
ഇറാന് നേരെയുള്ള സൈനിക നടപടി അവസാനിപ്പിക്കാൻ ആലോചിക്കുകയാണെന്ന് പറഞ്ഞു അമേരിക്കൻ പ്രസിഡന്‍റ്.ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷ മറ്റുള്ളവർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്ക അതുപയോഗിക്കാറില്ലെന്നും. തങ്ങളുടെ ലക്ഷ്യം കൈവരിച്ചുവെന്നുമാണ് അറിയിപ്പ്. ഇറാന്‍റെ 140 ബില്യൻ ബാരൽ എണ്ണക്കുള്ള ഉപരോധം പിൻവലിച്ചശേഷമാണ് ട്രംപിന്‍റെ പ്രസ്താവന. എണ്ണവില ആകാശം തൊട്ടതോടെയാണ് തീരുമാനമുണ്ടായത്.
പക്ഷേ, പെന്‍റഗണിന്‍റെ നീക്കങ്ങൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. 2,500 മറീനുകളെയും യുദ്ധക്കപ്പലുകളും അയക്കുകയാണ് മേഖലയിലേക്ക്. MEU എന്ന Marine Expeditionary Unit, Tripoli Amphibious Ready Group (ARG) എന്നിവയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. 2,200 മറീനുകളും നാവികരും ഉൾപ്പെടുന്നതാണ് MEU. Amphibious Ready കൂടിയാകുമ്പോൾ അത് 4,500 ആകും. 11 th MEU ആണിത്. കരയിലും കടലിലും സ്പെഷ്യൽ ഓപ്പറേഷൻസിന് കഴിവുള്ള യൂണിറ്റ്. ഏത് കാലാവസ്ഥയിലും പ്രവർത്തിക്കാനാകും. അപ്പോൾ ട്രംപിന്‍റെ പ്രസ്താവന എന്തിനെന്ന് ആലോചിക്കണം.
ഖർഗ് ദ്വീപ് ഉപരോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നതും പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ഇറാൻ ഈ പ്രസ്താവന ഗൗരവമായി എടുത്തിട്ടില്ല. യുദ്ധം വിജയിച്ചു എന്ന് ട്രംപ് പറയാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇറാൻ എന്തായാലും ആക്രമണങ്ങളും തുടരുകയാണ്. അമേരിക്കൻ യുകെ സംയുക്ത സൈനിക ആസ്ഥാനമായ ഡീഗോ ഗാർസിയയ്ക്ക് (Diego Garcia) നേരെയും മിസൈൽ അയച്ചു. പക്ഷേ, വീണില്ല. ഇറാൻ തീരത്ത് നിന്ന് 2,370 മൈൽ അകലയുള്ള ചാഗോസ് ദ്വീപ് (Chagos Islands) സമൂഹത്തിലാണ് ഡീഗോ ഗാർസിയ. ഗൾഫ് രാജ്യങ്ങളിലെല്ലാം മിസൈലുകളും ഡ്രോണുകളും വീഴുന്നുണ്ട്. ഇറാന് മുന്നറിയിപ്പും നൽകി യുഎഇ. ക്ഷമയ്ക്ക് പരിധിയുണ്ടെന്ന്. ഇറാന്‍റെ മിസൈലുകൾ വീണ് അമേരിക്കൻ സൈനികാസ്ഥാനങ്ങളിൽ 800 മില്യണിന്‍റെ നാശമുണ്ടായി എന്നാണ് കണക്ക്. ഹോർമൂസിന്‍റെ സുരക്ഷക്കായി ആക്രമണം നടത്താൻ തങ്ങളുടെ സൈനികാസ്ഥാനം ഉപയോഗിക്കാൻ യുകെ അനുമതി നൽകി.
ആക്രമണങ്ങൾ തുടരുകയാണ് ഇറാൻ. ഖത്തറിലെ LNG കേന്ദ്രം വീണ്ടെടുക്കാൻ 5 വർഷമെടുക്കുമെന്നാണ് സർക്കാർ അറിയിച്ചത്. വർഷം 20 ബില്യണിന്‍റെ വരുമാനക്കുറവ്. ഇന്ത്യ, ജപ്പാൻ, തെക്കൻ കൊറിയ, ഇറ്റലി, ബെൽജിയം എന്നീ രാജ്യങ്ങൾ ആശ്രയിച്ചിരുന്നത് ഖത്തറിനെയാണ്. ആക്രമണം തിരിച്ചടിയാവുന്നത് ഈ രാജ്യങ്ങളെക്കൂടിയാണ്. റാസ് ലഫാൻ (Ras Laffan Industrial City) ആക്രമിച്ചത് ഇസ്രയേൽ ഇറാന്‍റെ എണ്ണപ്പാടം ആക്രമിച്ചതോടെയാണ്.
സൗത്ത് പാർസ് എണ്ണപ്പാടം (South Pars gas field) ഒരു കോംപ്ലക്സാണ്. ഇറാന്‍റെയും ഖത്തറിന്‍റെയും സംയുക്ത നിയന്ത്രണത്തിലുള്ളത്. തെക്ക് ഇറാൻ, വടക്ക് അതായത് നോർത്ത് ഫീൽഡ് (North Field) ഖത്തറിന്‍റെ നിയന്തണത്തിൽ. അതിലാണ് റാസ് ലഫാൻ. റാസ് ലഫാൻ, ഖത്തറിന്‍റെ LNG പ്രോസസിംഗ് കേന്ദ്രമാണ്. ആഗോളതലത്തിൽ LNG പവർഹൗസ്. സൗത്ത് പാർസ് ഇറാന്‍റെ ആഭ്യന്തരോപയോഗത്തിനുള്ള പ്രകൃതിവാതക കേന്ദ്രവും. റസ് ലഫാനിലെ നാശനഷ്ടം തീർത്ത് പുനരാരംഭിക്കാൻ 3 മുതൽ 5 വർഷം വരെയെടുക്കുമെന്നാണ് അറിയിപ്പ്. അതാണ് എണ്ണകേന്ദ്രങ്ങളിൽ ഇനി ആക്രമണം വേണ്ടെന്ന ട്രംപിന്‍റെ മുന്നറിയിപ്പിന് കാരണം. ഇന്ത്യക്ക് വേണ്ടുന്ന 47 ശതമാനം LNG തരുന്നത് റാസ് ലഫാനിൽ നിന്നാണ്.
തിരിച്ചടി കനത്തതോടെ ട്രംപ് ഇടപെട്ടു. തങ്ങൾക്കതിൽ പങ്കില്ലെന്നും അറിഞ്ഞില്ലെന്നും ട്രൂത്ത് സോഷ്യൽ പോസ്റ്റിട്ടു. ഇനി അത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കി. പക്ഷേ, ഒരു മുന്നറിയിപ്പുമുണ്ടായി അതിൽ, ഇനി ഖത്തറിനെ ആക്രമിച്ചാൽ ഇറാന്‍റെ എണ്ണപ്പാടം കത്തിച്ചുകളയുമെന്ന മുന്നറിയിപ്പ്.അതോടെ ഇസ്രയേലും ഒന്നു പിന്നോട്ട് പോയി. തങ്ങളുടെ മാത്രം തീരുമാനമായിരുന്നു എന്നും ഇനി എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നത് നിർത്തിവയ്ക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ഇസ്രയേലാണ് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴ്ചതെന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. 'ട്രംപിനോട് എന്തെങ്കിലും പറഞ്ഞു ചെയ്യിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?' എന്നായിരുന്നു മറുചോദ്യം.
അമേരിക്ക ലക്ഷ്യമിടുന്നത് ഇറാന്‍റെ സൈനിക ശക്തിയെയാണ്. അതിനേക്കാൾ തീവ്രമായി, ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത് പല തലങ്ങളിലെ നേതൃസംവിധാനത്തെയാണ്. അതാണ് ഇറാന്‍റെ ശക്തി. ഖമനേയിയുടെ മരണശേഷവും ഭരണസംവിധാനം തകരാതെ മുന്നോട്ടുപോകുന്നത് ഇറാന്‍റെ പല തട്ടിലെ സംവിധാനങ്ങൾ കാരണമാണ്. ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമെന്നത് നെതന്യാഹു മറച്ചുവയ്ക്കുന്നില്ല. ഇസ്രേയലിന്‍റെ വിനാശം ആഗ്രഹിക്കുന്ന സർക്കാർ ഇറാനിൽ വേണ്ടെന്നാണ് നെതന്യാഹുവിന്‍റെയും ഒപ്പമുള്ള തീവ്രപക്ഷക്കാരുടെയും നിലപാട്. നെതന്യാഹുവിന് പ്രധാനമന്ത്രിയായി അടുത്ത ഊഴം ഉറപ്പിക്കും ഈ യുദ്ധം.
പക്ഷേ, അമേരിക്കൻ പ്രസിഡന്‍റിന് ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാനാണ് സാധ്യത. അമേരിക്കയിൽ ഇസ്രയേലിനോട് തന്നെ പിന്തുണ കുറഞ്ഞുവരുന്നു എന്നാണ് റിപ്പോർട്ടുകൾ. റിപബ്ലിക്കൻ പാർട്ടിയിലും എതിർപ്പുകൾ കൂടിവരുന്നു. യുദ്ധത്തിന്‍റെ ആദ്യത്തെ ആഴ്ച മാത്രം അമേരിക്കയ്ക്ക് ചെലവായത് 11 ബില്യനാണ്. ഇനിയും 200 ബില്യൻ ഫണ്ടെന്ന ആവശ്യം പെന്‍റഗൺ മുന്നോട്ടുവച്ചു കഴിഞ്ഞു. അത് കോൺഗ്രസിനോട് ചോദിക്കണം. പക്ഷേ, കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കോൺഗ്രസിന്‍റെ അനുവാദം തേടാതെയാണ് പ്രസിഡന്‍റ് യുദ്ധം തുടങ്ങിയത്. ഇനി വേണം അത് ചോദിക്കാൻ. പെന്‍റഗണും വൈറ്റ് ഹൗസും യുദ്ധത്തിന് കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടില്ല. അതിലും കോൺഗ്രസിന് ആശങ്കയുണ്ട്. ഫണ്ട് ചോദിച്ചാൽ അനുവാദം കൊടുക്കില്ലെന്നാണ് കടുത്ത ട്രംപ് അനുയായികൾ തന്നെ അറിയിച്ചിരിക്കുന്നത്. ദേശീയ കടം മാനംമുട്ടിയിരിക്കയാണ്. രാജ്യത്തിന് ആവശ്യമില്ലാത്ത യുദ്ധങ്ങൾക്കായി കൂടുതൽ കടബാധ്യത വരുത്തിവയ്ക്കുന്നതിൽ ഒരു താൽപര്യവുമില്ല പലർക്കും.
അഭിപ്രായ വ്യതാസങ്ങളുടെ പേരിലാണ് ഭീകരവാദ വിരുദ്ധ ഉദ്യോഗസ്ഥൻ ജോ കെന്‍റ് (Joe Kent) രാജിവച്ചത്. ഇറാൻ രാജ്യത്തിനൊരു ഭീഷണിയേ ആയിരുന്നില്ലെന്ന് എക്സിൽ പോസ്റ്റിട്ടായിരുന്നു രാജി. അതെല്ലാം തള്ളിക്കളഞ്ഞു പ്രസിഡന്‍റും വൈറ്റ് ഹൗസും. കെന്‍റിനെയും പ്രസിഡന്‍റ് തള്ളിപ്പറഞ്ഞു. പീസ്മേക്കർ പ്രസിഡന്‍റ് എന്ന പ്രതിഛായ തീർക്കാൻ ശ്രമിച്ച ട്രംപ് അതൊക്കെ വേണ്ടെന്നുവച്ച് യുദ്ധത്തിനിറങ്ങിയതിൽ എതിർപ്പ് ചെറുതല്ല, പാർട്ടിക്കുള്ളിലും പുറത്തും. അതിന്‍റെ തിരിച്ചടി കിട്ടുക ഇടക്കാല തെരഞ്ഞെടുപ്പിലാവും എന്ന ആശങ്കയാണ് പാർട്ടിക്ക്. എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് പകരം സൈന്യത്തെ ഇറക്കാൻ ആലോചിക്കുന്നതിൽ ഇരട്ടിയാണ് എതിർപ്പും ആശങ്കയും. പരസ്യമാക്കാൻ മടിക്കുന്നവർ രഹസ്യമായി പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, എങ്ങനെ അവസാനിപ്പിക്കണമെന്നതിൽ പ്രസിഡന്‍റിനും വലിയ നിശ്ചയമില്ലെന്നാണ് നിഗമനം.