
കഴിഞ്ഞ ഞായറാഴ്ചയാണ് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ നടത്തിയത്. തനിക്ക് സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന ഡാറ്റാ-സെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി അവിഹിത ബന്ധമുണ്ടെന്ന് ജീവനക്കാർക്കയച്ച ഇമെയിലിൽ ജെൻസൻ ഹുവാങ് കുറ്റസമ്മതം നടത്തിയത്. എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് കയറ്റി അയയ്ക്കാൻ നിയന്ത്രണമുശ്ശ ഇനം ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാൻ മെഗാസ്പീഡ് സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. "ഞാൻ ചെയ്തതിന് ഒരു ന്യായീകരണവുമില്ല," എന്നാണ് ജെൻസൻ എൻവിഡിയ ജീവനക്കാർക്കുള്ള മെയിലിൽ കുറിച്ചത്. എൻവിഡിയയുടെ ചിപ്പുകൾ ചൈനയിൽ എത്തിക്കുന്നതിനായി ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം നിയോഗിച്ച വ്യക്തിയാണ് ആലീസ് ഹുവാങ്ങെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയതായാണ് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
എഐ എന്നത് ഒരു താത്കാലിക മാർക്കറ്റ് ട്രെൻഡ് അല്ല, അതൊരു സ്ഥിരം മാറ്റമാണ്. എഐയുമായി ബന്ധപ്പെട്ട് എത്രമാത്രം കാര്യങ്ങൾ വിപണിയിൽ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടു. ഡാറ്റാ സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ വരുമെന്ന ഭയത്താൽ, ഒരു യുഎസ് തിരഞ്ഞെടുപ്പ് എഐ ഓഹരികളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 2.5 മുതൽ 3 ട്രില്യൺ ഡോളർ വരെയാണ് തുടച്ചുനീക്കിയത്. ഗവൺമെന്റുകൾ നേരത്തെ മനസ്സിലാക്കിയ ഒരു കാര്യത്തോടാണ് നിക്ഷേപകർ പ്രതികരിച്ചത്. ഈ ദശാബ്ദത്തിലെ പ്രധാന ഭൗമരാഷ്ട്രീയ പോർക്കളമായി ആർട്ടീഫീഷ്യൽ ഇന്റലിജൻസ് മാറിയിരിക്കുന്നു. കമ്പ്യൂട്ടിംഗ് ശക്തിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. എച്ച് 200 കൈകാര്യം ചെയ്യാൻ വാഷിംഗ്ടൺ അനുമതി നൽകിയ ചില ചൈനീസ് സ്ഥാപനങ്ങൾക്ക് ഉപയോഗശൂന്യമായ ഓഫീസുകൾ ഉണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് കണ്ടെത്തിയിട്ടുള്ളത്. ഷിപ്പ്മെന്റോ, മോഡലോ, എഞ്ചിനീയറോ, എക്സിക്യൂട്ടീവോ ആകട്ടെ, ഈ സാങ്കേതിക വിദ്യയിലേക്കുള്ള ഏത് വഴിയും ഇപ്പോൾ ലക്ഷ്യം വെക്കപ്പെടുന്നു.
ജെൻസൻ സ്ഥിരീകരിച്ചത് ഈ ബന്ധമാണ്. യുഎസ് ഉദ്യോഗസ്ഥർ പറയുന്നത് ശരിയാണെങ്കിൽ, ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു തന്ത്രത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്.
ഈ വാർത്ത പുറത്തുവന്നതിന് ശേഷം, "ഒരു ഹണി ട്രാപ്പിലൂടെ ആ സാങ്കേതികവിദ്യ സ്വന്തമാക്കാൻ കഴിയുമെങ്കിൽ എന്തിനാണ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിൽ നിക്ഷേപിക്കുന്നത്?" എന്ന് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. ഒരു പരിഹാസം എന്നതിലുപരി അത് ശരിക്കുമൊരു ചോദ്യം തന്നെയായിരുന്നു. തുറന്ന സമീപനം തിരികെ ലഭിക്കുമെന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ കരുതി. ചൈന തങ്ങളുടെ നിയമങ്ങളോട് ചേർന്നുനിൽക്കുമെന്ന് പ്രതീക്ഷിച്ച് അവർ അവരുടെ വിപണികളും സർവ്വകലാശാലകളും ലബോറട്ടറികളും ടാലന്റ് നെറ്റ്‌വർക്കുകളും തുറന്നുകൊടുത്തു. എന്നാൽ ചൈന തങ്ങളുടെ വാതിലുകൾ വളരെ കുറച്ച് മാത്രമേ തുറന്നുള്ളൂ, പാശ്ചാത്യ രാജ്യങ്ങളുടെ ഈ തുറന്ന സമീപനം അവർ നിരന്തരം ചൂഷണം ചെയ്തു.
2003-ൽ സിസ്കോ ഹുവാവേയ്‌ക്കെതിരെ കേസ് കൊടുത്തു, ഹുവാവേയുടെ റൂട്ടർ സോഫ്‌റ്റ്‌വെയറിൽ തങ്ങളുടെ സോഴ്‌സ് കോഡ് ഉണ്ടെന്നും, അതിലെ ബഗുകൾ പോലും ഒരുപോലെയാണെന്നുമായിരുന്നു ആരോപണം. തങ്ങളുടെ ചില കോഡുകൾ അനധികൃതമായ ബാഹ്യ സ്രോതസ്സിൽ നിന്നാണ് വന്നതെന്ന് കോടതി രേഖകളിൽ ഹുവാവേ സമ്മതിച്ചു. സിസ്‌കോയുടെ കോഡ് ഇലക്ട്രോണിക് രീതിയിൽ ഹുവാവേ ഉൽപ്പന്നത്തിലേക്ക് പകർത്തിയതായി കോടതി നിയോഗിച്ച ഒരു വിദഗ്ദ്ധൻ 2004-ൽ കണ്ടെത്തി. രഹസ്യ വ്യവസ്ഥകളോടെ കേസ് ഒത്തുതീർപ്പാക്കുകയും കോഡ് നീക്കം ചെയ്യുകയും ചെയ്തു. ഔദ്യോഗികമായി അവർ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും നടന്നത് എന്താണെന്ന് വ്യക്തമാണ്.
നോർട്ടെൽ ആയിരുന്നു മറ്റൊരു മുന്നറിയിപ്പ്. സിഇഒ ഉൾപ്പെടെയുള്ളവരുടെ ഏഴ് മോഷ്ടിച്ച എക്സിക്യൂട്ടീവ് പാസ്‌വേഡുകൾ ഉപയോഗിച്ച് ഹാക്കർമാർ 2000 മുതൽ അവരുടെ നെറ്റ്‌വർക്കിൽ നുഴഞ്ഞുകയറുകയും ഷാങ്ഹായിലേക്ക് ഡാറ്റ ഒഴുകുകയും ചെയ്തതായി അന്വേഷകർ കണ്ടെത്തി. ഹുവാവേ വളർന്നുകൊണ്ടിരുന്ന സമയത്ത്, 2009-ൽ നോർട്ടെൽ പാപ്പരായി. ചൈനീസ് ഗവൺമെന്റിനെയാണ് അന്വേഷകർ കുറ്റപ്പെടുത്തിയത്, ഹുവാവേയെയല്ല; എന്നാൽ ബീജിംഗും ഹുവാവേയും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞു.
പലതും ആരോപണങ്ങളാണെന്നും അവ ബീജിംഗ് നിഷേധിക്കുന്നുണ്ടെന്നും പറയാം, പക്ഷേ ദശാബ്ദങ്ങളായി തുടരുന്ന ഈ രീതിയാണ് ഇവിടെ പ്രധാന വിഷയം. നിക്ഷേപകർ, ഗവേഷകർ, പ്രണയിനികൾ തുടങ്ങിയ രൂപത്തിൽ വന്ന് എതിരാളികൾ, പ്രത്യേകിച്ച് ചൈന, 'സോഷ്യൽ എസ്പിയോണേജ്' നടത്താറുണ്ടെന്ന് ഒരു മുതിർന്ന യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ദ ടൈംസ് ഓഫ് ലണ്ടനോട് പറഞ്ഞു. എഐ യുഗത്തിൽ, ഒരു എപിഐ കീ, ലിങ്ക്ഡ്ഇൻ റിക്വസ്റ്റ്, അല്ലെങ്കിൽ ഒരു ഡിന്നർ ക്ഷണം എന്നിവയെല്ലാം ഇതിനുള്ള വഴികളാണ്.ഈ തന്ത്രം സോഫ്റ്റ്‌വെയറിലും ചിപ്പുകളിലും മാത്രം ഒതുങ്ങുന്നതല്ല. ചൈനയും പാകിസ്ഥാനും ഉത്തരകൊറിയയും തങ്ങളുടെ ഏറ്റവും അപകടകരമായ കഴിവുകൾ നിർമ്മിച്ചെടുത്തത്, നിയമങ്ങൾ അവരെ വിലക്കുന്ന കാര്യങ്ങൾ ഏത് വഴിയിലൂടെയും നേടിയെടുത്തുകൊണ്ടാണ്.
പാകിസ്ഥാന്റെ ബോംബ് നിർമ്മാണം ആരംഭിച്ചത് ഒരു മോഷണത്തിലൂടെയാണ്. യൂറെങ്കോ എന്ന സമ്പുഷ്ടീകരണ കൺസോർഷ്യത്തിന്റെ കരാറുകാരനായി ജോലി ചെയ്തിരുന്ന എ ക്യു ഖാൻ 1975-ൽ നെതർലാൻഡ്‌സിൽ നിന്ന് പുറപ്പെടുമ്പോൾ സെൻട്രിഫ്യൂജ് ഡിസൈനുകൾ മോഷ്ടിച്ചാണ് കൊണ്ടുപോയത്. ആയുധ നിയന്ത്രണ വിശകലനങ്ങൾ അനുസരിച്ച്, ചൈന പാകിസ്ഥാന് ആണവായുധ രൂപകൽപ്പനയും പരിശീലനവും നൽകി. പിന്നീട് ഖാൻ ഇറാൻ, ലിബിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് സെൻട്രിഫ്യൂജുകളും സാങ്കേതിക പരിജ്ഞാനവും വിൽക്കുന്ന കടലാസ് കമ്പനികളുടെ ഒരു ശൃംഖല തന്നെ നടത്തി. ചൈനയുടെ സ്വന്തം റെക്കോർഡും വാഷിംഗ്ടണിന്റെ ഫയലുകളിലുണ്ട്: ചാരവൃത്തിയിലൂടെ അമേരിക്കൻ ഡബ്ല്യു88 വാർഹെഡിന്റെ ക്ലാസിഫൈഡ് വിവരങ്ങൾ ചൈന നേടിയതായി 1999-ലെ കോക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തൽ ബീജിംഗ് തള്ളിയിരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വെറും അക്കാദമിക് കാര്യമല്ല. മൂന്നിൽ രണ്ട് പേരും നമ്മുടെ അയൽക്കാരായതുകൊണ്ട് ഇത് ഇന്ത്യയ്ക്ക് യഥാർത്ഥ ഭീഷണികൾ സൃഷ്ടിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തേണ്ടതും നിയന്ത്രിക്കേണ്ടതും വിശ്വസ്തരായ പങ്കാളികളുടെ ഒരു കൂട്ടായ്മയായിരിക്കണമെന്ന് 2018-ൽ ഞാൻ പറഞ്ഞിരുന്നു. അതായത് മൂല്യങ്ങൾ പങ്കിടുന്ന, നിയമവാഴ്ചയെ മാനിക്കുന്ന, ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്ന, മറ്റുള്ളവരുടേത് സ്വന്തമാക്കുന്നതിനേക്കാൾ പുതിയത് കണ്ടുപിടിക്കുന്നതിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ. ആ ഘടന ഇപ്പോൾ മാത്രമാണ് നിർമ്മിക്കപ്പെടുന്നത്. ചിപ്പ്, എഐ, നിർണ്ണായക ധാതുക്കൾ എന്നിവയുടെ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ വിശ്വസ്ത രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി 2025 ഡിസംബറിൽ പാക്സ് സിലിക്ക ആരംഭിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, സിംഗപ്പൂർ എന്നിവരോടൊപ്പം ഇന്ത്യയും ഫെബ്രുവരിയിൽ ഈ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
ഹുവാങ് കേസിൽ ആരോപിക്കപ്പെടുന്ന ചാനൽ സിംഗപ്പൂരിലെ ഒരു കമ്പനി വഴിയാണ് പ്രവർത്തിച്ചതെന്ന് നമുക്കറിയാമല്ലോ, ആ സിംഗപ്പൂർ തന്നെ ഇതിലെ ഒരു അംഗവുമാണ്. അപ്പോൾ ഇത് മാത്രം മതിയോ? വിശ്വാസം പ്രഖ്യാപിച്ചാൽ പോരാ, അത് പരിശോധിച്ചുറപ്പിക്കണം. ഒരു ട്രസ്റ്റ് കോളിഷന് പങ്കിട്ട കൗണ്ടർ ഇന്റലിജൻസും ആവശ്യമാണ്. സമീപന തന്ത്രങ്ങളെക്കുറിച്ച് എക്സിക്യൂട്ടീവുകൾ, ഗവേഷകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് വിവരങ്ങൾ നൽകുക, സംഭരണ മുന്നണികളെ നിരീക്ഷിക്കുക, കണ്ടെത്തലുകൾ പങ്കിടുക. ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ, റീസെല്ലർമാർ, ചിപ്പ് വാങ്ങുന്നവർ എന്നിവരുടെ വിവരങ്ങൾ എല്ലാ അംഗങ്ങളുടെയും റെഗുലേറ്റർമാർക്ക് കാണാൻ കഴിയുന്ന രീതിയിൽ, കമ്പ്യൂട്ടിംഗ് ആരുടെ കൈവശമാണെന്നതിൽ സുതാര്യത ഉണ്ടായിരിക്കണം.
പരസ്പര സഹകരണത്തിന്റെ തത്വവും പ്രധാനമാണ്. അനുകൂലമായി പ്രതികരിക്കുന്നവർക്ക് തുറന്ന സമീപനം, അല്ലാത്തവർക്ക് സൂക്ഷ്മപരിശോധന. അവസാനമായി, ബിസിനസ്സ് ചെലവായി കണക്കാക്കാവുന്ന പിഴകൾക്ക് പകരം ആളുകളെ പിന്തിരിപ്പിക്കുന്ന ശിക്ഷകൾ ഉണ്ടാകണം.ഇതൊന്നും വാതിലുകൾ അടയ്ക്കണമെന്നല്ല പറയുന്നത്. തുറന്ന സമൂഹങ്ങൾ ശക്തമാണ്, കാരണം അവർ തുറന്നിരിക്കുന്നു: അവർ മികച്ച പ്രതിഭകളെയും ആശയങ്ങളെയും ആകർഷിക്കുകയും മികച്ച രീതിയിൽ പുതിയ കാര്യങ്ങൾ കണ്ടെത്തി വിജയിക്കുകയും ചെയ്യുന്നു. ചൈനയുടെ എല്ലാ സാങ്കേതികവിദ്യയും മോഷ്ടിക്കപ്പെട്ടതാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ മറ്റുള്ളവരുടെ വിശ്വാസം മുതലെടുത്ത് കെട്ടിപ്പടുത്ത അവരുടെ സാങ്കേതിക വിശ്വാസ്യതയും ഒരു ലംഘനം തന്നെയാണ്. നമുക്ക് വിശ്വസിക്കാൻ കഴിയുന്ന പങ്കാളികൾക്ക് വാതിലുകൾ തുറന്നുകൊടുക്കുക എന്നതാണ് ഇതിനുള്ള ഉത്തരം.
ഹുവാങ് സ്റ്റോറി ഒരു വിവാദമായി കണക്കാക്കപ്പെടും, വിവാദങ്ങൾ വെറും ഒച്ചപ്പാടുകൾ മാത്രമാണ്. ഇതിന് പിന്നിലെ പാറ്റേണാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്, തങ്ങൾ നിർമ്മിക്കുന്നത് സംരക്ഷിക്കണമോ വേണ്ടയോ എന്ന് ലോകം ഇപ്പോൾ തീരുമാനിക്കണം.സാങ്കേതികവിദ്യ മോഷ്ടിക്കപ്പെടാം. പക്ഷേ അത് പാടില്ല. അതിന്റെ വിശ്വാസ്യത നേടിയെടുക്കേണ്ടതാണ്, വിശ്വസ്തരായ പങ്കാളികൾക്ക് മാത്രമേ അത് ഒരുമിച്ച് നേടിയെടുക്കാൻ കഴിയൂ.
ലേഖകൻ മുൻ പാർലമെന്റ് അംഗവും ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി, സ്കിൽസ് ആൻഡ് എന്റർപ്രണർഷിപ്പ് മുൻ സഹമന്ത്രിയുമാണ്. നിലവിൽ ബിജെപി കേരളം സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമാണ്.