മരണത്തെ ഭയക്കുന്ന ഡോണുകള്‍, പിറകെ പാഞ്ഞ വെടിയുണ്ടകള്‍; അധോലോക കുറിപ്പുകള്‍ക്ക് ഒരാമുഖം

Published : Jan 13, 2026, 08:01 PM IST
Adholokam column by balan thaliyil

Synopsis

പുതുവര്‍ഷത്തില്‍ പുതിയ കോളം. 'അധോലോകം: മരണം പിന്തുടര്‍ന്ന ബോംബെ നാളുകള്‍.' ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം ആരംഭിക്കുന്നു.Mumbai Underworld | Balan Thaliyil | Column  

പുതുവര്‍ഷത്തില്‍ പുതിയ കോളം. 'അധോലോകം: മരണം പിന്തുടര്‍ന്ന ബോംബെ നാളുകള്‍.' ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം ആരംഭിക്കുന്നു. ഇത്തവണ കുറിപ്പുകള്‍ക്കുള്ള ആമുഖമാണ്. ബോംബെയെ വിറപ്പിച്ച കാലിയ ആന്റണി മുതല്‍ ബഡാരാജന്‍ വരെയുള്ള 18 പേരുടെ ജീവിതമാണ് 19 ഭാഗങ്ങളുള്ള ഈ കോളത്തില്‍ വരുന്നത്. അമര്‍ നായിക്, അബ്ദുല്‍ കുഞ്ഞ്, ശരത് ഷെട്ടി, സുനില്‍ സാവന്ത് എന്ന സൗത്യ, സമദ് ഖാന്‍, മനോഹര്‍ അര്‍ജുന്‍ സുര്‍വേ എന്ന മാന്യ സുര്‍വെ, ഗംഗാ ഹര്‍ജീവന്‍ദാസ് കത്യവാഡി എന്ന ഗംഗുബായ്, 'ഹസീനാ പാര്‍ക്കര്‍, അഷറഫാ ഖാന്‍ അഥവാ സപ്ന ദീദി, മഹീന്ദ്ര മായ ഡോളസ്, ഡേവിഡ് പരദേശി, യേഡാ ഗോപാല്‍ എന്ന സൈക്കോ, ദിലീപ് ബുവ, ബാബു ഗോപാല്‍ റഷിം, ഇഖ്ബാല്‍ മേമന്‍ മിര്‍ച്ചി, ഫിറോസ് അബ്ദുള്ള സര്‍ഗുരു എന്നിവരാണ് മറ്റുള്ളവര്‍. ഇന്നു മുതല്‍ എല്ലാ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ വായിക്കാം, അധോലോക കഥകള്‍.

 

 

'ഭൂമിയിലെ എല്ലാ കൊലപാതകങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന എല്ലാവരും കൂട്ടുപ്രതികളാണ്.'

-കെ. ഷെരീഫ്

 

ഒരിടത്തുനിന്ന് ഉത്ഭവിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളെയാണ് സംഘടിത കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കുന്നത്. ധനസമ്പാദനവും കുപ്രസിദ്ധിയും. ലോകത്തിലെ മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയിലും സംഘടിത കുറ്റകൃത്യങ്ങളുടെ ലക്ഷ്യം ഇതു രണ്ടുമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടിത ക്രിമിനല്‍ സംഘങ്ങളുടെ എണ്ണം, അവരുടെ അംഗത്വം, പ്രവര്‍ത്തനരീതികള്‍ എന്നിവയ്ക്ക് കൃത്യമായ രേഖകളൊന്നുമില്ല. അവയുടെ ഘടനയും നേതൃരീതികളും കുറ്റകൃത്യങ്ങളുടെ എണ്ണവും പ്രവര്‍ത്തനവും, എഴുതപ്പെടുന്ന മറ്റൊന്നിനോട് പൊരുത്തപ്പെടണമെന്നില്ല. പോലീസ് നല്‍കുന്ന പ്രാഥമിക വിവരവും കേട്ടുകേള്‍വികളും ചില സന്ദര്‍ഭങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അതിനാല്‍ തെറ്റായ വിവരങ്ങള്‍ക്കാവും പലപ്പോഴും സാധ്യതയേറുക. മുംബൈ അധോലോകത്തെ സംബന്ധിച്ച് പൂര്‍ണ്ണമായും സാധുതയുള്ളതാണ് മുകളില്‍ പറഞ്ഞ നിര്‍വചനം.

കൊള്ളയടിക്കല്‍, കള്ളക്കടത്ത്, പിടിച്ചുപറി, വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, കവര്‍ച്ച, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ ചൂതാട്ടം, സംരക്ഷണം നല്‍കാമെന്ന ഉറപ്പില്‍ വന്‍തുക പിരിക്കല്‍ (ഹഫ്ത), കൈക്കൂലി, കരാര്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ നിര്‍മ്മാണം, ചൂതാട്ടം, ആക്രമണം എന്നിവ അധോലോകത്തിന്റെ നിലനില്‍പ്പിന് ആവശ്യമാകയാല്‍ അധോലോക കടന്നുവരുന്നവരെക്കുറിച്ചും അവരോട് കണ്ണിചേരുന്നവരുടെ എണ്ണവും രേഖപ്പെടുത്താറില്ല. ദാവൂദ് ഇബ്രാഹിമിന്റെ കീഴില്‍മാത്രം വിവിധ ഇടങ്ങളിലായി അയ്യായിരത്തോളം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നതും ഇത്തരത്തില്‍ ലഭ്യമായ വിവരങ്ങളാണ്.

അരും കൊലകള്‍, ഏറ്റുമുട്ടല്‍ കൊലകള്‍

ബോംബെ അധോലോകത്തെ ഡോണുകളുടെ ആജ്ഞാനുവര്‍ത്തികളായി നൂറുകണക്കിന് ഭായിമാരും ആയിരക്കണക്കിന് ദാദാമാരുമുണ്ടായിരുന്നു. ഇതില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോപേര്‍ പോലീസുമായും എതിര്‍സംഘങ്ങളുമായും നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചേതന്‍ കൊനാറി എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ കണക്കുപ്രകാരം ബോംബയില്‍ ഏതാണ്ട് ആയിരത്തിലധികം ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നിട്ടുണ്ട. അതിലേറെയും ദാവൂദ്, ചോട്ടാ രാജന്‍, അരുണ്‍ ഗാവ്ലി, വരദ തുടങ്ങിയ പ്രമുഖ സംഘങ്ങളില്‍പ്പെട്ടവരായിരുന്നു. നിരന്തരമായി അരങ്ങേറിയ ഈ ഏറ്റുമുട്ടലുകളില്‍ പലതും വ്യാജമായിരുന്നെന്നും ചേതന്‍ പറയുന്നു.

പിടിച്ചുകൊണ്ടുപോയ ഗൂണ്ടകളെ വിജനമായ സ്ഥലത്തു ഇറക്കിവിടുകയും രക്ഷപ്പെട്ടെന്ന് കരുതി ഓടുമ്പോള്‍ പിന്നില്‍നിന്ന് വെടിവെച്ചു കൊല്ലുകയുമായിരുന്നു പതിവെന്ന് ചേതനും മറ്റുചില മാധ്യമങ്ങളും സമര്‍ത്ഥിക്കുന്നു. മാധ്യമ ഇടപെടലുകള്‍ക്കൊടുവില്‍ ഇവയില്‍ മിക്ക ഏറ്റുമുട്ടലുകളും വ്യാജമായിരുന്നു എന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. അതിന് പ്രധാനകാരണമായി പറയുന്നത് കൊല്ലപ്പെട്ടവരുടെ പിറകിലായിരുന്നു പോലീസുകാരുടെ വെടിയുണ്ടകള്‍ തറച്ചത് എന്നാണ്. എന്‍കൗണ്ടര്‍ മരണങ്ങളിലെ ദുരൂഹത വ്യാപകമായി പ്രചരിച്ചു പോയതിനാല്‍ പോലീസ് പിടിച്ചുകൊണ്ടു പോയാല്‍ തീര്‍ച്ചയായും തങ്ങള്‍ കൊല്ലപ്പെടുമെന്ന് ഗുണ്ടകളും ഭയപ്പെട്ടിരുന്നു.

ഇത്തരം കൊലപാതകങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും പോലീസിനെ ആക്രമിച്ചു എന്ന വാദം നിരത്തി ഇതിനെ ഏറ്റുമുട്ടല്‍ കൊല എന്ന് ഭരണകൂടം സ്ഥാപിച്ചു കൊണ്ടിരുന്നു. അപകടകാരികളായ ഗുണ്ടാസംഘങ്ങള്‍ നഗരത്തില്‍ തലവേദന സൃഷിക്കുന്നതിനാല്‍ കോടതിയും അത് അംഗീകരിച്ചു കാണും. പോലീസ് ഉദ്യോഗസ്ഥര്‍ പോലും കൊല്ലപ്പെടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം കൊലപാതകങ്ങളെ എന്‍കൗണ്ടര്‍ ലീസ്റ്റില്‍ ഉള്‍പ്പെടുത്താറ് പതിവ്.

ദയാ നായിക്ക്, വിജയ് സലാസ്‌കര്‍, സഞ്ജയ് കദം, രാജു പിള്ള, പ്രദീപ് ശര്‍മ്മ, രാജേന്ദ്ര കാഡ്ദാലെ, മധുകര്‍ ഷിന്‍ഡെ തുടങ്ങി അനവധി എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകളും അക്കാലത്ത് ബോംബെ പോലീസില്‍ വലിയ പേരെടുത്തവരാണ്. ദയാ നായിക്ക് മാത്രം എണ്‍പതോളം പേരെ വെടിവെച്ചു കൊന്നിട്ടുണ്ട് എന്നാണ് കണക്ക്. ബോംബയില്‍ വ്യാപകമായി നടന്ന ഇത്തരം കൊലപാതകങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇത് വ്യാപകമാകാന്‍ തുടങ്ങി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതികളായി ഒരു പോലീസുകാരനും നിയമത്തിന്റെ മുന്നില്‍ പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഒരു വ്യക്തിയുടെനേരെ ന്യായമായ അനവധി സംശയങ്ങളുള്ളപ്പോള്‍ ഏറ്റുമുട്ടല്‍ കൊല കോടതിക്കുമുന്നില്‍ സാധൂകരിക്കപ്പെടുന്നു.

 

ദാവൂദ് ഇബ്രാഹിം

 

മരണത്തെ ഭയമുള്ള ഡോണുകള്‍

മരണത്തെ ഭയമായിരുന്നു പല ഡോണുകള്‍ക്കും. ഗാവ്ലി, ദാവൂദ് ഇബ്രാഹിം, ചോട്ടാരാജന്‍, അബ്ദുള്‍ കുഞ്ഞു എന്നിങ്ങനെ പലരേയും അത് പിന്തുടര്‍ന്നിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതങ്ങളില്‍ നിന്നും തന്ത്രപ്പൂര്‍വ്വം ഒഴിഞ്ഞു മാറിയ അധോലോക നായകന്‍ അരുണ്‍ ഗാവ്ലിയാണ്. 'കുട്ടിപ്പട്ടര്‍ മൂത്താല്‍ ദേഹണ്ഡക്കാരന്‍ ആകും' പോലെ ദാദമാര്‍ പരിണമിച്ചു ഭായിമാര്‍ ആകുന്ന അധോലോകത്തെ താപ്പാനയായിരുന്നു അരുണ്‍ ഗാവ്ലി. രക്ഷപ്പെടാന്‍ രാഷ്ട്രീയം വഴിയൊരുക്കുമെന്ന് കണ്ട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി ബോംബെ ബൈക്കുളയില്‍ നിന്നും മത്സരിച്ച് എം.എല്‍.എ വരെയായിട്ടുണ്ട് അയാള്‍. ഡാഡി എന്ന അപരനാമത്തില്‍ ബൈക്കുള ദഗ്ഡി ചാലില്‍ അയാള്‍ അരങ്ങുവാണു. പ്രാദേശിക വാദം ജീവിതത്തില്‍ കൊണ്ടുനടന്ന ഗാവ്ലി, റാം നായിക്, ബാബു റഷിം എന്നിവരോടൊപ്പം ചേര്‍ന്നു ആഞഅ ഗ്രൂപ്പ് സ്ഥാപിച്ചു. ആക്കൂട്ടത്തില്‍ റാം നായിക്ക് പോലീസ് വെടിവെപ്പിലും ബാബു റഷിം, വിജയ് ഉട്ടേഖര്‍ കാഞ്ചറേ എന്ന ചെറുപ്പക്കാരന്റെ കൈകൊണ്ടും കൊല്ലപ്പെട്ടു. ലോക്കപ്പ് തകര്‍ത്തു ഉള്ളില്‍ കയറിയ വിജയ്, ബാബു റഷിമിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ബോംബെ നഗരം വിറങ്ങലിച്ചുപോയ കൊലപാതകം. ഇത്തരത്തില്‍ നടന്ന ചില ഏറ്റുമുട്ടല്‍ കൊലകളും ഈ കോളത്തില്‍ നിങ്ങള്‍ക്ക് വായിക്കാനാവും.

ഈയ്യിടെ പതിനേഴു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു ഗാവ്ലി പുറത്തിറങ്ങി. ബാബു റഷിം, റമ നായിക്ക് എന്നിവരെ കൊല്ലാന്‍ നിയമപാലകരെപ്പോലും വിലക്കുവാങ്ങിയ ദാവൂദ്, തന്റെ ആജന്മശത്രുവായ അരുണ്‍ ഗാവ്ലിയെ ജയിലിനു പുറത്ത് കാണുമ്പോള്‍ വെറുതെ ഇരിക്കുമോ? അതിനാല്‍ ഗാവ്ലിയുടെ ഭയം ഇരട്ടിക്കാതിരിക്കില്ല.

ഇരട്ടപ്പേരില്‍ ആയിരുന്നു ബോംബെ അധോലോകത്തെ പല പ്രമുഖരും അറിയപ്പെട്ടിരുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ ശരീരഭാഷയെയോ സ്വഭാവരീതിയോ അനുസരിച്ചായിരുന്നു പേരുകള്‍ ഉറച്ചത്. കാലിയ (കറപ്പന്‍), മൂച്ഛട്ട് (മീശക്കാരന്‍), യേഡ (അരക്കിറുക്കന്‍), ലംബു (നീളമുള്ളവന്‍), കാണിയ (കോങ്കണ്ണന്‍), ചോട്ട (ചെറുത്), ബഡാ (വലുത്), അണ്ണ (ചേട്ടന്‍), മാ (അമ്മ), ഡാഡി (പിതാവ്), ദീദി (ചേച്ചി), ഹഡ്ഢി (എല്ല്)... അങ്ങനെയങ്ങനെ പലപല പേരുകള്‍. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേരാണ് മിര്‍ച്ചി അഥവാ മുളക്. ഇഖ്ബാല്‍ മിര്‍ച്ചിയായിരുന്നു ഈ പേരില്‍ അറിയപ്പെട്ട പ്രമുഖന്‍. ഇത്തരം ഇരട്ടപ്പേരുകള്‍ സംഘങ്ങള്‍ക്കിടയില്‍ രഹസ്യമായ ആശയവിനിമയത്തിന് ഉപകാരപ്പെട്ടുപോന്നു. കൂടാതെ ആപ്പ, നാന, പോത്യ, ഡി, പത്താന്‍, ബ്രാ, മേമന്‍ എന്നീ പേരുകളിലും ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നു. പേരെടുത്ത നായകരെയല്ല ഈ കോളത്തിലൂടെ അടയാളപ്പെടുത്തുന്നത്. അവര്‍ക്കുവേണ്ടി കൊള്ളയും കൊലയും നടത്തി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചിലരെക്കുറിച്ചാണ്.

 

ഗംഗുബായ്

 

തിരശ്ശീലയിലെ അധോലോകം

അധോലോകങ്ങളുടെ ഭീതിപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും മരണങ്ങളും ഇന്ത്യന്‍ സിനിമയ്ക്ക് പ്രത്യേകിച്ച് ബോളിവുഡിന് പണ്ടേ പ്രചോദനമാണ്. 1940 മുതല്‍ തുടങ്ങിയതാണ് ഈ പ്രവണത. മെഹബൂബ് ഖാന്റെ ഔറത്ത് ( 1940) എന്ന ചിത്രത്തിലൂടെ ആരംഭിച്ച് അതിന്റെ റീമേക്ക് ആയ മദര്‍ ഇന്ത്യ (1957), ദിലീപ് കുമാറിന്റെ ഗംഗ ജമുന (1961), ഷോലെ (1975), ബാന്‍ഡിറ്റ് ക്വീന്‍ (1994) എന്നിവയാണ് ആദ്യകാലത്ത് ജനപ്രിയമായ ചിലത്. ഈ സിനിമകള്‍ ഇന്ത്യയിലെ ഗ്രാമീണജനതയുടെ ജീവിതപശ്ചാത്തലത്തിലാണ് നടക്കുന്നത്. യഥാര്‍ത്ഥ കൊള്ളക്കാരുടെ ജീവിതവും ഇത്തരം സിനിമാ നിര്‍മ്മാണത്തിന് പ്രചോദനമായിട്ടുണ്ട്.

1970 -കളുടെ തുടക്കത്തില്‍, ഇന്ത്യന്‍ നഗരങ്ങളെ പശ്ചാത്തലമാക്കി പുതിയൊരു തരം ക്രൈം സിനിമകളും ഗ്യാങ്സ്റ്റര്‍ സിനിമകളും ഉയര്‍ന്നുവന്നു. അവ മുംബൈ അധോലോക സിനിമകള്‍ എന്ന് വിളിക്കപ്പെട്ടു. ഹാജി മസ്താന്‍, കരീം ലാല, ബഡാ രാജന്‍, ദാവൂദ് ഇബ്രാഹിം, മാന്യ സുര്‍വേ, ദിലീപ് ബുവ, മായ ഡോളസ്, വരദരാജ മുതലിയാര്‍ തുടങ്ങിയ മുംബൈയിലെ അധോലോകരുടെ ജീവിതമാണ് അങ്ങനെ പകര്‍ത്തപ്പെട്ടത്. പില്‍ക്കാലം മറ്റനേകം പേരുടെ ജീവിതവും കമേഴ്‌സ്യല്‍ ചേരുവയോടെ അഭ്രപാളികളിലെത്തി. ധാരാവി, ജുഹു പോലുള്ള മുംബൈയിലെ ചേരികളാണ് ഈ കഥകളുടെ ഭൂമിക. കഥപാത്രങ്ങള്‍ ഠപ്പൊരി ഭാഷയില്‍ (ബോംബെയിലെ തെരുവ് ഭാഷ) സംസാരിക്കുന്നതിനാല്‍ ജനകീയത ഏറിക്കൊണ്ടിരുന്നു. ഇതാകട്ടെ തുടര്‍നിര്‍മ്മിതിക്കു പ്രേരണയായിക്കൊണ്ടിരുന്നു.

തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് കൂട്ടുകേട്ടാണ് ഇത്തരം സിനിമകള്‍ക്ക് തുടക്കമിട്ടത്. സഞ്ജീര്‍ (1973), ദീവാര്‍ (1975) തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ വൃത്തികെട്ടതും അക്രമാസക്തവുമായ അധോലോക സിനിമകളുടെ പരമ്പരയ്ക്ക് തുടക്കമിട്ടു. ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിയും നിരാശയും ചേരികളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും, നഗര ദാരിദ്ര്യം, അഴിമതി, കൊലപാതകങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങളും ഇത്തരം സിനിമകള്‍ കൈകാര്യം ചെയ്തു. അത് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

അമിതാഭ് ബച്ചന്‍ പ്രതിനിധാനം ചെയ്ത 'കോപാകുലനായ യുവാവിനെ' മുഖ്യകഥാപാത്രമാക്കി സിനിമ നിര്‍മിക്കുന്നതിലേക്ക് പലരും ശ്രദ്ധിച്ചുപോന്നു. ആദ്യകാലത്ത് ബച്ചനോടൊപ്പം ഈ പ്രവണതയുടെ കൊടുമുടിയില്‍ കയറിയ മറ്റ് നടന്മാരില്‍ ഫിറോസ് ഖാനും മിഥുന്‍ ചക്രവര്‍ത്തിയും മറ്റു ചില നടന്മാരും ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക- സാമൂഹിക-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള സിനിമകളും ചിത്രീകരിക്കപ്പെട്ടു. വിലക്കയറ്റം, സാധനങ്ങളുടെ ദൗര്‍ബ്ബല്യം, ചേരികളുടെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിവ കൂടാതെ ജനങ്ങള്‍ക്കിടയിലെ അസംതൃപ്തിയും നിരാശയും ഇത്തരം ചിത്രങ്ങളിലൂടെ പ്രദര്‍ശിക്കപ്പെട്ടു. അമിതാഭ് ബച്ചനെ തങ്ങളുടെ രക്ഷകനായിപ്പോലും പ്രേക്ഷകര്‍ കണക്കാക്കി. പ്രതിനായക വേഷങ്ങളെ ജാഗ്രതയുടെ പ്രതിനിധികളായി അക്കാലം മാറ്റി പ്രതിഷ്ഠിച്ചു. അവര്‍ കോപത്തോടെ നഗരദരിദ്രരുടെ ഉത്കണ്ഠയ്ക്ക് ശബ്ദം നല്‍കുന്നതായി തോന്നിപ്പിച്ചു.

അധോലോകത്തെ എഴുതുമ്പോള്‍...

സാഹസിക കഥകള്‍ കേള്‍ക്കാനും വായിക്കാനും ചെറുപ്പംതൊട്ടേ ജിജ്ഞാസയായിരുന്നു. അതിനാല്‍ കണ്ടതും കേട്ടതും വായിച്ചതുമായ ഓര്‍മ്മകള്‍ക്കും, അവ സൂക്ഷിച്ചുവെച്ച മനസ്സിനും, എന്നെങ്കിലും എഴുതുമെന്നു കരുതിവെച്ച പഴയ ഡയറിക്കുറിപ്പുകള്‍ക്കും, എഴുതാമെന്നു ഞാന്‍ എനിക്കുതന്നെ നല്‍കിയ വാക്കിനും നന്ദി.

ബോംബെയിലെ ചില കൂട്ടുകാരുടെ നിര്‍ബ്ബന്ധവും കൗമാരകാലത്തെ ബോംബെയിലെ തെരുവുജീവിതവും അവിടെ കണ്ട പേടിപ്പെടുത്തിയ കാഴ്ചകളും ഈ പുസ്തകമെഴുതാന്‍ പ്രേരണയായി. നേരിട്ടു കണ്ട കൊലപാതകങ്ങള്‍, അക്രമങ്ങള്‍, കൊലവിളികള്‍, കരീം ലാലയുടെ പണസഞ്ചി സൂക്ഷിച്ച ഓര്‍മ്മകള്‍, അബ്ദുള്ള കുഞ്ഞുവിനോടൊപ്പം ലോക്കപ്പില്‍ കിടന്ന രാത്രികള്‍, ചോട്ടാ രാജനെയും ശരത് ഷെട്ടിയെയും തല്ലേണ്ടിവന്ന അനുഭവം. അപ്പോഴൊക്കെ ഗതികെട്ടുകൊണ്ട് ഉള്ളിലേക്ക് കടന്നുവന്ന ദിവസങ്ങള്‍. ഒക്കെയും ഉള്ളിലുണ്ട്. തിരികെ പോകാന്‍ പട്ടിണി പലവട്ടം പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും നഗരത്തില്‍തന്നെ തുടരാന്‍ നിര്‍ബ്ബന്ധിപ്പിച്ച കൗമാരത്തിനോടും എനിക്കിപ്പോള്‍ നന്ദി തോന്നുന്നു. എഴുതാനിരിക്കെ ചിലത് വെളിപ്പെടുമ്പോള്‍, അതിന്റെ മുറുക്കത്തെ അയച്ചിടാന്‍, ആത്മാവുകൊണ്ട് നടക്കാന്‍ തോന്നിയപ്പോള്‍ അനുഭവിച്ച മഞ്ഞിനോടും മഴയോടും വെയിലിനോടും ഞാന്‍ കടപ്പെടുന്നു.

ഈ കുറിപ്പുകള്‍ തയ്യാറാക്കാന്‍ വര്‍ഷങ്ങളായി ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്ന പരേതനായ സുഹൃത്ത് ഫാറൂഖ് പടിക്കലിനും ഡാറ്റകള്‍ നല്‍കി സഹായിച്ച ബോംബെയിലെ രാഷ്ട്രീയ നേതാവ് ഷാജി ഭായിക്കും നന്ദി. കൂടാതെ ബോംബെയിലെ ക്രൈം റിപ്പോര്‍ട്ടര്‍മാരായ ഹുസൈന്‍ സൈദ്, ഇഗ്നേഷ്യസ് പെരേര എന്നിവരോടും ബാല്‍ജിത് പാര്‍മര്‍, ജീതേന്ദ്ര ദീക്ഷിത്, വിവേക് അഗാര്‍വാള്‍, രാജ് ഷമാനി എന്നിവരുടെ സംഭാഷണങ്ങളോടും കടപ്പാടുണ്ട്. കഥകളുടെ ഖനിപ്രദേശമാണ് ബോംബെ. അതിനാല്‍ ഇനിയുമെന്തെല്ലാം പലര്‍ക്കുമായി എഴുതാന്‍ കിടക്കുന്നു!

വിഷയം ഏതായാലും, സാഹിത്യം ജീവിതത്തിന്റെ സത്തയെ ഉദ്‌ബോധിപ്പിക്കുമെങ്കില്‍ അതെഴുതാന്‍ എന്തിന് മടിക്കണം. നേരു പറയുമ്പോള്‍ ഒരു സാധാരണ മലയാളി അതൊക്കെ വിശ്വസിക്കുമോ എന്ന ചുള്ളിക്കാടിന്റെ സംശയവും ഇവിടെ അന്വര്‍ത്ഥമാകുന്നു.

എങ്കിലും എഴുതാതിരിക്കുന്നതെങ്ങനെ?

 

(അടുത്ത ആഴ്ച മുതല്‍ ബോംബെ അധോലോക കഥകള്‍ ഓരോ ആഴ്ചയായി വായിക്കാം.'

 

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)

 

PREV
Read more Articles on
click me!

Recommended Stories

വെനിസ്വേല ഒരു തുടക്കം മാത്രം, യുഎസ് ബലപ്രയോഗത്തിന്; എല്ലാറ്റിനും പിന്നിൽ സ്റ്റീഫൻ മില്ലർ
ഉയർന്ന പലിശ വേണ്ട; ലക്ഷക്കണക്കിന് യുഎസ് പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനവുമായി ട്രംപ്