യുദ്ധം അവസാനിച്ചെന്ന അവകാശവാദങ്ങൾക്കിടയിലും ഗാസയിൽ ഹമാസ് ശക്തരാവുകയാണ്. പൊലീസ് സേനയ്ക്ക് പകരം പട്രോളിംഗ് നടത്തുകയും കച്ചവടക്കാരിൽ നിന്ന് നികുതി പിരിക്കുകയും ചെയ്യുന്ന ഹമാസ്, നാല് മാസത്തിനുള്ളിൽ ഗാസയുടെ നിയന്ത്രണം ഏതാണ്ട് പൂർണ്ണമായും ഏറ്റെടുത്തു.

ഗാസ ബോർഡ് ഓഫ് പീസിന്‍റെ ആദ്യയോഗം ചേർന്നു. ഗാസ ദുരിതാശ്വാസത്തിന് 7 ബില്യണിന്‍റെ വാഗ്ദാനം നൽകി രാജ്യങ്ങൾ. യുദ്ധം അവസാനിച്ചു. ഹമാസ് ആയുധം താഴെവയ്ക്കും എന്നൊക്കെയാണ് അമരിക്കൻ പ്രസിഡന്‍റിന്‍റെ അവകാശവാദം. പക്ഷേ, ഹമാസ് കൂടുതൽ ശക്തരാവുകയാണ് ഗാസയിൽ. പൊലീസിന് പകരം പട്രോളിങ് ഹമാസാണ് ഏറ്റെടുത്തിരിക്കുന്നത്. ഗാസയിലേക്ക് എത്തുന്ന അവശ്യവസ്തുക്കൾക്ക് നികുതി കൊടുക്കേണ്ടത് ഹമാസിന്. കച്ചവടക്കാരിൽ നിന്ന് പോലും ഹമാസ് നികുതി പിരിക്കുന്നു.

നാല് മാസം, നിയന്ത്രണം കൈയടക്കി ഹമാസിന്

ബൾഗേറിയൻ രാഷ്ട്രീയ നേതാവായ നിക്കോളേ മൽഡഡെനോവാണ് (Nickolay Mladenov) ഗാസയിൽ ബോർഡ് ഓഫ് പീസിന്‍റെ പ്രതിനിധി. ഗാസയിൽ പൊലീസ് സംഘം രൂപീകരിക്കാനുള്ള ശ്രമം വിശദീകരിച്ചു ൽഡഡെനോവ്. അതായത് പുതിയ പൊലീസ് സംഘം. അവരെക്കൂടാതെ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സും (International Stabilization Force) ഇസ്രയേൽ - ഈജിപ്ത് സംഘങ്ങൾക്കൊപ്പമുണ്ടാകും. ഹമാസിന്‍റെ നിരായുധീകരണമാണ് ആദ്യത്തെ അജണ്ട. പക്ഷേ, ഇസ്രയേലിന്‍റെ പിൻമാറ്റമില്ലാതെ തങ്ങളുടെ നിരായുധീകരണമില്ലെന്നാണ് ഹമാസിന്‍റെ നേരത്തെയുള്ള നിലപാട്.

കൂടുതൽ ശക്തരായ ഹമാസിനെയാണിപ്പോൾ ഗാസയിൽ കാണുന്നത്. നേതാക്കൾ കൊല്ലപ്പെട്ട്, സൈനിക യൂണിറ്റുകൾ ചിന്നിച്ചിതറി ആകെ തകർന്നിരുന്നു ഹമാസ്. പക്ഷേ, ഇക്കഴിഞ്ഞ നാലുമാസത്തിനകം ഗാസയുടെ നിയന്ത്രണം ഏതാണ്ട് 90 ശതമാവും ഹമാസ് ഏറ്റെടുത്തിരിക്കുന്നു. പൊലീസ് സംഘം, സുരക്ഷാ ഏജൻസികൾ, സർക്കാർ സേവനങ്ങൾ, കോടതികൾ വരെ ഹമാസിന്‍റെ നിയന്ത്രണത്തിലാണ്. തങ്ങളെ ഒറ്റിക്കൊടുത്തവരെന്നോ എതിർക്കുന്നവരെന്നോ തോന്നിയാൽ അവരെ വെറുതേവിടില്ല. വെടിനിർത്തലിന് ശേഷം ആദ്യം ഹമാസ് ചെയ്തത് എതിരാളികളെ തെരഞ്ഞുപിടിക്കുകയാണ്. സായുധസംഘങ്ങളെയടക്കം. പിടികൂടിയവരെ കണ്ണുകെട്ടി വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കുന്ന കച്ചവടക്കാരിൽ ഭൂരിപക്ഷവും പരാതി പറയുന്നു. വിറ്റുകിട്ടുന്ന പണം ഹമാസിന് കൊടുക്കണം. വീട്ടുകാരെ പോറ്റാൻ വഴിയില്ലെന്ന്.

പണവും അധികാരവും

സിഗരറ്റ് വിൽപ്പനക്കാരനോട് സിഗരറ്റുകളുടെ എണ്ണമെടുത്ത് പണം ചോദിക്കുന്നു. വിസ്സമ്മതിച്ചാൽ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിപ്പെടുത്തും. ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കുന്നവരെയാണ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഹമാസിന്‍റെ വിശദീകരണം. വെടിനിർത്തൽ പുനഃസംഘടനയ്ക്കുള്ള അവസരമാക്കിയിരിക്കുന്നു ഹമാസ് എന്നാണ് ഇസ്രയേലി സൈന്യത്തിന്‍റെ വാദം. അതുകൊണ്ടുതന്നെ നിരായുധീകരണം അത്യന്താപേക്ഷിതമെന്നും. വെടിനിർത്തൽ നടപ്പാകുമ്പോൾ ഹമാസിന് 20,000 അംഗങ്ങളാണ് ശേഷിച്ചിരുന്നത്. കൊല്ലപ്പെട്ട കമാണ്ടർമാർക്ക് പകരക്കാരെ നിയമിച്ചു കഴിഞ്ഞു. ആയുധങ്ങൾ ശേഖരിക്കാനും ഒളിപ്പിക്കാനും നിരവധി രഹസ്യസങ്കേതങ്ങൾ ഹമാസിനുണ്ട്. ഭൂഗർഭ തുരങ്കങ്ങൾ പകുതിയും അതുപോലെ നിലനിൽക്കുന്നു.

അവസാനിക്കാത്ത ആരോപണങ്ങൾ

ഗാസയുടെ പുനർനിർമ്മാണമാണ് ഗാസ ബോർഡ് ഓഫ് പീസിന്‍റെ അടുത്ത അജണ്ട. അതിനുമുമ്പ് നിരായുധീകരണം നടപ്പാകണം. അതെങ്ങനെ നടപ്പാക്കുമെന്നും ആയുധങ്ങൾ ആർക്ക് കൈമാറുമെന്നും അതെങ്ങനെ ഉറപ്പുവരുത്തുമെന്നും ഇപ്പോഴും വ്യക്തമല്ല. ചർച്ചകൾ നടക്കുന്നേയുള്ളു. അധികാരം കൈമാറാമെന്ന് ഹമാസ് പറയുന്നെങ്കിലും അതിന്‍റെ ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് ഗാസയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ പക്ഷം. ഹമാസ് സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നുവെന്ന് അവർ പറയുന്നു. തങ്ങൾക്കുനേരെ ഹമാസ് ദിവസവും ആക്രമണം നടത്തുന്നുവെന്ന് ഐഡിഎഫ് (Israel Defense Forces) ആരോപിക്കുന്നു. ഹമാസ് ആ ആരോപണം മറിച്ചുന്നയിക്കുന്നു. ഹമാസിനെ കണക്കിലെടുക്കാതെ ഗാസ പദ്ധതി നടപ്പാക്കുകയാണ് വഴിയെന്ന് പറയുന്നവരുണ്ട്. ഇസ്രയേലിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ പ്രദേശത്ത് 20,000 പേരെ പുനരധിവസിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. പക്ഷേ, അവിടെ താമസിക്കാൻ തയ്യാറായി ഹമാസിന്‍റെ മേഖല വിട്ടുവന്നവർ വളരെ കുറവാണ്. തടസ്സങ്ങൾ നിരവധി. മുന്നോട്ടെന്ന് ട്രംപ് പറയുമ്പോഴും അവ്യക്തതകളാണ് കൂടുതലും.