അഷറഫാ ഖാന്‍; ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ ആയുധവുമായി നടന്ന യുവതി!

Published : Mar 25, 2026, 06:18 PM IST
Adholokam Asharafa Khan

Synopsis

ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ അഷറഫാ ഖാന്‍ എന്ന സപ്നാ ദീദിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച മഹീന്ദ്ര മായ ഡോളസ് 

ദാവൂദ് ഇബ്രാഹിമിനെ കൊല്ലാന്‍ ആയുധവുമായി നടന്ന ഒരു യുവതിയുണ്ടായിരുന്നു, എണ്‍പതുകളിലെ ബോംബെയില്‍. പ്രാണനുതുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ കണ്മുന്നില്‍ വെടിവെച്ചു കൊല്ലാന്‍ പെണ്‍കരുത്ത്. ബോംബെയെ കിടുകിടാ വിറപ്പിച്ച ധീരവനിത. ശത്രുവിനെ ഇല്ലാതാക്കാനായി മാത്രം അധോലോകത്ത് എത്തിപ്പെട്ട ലേഡി ഡോണ്‍. അഷറഫ ഖാന്‍ അഥവാ സപ്ന ദീദി -അതായിരുന്നു അവളുടെ പേര്.

യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ അംഗമായിരുന്നു അഷറഫ ഖാന്‍. അച്ചടക്കവും വിനയവും കാത്തുസൂക്ഷിച്ച പെണ്‍കുട്ടി. നാണംകുണുങ്ങി. ബുര്‍ഖയില്‍ മാത്രമേ അവളെ പുറംലോകം കണ്ടിട്ടുള്ളൂ.

പുറംലോകത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്ത വീട്ടമ്മയായി കഴിയുമ്പോഴാണ് ജീവിതത്തെ മാറ്റിമറിച്ച ചില സംഭവങ്ങള്‍ അവളെ അധോലോകത്തേക്ക് എടുത്തെറിഞ്ഞത്.

ജീവിതം മാറ്റിയെഴുതിയ ആദ്യ സംഭവം

അത് നടന്നത് ഒരു കൂട്ടുകാരിയുടെ വിവാഹത്തിനു പോയപ്പോഴാണ്. ഹാളില്‍ നിറയെ ആളുകള്‍. അവരില്‍ നഗരത്തിലെ പ്രധാനികള്‍. സംഗീതവും നൃത്തവും ബഹളമയമാക്കിയ സായാഹ്‌നം. തിരക്കില്‍നിന്നു മാറി ഒരറ്റത്ത് നില്‍ക്കുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറിനിന്ന് ഒരു ചെറുപ്പക്കാരന്‍ തന്നെ നോക്കിനില്‍ക്കുന്നത് അഷറഫ ശ്രദ്ധിച്ചത്. സഹജമായ േപ്രരണയാല്‍ അവള്‍ അവന്റെ കണ്‍വെട്ടത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ അയാള്‍ അവളുടെ മുന്നിലേക്ക് വന്നുനില്‍ക്കാന്‍ ശ്രമിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ധരിച്ച അവനെ അഷറഫയും നോക്കിനിന്നുപോയി. സകല ബഹളങ്ങളില്‍ നിന്നും വേറിട്ടുനിന്ന്, പരസ്പരം നോക്കിനില്‍ക്കുന്ന ഇരുവരിലും പ്രണയത്തിന്റെ ഉഷ്ണക്കാറ്റ് വീശിയിരിക്കണം. ഒരാള്‍ മറ്റൊരാളില്‍ വീണുപോകുന്ന അവസ്ഥ.

മെഹമൂദ് ഖാന്‍ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. അന്ന് രാത്രി വിവാഹം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയിട്ടും, മെഹമൂദ് ആ മാനസികാവസ്ഥയില്‍നിന്ന് കരകയറിയില്ല. അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ അവളില്‍ ആണ്ടുപോയിരുന്നു. പൊറുതികെട്ട അയാള്‍ കൂട്ടുകാരന്‍ വഴി അഷറഫയുമായുള്ള വിവാഹാലോചനയ്ക്ക് ശ്രമിച്ചു.

മകള്‍ക്ക് ആലോചനയുമായി വന്ന പയ്യനെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. ദുബായില്‍ ബിസിനസ്സുകാരന്‍. സുന്ദരന്‍, സമ്പന്നന്‍. വിവാഹബന്ധത്തിന് അഷറഫയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമുണ്ടായില്ല. താമസിയാതെ അഷറഫയെ മെഹമൂദ് ഖാന്‍ വിവാഹം ചെയ്തു.

സ്‌നേഹസമ്പന്നനായിരുന്നു മെഹമൂദ്. അസൂയപ്പെടുത്തുന്നതായിരുന്നു അവരുടെ ദാമ്പത്യം. പ്രണയവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍. വിവാഹശേഷം ഭര്‍ത്താവിന്റെ പേരില്‍ അമിതമായി പണം എത്തുമ്പോള്‍, ദുബായിലേക്ക് അയാള്‍ ഇടയ്ക്കിടെ പോയിവരുമ്പോള്‍, അതീവരഹസ്യമായി ആരോടൊക്കെയോ അയാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍, അപരിചിതര്‍ പലരും വീട്ടില്‍ വന്നുപോകുമ്പോള്‍, അവരോടൊപ്പം അയാള്‍ തിരക്കിട്ടു പുറത്തേക്ക് പോകുമ്പോള്‍ എന്താണ് നടക്കുന്നത് എന്നൊന്നും അഷറഫ അന്വേഷിച്ചില്ല. അച്ചടക്കമുള്ള ഭാര്യയായി അവള്‍ വീട്ടില്‍ ഒതുങ്ങി. അഞ്ചുവര്‍ഷം അങ്ങനെപ്പോയി.

 

 

ജീവിതം മാറ്റിയെഴുതിയ രണ്ടാമത്തെ സംഭവം

ദുബായ് യാത്രകഴിഞ്ഞ് ബോംബയില്‍ വന്നിറങ്ങുന്ന ഭര്‍ത്താവിനെ സ്വീകരിക്കാന്‍ അഷറഫ സാന്താക്രൂസ് എയര്‍പ്പോര്‍ട്ടിലേക്കു പോയപ്പോഴായിരുന്നു അത്. സമയം പുലര്‍ച്ചെ നാലുമണി. വിമാനമിറങ്ങി വന്ന മെഹമൂദിനൊപ്പം നാഗ്പടയിലേക്ക് പോകാന്‍ അവള്‍ ടാക്‌സി ലോഞ്ചില്‍ എത്തി. പെട്ടെന്ന് നാലു പോലീസുകാര്‍ അവരെ വളഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ അമോല്‍ജി, മെഹമൂദ് ഖാനെ വെടിവെച്ച് വീഴ്ത്തി. പിന്നെ നാടകീയമായ സംഭവങ്ങള്‍. മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ ഒരു ആംബുലന്‍സ് വന്ന് മെഹമൂദിനെ കടത്തിക്കൊണ്ടുപോയി. എന്ത് നടക്കുന്നു എന്നറിയാതെ പകച്ചുപോയ അഷറഫ ആ സംഭവങ്ങള്‍ക്കിടയില്‍ ബോധരഹിതയായി വീണുപോയി.

ഭര്‍ത്താവിനെ എവിടെ കൊണ്ടുപോയെന്ന ഒരു വിവരവുമില്ല. അവള്‍ നഗരത്തിലെ ആശുപത്രികളികള്‍ തോറും അലഞ്ഞു. അവസാനം ജെജെ ആശുപത്രി മോര്‍ച്ചറിയില്‍, ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കണ്ട് അവള്‍ തളര്‍ന്നുപോയി. എന്താണ് സംഭവിച്ചതെന്നോ ഭര്‍ത്താവിനെ എന്തിനാണ് പൊലീസ് കൊന്നതെന്നോ അവള്‍ക്ക് മനസ്സിലായില്ല. ചുറ്റുമുള്ള മറ്റുള്ളവരും ഇരുട്ടില്‍ തപ്പി. അന്നുരാത്രി അവള്‍ക്കൊരു രഹസ്യവിവരം കിട്ടി. മെഹമൂദ് ദുബായില്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായി പ്രവര്‍ത്തിക്കുകയായിരുന്നു!

പക്ഷേ പോലീസ് തന്റെ ഭര്‍ത്താവിനെ വെടിവെച്ചു കൊല്ലാനുള്ള കാരണമെന്താണെന്ന് മാത്രം അവള്‍ക്ക് പിടികിട്ടിയില്ല. അത് അറിയാവുന്നത് മൂന്നുപേര്‍ക്ക് മാത്രമായിരുന്നു. ദാവൂദിനും ഇമ്മാനുവല്‍ സാമുവല്‍ അമോല്‍ജി എന്ന പോലീസ് ഓഫീസര്‍ക്കും പിന്നെ മരണപ്പെട്ട മെഹമൂദിനും.

പിറ്റേന്ന് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി. മെഹമൂദ് ഖാന്‍ എന്ന മെഹമൂദ് കാലിയ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടതായി അവര്‍ വിശദീകരിച്ചു. ടാക്‌സിയിലേക്ക് കാലെടുത്തു വെക്കുന്നതിനിടെ പൊലീസ് നിഷ്‌ക്കരുണം വെടിവെച്ചു കൊന്നത് എങ്ങനെ ഏറ്റുമുട്ടല്‍ കൊലയായി മാറി എന്നോര്‍ത്ത് അഷറഫ അമ്പരന്നു. പോലീസില്‍ അവള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടു.

ആഴ്ചകള്‍ കൊണ്ട് അഷറഫ പുതിയ അവസ്ഥയുമായി പൊരുത്തപ്പെട്ടു. പക്ഷേ, പ്രതികാരം അവളുടെ ഉള്ളില്‍ കനലുപോലെ എരിഞ്ഞു. ഭര്‍ത്താവിന്റെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അവള്‍ തീരുമാനിച്ചു. പ്രിയതമനെ കൊന്നത് ഏത് കൊമ്പനായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നവള്‍ ഉറച്ചു. അതുവരെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളിലും പര്‍ദ്ദയ്ക്കുള്ളിലും ജീവിച്ച ആ വീട്ടമ്മ രണ്ടും കല്‍പ്പിച്ചിറങ്ങി. ആദ്യം ചെന്നുകണ്ടത്, ഭര്‍ത്താവിന്റെ ഉറ്റ ചങ്ങാതിയും ദാവൂദ് ഇബ്രാഹിമിന്റെ എതിരാളിയുമായ ഹുസൈന്‍ ഉസ്രയെ. ബോംബെ പോലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന 'ഖബറി'കളില്‍ ഒരാളായിരുന്നു ഹുസൈന്‍.

ജീവിതം മാറ്റിയെഴുതിയ മൂന്നാമത്തെ സംഭവം

ഹുസൈന്റെ വെളിപ്പെടുത്തലുകളായിരുന്നു അത്. ആ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ കുരുക്കഴിച്ചു കൊടുത്തു, അന്നയാള്‍. അതവളില്‍ പകയും പ്രതികാരവും നിറച്ചു. ഹുസൈന്‍ അവളോട് നടന്നതെല്ലാം തുറന്നുപറഞ്ഞു. ദാവൂദുമായി അടുത്ത കാലത്ത് രണ്ട് വിഷയങ്ങളില്‍ മെഹമൂദ് ഇടഞ്ഞിരുന്നു. ഒന്ന്, ദാവൂദിന്റെ ഗ്രൂപ്പില്‍നിന്നും മാറി സ്വന്തം അധോലോക ഗ്രൂപ്പ് ഉണ്ടാക്കാന്‍ മെഹമൂദ് ആഗ്രഹിച്ചു. മറ്റൊന്ന് ഒരു ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ദാവൂദിനോട് മെഹമൂദ് പറഞ്ഞതിലെ വിരോധം.

അതിനെന്തിന് കൊല്ലണം? അതും പൊലീസുകാര്‍? അഷറഫ തന്റെ ചോദ്യം ആവര്‍ത്തിച്ചു.

അതിന് ഹുസൈന്റെ കൈയില്‍ ഉത്തരമുണ്ടായിരുന്നു. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ മെഹമൂദ് അകന്നാല്‍ അത് നിലനില്‍പ്പിനു പോലും ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ ദാവൂദ് പോലീസിന് വന്‍തുക നല്‍കി കൊല നടത്തിയതാണെന്ന് ഹുസൈന്‍ പറഞ്ഞു.

അക്കാലത്ത് പോലീസിന് നേരെ ഉയര്‍ന്ന വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍. നേര്‍ക്കുനേര്‍ വെടിവെച്ച് കൊല്ലുക, പിന്നീടത് ഏറ്റുമുട്ടലാണെന്ന് വരുത്തിതീര്‍ക്കുക. അധോലോക സംഘാംഗങ്ങളെ വധിക്കാനാണ് പൊലീസ് ഈ തന്ത്രം പയറ്റാണ്. എന്നാല്‍, മാഫിയാ തലവന്മാര്‍ക്കു വേണ്ടി അവരുടെ ശത്രുക്കളെ ഒതുക്കാനും പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജമായി നടത്തിയിരുന്നു. കാശു വാങ്ങിയോ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങിയോ ആണ് ഇത്തരം കൊലകള്‍ പൊലീസ് ചെയ്തിരുന്നത്. അത്തരം ഒരു കൊലയായിരുന്നു മെഹമൂദിന്‍േറത്-ഹുസൈന്‍ വിശദീകരിച്ചു.

അയാളുടെ വാക്കുകള്‍ കേട്ട് അഷറഫ ഞെട്ടിപ്പോയി. ദാവൂദാണ് എല്ലാറ്റിനും കാരണം-അവള്‍ക്ക് മനസ്സിലായി. ഇതിന് പകരം വീട്ടണം. പക്ഷേ, ലോകത്ത് ഒരാളും സഹായിക്കാനുണ്ടാവില്ല. പൊലീസോ നീതിപീഠമോ സഹയത്തിന് എത്തില്ല. ദാവൂദിനെപ്പോലൊരാളോട് എതിരിടാന്‍ മറ്റാര്‍ക്കും ധൈര്യവും ഉണ്ടാവില്ല. ഹുസൈന്റെ വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ തന്നെ കൈവിടരുതെന്ന് അഷറഫ അയാളോട് ആവശ്യപ്പെട്ടു. ദാവൂദിന്റെ ശത്രുവായിരുന്ന ഹുസൈന്‍ ഒപ്പം നില്‍ക്കുമെന്ന് അവള്‍ക്ക് വാക്കുകൊടുത്തു.

 

 

ജീവിതം മാറ്റിയെഴുതിയ നാലാമത്തെ സംഭവം

പകയും പ്രതികാരവും കൊണ്ട് കണ്ണുകാണാതായി, ദാവൂദിനെതിരെ രണ്ടും കല്‍പ്പിച്ച് പോരാട്ടത്തിന് ഇറങ്ങിയതായിരുന്നു അത്. നിയമം തനിക്ക് അനുകൂലമാകില്ലെന്ന് അഷറഫ മനസ്സിലാക്കി. അതിനാല്‍ സ്വയം പോരാട്ടത്തിനിറങ്ങാന്‍ അവള്‍ തീരുമാനിച്ചു. ദാവൂദിന്റെ ശത്രുക്കളെ തന്റെ കൂടെ നിര്‍ത്തിയാലേ തനിക്ക് ആള്‍ബലമുണ്ടാവൂ എന്നവള്‍ കരുതി. ഹുസൈന്റെ അഭിപ്രായപ്രകാരം, അവള്‍ ദാവൂദിന്റെ കടുത്ത എതിരാളിയായിരുന്ന അരുണ്‍ ഗാവ്‌ലിയെ പോയിക്കണ്ടു. എന്നാല്‍, ഗാവ്‌ലിക്ക് അവളുടെ കഥ വിശ്വസനീയമായി തോന്നിയില്ല. ഒരു മുസ്‌ലിം സ്ത്രീയുടെ കൂടെ ദാവൂദിനോട് പോരാടാന്‍ പറ്റില്ല എന്നയാള്‍ പറഞ്ഞു.

അതോടെ, സ്വയം ഒരായുധമായി മാറാന്‍ അവള്‍ തീരുമാനിച്ചു. അതിനാദ്യം വേണ്ടത് കരുത്തുള്ള ശരീരമാണ്. ഒപ്പം, ആയുധപരിശീലനവും. ഹുസൈനെ അവള്‍ അതിനായി സഹായിച്ചു. കാലങ്ങളായി അധോേലാകത്തിന്റെ ഭാഗമായിരുന്ന ഹുസൈന്‍ സഹായിക്കാമെന്നേറ്റു. അഷറഫ ആയോധനകലയില്‍ പരിശീലനം തുടങ്ങി. ഒപ്പം, ആയുധപരിശീലനവും. പതിയെ, റൈഫിളും ഗ്രനേഡും എങ്ങനെ ഉപയോഗിക്കാമെന്ന് അവള്‍ പഠിച്ചു. ഒപ്പം, കാറും ബൈക്കുമെല്ലാം ഓടിക്കാനും പഠിച്ചു. പോരാട്ടത്തിനു വേണ്ടതെല്ലാം അവള്‍ പതിയെ സ്വായത്തമാക്കി.

അവിടെ തീര്‍ന്നില്ല അവളുടെ മാറ്റം. ബുര്‍ഖ ഊരിവെച്ച് അവള്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചു. അഷറഫ ഖാന്‍ എന്ന പേരും മാറ്റി. അതിനുകാരണം ഗാവ്‌ലിയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. മുസ്‌ലിം സ്ത്രീ എന്നതാണ് ഗാവ്‌ലിയ്ക്ക് പ്രധാന തടസ്സമായത് എന്നവള്‍ കരുതി. സ്വപ്‌നങ്ങള്‍ക്കു വേണ്ടിയുള്ള പുനര്‍ജന്‍മം എന്ന അര്‍ത്ഥത്തില്‍ അവള്‍ സപ്‌ന എന്ന് പേരുമാറ്റി. പില്‍ക്കാലം അവള്‍ സപ്ന ദീദിയായി. ഹുസൈന്‍ പല സമയത്തായി അധോലോകത്തിന്റെ ഉള്‍പ്പിരിവുകളും പ്രധാന വരുമാനമാര്‍ഗങ്ങളുമെല്ലാം അവള്‍ക്ക് പറഞ്ഞുകൊടുത്തു.

അഷറഫ എന്ന പാവം പെണ്‍കുട്ടി അതോടെ അടിമുടി മാറി. അവള്‍ തെരുവിലൂടെ ബൈെേക്കാടിച്ചുപോകുന്നത് ആളുകള്‍ അത്ഭുതത്തോടെ നോക്കിനിന്നു. പര്‍ദ്ദയണിഞ്ഞ ഒരുവളില്‍നിന്നും ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ സപ്നയെന്ന മോഡേണ്‍ഗേളിലേക്കുള്ള മാറ്റം അവളെ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമാക്കി. തന്റെ ഭര്‍ത്താവിനെ കൊന്ന പോലീസ് ഓഫീസര്‍ അമോല്‍ജിക്കെതിരെ അഷറഫ നിയമ നടപടിക്കൊരുങ്ങി. ഹൈക്കോടതിയില്‍ അവളാരു പരാതി നല്‍കി. ഒപ്പം പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ആ പരാതി ഗൗരവമായി സ്വീകരിക്കപ്പെട്ടു. ഡിജിപി വൈകാതെ ഈ വിഷയത്തില്‍ ഉന്നത പോലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. പൊലീസ് പുനരന്വേഷണം തുടങ്ങി.

അപ്പോഴും നിഷ്‌കളങ്കമായ ഒരു മനസ്സ് തന്നെയായിരുന്നു അവള്‍ക്ക്. വലിയൊരു പോരാട്ടത്തിന് ഇറങ്ങുമ്പോഴും ബാലിശമായ സ്വപ്നങ്ങള്‍ അവള്‍ കൊണ്ടുനടന്നു.

ദാവൂദിന് കൊലയുമായി ബന്ധമുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളെ ബോംബയില്‍ എത്തിക്കും. അപ്പോള്‍ അയാളെ വധിക്കാം. ഹുസൈനുമായി ചേര്‍ന്നു ദാവൂദിന്റെ എല്ലാ രഹസ്യ ഇടപാടുകളെക്കുറിച്ചും പോലീസിന് വിവരം നല്‍കാം. അങ്ങനെ അയാളുടെ എല്ലാ അനധികൃത സ്ഥാപനങ്ങളും തകര്‍ക്കാം-ഇതൊക്കെയായിരുന്നു അവളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അതൊന്നും എളുപ്പമല്ല എന്നവള്‍ വൈകാതെ തിരിച്ചറിഞ്ഞു. അനവധി വാറണ്ടുകള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ വന്ന് കോടതിയില്‍ ഹാജരാവാതെ ദുബായില്‍ സുഖജീവിതം നയിക്കുന്ന ദാവൂദിനെ മുംബൈയില്‍ എത്തിക്കുക നടപ്പുള്ള കാര്യമല്ലല്ലോ.

ദാവൂദിനെ തകര്‍ക്കാന്‍ വലിയ സന്നാഹങ്ങള്‍ വേണം. അതിന് പണം വേണം, ആയുധങ്ങള്‍ വേണം, നല്ലൊരു സംഘം വേണം. ഹുസൈന്റെ കൂടി സഹായത്തോടെ അവള്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തി. അവള്‍ പലരെയും ചെന്നുകണ്ടു. പതിയെ, ഊര്‍ജ്ജ്വസ്വലരും ധൈര്യശാലികളുമായ കുറച്ചു യുവാക്കളെ അവള്‍ കണ്ടെത്തി. ആവശ്യത്തിന് ആയുധങ്ങളും ഓപ്പറേഷനുള്ള പണവും അവള്‍ സംഘടിപ്പിച്ചു.

അതിനിടയില്‍ അഷറഫ മഹാരാഷ്ട്ര പോലീസിലെ ഒരുദ്യോഗസ്ഥനെ വിവാഹംചെയ്തു. നിസാര്‍ഖാന്‍ എന്നായിരുന്നു ആ പൊലീസ് ഉദ്യോഗസ്ഥന്റെ പേര്. ആ പോലീസ് ബന്ധം തനിക്ക് പിന്‍ബലമാവും എന്നവള്‍ കണക്കുകൂട്ടി. സ്വയം രക്ഷയ്ക്കുവേണ്ടിയുള്ള കരുതല്‍ കൂടിയായിരുന്നു അത്.

ജീവിതം മാറ്റിയെഴുതിയ അഞ്ചാമത്തെ സംഭവം

ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം നടക്കുന്ന സമയമായിരുന്നു. അത് കാണാന്‍ കയ്യില്‍ ആയുധങ്ങള്‍ കരുതാതെ ദാവൂദ് വരും. മത്സരം കൊഴുക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന ദാവൂദ് അവിടെ പതിവ് കാഴ്ചയായിരുന്നു. അതായിരുന്നു അവളുടെ പ്ലാനിന്റെ കേന്ദ്രബിന്ദു. ദാവൂദിനെ വധിക്കാന്‍ ഒരു സംഘത്തെ അവിടേക്ക് അയക്കാന്‍ അവള്‍ പദ്ധതിയിട്ടു. ആ സംഘം മൂന്ന് ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് സ്‌റ്റേഡിയത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിലയുറപ്പിക്കണം. ഒരു സംഘം കാണികള്‍ക്കിടയില്‍ വെടിവെപ്പും ബഹളവുമുണ്ടാക്കണം. മറ്റൊരു സംഘം ദാവൂദിന്റെ കൂട്ടാളികളെ നേരിടണം. അടുത്ത സംഘം ദാവൂദിനെ ലക്ഷ്യം വെക്കണം. അതായിരുന്നു പ്ലാന്‍.

എന്നാല്‍, നടപ്പാക്കും മുമ്പേ ഈ പ്ലാന്‍ ദാവൂദിന് ചോര്‍ന്നു. ദാവൂദും കൂട്ടരും വേണ്ട ഒരുക്കങ്ങള്‍ നടത്തി. അങ്ങനെ അവളുടെ സംഘത്തിലെ ഒരു സംഘം ചെറുപ്പക്കാര്‍ ഷാര്‍ജ സ്‌റ്റേഡിയത്തിലെത്തി. അവരുടെ കൈയിലെ കുടകള്‍ക്കുള്ളിലും കുടിവെള്ളക്കുപ്പികളിലും തോക്കുകളുണ്ടായിരുന്നു. നൃത്തവും പാട്ടും നടക്കുന്ന വിഐപി ഗാലറിയില്‍, ആരാധകര്‍ക്കിടയില്‍ അവര്‍ ദാവൂദിനെ കണ്ടു. കളി തുടങ്ങി. പതിയെ പ്ലാന്‍ പ്രകാരം അവര്‍ കാര്യങ്ങള്‍ തുടങ്ങി. കാണികള്‍ പരിഭ്രാന്തരായി ഓടിയെങ്കിലും, അടുത്ത ക്ഷണം ദാവൂദിന്റെ ആളുകളും പൊലീസും അവരെ കീഴ്‌പ്പെടുത്തി. ദാവൂദ് രക്ഷപ്പെട്ടു. അക്രമിസംഘത്തെ ദുബായ പൊലീസ് പിടികൂടി ജയിലിലാക്കി. ശിക്ഷ കഴിഞ്ഞ ശേഷം അവരെ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു.

ശിക്ഷ കഴിഞ്ഞ് ബോംബെയില്‍ എത്തിയ സപ്നയുടെ സംഘം അടങ്ങിനിന്നില്ല. അവര്‍ ഡി-കമ്പനിയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ മുഴുകി. ദാവൂദിന് നഗരത്തിലുടനീളം ബിനാമി പേരുകളില്‍ ചൂതുകളി കേന്ദ്രങ്ങളും ഡാന്‍സ് ബാറുകളും മയക്കുമരുന്ന് കേന്ദ്രങ്ങളുമുണ്ട്. അവ പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചു. ക്രൈംബ്രാഞ്ചിനു വിവരം നല്‍കി കുറേ സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ചിലത് സപ്‌നയുടെ സംഘാംഗങ്ങള്‍ ഇടപെട്ട് പൂട്ടിച്ചു. അവരോടൊപ്പം സപ്നയും കൂടി. നേപ്പാളില്‍നിന്നു ദാവൂദിന് വരുന്ന കള്ളത്തോക്കുകള്‍ പിടിച്ചെടുക്കാനും അവര്‍ ശ്രമിച്ചു. ദാവൂദിന് ചെറിയ രീതിയില്‍ നഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്നു. ദാവൂദ് സംഘത്തിലെ പലരും അകത്താകാന്‍ തുടങ്ങി.

ഇതിനിടെ മറ്റു പല കാര്യങ്ങളും നടക്കുന്നുണ്ടായിരുന്നു. തുടക്കം മുതല്‍ അവള്‍ക്കൊപ്പം ഉറച്ചുനിന്ന ഹുസൈന്‍ അവളുമായി പിണങ്ങിപ്പോയി. രണ്ടാം ഭര്‍ത്താവായ നിസാര്‍ ഖാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനും അവളില്‍ നിന്നും അകന്നു. പക്ഷേ, അതിനകം അവള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, ബിസിനസ് തലങ്ങളിലെ അനവധി പ്രമുഖരുമായി അടുപ്പം സ്ഥാപിച്ചിരുന്നു. തന്റെ ഉദ്യമം നിറവേറ്റാന്‍ അത് സഹായകമാവുമെന്ന് അവള്‍ കരുതി. പക്ഷേ, കാര്യമായൊന്നും നടന്നില്ല. പക്ഷേ, അവള്‍ ശ്രമങ്ങള്‍ തുടര്‍ന്നു.

മെഹമൂദിന്റെ വിധവ തനിക്കെതിരെ നടത്തുന്ന പടയൊരുക്കമ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല ദാവൂദിന്. ആ ഭീഷണി ഇല്ലാതാക്കാന്‍ തന്നെ ദാവൂദ് തീരുമാനിച്ചു. സപ്നയെ കൊല്ലാന്‍ ഇജാസ് പത്താന്‍ എന്ന കൊലയാളിയെ അയാള്‍ നിയോഗിച്ചു. കൊലയെ ഉന്മാദമായി കൊണ്ടുനടക്കുന്ന ഇജാസ് എന്ന ഭീകരന്‍ അതിനുവേണ്ടി വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്ന ആളല്ല. പകരം, നേരിട്ട് ചെന്ന് പ്രതിയോഗികളെ പൈശാചികമായി കൊത്തിനുറുക്കുകയാണ് അയാളുടെ രീതി.

ജീവിതം മാറ്റിയെഴുതിയ ആറാമത്തെ സംഭവം

അതിസാധാരണമായി കഴിഞ്ഞുപോവുമായിരുന്ന അവളുടെ ജീവിതത്തെ അസാധാരണമായ ഒന്നാക്കിയത് കാലമായിരുന്നു. നിര്‍ണായകമായ അഞ്ച് സംഭവങ്ങള്‍ കൊണ്ട് ജീവിതം മാറ്റിയെഴുതപ്പെട്ട അവള്‍ക്ക് പൂര്‍ണ്ണവിരാമമിട്ടതും അതേ കാലം തന്നെ.

1994 ഫിബ്രുവരിയിലെ ഒരു റംസാന്‍ പ്രഭാതം. ഇജാസും കൂട്ടരും നാഗ്പടയിലെ അവളുടെ വീടിന്റെ കതകില്‍ ചെന്നുമുട്ടി. വ്രതത്തില്‍ കഴിയുകയായിരുന്ന സപ്നയെ വധിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു. ഇജാസ് കതക് ചവിട്ടിത്തുറന്ന് അവളെ ആക്രമിച്ചു. 22 വെട്ടുകള്‍. പിടഞ്ഞു വീണപ്പോള്‍ അവള്‍ ഒച്ചവെച്ച് അയല്‍ക്കാരെ വിളിച്ചുകൂട്ടാന്‍ ശ്രമം നടത്തി. പക്ഷേ, ഭയം കാരണം ആരും അടുത്തില്ല. എല്ലാത്തിനും വിരാമമായി.

ലാഭനഷ്ടങ്ങളുടെ കണക്കുവെച്ച് നോക്കിയാല്‍ സപ്‌ന എന്ന അഷറഫയുടെ ജീവിതം പരാജയമായിരുന്നു. അവള്‍ക്കൊരിക്കലും ലക്ഷ്യത്തില്‍ എത്താനായില്ല. എന്നാല്‍, അവളൊരു സാധാരണ സ്ത്രീയായിരുന്നു. അവളുടെ ശത്രു ലോകം കണ്ട ഏറ്റവും വലിയ ക്രിമിനല്‍ സംഘങ്ങളിലൊന്നിന്റെ തലവനും. അധികാരവും പണവും ആള്‍ബലവുമെല്ലാം ദാവൂദിനായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്നാണ് സപ്‌ന ചെറിയൊരു സംഘത്തെ ഉണ്ടാക്കിയത്. ദാവൂദിനെ കൊല്ലാനായില്ലെങ്കിലും അയാള്‍ക്കും ഡി കമ്പനിക്കും അലോസരമുണ്ടാക്കാന്‍ അവള്‍ക്കു കഴിഞ്ഞു. മുംബൈ അധോലോക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരധ്യായമായി അവള്‍ മാറി.

ഈ സവിശേഷതകള്‍ തന്നെയാണ് വിശാല്‍ ഭരദ്വാജിനെ അഷറഫയിലേക്ക് എത്തിച്ചത്. അവളുടെ കഥ പറയുന്ന ഓ റോമിയോ എന്ന സിനിമ ഇക്കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. എന്നാല്‍, അവളുടെ കഥയല്ല, അതില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട ഒരു തട്ടുപൊളിപ്പന്‍ സിനിമയായിരുന്നു വിശാല്‍ ഭരദ്വാജ് നിര്‍മിച്ചത്. തൃപ്തി ദിംരിയായിരുന്നു അഷറഫയെ ഓര്‍മ്മിപ്പിക്കുന്ന അഫ്ഷാന്‍ എന്ന കഥാപാത്രമായത്. ഹുസൈന്‍ ഉസ്രയെ ഓര്‍മ്മിപ്പിക്കുന്ന ഉത്‌സാര എന്ന കഥാപാത്രമായത് ഷാഹിദ് കപൂറാണ്.

 

………………………………..

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ; യുദ്ധം എങ്ങനെ തീർക്കണമെന്നറിയാതെ കുഴങ്ങുന്ന ട്രംപ്, പ്രതിഷേധം കനക്കുന്ന യുഎസ്
ഇറാൻ യുദ്ധത്തിനിടെ അഫ്ഗാൻ അക്രമിച്ച് പാകിസ്ഥാൻ; ഏഷ്യയിൽ പുതിയ രാഷ്ട്രീയ തന്ത്രം?