ദാവൂദ് ഇബ്രാഹിമിന്റെ ശത്രു, ഹാജി മസ്താന്റെ മിത്രം; മുംബൈയെ വിറപ്പിച്ച കാലിയ ആന്റണി

Published : Jan 20, 2026, 06:31 PM IST
Balan Thaliyil column Underworld Kaliya Antony

Synopsis

അധോലോകം:  ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച കാലിയ ആന്റണിയുടെ ജീവിതവും മരണവും. Adholokam| Bombay Underworld| Column

അധോലോകം:  ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ  ബോംബെയെ വിറപ്പിച്ച കാലിയ ആന്റണിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച അമര്‍ നായിക്കിന്റെ കഥ.

 

എണ്‍പതുകളിലെ ബോംബെ. നഗരത്തിലെ ഓരോ തെരുവുകളും അധോലോകവാഴ്ചയാല്‍ കുപ്രസിദ്ധി നേടിയ കാലം.

വരദരാജ മുതലിയാര്‍, ഹാജി മസ്താന്‍, രാജന്‍ നായര്‍ തുടങ്ങിയ പലരും ജോലിതേടി വന്ന് ബോംബെയില്‍ ദുഷ്‌പ്പേരും കുപ്രസിദ്ധിയും നേടിയ സമയമാണത്. തൊട്ടടുത്ത കാലത്ത് തന്നെയാണ് ആന്റണി എന്ന ചെറുപ്പക്കാരനും ജോലിതേടി ബോംബെയിലേക്ക് വരുന്നത്. തമിഴ്‌നാട്ടിലെ ഒരു കടലോര ഗ്രാമത്തില്‍ പുല്ലറുത്തു വിറ്റ് ഉപജീവനം കഴിച്ചിരുന്നു മാരിദാസ് ശ്രീയപ്പ എന്ന പാവം മനുഷ്യന്റെ മകനായിരുന്നു അവന്‍. ചേട്ടന്‍ റോബര്‍ട്ട് ആവട്ടെ അതിനു മുന്‍പേ ബോംബയില്‍ എത്തിയിരുന്നു. ഖാര്‍ റോഡ് ഈസ്റ്റിലെ റയില്‍വെ കോളനിയില്‍ മുന്‍പരിചയമുള്ള കൂട്ടുകാരോടൊപ്പമായിരുന്നു ആന്റണിക്ക് താമസിക്കാന്‍ ഇടം കിട്ടിയത്. നഗരത്തില്‍ ദാദാവാഴ്ച്ചയുടെ പെരുമ ആന്റണി കേട്ടു തുടങ്ങിയത് അവിടെ നിന്നാണ്. ഹഫ്ത പിരിവും കൂലിത്തല്ലും വാടകക്കൊലയും കള്ളക്കടത്തും നടക്കുകയാണ്. അതുവഴി കുപ്രസിദ്ധിയും സമ്പത്തും നേടുകയാണ് ദാദാക്കന്മാര്‍.

കണ്ടും കേട്ടും ആന്റണിയുടെ മനസ്സിലും ചില പദ്ധതികള്‍ രൂപപ്പെട്ടു തുടങ്ങി. നേര്‍വഴിക്കു നടന്നാല്‍ നന്നാവാന്‍ സമയമെടുക്കും. അതിനാല്‍ നഗരത്തില്‍ നിലവിലുള്ള അധോലോകവുമായി കൂട്ടുകൂടാതെ ഒറ്റയാനായി പേരെടുക്കുക. അതിനുവേണ്ടി എന്തിനും തയ്യാറുള്ള ചെറുപ്പക്കാരെ സംഘടിപ്പിക്കുക. ആന്റണി പണി തുടങ്ങി. തല്ലില്‍ നിന്നായിരുന്നു തുടക്കം. എതിരാളി വലുത് ചെറുത് എന്നൊന്നുമില്ല. ഏറ്റെടുക്കുന്ന ദൗത്യം നിറവേറ്റിയാല്‍, തനിക്കെതിര് നില്‍ക്കുന്നവനെയും തന്റെ പേര് പറയുന്നവനെയും വെറുതെ വിട്ടുകൂടാ.

ആയിടയ്ക്ക് 1982 -ല്‍ ഒരു കൊച്ചുപെണ്‍കുട്ടിയുമായി ആന്റണി പ്രണയത്തിലാവുന്നു. അത് ചോദ്യംചെയ്ത സത്യവാന്‍ പഞ്ചല്‍ എന്ന യുവാവുമായി ആന്റണി കൊമ്പുകോര്‍ത്തു. തന്നിലെ പ്രണയത്തെ അംഗീകരിക്കാത്ത ലോകത്തോട് തനിക്കു യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് ആന്റണി തീരുമാനിക്കുകയാണ്. ഒന്നിന് പത്തായി തിരിച്ചു കൊടുക്കുന്ന പ്രകൃതമാണ് പണ്ടേ. ഉറച്ച ശരീരപ്രകൃതിയും ചുമന്ന കണ്ണുകളും ചുരുളന്‍ മുടിയും കറുപ്പുനിറവുമുള്ള ആന്റണി കാഴ്ചയില്‍ തന്നെ ഭീകരനാണ്. (കാലിയ അഥവാ കറുത്തവന്‍ എന്ന പേര് വരാന്‍ കാരണമായത് ആ രൂപമാണ്) സത്യവാന്‍ പഞ്ചല്‍ എന്ന യുവാവിനെ തേടി പ്രതികാരദാഹിയായ ആന്റണിയും കൂട്ടുകാരന്‍ ഇഗ്നേഷ്യസ് പുടിനോയും നടന്നു. അവസാനം അവര്‍ നേര്‍ക്കുനേര്‍ വന്നുപെട്ടു. മരണം മുന്നില്‍ വന്ന് നില്‍ക്കുന്നപോലെ തോന്നി ആ ചെറുപ്പക്കാരന്. അവന്‍ പിന്തിരിഞ്ഞോടി. അടുത്തുകണ്ട ഒരു ഗാരേജില്‍ അഭയം തേടിയെങ്കിലും അവിടെ വെച്ച് നിഷ്‌കരുണം പഞ്ചലിനെ ആ കാട്ടാളര്‍ കുത്തി. 38 ഓളം കുത്തുകള്‍ ഉണ്ടായിരുന്നുവത്രേ പഞ്ചലിന്റെ ദേഹത്ത്.

തുറന്നുവെച്ച കടകളുടെ ഷട്ടറുകള്‍ ഒന്നൊന്നായി താണു. ഭയം കാരണം ആളുകള്‍ ചിതറിയോടി. നിമിഷനേരം കൊണ്ട് തെരുവ് ശൂന്യമായി. അതോടെ കാലിയ ആന്റണി ജനങ്ങളുടെ പേടിസ്വപ്നമായി.

ഖാറില്‍ കാലിയയുടെ കൂടി നേതൃത്വത്തില്‍ നടന്നുവരുന്ന ഗണപതി മഹോത്സവത്തിന്റെ നാലാം ദിവസമായിരുന്നു ആ കൊലപാതകം. പാതിവഴിയില്‍ ഗണപതി മഹോത്സവം ഉപേക്ഷിക്കേണ്ടി വരുന്നത് ദുശ്ശകുനമാണെന്ന് വിശ്വാസികള്‍ കരുതി. കാലിയ അപകടം വിലക്കു വാങ്ങുകയാണെന്നും.

തൊട്ടടുത്തു തന്നെ പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നു. ഉള്ളിലെ പേടിയെ കൊന്നുകളഞ്ഞവനെ ലോകം ഭയപ്പെടുമെന്ന ചൊല്ലുണ്ടല്ലോ. അതിനാല്‍, ആന്റണിക്കെതിരെ ആരും സാക്ഷി പറഞ്ഞില്ല. നിസ്സാരമായ പ്രശ്‌നങ്ങള്‍ വലിയ വിഷയമാക്കി തീര്‍ക്കുകയും അതിനെ പ്രതികാരബുദ്ധിയോടെ നേരിടുകയും ചെയ്യുന്നവനാണ് ആന്റണി. അവനോട് എതിരിടാന്‍ ആളുകള്‍ക്ക് ഭയമായിരുന്നു. അവനെ തെരുവില്‍ കണ്ടാല്‍ ആളുകള്‍ ഒഴിഞ്ഞു മാറി, സാധനങ്ങള്‍ ആവശ്യപ്പെട്ടു ചെന്നാല്‍ തീര്‍ന്നുപോയി എന്ന് കാരണം പറഞ്ഞു കച്ചവടക്കാര്‍ വിനയം നടിച്ചു.

ആദ്യ പ്രണയനഷ്ടം ഉലച്ച ആന്റണിയുടെ ജീവിതത്തിലേക്ക് വിദ്യാസമ്പന്നയും സുന്ദരിയുമായ മറ്റൊരു പെണ്‍കുട്ടി കടന്നുവന്നു. സാഹസികജീവിതങ്ങളോടുള്ള ചില പെണ്‍കുട്ടികളുടെ ആകര്‍ഷണമായിരുന്നു അത്. അവളെ ആന്റണി ഉപേക്ഷിച്ചില്ല.

അനധികൃത തെരുവുകടക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും സംരക്ഷണം അതാത് പ്രദേശത്തെ ദാദമാരുടെ കയ്യിലാണ്. അന്വേഷണവുമായി പോലീസോ മുന്‍സിപ്പാലിറ്റിയോ വന്നാല്‍ അവര്‍ക്കു ഭയപ്പെടേണ്ട. മാസാമാസം സംരക്ഷണ ഫീസായി ദാദമാര്‍ക്ക് നിശ്ചിത സംഖ്യ നല്‍കിയാല്‍ മതി. അതിലൊരു പങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന രീതിയാണത്. ഹഫ്ത എന്ന് പറയും.

ഖാര്‍ ഈസ്റ്റിലെ പിരിവ് ആന്റണിയുടെ അവകാശമായിരുന്നു. അതിനിടെ, പോലീസ് സ്റ്റേഷനുമായി നല്ല ബന്ധമുണ്ടായിരുന്ന ഒരു വ്യാപാരി ഹഫ്ത നല്‍കാന്‍ തയ്യാറായില്ല. ഗുണ്ടകള്‍ക്ക് പിരിവ് നല്‍കി താന്‍ കച്ചവടം നടത്തില്ല എന്ന് അയാള്‍ക്ക് വാശിയായി. മരണത്തെ വിലകൊടുത്ത് വാങ്ങുന്നതിനു തുല്യമായിരുന്നു അത്. ആന്റണിയുടെ കത്തിമുന വ്യാപാരിയുടെ ജീവനെടുത്തു. പൈശാചികമായിരുന്നു ആ കൊലപാതകം. അതോടെ ആന്റണി മുംബൈയുടെ പേടിസ്വപ്നമായി.

പോലീസ് അഡീഷണല്‍ കമ്മീഷണര്‍ സഞ്ജയ് പരാന്തെ ചുറുചുറുക്കുള്ള യുവാവാണ്. ആന്റണിയെ അദ്ദേഹം അറസ്റ്റു ചെയ്തു. ലോക്കപ്പില്‍ നേരിട്ട ക്രൂരമായ ആക്രമണത്തെ ആന്റണി ചങ്കൂറ്റം കൊണ്ട് നേരിട്ടു. കുറ്റം സമ്മതിക്കാനോ കരയാനോ ആന്റണി തയ്യാറായില്ല. പോലീസുകാര്‍ 'ഉപ്പിലിട്ടു വറ്റിച്ചിട്ടും' അയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആന്റണി മുട്ടുമടക്കിയില്ല. അടി കൊണ്ട് തളര്‍ന്ന ആന്റണിയെ പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി അയാളെ വെറുതെ വിട്ടു. ആ കൊലപാതകവും അതിനു ലോക്കപ്പില്‍ നേരിടേണ്ടി വന്ന മര്‍ദ്ദനവും കുറ്റം സമ്മതിക്കാനുള്ള വൈമനസ്യവും ജനങ്ങള്‍ക്ക് ആന്റണിയോടുള്ള ഭയത്തിന് പിന്നെയും ആക്കം കൂട്ടി.

ഇക്കാലത്താണ് പാല്‍കച്ചവടക്കാരന്‍ ബസവരാജ് അണ്ണയുമായും സുഭാഷ് സിംഗ് താക്കൂറുമായും ആന്റണി ചങ്ങാത്തത്തിലാവുന്നത്. സൗഹൃദം പിടിമുറുക്കിയാല്‍ അതിനെ തകര്‍ക്കാന്‍ ആവില്ലല്ലോ. ബസവരാജ് ആന്റണിയുടെ സഹോദരിയെ വിവാഹം ചെയ്തു. താക്കൂര്‍ അവനു ഗുരുതുല്യനായി. മൂവരും സഹോദരന്മാരെ പോലെ ഒന്നിച്ചു.

 

ഹാജി മസ്താന്‍

 

ആയിടെ വരദരാജ മുതലിയാരും ബഡാ രാജനും ആന്റണിയെ പങ്കാളിയാക്കാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഫലം കണ്ടില്ല. നഗരത്തില്‍ സ്വന്തം നിലയില്‍ രാജാവായി ഉയരുക. അതുമാത്രമായി ആന്റണിയുടെ ലക്ഷ്യം. അതോടെ, സ്വന്തം നാട്ടുകാരനായ ഹാജി മസ്താന്‍ ആന്റണിയെ നോട്ടമിട്ടു. മസ്താനെ ആരാധനയോടെ കണ്ടുനിന്ന ആന്റണി സ്വാഭാവികമായും അയാളുടെ കൂട്ടുകാരനായി. ആന്റണി മസ്താനുവേണ്ടി പണി തുടങ്ങി. സ്വയം ശരിയാണെന്ന് ബോധമുള്ള രണ്ടുപേര്‍ അവര്‍ക്കു ശരിയാണെന്ന് തോന്നുന്ന വഴികളില്‍ കണ്ടുമുട്ടുന്നത്‌പോലെ.

വലിയ ഖവാലി പ്രിയനും സംഘാടകനുമായിരുന്നു ആന്റണി. ഖവാലി സംഗീതം ആസ്വദിക്കാന്‍ അധോലോകത്തു നിന്ന് പല പ്രമുഖരും വരും. അംഗരക്ഷകരെ കൂടാതെ തടിമിടുക്കുള്ള രഹസ്യവിഭാഗവും അവരോടൊപ്പം കാണും. അവര്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സദസ്സില്‍ പലയിടങ്ങളിലായി നിലയുറപ്പിക്കും. ഏതെങ്കിലും എതിരാളിയുടെ കൈയുയര്‍ന്നാല്‍ കൂച്ചുപൂട്ടിട്ടു പുറത്തുകൊണ്ടുവരും. പിന്നെയവന് ആരുടേയും നേര്‍ക്കു കയ്യുയര്‍ത്തേണ്ടി വരില്ല.

ഖാര്‍ ഈസ്റ്റിലെ ഖവാലി കാണാന്‍ മസ്താനും ക്ഷണിക്കപ്പെട്ടു. സദസ്സില്‍ ഇരിക്കെ എതിരാളിയായ ഒരാള്‍ തന്നെ നിരീക്ഷിക്കുന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. മസ്താന്‍ ഈ വിവരം കാലിയയുടെ ചെവിയില്‍ പകര്‍ന്നു. ആന്റണി അവനെ തിരഞ്ഞുപിടിച്ച് പുറത്തേക്കു കൊണ്ടുവന്നു പൂട്ടിയിട്ടു. കാലിയയും പുടിനോയും സുഭാഷും ചേര്‍ന്നു വൈകാതെ അവനെ കൊന്നു. പോലീസ് മൂവരെയും തേടി ഇറങ്ങി. അപ്പോഴേക്കും സമുദ്രത്തില്‍ ഉപ്പ് എന്നപോലെ അവര്‍ ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ലയിച്ചു കഴിഞ്ഞിരുന്നു. മൂവരും ഒളിജീവിതം തിരഞ്ഞെടുത്തു.

 

വരദരാജ മുതലിയാര്‍

 

വര്‍സോവയിലെ ഒരു ഫാം ഹൗസില്‍ പോലീസ് അവരെ തിരഞ്ഞുവന്നു. കാലിയ ഒരു സാധാരണ കുറ്റവാളിയല്ല. അന്ന് പോലീസ് സന്നാഹത്തെ വെട്ടിച്ച് കാലിയയും കൂട്ടരും വിദഗ്ധമായി കടന്നു കളഞ്ഞു. പക്ഷേ, പിന്നീട് കര്‍ണ്ണാടകയിലെ ഗുര്‍ബര്‍ഗില്‍ കാലിയ ഉണ്ടെന്ന വിവരം കിട്ടിയ പോലീസ് അവനെ പിടികൂടി ആര്‍തര്‍ റോഡ് ജയിലിട്ടു. കരീം ലാലയുടെ സഹോദരപുത്രനായ, കൊടും കുറ്റവാളി സമദ്ഖാന്‍ അവിടെ തടവില്‍ ഉണ്ടായിരുന്നു. കൊലപാതകം തന്നെയായിരുന്നു സമദിന് പേരിലുള്ള കേസ്. അവര്‍ അവിടെവെച്ചു സൗഹൃദത്തില്‍ ആയി. ഇരുവരും ചേര്‍ന്നു പുതിയൊരു പദ്ധതിക്ക് തയ്യാറടുക്കുന്നു. ഭീഷണിപ്പെടുത്തി പണംതട്ടല്‍. ജയിലില്‍ കഴിയുന്ന കോടീശ്വരന്മാരെ ഭീഷണിപ്പെടുത്തി പണം സാമ്പാദിക്കുക!

ഇക്കാര്യം മനസ്സിലാക്കിയ ജയില്‍ അധികൃതര്‍ കാലിയയുടെ തടവ് നാഗ്പൂര്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ എവിടെയും ഒതുങ്ങുന്ന പ്രകൃതമായരുന്നില്ല അയാളുടേത്. നിരന്തര ശല്യവും അക്രമവും കാരണം ആന്റണിയെ തിരികെ ബോംബെയിലേക്ക് തന്നെ കൊണ്ടുവന്നു.

പോവുന്നഴിക്ക് പോലീസുകാരോട് അപേക്ഷിച്ച് ആന്റണി ദാദറില്‍ ഇറങ്ങി. അവിടന്ന് കുടുംബത്തെ കാണാന്‍ അയാളും പൊലീസുകാരും ഖാറിലേക്ക് തിരിച്ചു. സ്വന്തം കൈവെള്ള പോലെ പരിചയമുള്ള ഖാര്‍ ഏരിയയില്‍ വെച്ചു പോലീസുകാരെ വെട്ടിച്ച് അക്ഷരാര്‍ത്ഥത്തില്‍ കാലിയ അപ്രത്യക്ഷനായി! നഗരത്തില്‍ ആ വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പോലീസുകാര്‍ക്ക് ഇതില്‍പ്പരം മറ്റെന്തു നാണക്കേട് വരാന്‍! എന്നാല്‍ ദിവസങ്ങള്‍ക്കകം ജുഹു കോളിവാഡയില്‍ വെച്ചു കാലിയ പിടിക്കപ്പെട്ടു.

അപ്പോഴേക്കും പിതാവ് മരിച്ചു. ആ മരണം കാലിയയില്‍ ഏറെ മാറ്റമുണ്ടാക്കി. അയാള്‍ ഹിന്ദുമതത്തിലേക്കു തന്നെ തിരികെവന്നു.

1983 -ല്‍ അനുജന്‍ ആല്‍ബര്‍ട്ട് ആന്റണിയുടെ സംഘത്തില്‍ ചേര്‍ന്നു. ഒരിക്കല്‍, ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ച ഒരു ബിസിനസുകാരനെ ആല്‍ബര്‍ട്ട് കൊന്നുകളഞ്ഞു. തുടര്‍ന്ന് പത്തോളം വരുന്ന ഗുണ്ടാസംഘം ഒരു റസ്റ്റോറന്റില്‍ ചായ കുടിച്ചു കൊണ്ടിരുന്ന ആല്‍ബര്‍ട്ടിനെ തീന്‍മേശയില്‍ കെട്ടിയിട്ട് കൊത്തിനുറുക്കി. അതോടെ കാലിയയ്ക്ക് ഭ്രാന്തു പിടിച്ചു. ഭ്രാന്തന്‍ കുരങ്ങ് മദ്യപിച്ചാലുള്ള അവസ്ഥ.

 

ദാവൂദ് ഇബ്രാഹിം

 

ആന്റണിക്ക് രണ്ടുപേരെ സംശയമായി. ഒരാള്‍ വരദരാജ മുതലിയാര്‍. മറ്റൊരാള്‍ ജയിലില്‍ വെച്ചു തന്നോട് ഏറ്റുമുട്ടിയ ദാവൂദ് ഇബ്രാഹിം. പ്രശ്‌നം വഷളാകുമെന്ന് കരുതി ഹാജി മസ്താന്‍ ഇടപെട്ടു. വരദരാജ മുതലിയാറില്‍നിന്ന് നാലു ലക്ഷം രൂപ വാങ്ങിയാണ് മസ്താന്‍ കാലിയയ്ക്ക് നല്‍കിയത്. മസ്താന്റെ ഇടപെടല്‍ വരദരാജയെ രക്ഷിച്ചു എന്ന് സാരം. എന്നാല്‍ അതൊരു ഒത്തുകളി ആണെന്ന് ആന്റണി അറിഞ്ഞില്ല. ദാവൂദിന് വേണ്ടി മസ്താനും വരദരാജ മുതലിയാരും ചേര്‍ന്നു നടത്തിയ നാടകം. വരദരാജയുടെ ആയുധം കവര്‍ന്നതിലെ വിരോധമാണ് ജയിലില്‍വെച്ചു ദാവൂദ് തന്നെ തല്ലാനുള്ള കാരണമെന്ന് ആന്റണി മനസ്സിലാക്കാന്‍ ഏറെ വൈകിയിരുന്നു.

പണം കൈപ്പറ്റിയിട്ടും ആന്റണി അടങ്ങിയില്ല. അനുജന്റെ കൊലയ്ക്ക് പിറകില്‍ ദാവൂദ് ആണെന്ന് വൈകാതെ കാലിയ കണ്ടെത്തി. അവന് ഒരു കാര്യം ബോധ്യമായി, ദാവൂദാണ് ശത്രു. അതോടെ പുതിയ യുദ്ധത്തിന് തുടക്കമായി.

അക്കാലത്ത് കരീം ലാലയുടെ പത്താന്‍ ഗ്രൂപ്പൂമായി യുദ്ധത്തിലായിരുന്നു ദാവൂദ്. ആന്റണി സകല സന്നാഹങ്ങളുമായി ദാവൂദിന്റെ വീട്ടിലേക്കു തിരിച്ചു. തോക്ക്, കത്തികള്‍, വടിവാള്‍ എന്നിവ കരുതി. പോരാടാന്‍ താഹിര്‍ കുദ്രത്തി, ബാട്ട്‌ലി ബാബാ, സുഭാഷ് തക്കൂര്‍, ഇഗ്‌നേഷ്യസ് പുടിനോ. കൂടെ ഏറ്റവും വിശ്വസ്ഥരായ ഏതാനും ചെറുപ്പക്കാരും. വീട് ആക്രമിച്ച് കേടുപാട് വരുത്താനല്ലാതെ ദാവൂദിനെ അവര്‍ക്കു പിടികൂടാനായില്ല.

 

കരീം ലാല

 

ദാവൂദ് ഇതൊന്നും കാര്യമാക്കിയില്ല. തന്റെ ആജന്മശത്രു സമദ്ഖാനെ കൊല്ലാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു അയാളപ്പോള്‍. 1984-ല്‍ ദാവൂദ് അത് നടപ്പില്‍ വരുത്തി. ശേഷം ദുബായിലേക്ക് പോയി. അപ്പോഴും കാലിയ ദാവൂദിനെ പിന്തുടരുന്ന ദൗത്യം ഉപേക്ഷിച്ചില്ല. അയാള്‍ തന്റെ വിശ്വസ്തനായ മദന്‍ ചൗധരിയെ ദുബായിലേക്ക് അയച്ചു. പക്ഷേ, ദാവൂദ് അവിടെ ഉണ്ടായിരുന്നില്ല. അയാള്‍ ബിസിനസ്സ് ആവശ്യാര്‍ത്ഥം കെനിയയിലേക്കു പോയിരുന്നു. ദുബായില്‍ ധോല്‍കിയ സഹോദരന്മാരുടെ സഹായം ദാവൂദിന് വേണ്ടുവോളം ഉണ്ടായിരുന്നു.

കാലിയ പിറകിലുണ്ടെന്ന് മനസ്സിലാക്കിയ ദാവൂദ് കെനിയയില്‍നിന്ന് കറാച്ചിയിലേക്ക് പറന്നു.

1985 -ലാണ് അത് സംഭവിച്ചത്. ഒരു കൊലപാതകക്കേസിന്റെ വിചാരണയ്ക്കായി കാലിയയെ പോലീസ് അകമ്പടിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. തന്നോട് എന്നും വഴക്കിടാറുള്ള അനില്‍ ധോര്‍പഡെ എന്ന പോലീസുകാരനുമായി കാലിയ വാക്ക്തര്‍ക്കമായി. കാലിയ അയാളെ മുഖമടച്ചുതല്ലി. ഇതിനുമുമ്പും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. കാലിയയെ അയാള്‍ ഉപദ്രവിക്കാറുണ്ട്. അഭിമാനത്തിന് മുറിവേറ്റ പോലീസുകാരന്‍ ഒന്ന് തീരുമാനിച്ചു, എന്‍കൗണ്ടര്‍.

പോലീസ് അതിനായി ഒരു തിരക്കഥ തയ്യാറാക്കി കാത്തിരുന്നു. രണ്ടാം തവണ കോടതിയിലേക്ക പോവുന്നതിനിടയിലും കാലിയയും അനില്‍ ദോര്‍പഡെയും വഴക്കായി, അവര്‍ ഏറ്റുമുട്ടി. നോക്കിനില്‍ക്കേ അനില്‍ ധോര്‍പഡെ കാലിയയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. എഴുതപ്പെട്ട തിരക്കഥ! അതൊരു ഏറ്റുമുട്ടല്‍ മരണമാണെന്ന വാര്‍ത്ത പിറ്റേന്ന് പരന്നു. സത്യം അതല്ലെങ്കില്‍പ്പോലും.

ഖാര്‍ ഈസ്റ്റും പരിസരവും അന്ന് നിശ്ശബ്ദമായി. തെരുവ് നിശ്ചലമായി. വിധി അവിശ്വസനീയമായ ഒരു ജീവിതത്തിന്റെ തീരശ്ശീല താഴ്ത്തിയിട്ടു. എങ്കിലും ഓര്‍മ്മയില്‍ അതിന്റെ നിഴല്‍ച്ചിത്രങ്ങള്‍ ബാക്കിനിന്നു.

ദാവൂദ് പോലീസിനെ സ്വാധീനിച്ച് കാലിയയെ കൊന്നു എന്ന അഭ്യൂഹം പില്‍ക്കാലത്തു കേട്ടിരുന്നു. അതിനു കാരണം ദാവൂദ് ഭയപ്പെട്ട രണ്ട് ഗുണ്ടാതലവന്മാരിലൊരാള്‍ കാലിയ ആന്റണി ആയിരുന്നു എന്നതാണ്. മറ്റൊരാള്‍ ചോട്ടാരാജനും. വാളെടുത്തവന്‍ വാളാല്‍ എന്നത് ഏത് അക്രമിയെയും തേടിവരുന്ന കാവ്യനീതിയാണല്ലോ.

കാലിയയുടെ മരണശേഷം അയാളുടെ കുടുംബത്തെ ലണ്ടനിലേക്ക് അയച്ചതും മക്കളെ പഠിപ്പിച്ചു വലുതാക്കിയതും ആത്മസുഹൃത്ത് സുഭാഷ് താക്കൂര്‍ ആയിരുന്നു. എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതരായി അവരവിടെ സുഖമായി ജീവിക്കുകയാണിപ്പോള്‍.

…………………………

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)

 

 

PREV
Read more Articles on
click me!

Recommended Stories

പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമർത്തി ഇറാൻ, ആദ്യം പിന്തുണ പിന്നെ കാലുമാറി യുഎസ്
നിയന്ത്രണം ഉറപ്പിക്കാൻ യുഎസ്; അടുത്തത് ഗ്രീൻലാൻഡ്, ക്യൂബ, ഇറാൻ, നിർദ്ദേശങ്ങൾ നൽകി ട്രംപ്