അതീഖ് അഹമ്മദ്: വെടിയുണ്ടകള്‍ പറയുന്ന കഥ; മാറ്റമില്ലാതെ ഉത്തര്‍പ്രദേശ്

Biju S  
Published : Apr 17, 2023, 06:26 PM IST
അതീഖ് അഹമ്മദ്: വെടിയുണ്ടകള്‍ പറയുന്ന കഥ; മാറ്റമില്ലാതെ ഉത്തര്‍പ്രദേശ്

Synopsis

അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാന്‍ ആശ്ചര്യം പൂണ്ടപ്പോഴാണ് അച്ചനടക്കം കാശിയിലെ സുഹൃത്തുക്കള്‍ അത് പറഞ്ഞത്. യു.പിയില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍  പുണ്യനഗരമായ കാശിയില്‍  പോലും സംഘര്‍ഷമുണ്ടാകും. പൂജാ സാധനങ്ങളടക്കം വിവിധ കച്ചവടങ്ങളുടെ മേല്‍കോയ്മ കൈക്കലാക്കാന്‍ ഗുണ്ടാ സംഘങ്ങളെ വ്യാപാരികള്‍ ഭരണമാറ്റക്കാലത്ത് ഇറക്കും. പലപ്പോഴും അവര്‍ തമ്മില്‍ തെരുവില്‍ തോക്കുപയോഗിച്ചുള്ള പോരാട്ടങ്ങള്‍ നടക്കും.

അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാന്‍ ആശ്ചര്യം പൂണ്ടപ്പോഴാണ് അച്ചനടക്കം കാശിയിലെ സുഹൃത്തുക്കള്‍ അത് പറഞ്ഞത്. യു.പിയില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍  പുണ്യനഗരമായ കാശിയില്‍  പോലും സംഘര്‍ഷമുണ്ടാകും. പൂജാ സാധനങ്ങളടക്കം വിവിധ കച്ചവടങ്ങളുടെ മേല്‍കോയ്മ കൈക്കലാക്കാന്‍ ഗുണ്ടാ സംഘങ്ങളെ വ്യാപാരികള്‍ ഭരണമാറ്റക്കാലത്ത് ഇറക്കും. പലപ്പോഴും അവര്‍ തമ്മില്‍ തെരുവില്‍ തോക്കുപയോഗിച്ചുള്ള പോരാട്ടങ്ങള്‍ നടക്കും.

 

 

'പോകുന്നതൊക്കെ കൊള്ളാം, പുറകില്‍ വെടികൊണ്ടെന്നൊന്നും പരാതി പറയരുത്. നിനക്ക് നിര്‍ബന്ധമാണെങ്കില്‍  മാത്രം വരാം'- സുഹൃത്ത്  പ്രേംലാല്‍ നിലപാട് വ്യക്തമാക്കി. 

എന്നാലും അലഹാബാദ് വന്നിട്ട് കുംഭമേള നടക്കുമ്പോള്‍ അത് കാണാതെ, അനുഭവിക്കാതെ പോകുന്നതെങ്ങനെ?

അന്ന് അലഹാബാദ് പ്രയാഗ് രാജിലേക്ക് ഗര്‍വാപസി നടത്തിയിരുന്നില്ല. അര്‍ദ്ധ കുംഭമേളക്കാലമായിരുന്നു. ഞാന്‍ മറ്റൊരാവശ്യത്തിന് ഉത്തരേന്ത്യയില്‍ പോയതായിരുന്നു. കിട്ടിയ ഇടവളയില്‍ ഉത്തര്‍പ്രദേശിനെ അറിയാനാണ് അങ്ങോട്ട് പോയത്. മരം കോച്ചുന്ന തണുപ്പില്‍, നരച്ച ആ ഭൂഭാഗത്തുള്ള വാസം അത്ര എളുപ്പമല്ലായിരുന്നു. തണുപ്പിന്റെയും തിരക്കിന്റെയും വൃത്തിക്കുറവിന്റെയും അസ്‌കിത മാത്രമേ ഞാന്‍ മനസ്സിലാക്കിയിരുന്നുള്ളു. അവിടത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ അറിയാം. എന്നാല്‍ ദൈനംദിന പ്രശ്‌നങ്ങള്‍ നമ്മെ നേരിട്ട് ബാധിക്കുന്നതിന്റെ തീവ്രത മനസ്സിലാക്കിയിരുന്നില്ല. 

ഇക്കഴിഞ്ഞ ദിവസം മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദും സഹോദരനും പ്രയാഗ് രാജില്‍ നിരവധി പോലീസുകാരുടെ സുരക്ഷയില്‍ വൈദ്യ പരിശോധനക്ക്  പോകവേ തൊട്ടടുത്തു നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യം നമ്മുടെ സിനിമകളില്‍ പോലും അന്യമാണ്. എന്നാല്‍ യു.പിയില്‍ ഇതൊന്നും പുതുമയല്ല. അതൊക്കെ പഴയ കാര്യമാണെന്നും യോഗി ആദിത്യനാഥിന്റെ നായകത്വത്തില്‍ അതൊക്കെ തുടച്ചു നീക്കിയെന്നുമാണ് അദ്ദേഹത്തെ പ്രശംസിക്കുന്നവര്‍ അടുത്തിടെ പോലും പറഞ്ഞത്. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കണ്ട അലഹബാദില്‍ നിന്ന് ഇന്നത്തെ പ്രയാഗ് രാജിലേക്കുള്ള മാറ്റം കേവലം പേരിലൊതുങ്ങിയിട്ടുണ്ടന്നേ കണക്കാക്കാനാകൂ. ഒരു പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. 

അന്ന് കുംഭമേളയിലെ പുരുഷാരം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ കൂടിച്ചേരല്‍ നാം നേരില്‍ കാണുന്നത് അപൂര്‍വ്വം കാഴ്ചയാണ്.  അത് കണ്ട് അതിശയിച്ചു നടക്കുമ്പോഴും നാം അറിയാതെ  പിറകിലേക്ക് തപ്പി നോക്കും. ഇനി പ്രേംലാല്‍ പറഞ്ഞ പോലെ ഗുണ്ടെങ്ങാനും...!

ഒന്നാമതായി ഉത്തരേന്ത്യയിലെ ജനക്കൂട്ടം പേടിപ്പിക്കുന്നതാണ്. തീപ്പൊള്ളലേറ്റ പൂച്ച മിന്നാമിനുങ്ങിനെ കണ്ടാലും പേടിക്കും. അനുഭവം സാക്ഷ്യം. അതിനും കുറെ വര്‍ഷം മുമ്പ് ഉത്തപ്രദേശ് -മധ്യപ്രദേശ് അതിര്‍ത്തിയില്‍ ഞാനും ക്യാമറാമാന്‍ തെരുവിയവും മാരകമായ ഒരു തിക്കുതിരക്കിലും നിന്ന് കഷ്ടിച്ച്  രക്ഷപ്പെട്ടവരാണ്. രാത്രി 10 മണിക്ക് ഗ്വാളിയോറില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങിനെ കാണാന്‍ ആര്‍ത്തിരമ്പി വന്നവര്‍ അദ്ദേഹിന്റെ റോഡ് ഷോ കവര്‍ ചെയ്യുന്ന ഞങ്ങളെ തള്ളിത്താഴെയിട്ട് ചവിട്ടി മെതിച്ചതാണ്. കുറേ നേരം നിരവധി പേരുടെ അടിയില്‍ വയറില്‍ ചവിട്ടു കൊണ്ട് ഓടയില്‍ കിടന്നിട്ടും ചാകാതെ രക്ഷപ്പെട്ടത് ആയുസ്സിന്റെ  ബലം കൊണ്ടു മാത്രം.  ആ ഓര്‍മ്മ വരും ഉത്തരേന്ത്യന്‍ പുരുഷാരത്തെ കാണുമ്പോള്‍. 

അതിനൊപ്പം പ്രേംലാലിന്റെ വെടി മുന്നറിയിപ്പും വിടാതെ പിന്തുടരും. അലഹബാദിലെ ത്രിവേണി സംഗമമൊക്കെ കാണാന്‍ ചെന്നപ്പോഴും സുഹൃത്ത് മുന്നറിയിപ്പ് നല്‍കി. വെള്ളം സൂക്ഷിക്കണം. രണ്ട് തരത്തില്‍; ഒഴുക്കിന്റെയും വൃത്തിയുടെയും കാര്യത്തില്‍. നമ്മുടെ വയറിന് അത്ര  പരിചയമില്ലാത്ത  കോളിഫോം അടക്കം  വിനാശകാരികളായ സൂക്ഷമ ജീവികളുടെ നിറസാന്നിധ്യമാകും ആ വെള്ളം. ശബരിമല സീസണ്‍ കാലത്ത് പുണ്യ നദിയായ പമ്പ എത്ര കണ്ട് മലിനമാകുമോ അതിലും എത്രയോ അധികമാകും കൂംഭമേളക്കാലത്ത് ഗംഗയുടെയും യമുനയുടെയും അരൂപിയായ സരസ്വതിയുടെയും അവസ്ഥ. ക്‌ളീന്‍ ഗംഗാ മിഷനൊക്കെ ആരുടെയോ കീശ വീര്‍പ്പിക്കാനാണ്. 

എന്നാലും ഞാന്‍ കരുതിയത് അലഹബാദിലെ പ്രശ്‌നം കാശിയിലുണ്ടാകില്ലെന്നായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ കാശിയിലെത്തി. അതെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള പാന്‍ ഹിന്ദു അപ്പീലിനായി മോദിജി തെരഞ്ഞെടുത്ത വാരാണസിയില്‍. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ പിന്നെയുള്ള പരമ്പരാഗത താമസക്കാര്‍ മുസ്‌ലിംകളാണ്. പുകള്‍പെറ്റ ബനാറസി പട്ടുസാരികള്‍ നല്ലൊരു പങ്കും ദരിദ്രനാരായണന്‍മാരായ മുസ്‌ലിം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. 

ഞാനവിടെ താമസിച്ചത് എന്റെ പഴയ ഒരു വിദ്യാര്‍ത്ഥി കൂടിയായ വൈദികന്റെ അതിഥിയായാണ്. ബ്രിട്ടീഷ് കാലത്തെയുള്ള ആ ക്രൈസ്തവ ആശ്രമം വാരാണസി റെയിവേ സ്റ്റേഷനടുത്ത കണ്ടേന്‍മെന്റിലാണ്.  അച്ചനും ഞാനും  കൂടി പകല്‍ പ്രധാന അമ്പലങ്ങളും സാരാനാഥിലെ ബുദ്ധവിഹാരവുമൊക്കെ കണ്ട് സന്ധ്യക്ക് 200 വര്‍ഷം പഴക്കമുള്ള പ്രശാന്തമായ  സെന്റ മേരീസ് കത്തീഡ്രലിന് സമീപത്തെ  ആശ്രമത്തിലെത്തി. അപ്പോള്‍ ഞങ്ങളെയും കാത്ത് അക്ഷമനായി ഒരാളുണ്ടായിരുന്നു. അച്ചന്‍ പറഞ്ഞിട്ടാണ് വന്നത്. നാല് ബനാറസി പട്ടുമായി ഒരു പഴയ സൈക്കിളില്‍ മെലിഞ്ഞുണങ്ങി ദൈന്യതയുടെ സ്ഥായി ഭാവവുമായി ഒരാള്‍. ഞങ്ങള്‍ മൂന്നെണ്ണം എടുത്ത് ഒന്ന് മടക്കിയപ്പോള്‍ അയാള്‍ സമ്മതിച്ചില്ല. രാത്രി ആ പട്ടുമായി മടങ്ങുന്നത് സുരക്ഷിതമല്ല; രണ്ട് കാരണങ്ങളാല്‍. പട്ടുസാരികള്‍ നെയ്യുന്നത് ഏറെയും മുസ്ലീങ്ങളാണെങ്കിലും വില്‍പ്പനക്കാര്‍ ഏറെയും ഹിന്ദുക്കളാണ്. ധാരണ പ്രകാരം ഉപഭോക്താക്കള്‍ക്ക്   നേരിട്ട് ഈ വിധം കച്ചവടം ചെയാന്‍ പാടില്ല. അതറിഞ്ഞാല്‍ സംഘര്‍ഷമുണ്ടാവും. രണ്ടാമത് ഈ സാരി തട്ടിയെടുക്കാന്‍ വേണ്ടി മാത്രം അവിടത്തെ ഗുണ്ടാ സംഘങ്ങള്‍ വെടിവെക്കാം. 

അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാന്‍ ആശ്ചര്യം പൂണ്ടപ്പോഴാണ് അച്ചനടക്കം കാശിയിലെ സുഹൃത്തുക്കള്‍ അത് പറഞ്ഞത്. യു.പിയില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍  പുണ്യനഗരമായ കാശിയില്‍  പോലും സംഘര്‍ഷമുണ്ടാകും. പൂജാ സാധനങ്ങളടക്കം വിവിധ കച്ചവടങ്ങളുടെ മേല്‍കോയ്മ കൈക്കലാക്കാന്‍ ഗുണ്ടാ സംഘങ്ങളെ വ്യാപാരികള്‍ ഭരണമാറ്റക്കാലത്ത് ഇറക്കും. പലപ്പോഴും അവര്‍ തമ്മില്‍ തെരുവില്‍ തോക്കുപയോഗിച്ചുള്ള പോരാട്ടങ്ങള്‍ നടക്കും. ക്രോസ് ഫയറില്‍ പെട്ടുപോകാതിരിക്കാനായി സാധാരണക്കാര്‍ പലരും ഭരണമാറ്റ വേളയില്‍ പുറത്തിറങ്ങാറില്ല എന്നാണവര്‍  പറഞ്ഞത്. ഇതൊക്കെ അത്ര ശരിയോണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയപ്പോള്‍ ക്രമസമാധാനമൊക്കെ മെച്ചപ്പെട്ടു എന്നാണ്  പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ യു.പി മാറിയിട്ടില്ലെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയ രീതി കാണിക്കുന്നത് അതാണ്. ഈ മാസം 13-നാണ് അതിഖിന്റെ മകന്‍ ആസാദും കൂട്ടാളിയും ഝാന്‍സിയില്‍ കൊല്ലപ്പെട്ടത്. യു പി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണെന്നു പറയുന്നു, ആ കൊലപാതകം. 

 

 

ഒട്ടും നല്ല പശ്ചാത്തലമല്ല അതിഖ് മുഹമ്മദ്ദിനുള്ളത്. പഴയ അലഹബാദിലെ സാധാരണക്കാരുടെ  വാഹനമാണ് കുതിരവണ്ടി. അഷ്ടിക്ക് വേണ്ടി അത്തരമൊരു കുതിര വണ്ടി ഓടിച്ചിരുന്ന ഹാജി ഫിറോസ് അഹമ്മദിന്റെ മകനായി 1962-ല്‍ ജനനം. 20 വയസ്സാകും മുമ്പേ പല പ്രാദേശിക ഗുണ്ടകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം. അതില്‍ പ്രമുഖന്‍ ചാന്ദ് ബാബ എന്നറിയപ്പെടുന്ന ഷേക്ക് ഇ ഇലാഹി. അതീഖ് ഇതിനിടെ രാഷ്ട്രീയത്തിലേക്ക്.  1989-ല്‍ അലഹബാദ്  വെസ്റ്റില്‍ നിന്ന് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കന്നിയങ്കത്തില്‍ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ചാന്ദ് ബാബ കൊല്ലപ്പെട്ടതോടെ ആതിഖിന്റെ ക്രിമനല്‍ പശ്ചാത്തലം കുപ്രസിദ്ധമാകുന്നു. എസ്. പിയുടെയും അപ്നാദളിന്റെയും സീറ്റ് നേടി 4 തവണ എം.എല്‍ എ ആയി. 2004-ല്‍  ജവഹര്‍ലാല്‍ നെഹ്രുവിന്റെ മുന്‍ മണ്ഡലമായ ഫൂല്‍പ്പുരില്‍ നിന്ന് എസ്.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒഴിവു വന്ന അലഹബാദ് വെസ്റ്റില്‍ സഹോദരന്‍ അഷ്‌റഫിനെതിരെ മത്സരിച്ച ബി.എസ്.പിയുടെ രാജു പാലിനെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ആതിഖ് കുടുംബം കുപ്രസിദ്ധരാകുന്നു. 2005 -ലെ രാജുപാലിന്റെ കൊലപാതകത്തില്‍ സാക്ഷിയായിരുന്ന ഉമേഷ് പാല്‍ കൊല്ലപ്പെടുന്നത് ഒന്നര മാസം മുന്‍പ്. ഇതില്‍, ജയിലായിരുന്ന അതിഖും സഹോദരനും വെളിയിലുള്ള മകന്‍ ആസാദുമൊക്കെ  പ്രതികളാകുന്നു. ഇതിനിടയില്‍ യു പി മുഖ്യമന്ത്രി യോദി ആദിത്യനാഥ് മാഫിയകളെ മണ്ണില്‍ അലിയിച്ചു കളയുമെന്ന (മാഫിയോകോം മിട്ടി മേ മിലാ ദേംഗേ) നിയമസഭയില്‍ പ്രസതാവിച്ചത് വിവാദമായിരുന്നു. ഒടുവിലിതാ അതിഖും  സഹോദരനും മകനും ഒരാഴ്ച കൊണ്ട് കൊല്ലപ്പെട്ടു. 

ഇതോടെ ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബത്തിന്റെ വേരറ്റോ? ഉത്തര്‍പ്രദേശിലെ നിരവധി വര്‍ഷങ്ങളുടെ ചരിത്രമെടുത്താല്‍ ആശക്ക് വലിയ വകയില്ല.  1980 മുതലിങ്ങോട്ടുള്ള ക്രമസമാധാന തകര്‍ച്ചക്ക് വലിയ മാറ്റമൊന്നുമില്ല . നിമയമത്തെ നോക്കുകുത്തിയാക്കി അതിന് വെളിയിലുള്ള കണക്ക് തീര്‍ക്കലാണ് നടക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയുമൊക്കെ ഇതില്‍ തുല്യ പങ്കാളികളാണ് പലപ്പോഴും. യുപിയിലെ  ഇപ്പോഴത്തെ മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍  ഇതൊക്കെ പ്രകൃതി നിയമമാണത്രെ.

 

അടിക്കുറിപ്പ്: ആ യാത്രയില്‍ ലഖ്‌നോയില്‍ നിന്ന് ദില്ലിയിലേക്ക് മടങ്ങാന്‍ യു പി സര്‍ക്കാര്‍ വണ്ടിയില്‍ ടിക്കറ്റെടുപ്പിച്ചത് പരിചയക്കാരിയായ അവിടത്തെ ഒരു മാധ്യമ പ്രവര്‍ത്തകയുടെ സഹായിയെ കൊണ്ട്. ഡിപ്പോയിലെത്തിയപ്പോഴാണ് സൗകര്യമുള്ള സമയത്തെ വോള്‍വോ ബസ് വനിതകള്‍ക്ക് മാത്രമാണെന്നറിയുന്നത്. സഹായി അവര്‍ക്കാണെന്ന് കരുതിയാണ് അതിലേക്ക് ടിക്കറ്റ് നോക്കിയത്. അപ്പോഴാണ് അവര്‍ പറഞ്ഞത് സര്‍ക്കാര്‍ ബസില്‍ പോലും പല സ്ത്രീകളും രാത്രി യാത്രക്ക് മടിക്കുമെന്ന്. അതിനാലാണ് പ്രതേക വനിതാ ബസ്.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്