ഇസ്രയേലി - അറബ് വംശജർക്കെതിരെ നെതന്യാഹു; ലക്ഷ്യം ജൂത - അറബ് സഖ്യ സാധ്യത ഇല്ലാതാക്കുകയോ?

Published : Nov 05, 2026, 11:19 AM IST
Israel Election 2026

Synopsis

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നെതന്യാഹുവിന്‍റെ സഖ്യസാധ്യതകളെക്കുറിച്ചുള്ള വിശകലനം. അറബ് പാർട്ടികളുടെ മുന്നേറ്റവും തീവ്ര യാഥാസ്ഥിതികരുടെ നിലപാടുകളും പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സർക്കാരാണ് നെതന്യാഹുവിന്‍റെത്. ലികുഡിന്‍റെ (Likud) സഖ്യത്തിൽ അതിതീവ്ര യാഥാസ്ഥിതികരുണ്ട്. അതിതീവ്ര ദേശീയ വാദികൾ. മുമ്പ് അറബ് പാർട്ടികൾ സർക്കാരിന്‍റെ ഭാഗമായിട്ടുണ്ട്. പക്ഷേ, അവരുമായി സഖ്യത്തിന് നെതന്യാഹു തയ്യാറായാൽ സ്വന്തം സഖ്യത്തിലെ തീവ്രപക്ഷക്കാർ വിട്ടുപോകും. സാധ്യതകൾ പലത് പറയപ്പെടുന്നുണ്ട്. എന്താണ് ഉരുത്തിരിയുക എന്ന് കണ്ടറിയണം.

ആർക്കും ഭൂരിപക്ഷം സമ്മാനിക്കാത്ത വോട്ടിംഗ് രീതി

ഇസ്രയേലിൽ വോട്ടിംഗ് രീതി വ്യത്യസ്തമാണ്. ജില്ലകളോ പ്രവിശ്യകളോ ആയി തിരിക്കാതെ, ഒരൊറ്റ മണ്ഡലമായാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനം വോട്ടുചെയ്യുന്നത് വ്യക്തികൾക്കുമല്ല, ഒരു പാർട്ടിയ്ക്കുവേണ്ടി ഒരൊറ്റ ബാലറ്റാണ്. പാർട്ടിയുടെ ദേശീയതലത്തിലെ വോട്ടുവിഹിതമനുസരിച്ച് പാർലമെന്‍റിലെ സീറ്റ് വീതിക്കും. നെസറ്റിൽ സീറ്റ് കിട്ടണമെങ്കിൽ ഒരു പാർട്ടിക്ക് ദേശീയതലത്തിൽ 3.25 ശതമാനം വോട്ട് കിട്ടണം. അതായത് നാലുസീറ്റ്. അതില്ലാതെ പോയാൽ പ്രാതിനിധ്യവുമില്ല.

രാജ്യചരിത്രത്തിലിന്നുവരെ ഒരു പാർട്ടിയും ഭരിക്കാനുള്ള ഭുരിപക്ഷം നേടിയിട്ടില്ലെന്നത് ഇസ്രയേൽ തെരഞ്ഞെടുപ്പിന്‍റെ മറ്റൊരു ഫലം. അതുകൊണ്ട് സഖ്യസർക്കാരുകളേ ഉണ്ടായിട്ടുള്ളൂ. നെതന്യാഹുവിന്‍റെ നിലവിലെ സഖ്യത്തിൽ സ്വന്തം വലതുപക്ഷപാർട്ടിയായ ലിക്കുഡും ധനകാര്യമന്ത്രി ബെസാലെൽ സ്മോട്രിച്ചിന്‍റെ (Bezalel Smotrich) സയണിസ്റ്റ് പാർട്ടിയും (Zionist Party - HaTzionut HaDatit) സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന്‍റെ (Itamar Ben Gvir) ആത്സ്മ യെഹുദിതുമാണ് (Otzma Yehudit) ഉള്ളത്.

തെരഞ്ഞെടുപ്പ് ഫലം പ്രസിഡന്‍റ് അംഗീകരിക്കണം. അതുകഴിഞ്ഞാൽ, ഭൂരിപക്ഷ പാർട്ടിയുടെ നേതാവിനെയല്ല സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക, പാർലമെന്‍റിൽ കൂടുതൽ പിന്തുണ നേടാൻ സാധ്യതയുള്ള നേതാവിനെയാണ്. 28 ദിവസത്തിനകം സർക്കാർ രൂപീകരിക്കണം. 14 ദിവസം കൂടി പ്രസിഡന്‍റിന് അനുവദിക്കാം. എന്നിട്ടും വിജയിച്ചില്ലെങ്കിൽ, മറ്റൊരു നേതാവിന് അവസരം കിട്ടും. അതും പരാജയപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പ്.

നിലനില്പാണ് പ്രധാനം

ഭൂരിപക്ഷം കുറഞ്ഞെങ്കിലും നെസറ്റിലെ ഏറ്റവും വലിയ സഖ്യമെന്ന പദവി നെതന്യാഹു നിലനിർത്തി. വിരോധാഭാസമെന്ന് ചൂണ്ടിക്കാണിക്കുന്നു നിരീക്ഷകർ. 'വിജയിക്കുന്നതിനേക്കാൾ, നിലനിൽക്കുക' എന്നതായിരുന്നു നെതന്യാഹുവിന്‍റെ ലക്ഷ്യവും. ഹമാസിന്‍റെ ആക്രമണവും തുടർന്ന് ഗാസ ആക്രമിച്ചതും ആദ്യം വലിയൊരുപങ്ക് ജനങ്ങൾ പിന്തുണച്ചെങ്കിലും, അത് നീണ്ടുനീണ്ട് പോയതും ഇസ്രയേലി സൈനികരും മരിച്ചുവീഴാൻ തുടങ്ങിയതും പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകളിലും നെതന്യാഹു വീഴ്ചവരുത്തിയെന്ന ആരോപണവും ജനക്കൂട്ടം ഉയർത്തി. അവരുടെ മോചനത്തേക്കാൾ നെതന്യാഹു പ്രാധാന്യം കൊടുത്തത് ഹമാസിനെതിരായ സൈനിക നടപടിക്കാണെന്നും ആരോപണം ഉയർന്നു. ഗാസ നടപടി അവസാനിക്കുംമുമ്പ് നെതന്യാഹു, ഇറാൻ ആക്രമിച്ചു. പേജർ സ്ഫോടനകാലം വരെ ഹെസ്ബുള്ളയും ഇറാനും ഇസ്രയേലിനെ ആക്രമിച്ചു.

പ്രത്യാക്രമണങ്ങളിലുണ്ടായ ശരിയായ നാശനഷ്ടം ഇസ്രയേൽ പുറത്തുവിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ യുദ്ധം ഇപ്പോൾ പശ്ചിമേഷ്യ മുഴുവൻ പടർന്നിരിക്കുന്നു. യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന വാക്കുമായി അധികാരം പിടിച്ച ഡോണൾഡ് ട്രംപ്, അവസാനിക്കാത്ത യുദ്ധങ്ങൾക്കാണ് തുടക്കമിട്ടത്. അത് ഇസ്രയേലിന്‍റെ പ്രേരണകൊണ്ടാണെന്ന ആരോപണവും വ്യാപകമാണ്. ഇതിനൊക്കെ ഇടയിൽ തെരഞ്ഞെൊടുപ്പിൽ അപ്രസക്തനാകുന്നതിൽ നിന്ന് രക്ഷപ്പെട്ട്, ഏറ്റവും വലിയ പാർട്ടിയായത് തന്നെയാണ് നെതന്യാഹുവിന്‍റെ വിജയം. എതിരാളിയായ ഐസൻകോട്ടിനും ഭൂരിപക്ഷം കിട്ടാതെ പോയത് നെതന്യാഹുവിന് അനുകൂലമായി ഉരുത്തിരിഞ്ഞുവരാനും സാധ്യത നിരീക്ഷകരും കാണുന്നു.

ശക്തി തെളിയിച്ച് അറബ് വംശജർ

പക്ഷേ, ഇതുവരെ അറബ് പാർട്ടികൾക്ക് ഇത്രയും ഭൂരിപക്ഷം കിട്ടിയിട്ടില്ല. ഇസ്രയേലി പൗരത്വം പക്ഷേ പലസ്തീൻ വംശജ‍ർ, അതാണ് അറബ് ഇസ്രയേലികൾ. 19 സീറ്റ് നേടിയതോടെ അധികാരത്തിന്‍റെ തുലാസിൽ തൂക്കക്കൂടുതൽ അവർക്കാണിപ്പോൾ. ഐക്യസർക്കാരിന്‍റെ ഭാഗമാകാം. പക്ഷേ, ആര് കൂടെക്കൂട്ടും എന്നത് വിഷയമാണ്. മുമ്പത്തെ പരീക്ഷണം പരാജയപ്പെട്ടതുമാണ്.

മറ്റ് ചില സമ്മർദ്ദ സാധ്യതകൾ

നിർണായക പങ്കുവഹിച്ചേക്കാവുന്ന വേറെ രണ്ടുകൂട്ടരുണ്ട്. മുൻ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ (Avigdor Lieberman), മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് (Naftali Bennett). രണ്ടുപേരും നെതന്യാഹുവിന്‍റെ ഉപദേഷ്ടാക്കളെന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. കാഴ്ചപ്പാടുകൾക്ക് സാമ്യവുമുണ്ട്. പക്ഷേ, ഇപ്പോൾ രണ്ടുപേർക്കും നെതന്യാഹുവിനോട് താൽപര്യമില്ല. അധികാരം നിലനിർത്താൻ എന്തും ചെയ്യും, അഴിമതി... ഇതൊക്കെയാണ് ആരോപണങ്ങൾ. രണ്ടുപേർക്കും രാഷ്ട്രീയ പാർട്ടികളുമുണ്ട്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങളെ ശക്തമായി അനുകൂലിക്കുന്നെന്ന് ലീബർമാൻ. ബെന്നറ്റ് മുമ്പ് പ്രധാനമന്ത്രിയായത് പ്രതിപക്ഷത്തിന് പിന്തുണ നൽകിയിട്ടാണ്. ഇപ്പോൾ യൈർ ലപിദിന്‍റെ (Yair Lapid) സഖ്യകക്ഷിയാണ് ബെന്നറ്റിന്‍റെ യമിന പാർട്ടി ( Yamina). പക്ഷേ, തീവ്ര യാഥാസ്ഥിതിക പക്ഷക്കാരാണ് ബെന്നറ്റും ലീബർമാനും. അതേസമയം അവർക്കുള്ള ചില ഇളവുകൾക്ക് ഇരുവരും എതിരുമാണ്.

തീവ്ര യാഥാസ്ഥിതികർ

തീവ്ര യാഥാസ്ഥിതികർ 14 ശതമാനമേ ഉള്ളൂ. പക്ഷേ, അവരുടെ വോട്ടുബാങ്ക് നെതന്യാഹുവിന് പ്രധാനമാണ്. അതിനായി അവർക്ക് നൽകിയ ഇളവുകൾ പലതും വിവാദവുമായിട്ടുണ്ട്. പ്രത്യേകിച്ച്, നിർബന്ധിത സൈനികസേവനത്തിൽ നിന്ന് ഒഴിവാക്കിയത്. ഗാസ യുദ്ധത്തിൽ നിന്ന് ഇവരെല്ലാം ഒഴിവായത് കനത്ത എതിർപ്പിന് കാരണമായിരുന്നു.

ഇട‌ഞ്ഞ് നിൽക്കുന്നവർ

ഇത്തവണ പ്രതിപക്ഷത്തിനൊപ്പമോ നെതന്യാഹുവിനൊപ്പമോ നിൽക്കില്ല എന്ന് വ്യക്തമാക്കി ലീബർമാൻ. രണ്ടുകൂട്ടരുടെയും ഫോൺകോളുകൾ എടുക്കാൻ പോലും തയ്യാറായിട്ടില്ല. കൂടുതൽ സാധ്യത ഐക്യ സർക്കാരിനാണ്. ആരൊക്കെ ഉൾപ്പെടുത്തിയാവും എന്നതിലാണ് സംശയം. ഗാഡി ഐസൻകോട്ട് എന്ന മുൻ സൈനിക മേധാവിയുടെ നീക്കങ്ങളും നിർണായകം.

PREV
Read more Articles on
click me!

Recommended Stories

അധികാരത്തിന് അറബ് സഹായം വേണം; മാറുമോ നിലപാടുകൾ? അതോ, നെതന്യാഹു കരുക്കൾ വീണ്ടും നീക്കുമോ?
അട്ടിമറിച്ചത് 14 വർഷത്തെ ഭരണം! വിദ്യാർത്ഥി രാഷ്ട്രീയം സെർബിയയിൽ പുതുചരിത്രമെഴുതുമോ?