവർത്തനങ്ങളുമായുമുള്ള നേരിട്ടുള്ള ബന്ധം മുറിഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ എന്ന നാടകസംഘവും ക്രമേണ ദുർബലമായി. അതോടെ നേരത്തെ മുന്നോട്ടുവെച്ച വികസനപദ്ധതിയുടെ തുടർനടപടികൾ കാര്യമായി പിന്തുടരാൻ ആളില്ലാതായി. പദ്ധതിയുടെ ചില ഭാഗങ്ങൾ മാത്രമാണ് യാഥാർഥ്യമായത്. നിർമിച്ച സൗകര്യങ്ങൾ തങ്ങൾ വിഭാവനം ചെയ്തതിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നും രഘൂത്തമൻ ചൂണ്ടിക്കാട്ടുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വപ്നത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത അധ്യായം മാത്രമല്ല; മാനവീയം വീഥിയുടെ വികസനത്തെക്കുറിച്ച് ഇനിയും ഉത്തരം തേടുന്ന ചോദ്യവുമാണ്.
കോവിഡ് കാലവും റോഡിലെ നിർമാണപ്രവർത്തനങ്ങളും മാനവീയം വീഥിയുടെ സജീവതയെ ബാധിച്ചു. പരിപാടികൾ മുടങ്ങി. നേരത്തെയുണ്ടായിരുന്ന പല സംഘങ്ങളും പിരിഞ്ഞുപോയി. ചില കൂട്ടായ്മകൾ പരിമിതമായ രീതിയിൽ പ്രവർത്തനം തുടർന്നെങ്കിലും പഴയ ആവേശം നിലനിർത്താൻ കഴിഞ്ഞില്ല. എങ്കിലും മാനവീയം വീഥി പൂർണമായി ഇല്ലാതായില്ല. പുതിയ തലമുറയിലെ കലാകാരന്മാരും ചെറുപ്പക്കാരും വീണ്ടും ഈ ഇടത്തെ സജീവമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുവന്നു.
മാനവീയം വീഥിയുടെ 25-ാം വാർഷികം ആഘോഷിക്കാനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് പുതിയ തലമുറയിലെ ചില യുവാക്കൾ രഘൂത്തമനെ വീണ്ടും സമീപിച്ചത്. ജന്തർ മന്തർ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ചർച്ചകളും സംഘടിപ്പിച്ചിരുന്ന ചെറുപ്പക്കാരിൽ ചിലർ മാനവീയം വീഥിയിൽ വീണ്ടും സജീവമായ സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. 'സാറല്ലേ ഇത് തുടങ്ങിയത്? ഞങ്ങളുടെ കൂടെ നിൽക്കാമോ? നമുക്ക് വീണ്ടും ഈ തെരുവ് സജീവമാക്കണം' എന്നായിരുന്നു അവരുടെ ആവശ്യം.
രഘൂത്തമന് അത് വലിയ ആത്മവിശ്വാസം നൽകി. പഴയ കാലത്തെ സംഘാടകരും സുഹൃത്തുക്കളും വീണ്ടും ഒത്തുചേർന്നു. 'തെരുക്കൂട്ടം' എന്ന പേരിൽ പുതിയൊരു കൂട്ടായ്മയെ ശക്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങി. തെരുവിടം ഉൾപ്പെടെയുള്ള മറ്റ് സംഘങ്ങളും പരിപാടികളുമായി സജീവമായി. ഈ യുവാക്കളുടെ ഊർജം മാനവീയം വീഥിക്ക് പുതിയൊരു സാധ്യത തുറന്നുകൊടുത്തതായി അദ്ദേഹം കരുതുന്നു.
ഒരു തെരുവിന്റെ രജതജൂബിലി ആഘോഷം കേവലം ഒരു അനുസ്മരണച്ചടങ്ങായി ഒതുങ്ങരുത്. ഈ തെരുവിന്റെ ഭാവി എങ്ങനെ പുനർനിർമിക്കാമെന്ന ചർച്ചയാകണം അതെന്നായിരുന്നു സംഘാടകരുടെ ആഗ്രഹം. അതിനിടയിലാണ് നിലവിലെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ മാനവീയം വീഥിയുടെ സാംസ്കാരിക സ്വാതന്ത്ര്യം വീണ്ടും ചോദ്യം ചെയ്യപ്പെട്ടത്.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വലിയൊരു പൊതുപരിപാടി സംഘടിപ്പിക്കാനുള്ള ആലോചനകൾക്കിടയിലാണ് പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിക്കപ്പെട്ടത്. പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് സംഘാടകർ പ്രതിഷേധവുമായി രംഗത്തെത്തി. പരിപാടിക്ക് അനുമതി തേടിയ നടപടികളിൽ ആശയക്കുഴപ്പവും വിരുദ്ധമായ നിലപാടുകളും ഉണ്ടായിരുന്നുവെന്നാണ് രഘൂത്തമൻ പറയുന്നത്.
പരിപാടി നടത്താനായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ അന്നേ ദിവസം ഉച്ചയ്ക്ക് മാത്രമാണ് മറ്റൊരു പരിപാടിയുള്ളതെന്നും വൈകുന്നേരം സ്ഥലം ഒഴിവാണെന്നും അറിയിച്ചിരുന്നു. ഇത് രേഖാമൂലം ഉറപ്പാക്കുകയും അനുമതിക്കായി സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് അറിയിപ്പൊന്നുമില്ലാതെ അനുമതി നിഷേധിക്കപ്പെട്ടു. ഇതോടെയാണ് കോർപ്പറേഷന്റെ നിലപാടിൽ സംഘാടകർക്ക് സംശയം തോന്നിയത്.
മാനവീയം വീഥിയിൽ പരിപാടികൾ നടത്താൻ രജിസ്റ്റർ ചെയ്ത സംഘടന വേണമെന്ന വാദമാണ് മേയർ ഉയർത്തിയത്. എന്നാൽ ഈ തെരുവിന്റെ ചരിത്രം അത്തരമൊരു സംഘടനയുടെ മാത്രം ചരിത്രമല്ലെന്ന് രഘൂത്തമൻ ചൂണ്ടിക്കാട്ടുന്നു.
കലാകാരന്മാരുടെ ആവശ്യത്തിനായി രൂപപ്പെട്ട കൂട്ടായ്മയാണ് തെരുവോരക്കൂട്ടം. 25 വർഷമായി വിവിധ സംഘങ്ങളും വ്യക്തികളും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ പരിപാടിക്കും വേണ്ടി കലാകാരന്മാർ സ്വയം ഒത്തുചേരുകയും കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യുകയാണ് പതിവ്. ഇത്തരം പൊതുസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക സംഘടനയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുന്നു.
അതേസമയം, തെരുവിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അനാവശ്യമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്ന വസ്തുതയെയും അദ്ദേഹം നിഷേധിക്കുന്നില്ല. എന്നാൽ ആ നിരീക്ഷണം കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനോ തെരഞ്ഞെടുത്ത ചില കൂട്ടായ്മകൾക്ക് മാത്രം അനുമതി നൽകുന്നതിനോ ഉള്ള ഉപാധിയായി മാറരുതെന്നാണ് രഘൂത്തമന്റെ നിലപാട്.
മാനവീയം വീഥിയിലെ ഇപ്പോഴത്തെ വിവാദത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നത് രഘൂത്തമൻ മറച്ചുവെക്കുന്നില്ല. എന്നാൽ, ഈ ഇടം ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വേദിയാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും മറ്റ് രാഷ്ട്രീയ നിലപാടുകളുള്ളവരും കലാകാരന്മാരാണ്. അവർക്ക് തങ്ങളുടെ കല അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ നിയന്ത്രണത്തിലുള്ള വേദിയായി മാനവീയം വീഥി മാറരുത്. ഒരു ആശയത്തോട് വിയോജിക്കുന്നതുകൊണ്ട് അതിനെ അവതരിപ്പിക്കുന്നവരെ കേൾക്കാതിരിക്കാനാവില്ലെന്ന് രഘൂത്തമൻ ചൂണ്ടിക്കാണിക്കുന്നു.
തുറന്ന സംവാദമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മറ്റൊരാളുടെ അഭിപ്രായം കേൾക്കാനും അതിനോട് വിയോജിക്കാനും കഴിയുന്ന ഇടമായിരിക്കണം മാനവീയം വീഥി. രാഷ്ട്രീയക്കാർക്ക് പ്രസംഗിക്കാൻ മറ്റു വേദികളുണ്ട്. എന്നാൽ കലാകാരന്മാർക്ക് അവരുടെ കലയും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ കഴിയുന്ന തുറന്ന ഇടം എന്നതാണ് മാനവീയം വീഥിയുടെ സവിശേഷത.
അതിനാൽ കലയിൽ രാഷ്ട്രീയം വരാം. സാമൂഹിക പ്രശ്നങ്ങൾ, ഫാസിസം, കാലാവസ്ഥാ വ്യതിയാനം, ജനാധിപത്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കലാപ്രകടനങ്ങളിലൂടെ ചർച്ചയാകാം. അത് കലയുടെ സ്വാഭാവികമായ ആവിഷ്കാരമാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ നേരിട്ട് വന്ന് വേദി കൈയടക്കുന്നതല്ല മാനവീയം വീഥിയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വ്യത്യാസം ഭരണകർത്താക്കൾ തിരിച്ചറിയണമെന്നാണ് രഘൂത്തമൻ ആവശ്യപ്പെടുന്നത്.
മാനവീയത്ത് പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെ മാനവീയം വീഥിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഒമ്പത് യുവാക്കൾക്കെതിരെ കേസെടുത്ത സംഭവവും രഘൂത്തമൻ പരാമർശിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ നിശബ്ദമാക്കാൻ ഭരണകൂടം നിയമനടപടികളുടെ ഭീഷണിയിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുൾപ്പെടെയുള്ള യുവാക്കളുടെ ഭാവിയെക്കുറിച്ച് ഭയമുണ്ടാക്കി അവരെ പൊതുപ്രവർത്തനങ്ങളിൽനിന്ന് അകറ്റിനിർത്താനുള്ള ശ്രമങ്ങളാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം സംശയിക്കുന്നു.
വലിയ രാഷ്ട്രീയക്കാരെയും പ്രശസ്തരെയും നേരിട്ട് നേരിടുന്നതിനു പകരം ദുർബലരായ വിദ്യാർത്ഥികളെ ഭയപ്പെടുത്തി ഒതുക്കുക എന്ന രീതി ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാനവീയം വീഥി പോലുള്ള പൊതുവേദികൾ ഇത്തരം യുവാക്കൾക്ക് സംവദിക്കാനും കലാപ്രകടനങ്ങൾ നടത്താനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും കഴിയുന്ന ഇടങ്ങളായിരിക്കണം.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി പരിപാടികൾ നടത്താനാണ് സംഘാടകർ ശ്രമിക്കുന്നത്. അതേസമയം രജതജൂബിലി കമ്മിറ്റി ഒരു രാഷ്ട്രീയപാർട്ടിയുടെ സംഘടനയല്ല. കലാകാരന്മാരുടെ കൂട്ടായ്മയാണ്. എല്ലാ രാഷ്ട്രീയ നിലപാടുകളിലുള്ളവർക്കും പങ്കാളികളാകാം. അതേസമയം, കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും അംഗീകരിക്കാത്ത സമീപനങ്ങളോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച വലിയൊരു പൊതുപരിപാടി നടത്താനും മറ്റ് ഞായറാഴ്ചകളിൽ ചെറിയ കലാപരിപാടികൾ സംഘടിപ്പിക്കാനുമാണ് പുതിയ ആലോചന. കലാകാരന്മാർക്ക് പ്രതിഫലം ഉറപ്പാക്കുന്ന രീതിയിൽ കൂട്ടായ സാമ്പത്തിക പിന്തുണ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുഷ്പവതിയുടെ പരിപാടിയുമായി ബന്ധപ്പെട്ട വിവാദം ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകിയെന്നാണ് കലാധരന്റെ വിലയിരുത്തൽ.
(കോർപ്പറേഷൻ ഓഫീസിൽ നടന്ന പ്രതിഷേധം)
ഈ ചോദ്യം തന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. ഒരു സർക്കാർ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സാംസ്കാരിക ഇടം പിന്നീട് പൊതുജനങ്ങളും കലാകാരന്മാരും ചേർന്ന് ഏറ്റെടുത്തു. വിവിധ രാഷ്ട്രീയ നിലപാടുകളുള്ളവരും വ്യത്യസ്ത കലാരൂപങ്ങളിലുള്ളവരും ഒത്തുചേർന്നാണ് അതിനെ വളർത്തിയത്. അവിടെ പാടിയവരും അഭിനയിച്ചവരും ചിത്രങ്ങൾ വരച്ചവരും കവിത ചൊല്ലിയവരും കാണികളായി എത്തിയവരുമാണ് മാനവീയം വീഥിയുടെ യഥാർത്ഥ ചരിത്രം സൃഷ്ടിച്ചത്.
ഒരു നാടകസംഘത്തിന്റെ തുടക്കശ്രമം പിന്നീട് പൊതുസമൂഹത്തിന്റെ കൂട്ടായ്മയായി വളർന്നു. ആ വളർച്ചയുടെ വഴിയിൽ നിരവധി പേരുടെ സംഭാവനകളുണ്ട്. അതുകൊണ്ടുതന്നെ മാനവീയം വീഥിയെ ഒരാളുടെയോ ഒരു സംഘടനയുടെയോ സ്വകാര്യ ഇടമായി കാണാനാവില്ല. അവിടെയാണ് രഘൂത്തമന്റെ നിലപാട് പ്രസക്തമാകുന്നത്. താൻ ഈ ആശയം മുന്നോട്ടുവെച്ചവരിൽ ഒരാളാണെന്ന അവകാശവാദത്തിൽ അദ്ദേഹം തൂങ്ങിനിൽക്കുന്നില്ല. ഒരു വ്യക്തി തുടക്കം കുറിച്ചേക്കാം. എന്നാൽ അതിനെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞാൽ അത് പൊതുസമൂഹത്തിന്റെ ഇടമായി മാറണമമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാനവീയം വീഥിയുടെ 25 വർഷത്തെ ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠവും അതുതന്നെയാണ്.
പാരീസിലെ തെരുവിൽ കണ്ട ഒരു കൂട്ടം ചിത്രകാരന്മാരിൽനിന്ന് ആരംഭിച്ച ആശയം തിരുവനന്തപുരത്തെ ഒരു പൊതുവീഥിയിൽ നൂറുകണക്കിന് കലാകാരന്മാരുടെയും ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെയും പങ്കാളിത്തത്തോടെ വളർന്നു. അതിന്റെ ചരിത്രം ഒരു തെരുവിനെ കലയുടെ ഇടമാക്കുന്നതിന്റെ ചരിത്രം മാത്രമല്ല; പൊതുഇടങ്ങളെ ജനാധിപത്യപരമായി ഉപയോഗിക്കാനുള്ള അവകാശത്തിന്റെ ചരിത്രം കൂടിയാണ്.
ഇന്ന് ആ തെരുവിൽ വീണ്ടും കലയുടെ ശബ്ദം ഉയരേണ്ടതുണ്ട്. പുതിയ തലമുറയ്ക്ക് അവിടെ ഒത്തുചേരാനും പാടാനും അഭിനയിക്കാനും വരയ്ക്കാനും സംവദിക്കാനും കഴിയണം. അധികാരത്തിന്റെ അനുമതിയും നിയന്ത്രണവും മാത്രം നിർണയിക്കുന്ന ഇടമല്ല, ജനങ്ങളുടെ സ്വതന്ത്രമായ പങ്കാളിത്തം നിർണയിക്കുന്ന പൊതുസാംസ്കാരിക ഇടമായി മാനവീയം വീഥി തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഒരു തെരുവ് കലയുടെ ഇടമാകുന്നത് അവിടെ ഒരു വേദി നിർമിക്കുമ്പോഴല്ല; ആ തെരുവിനെ സ്വന്തം ഇടമായി മനുഷ്യർ ഏറ്റെടുക്കുമ്പോഴാണ്. മാനവീയം വീഥിയുടെ 25 വർഷത്തെ ചരിത്രം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യം പുഷ്പവതിക്ക് പാടാൻ അനുമതി നൽകണോ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മാനവീയം വീഥിയിൽ ആർക്കൊക്കെ പാടാം, ആർക്കൊക്കെ കല അവതരിപ്പിക്കാം, ആർക്കൊക്കെ അഭിപ്രായം പറയാം എന്നതുകൂടിയാണ്.