
പടിഞ്ഞാറൻ ഗോളാർദ്ധത്തിൽ സർവശക്തരാകാനുള്ള അമേരിക്കയുടെ രൂപരേഖയായ മൺറോ സിദ്ധാന്തത്തിന് (Monroe Doctrine) പുതിയ പേരിട്ടു ട്രംപ്. Donald -ന്‍റെ Don കൂടി ചേർത്ത് ഡോൺറോ സിദ്ധാന്തം (Donroe Doctrine). അതിൽ ട്രംപിന്‍റെ മുഖവും. 'ഇത് ഞങ്ങളുടെ മേഖല, ഇങ്ങോട്ട് കടക്കേണ്ടെ'ന്ന വാക്കുകളുമുണ്ട്.
അമേരിക്കയുടെ അഞ്ചാമത്തെ പ്രസിഡന്‍റായിരുന്ന ജെയിംസ് മൺറോ 1823 -ലാണ് മൺറോ സിദ്ധാന്തം അനാവരണം ചെയ്തത്. എന്നിട്ട് പടിഞ്ഞാറൻ ഗോളാർദ്ധത്തിൽ പുതിയ കോളനികൾ സ്ഥാപിക്കരുതെന്ന് യൂറോപ്പിന് മുന്നറിയിപ്പും നൽകി. അതങ്ങ് പൂർണ തോതിൽ നടപ്പാക്കുന്നത് തങ്ങളാണെന്നാണ് ഇപ്പോൾ ട്രംപിന്‍റെ അവകാശവാദം. അമേരിക്കൻ പ്രസിഡന്‍റ് അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. മറ്റ് രാജ്യങ്ങൾ ഇനി ഇങ്ങോട്ട് കടക്കേണ്ടെന്ന് പറയുമ്പോൾ ലാറ്റിൻ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ചൈന എന്ത് ചെയ്യുമെന്നാണ് സംശയം.
മൺറോ സിദ്ധാന്തം വെനിസ്വേലയിൽ ഒതുങ്ങില്ലെന്ന് വ്യക്തം. മെക്സിക്കോയിൽ മയക്കുമരുന്ന് കാർട്ടലുകൾക്ക് നേരെ ആക്രമണം തുടങ്ങിയെന്നാണ് ട്രംപ് തന്നെ അറിയിച്ചിരിക്കുന്നത്. കൊളംബിയൻ പ്രസിഡന്‍റ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ആശങ്ക പ്രകടമാക്കി. കൊളംബിയയിലൊരു സൈനിക നടപടി നന്നാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. സ്വന്തം സുരക്ഷ നോക്കിക്കോളൂയെന്ന് ട്രംപിയൻ ഭാഷയിൽ മുന്നറിയിപ്പും. അതുകൊണ്ട് സമവായശ്രമത്തിനാണ് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെഡ്രോയുടെ (Gustavo Petro) ശ്രമം. രണ്ടുപേരും ഇക്കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചു. പെട്രോ ഉടൻ വൈറ്റ് ഹൗസിലെത്തുമെന്ന് ട്രംപും. ബന്ധം ഊഷ്മളമായെന്ന് കൊളംബിയൻ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. പക്ഷേ, അതിനുശേഷമാണ് അഭിമുഖം നൽകിയത്. സോഷ്യൽ മീഡിയ വഴി പരസ്പരം വെല്ലുവിളിക്കാറുണ്ട് ഇരുവരും. വെനിസ്വേലയുടെ എണ്ണയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പെട്രോ ആരോപിച്ചിരുന്നു.
കൊളംബിയയാണ് കൊക്കെയ്ന്‍റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രം. മയക്കുമരുന്ന് കച്ചവടത്തിന്‍റെ പ്രധാനകേന്ദ്രം. അതിന് നേതൃത്വം നൽകുന്നത് പെട്രോയാണെന്നാണ് ട്രംപിന്‍റെ ആരോപണം. അതവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് വെനിസ്വേലൻ സൈനിക നടപടിക്ക് ശേഷമാണ്. മുൻ ഫാർക് ഗറില്ല അംഗമാണ് ഗുസ്താവോ പെഡ്രോ. സ്ഥാനമേറ്റ ശേഷം ഗറില്ലാ സംഘങ്ങളുമായി ചർച്ച തുടങ്ങിയിരുന്നു. പക്ഷേ, കാർക്കശ്യം പോരെന്ന വിമർശനം രാജ്യത്ത് തന്നെയുണ്ട്. അതുകൊണ്ടാണ് കൊക്ക കൃഷി കുതിച്ചുയർന്നതെന്നും.
കൊളംബിയ, മെക്സിക്കോ ഒക്കെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. പക്ഷേ, ഗ്രീൻലൻഡുമുണ്ട് ട്രംപിന്‍റെ റഡാറിൽ. പിന്നെ കാനഡ. ഗ്രീൻലൻഡ് മുഴുവൻ ചൈനീസ് റഷ്യൻ കപ്പലുകളാണ്. അത് അമേരിക്കയുടെ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ന്യായവാദം. ഗ്രീൻലൻഡ് അമേരിക്കയുടെ വടക്ക് - കിഴക്കാണ്. 2000 മൈൽ ദൂരം. പക്ഷേ, 300 വർഷമായി ഡെൻമാർക്കിന്‍റെ കീഴിലാണ്. ധ്രുവപ്രദേശമാണ്. ലോകത്തെ ഏറ്റവും വലിയ ദ്വീപ്. പക്ഷേ, ജനസംഖ്യ ഏറ്റവും കുറവ്. 56,000 പേർ. ഭൂരിഭാഗവും മഞ്ഞ് മൂടിയ പ്രദേശം. അതുകാരണം തലസ്ഥാനമായ നുക്കിന് (Nuuk) നടുത്തേ ജനവാസമുള്ളൂ. അതായത്, തെക്ക് പടിഞ്ഞാറൻ തീരത്ത്. അമേരിക്കയെ സംബന്ധിച്ച് നിരീക്ഷണക്കപ്പലുകൾക്കും മുന്നറിയിപ്പ് സംവിധാനങ്ങൾക്കും പറ്റിയ സ്ഥലം. ശീതയുദ്ധ കാലത്ത് ആണവ മിസൈലുകൾക്ക് പദ്ധതിയിട്ടിരുന്നു അമേരിക്ക. ഡെൻമാർക്കിന്‍റെ എതിർപ്പ് കാരണം ഉപേക്ഷിച്ചു. എങ്കിലും വ്യോമാസ്ഥാനമുണ്ട്.
ഇനി ഇതൊന്നുമല്ലാത്ത കാരണമുണ്ട്. എല്ലാവരുടെയും താൽപര്യത്തിന്‍റെ മറ്റൊരു കാരണം. അപൂർവധാതുക്കൾ ധാരാളം. യുറേനിയവും ഇരുമ്പും വേറെ. എണ്ണയും പ്രകൃതി വാതകവും ഉണ്ടെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ധ്രുവപ്രദേശത്തെ മഞ്ഞ് ഉരുകിത്തീരുകയാണ്, അതോടെ പുതിയ കപ്പൽച്ചാലുകളും രൂപപ്പെടും.
ആദ്യ ഭരണ കാലത്തേ ഗ്രീൻലൻഡിൽ അമേരിക്കൻ പ്രസിഡന്‍റ് കണ്ണുവച്ചതാണ്. വിലയ്ക്ക് വാങ്ങാനാണ് നോക്കിയത്. പറ്റില്ലെന്ന് പറഞ്ഞു ഗ്രീൻലൻഡുകാർ. രണ്ടാമൂഴത്തിലും പറഞ്ഞ് നോക്കി. ഇപ്പോൾ പറയുകയല്ല, മുന്നറിയിപ്പാണ്. ചർച്ചയാകാമെന്ന് നിലപാടെടുത്തു ഗ്രീൻലൻഡും ഡെൻമാർക്കും. തീരുമാനം അവരുടെ മാത്രം അധികാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് യൂറോപ്പും നേറ്റൊയും. ഗ്രീൻലൻഡുമായി കൊമ്പുകോർത്താൽ അത് നേറ്റോയുമായി കൊമ്പുകോർക്കുന്ന പോലെയാകും. പക്ഷേ, ട്രംപിന് നേറ്റൊയോട് മതിപ്പില്ലെന്നത് വ്യക്തമായ കാര്യമാണ്. അതേസമയം ഗ്രീൻലൻഡിന് ആശങ്ക കൂടിയപ്പോഴാണ്, അമേരിക്ക നേറ്റൊയ്ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന ട്രംപിന്‍റെ പ്രസ്താവന വന്നത്.
ഇനി കുറച്ച് പഴയ കഥയിലേക്കാണ്. ഡോണൾഡ് ട്രംപിന് മുമ്പ് രണ്ട് അമേരിക്കൻ പ്രസിഡന്‍റുമാർ ഗ്രീൻലൻഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം വരെ ഗ്രീൻലൻഡ് കോളനിയായിരുന്നു. നാസി ജർമ്മനി ഡെൻമാർക്ക് കീഴടക്കിയപ്പോൾ ഗ്രീൻലൻഡ് അമേരിക്ക കീഴടക്കി. യുദ്ധ ശേഷം 1951 -ൽ ഡെൻമാർക്കും അമേരിക്കയും തമ്മിൽ പ്രതിരോധ സഹകരണ കരാറൊപ്പിട്ടു. സൈനികാസ്ഥാനം നിലനിർത്തി. '53 -ലാണ് ഗ്രീൻലൻഡ് വീണ്ടും ഡെൻമാർക്കിന്‍റെ ഭാഗമായത്. ജനങ്ങൾക്ക് പൗരത്വം കിട്ടിയതും.
1979 -ൽ അഭിപ്രായ വോട്ടെടുപ്പ് നടന്നു. സ്വന്തം നയരൂപീകരണത്തിന് സ്വാതന്ത്ര്യം കിട്ടി. വിദേശവും പ്രതിരോധവും മാത്രം ഡെൻമാർക്കിന്. ഡെൻമാർക്കിൽ നിന്നുപോലും സ്വാതന്ത്ര്യം വേണമന്ന് അഭിപ്രായപ്പെടുന്ന ഗ്രീൻലൻഡുകാരുണ്ട്. ഡെൻമാർക്ക് തദ്ദേശീയരായ ഇന്യൂയിറ്റുകളുടെ (Inuit) ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. അവരുടെ അറിവോ സമ്മതമോ ഇല്ലാതെ. കുട്ടികളെ ഡെൻമാർകിലേക്ക് ബലമായി കൊണ്ടുപോയിട്ടുണ്ട്. ഒരു കൊളോണിയൽ ശക്തി ചെയ്യുന്നതെല്ലാം. അതിലൊക്കെ അമർഷവുമുണ്ട് ഇന്യൂയിറ്റുകൾക്ക്. ഇതിനെല്ലാമിടെയാണ് അമേരിക്കയുടെ രംഗപ്രവേശം.
ക്യൂബയും ഇറാനും ആശങ്കയുടെ നിഴലിലാണ്. വെനിസ്വേലയെ ആശ്രയിച്ചാണ് ക്യൂബ മുന്നോട്ട് പോയിരുന്നത്. ഒരു കൊടുക്കൽ വാങ്ങൽ, എണ്ണ ക്യൂബയ്ക്ക്. പകരം ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. മദൂറോയെ പിടികൂടിയ സൈനിക നടപടിയിൽ 30 -ലേറെ ക്യൂബക്കാരും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഗാർഡുകളായും അവരുണ്ടായിരുന്നു എന്നർത്ഥം. സഖ്യം കാസ്ട്രോയുടെയും ഷാവേസിന്‍റെയും കാലത്തേ തുടങ്ങിയതാണ്. അമേരിക്ക വിരുദ്ധ, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സഖ്യം. മദൂറോയും അത് നിലനിർത്തിപ്പോന്നു. ഈ സഖ്യവും അമേരിക്കയ്ക്ക്, അതൃപ്തിയായിരുന്നു. ക്യൂബ അല്ലെങ്കിൽ തന്നെ തകരാറായിയെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് പ്രതികരിച്ചത്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ കുടിയേറ്റക്കാരുടെ മകനാണ്. ക്യൂബയിൽ ഭരണമാറ്റത്തിന് വേണ്ടി എപ്പോഴും വാദിക്കുന്നയാളും.
പിന്നെ ഇറാനാണ്. അല്ലെങ്കിൽ തന്നെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ നടക്കുകയാണ് രാജ്യത്ത്. പ്രതിഷേധക്കാരെ ലക്ഷ്യമിട്ടാൽ ആക്രമണം എന്നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് ഇറാൻറെ പരമോന്നത നേതാവ് തിരിച്ചടിച്ചു. പക്ഷേ, ഇടപെടാൻ തയ്യാറാകൂവെന്ന് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടത് ഇറാനിലെ അവസാനത്തെ ഷായുടെ മകൻ റെസ പഹ്‌ലവിയാണ്. വാർത്താവിനിമയ ബന്ധം പൂർണമായും വിഛേദിച്ചിരിക്കയാണ് ഇറാനിൽ.
പ്രക്ഷോഭകാരികളുടെ നേർക്കുണ്ടായ പൊലീസ് നടപടിയിൽ 8 കുഞ്ഞുങ്ങളുൾപ്പടെ 45 പേർ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം. പ്രക്ഷോഭകാരികൾ സുരക്ഷാ ഗാർഡുകളെ ആക്രമിക്കുന്നുവെന്ന് സർക്കാരും. വിദേശശക്തികളുടെ ഇടപെടൽ വേണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖമനേയി. ട്രംപിനെ പ്രീതിപ്പെടുത്താനാണ് പ്രക്ഷോഭകാരികളുടെ ശ്രമമെന്നും ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് പ്രക്ഷോഭങ്ങൾക്ക് വഴിവച്ചത്. ടെഹ്റാനിലെ ബസാറുകളിലാണ് ആദ്യം പ്രതിഷേധം മുളപൊട്ടിയത്. ബസാറുകൾ പൊതുവേ സർക്കാർ അനുകൂലമാണ്. ഇസ്ലാമിക് റിപബ്ലിക്കിനാണ് എപ്പോഴും പിന്തുണ. അതാണ് ഇത്തവണത്തെ പ്രക്ഷോഭത്തിന്‍റെ ഏറ്റവും വലിയ വ്യത്യസ്തത. ബസാറുകളിലെ കച്ചവടക്കാരും പുരോഹിതരും തമ്മിലെ കൂട്ടുകെട്ടാണ് എല്ലാ തെരഞ്ഞെടുപ്പിലും സർക്കാർ സ്ഥാനാർത്ഥികൾക്ക് വോട്ട് ഉറപ്പിച്ചിട്ടുള്ളത്. ഇസ്ലാമിക വിപ്ലവത്തിന്‍റെ വിജയത്തിലും ഇവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
വളരെ പെട്ടെന്ന് പ്രതിഷേധം സർക്കാർ വിരുദ്ധമായി. മഹ്സ അമീനിയുടെ മരണത്തിൽ അരങ്ങേറിയ പ്രതിഷേധത്തിന് ശേഷം ഇത്രയും രൂക്ഷമായൊരു പ്രതിഷേധം ഇപ്പോഴാണ്. നാണ്യപ്പെരുപ്പം, വിലക്കയറ്റം, അവശ്യ സാധനങ്ങളുടെ ക്ഷാമം, അതും ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായ ചിലത്, അതിന്‍റെ കൂടെ സെൻട്രൽ ബാങ്കും ഡോളറിന്‍റെ കാര്യത്തിലെടുത്ത കർശന നിലപാടും കാര്യങ്ങൾ രൂക്ഷമാക്കി. വില പിന്നെയും കൂടി. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ ഇപ്പോൾ നൂറോളം നഗരങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ഇറാഖ് അതിർത്തിയോടടുത്ത കുർദ് ഭൂരിപക്ഷ പ്രദേശത്തുവരെ പ്രതിഷേധം അലയടിക്കുന്നു.
ഖമേനിയുടെ മരണം (Death to Khamenei) ആണ് പ്രധാന മുദ്രാവാക്യം. മസൂദ് പെരേഷ്കിയാൻ (Masoud Pezeshkian) ആണ് പ്രസിഡന്‍റ്. പ്രായോഗിക വിദേശനയം ഉറപ്പു നൽകിയിരുന്നതുമാണ്. പക്ഷേ, ഖമനേയിയുടെ സമ്മതമില്ലാതെ ഒരു നയവും നടപ്പാകില്ല രാജ്യത്ത്. അഴിമതിയും വ്യാപകമെന്നാണ് ആരോപണം. അമേരിക്ക - ഇസ്രയേൽ ആക്രമണങ്ങളും ഇപ്പോഴുമുള്ള അമേരിക്കൻ ആക്രമണ ഭീതിയും ഉപരോധങ്ങളും ജീവിക്കാനുള്ള പെടാപ്പാടും സാധാരണക്കാർക്ക് വലിയ ആശങ്കയാവുകയാണ്. ഇനി എന്തെന്ന ആശങ്ക. അതിൽ നിന്നാണ് പ്രതിഷേധങ്ങളുടെ കനൽ കത്തുന്നത്.രാജാവ് നീണാൾ വാഴട്ടെ
ഷായുടെ മകൻ റെസ പെഹ്‌ലവിയ്ക്ക് വേണ്ടി ഇറാനിൽ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. 'രാജാവ് നീണാൾ വാഴട്ടെ' എന്ന മട്ടിൽ. 1979 -ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഷായെ പുറത്താക്കുമ്പോൾ 16 വയസായിരുന്നു റെസ പെഹ്ലാവിക്ക്. 65 -ാം വയസിൽ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു പെഹ്‍ലവി. ഇറാനിൽ രാജഭരണത്തെ പിന്തുണക്കുന്നത് ക്രിമിനൽ കുറ്റമാണ്. അതുമാത്രമല്ല, രാജഭരണം അട്ടിമറിക്കാൻ വിപ്ലവം നയിച്ച് അതിൽ ജയിച്ച ഒരു ജനത ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നുണ്ടോയെന്ന് സംശയമാണ്. റെസ പെഹ്‌ലവി അമേരിക്കയിലാണ്, നേതാവായി സ്വയം അവരോധിച്ചതുമാണ്. പ്രതിഛായ മെച്ചപ്പെടുത്താൻ കുറച്ചുകാലമായി പരിശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഭരണനിർവഹണം സാധ്യമാകുമോ എന്ന സംശയം പലർക്കുമുണ്ട്. സർക്കാരിലും ഭരണസംവിധാനത്തിലുമുള്ള അവിശ്വാസവും ജീവിത പ്രശ്നങ്ങളും ജനങ്ങളെ ഒരു പരീക്ഷണത്തിന് തയ്യാറാക്കിയോയെന്നാണ് സംശയം.