വെടിനിർത്തൽ ധാരണയ്ക്കിടെയിലും സുഡാനിൽ വംശഹത്യ തുടരുന്ന ആർഎസ്എഫ്

Published : Nov 13, 2025, 12:36 PM IST
Ceasefire Agreement in Sudan

Synopsis

സുഡാനിലെ എൽ ഫാഷിർ കൂട്ടക്കൊലയെ തുടർന്ന് സൈന്യങ്ങൾക്കിടയിൽ വെടിനിർത്തൽ ധാരണയായിയെങ്കിലും ആർഎസ്എഫ് നടത്തുന്ന വംശഹത്യ തുടരുകയാണ്. യുഎഇ, ഈജിപ്ത്, റഷ്യ തുടങ്ങിയ വിദേശ ശക്തികളുടെ പല താൽപര്യങ്ങൾ കൂടി ചേരുമ്പോൾ സംഘർഷം സങ്കീർണ്ണമാക്കുന്നു.

 

സുഡാനിൽ പടവെട്ടുന്ന രണ്ട് സൈന്യങ്ങൾ തമ്മിൽ വെടിനിർത്താൻ ധാരണയായിട്ടുണ്ട്. എൽ ഫാഷിർ കൂട്ടക്കൊലയിലെ (El Fasher massacre) അന്താരാഷ്ട്ര സമ്മർദ്ദമാവണം കാരണം. മാനുഷിക പരിഗണനകൾ നോക്കിയാണ് വെടിനിർത്തലെന്നാണ് RSF (Rapid Support Forces) എന്ന വിമത സൈന്യത്തിന്‍റെ പക്ഷം. പക്ഷേ, അതിന് തൊട്ടുമുമ്പ്, മൃതശരീരങ്ങൾ വലിയ കുഴികളെടുത്ത് മൂടുന്ന ഉപഗ്രഹചിത്രങ്ങളും പുറത്തുവന്നു. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് യുഎഇയാണ്. RSF -ന് ആയുധങ്ങളും കൂലിപ്പടയാളികളെയും നൽകുന്നുവെന്ന ആരോപണം കേൾക്കുന്ന യുഎഇ. സുഡാനിലെ സംഘ‌ർഷത്തിൽ വിദേശശക്തികളുടെ ഇടപെടലും സഹായവും നേരത്തെ ആരോപിക്കപ്പെടുന്നതാണ്. ഗാസയിലെ കൂട്ടക്കൊലയിലും പട്ടിണിയിലും അലമുറയിട്ടവരൊന്നും സുഡാനിലെ പ്രകടമായ വംശഹത്യയിൽ പ്രതികരിക്കുന്നില്ലെന്നത് വൈരുധ്യം.

ആർഎസ്എഫിന്‍റെ വംശഹത്യ

വെടിനിർത്തൽ താൽകാലികമാണ്. SAF (Sudanese Armed Forces) എന്ന സർക്കാർ സൈന്യവുമായുള്ള ഏറ്റുമുട്ടൽ അവസാനിക്കില്ലെന്ന് ഇപ്പോഴേ വ്യക്തമാണ്. ധാരണക്ക് തൊട്ടുമുമ്പാണ് കൂട്ടശവക്കുഴികളിൽ മൃതദേഹങ്ങൾ വാരിയിടുന്നതിന്‍റെ ഉപഗ്രഹചിത്രം പുറത്തുവന്നത്. യുദ്ധക്കുറ്റകൃത്യങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നുണ്ട്. കൊലപാതകങ്ങൾ, ബലാത്സംഗം. രണ്ട് വർഷമായി ഏറ്റുമുട്ടൽ തുടങ്ങിയിട്ട്. ഒമർ ബഷീറിനെ പുറത്താക്കിയത് RSF ഉം SAF ചേർന്നാണ്. പിന്നെ, അവർ തമ്മിലായി യുദ്ധം. RSF പഴയ ജൻജാവീദ് സംഘങ്ങൾ (Janjaweed militia) പേരുമാറിയതാണ്. ഒമർ ബഷീറിന്‍റെ വിശ്വസ്തർ. ദാർഫൂർ കലാപത്തിൽ ഒമർ ബഷീറിന് വേണ്ടി പതിനായിരങ്ങളെ കൊന്നൊടുക്കിയത് അവരാണ്.

പിന്നെക്കണ്ടത് തലതൊട്ടപ്പനെതന്നെ പുറത്താക്കാൻ SAF -നെ സഹായിച്ച RSF നെയാണ്. പിന്നീട് അധികാരത്തിനായി പരസ്പരം വാളെടുത്തു. ഒപ്പം മറ്റൊരു അജണ്ട കൂടിയുണ്ട് RSF -ന്. രാജ്യത്ത് അറബുകളല്ലാത്തവർ വേണ്ട. അവരെ കൊന്നൊടുക്കുക. ഒരു വംശത്തെ ഇല്ലാതാക്കാൻ കൂട്ടക്കൊല മാത്രമല്ല, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ഒരു വഴിയായി RSF കാണുന്നു. അതാണിപ്പോൾ നടപ്പാക്കുന്നത്. എൽ ഫാഷിറിൽ നടപ്പാക്കിയത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പ്രോസിക്യൂട്ടർമാർ പറഞ്ഞതനുസരിച്ച് പതിനായിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. വീടുകൾ തോറും കയറിയിറങ്ങി കൊലയും ലൈംഗികാതിക്രമവും. ആശുപത്രിയിലെ ഡോക്ടർമാരെയും നേഴ്സുമാരെയും പോലും വെറുതേവിട്ടില്ല. അതിന്‍റെ തെളിവുകൾ ശേഖരിക്കുകയാണ് തങ്ങൾ എന്നവർ കോടതിയിൽ അറിയിച്ചു.

വിദേശ ഇടപെടലുകൾ

ഈ കൂട്ടക്കുരുതിക്ക് ആയുധം നൽകി സഹായിക്കുന്നത് ചില രാജ്യങ്ങളെന്നാണ് തെളിവ് സഹിതമുള്ള റിപ്പോർട്ടുകൾ. യുഎഇ, ഈജിപ്ത് എന്നിവർ മുൻപിൽ. വേറെയും രാജ്യങ്ങൾക്ക് സു‍ഡാന്‍റെ സമ്പത്തിലും ചെങ്കടലിനോടുള്ള അടുപ്പത്തിലും താൽപര്യമുണ്ട്. എത്യോപ്യ, തുർക്കി, റഷ്യ, ചൈന, ചാഡ് അങ്ങനെ പലർ. യുഎഇയിലേക്ക് സുഡാനിലെ സ്വർണം കടത്തി പകരം RSF ആയുധം വാങ്ങുന്നു എന്നാണ് ആരോപണം. അറബ് വസന്തകാലം മുതൽ ഇത്തരം ഇടപെടലുകളുണ്ടെന്നും കലാപകാരികളുടെ ശത്രുക്കളെയാണ് പിന്തുണക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

RSF നേതാവിന്‍റെ യുഎഇ ബന്ധവും തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. യുഎഇ എല്ലാം നിഷേധിക്കുന്നു. ചൈനീസ് തോക്കുകൾ സുഡാനിൽ കണ്ടെത്തിയിരുന്നു. യുഎഇ മാത്രമാണ് ചൈനീസ് ഹൗവിറ്റ്സറുകൾ ഇറക്കുമതി ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ (Stockholm International Peace Research Institute) പറയുന്നു. യമൻ സംഘർഷത്തിൽ ഹൂതികളെ നേരിടാൻ സൗദി സഖ്യം RSF -നെ ഇറക്കിയിട്ടുണ്ട്. അത് RSF മേധാവി സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഈജിപ്തും എസ്എഎഫും

ഈജിപ്തിന് കാലാകാലമായി സുഡാനി സൈന്യത്തോടാണ് താൽപര്യം. ഒരുകാലത്ത് സുഡാൻ ഭരിച്ചിരുന്നത് ഈജിപ്തായിരുന്നു എന്നത് ചരിത്രം. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത്. പിന്നെ നൈൽ നദീതർക്കത്തിൽ രണ്ടുകൂട്ടരും ഇടിഞ്ഞെങ്കിലും ഈജിപ്ത് പിന്തുണക്കുന്നത് അൽ ബുറാനെയാണ്. SAF -നെ. ഇതിന് RSF മേധാവി ഈജിപ്തിനെതിരെ വിരൽ ചൂണ്ടിയിട്ടുണ്ട്. ഈജിപ്ത് പക്ഷേ, അതൊന്നും അംഗീകരിക്കുന്നില്ല. ഈജിപ്തിന് വേറെയും ഒരു കാരണമുണ്ട്, നൈൽ നദിയിൽ എത്യോപ്യ കെട്ടിയ ഭീമൻ അണക്കെട്ട് ഈജിപ്തിന് തലവേദനയാണ്. നൈൽ നദിയിലെ വെള്ളമാണ് ഈജിപ്തിന്‍റെ ജീവനാഡി. അതുകൊണ്ട് തന്നെ എത്യോപ്യയ്ക്കും ഈജിപ്തിനും ഇടയിലുള്ള സുഡാനെ വരുതിയിൽ നിർത്തുക ഈജിപ്തിന്‍റെ ആവശ്യമാണ്.

സൗദി, റഷ്യ

സൗദിയുടെ താൽപര്യം സുഡാന്‍റെ ചെങ്കടൽ തീരമാണ്, ചെങ്കടലിലൂടെയുള്ള വാണിജ്യപാതയാണ്. അത് സംരക്ഷിക്കാനാണ് ഇടപെടലുകൾ. പിന്നെ റഷ്യ. ആഫ്രിക്കൻ സ്വാധീനമാണ് ലക്ഷ്യം. രണ്ട് കൂട്ടരെയും രഹസ്യമായി പിന്തുണക്കുന്നുവെന്നാണ് ആരോപണം. റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ (Wagner) സുഡാനിലെ സ്വർണഖനികളിൽ പിടിമുറുക്കിയത് മുമ്പേ വാർത്തയാണ്.

യുക്രൈയ്ൻ സംഘർഷത്തിന് റഷ്യ പണം കണ്ടെത്തിയത് ആ വഴിക്കും കൂടിയായിരുന്നു. അതുകാരണം യുക്രൈയ്ൻ RSF -നെ ആക്രമിച്ചിട്ടുണ്ട്. അതേറ്റെടുത്തില്ലെങ്കിലും. അതിൽ വാഗ്നർ പിന്തുണച്ച് RSF -നെയാണ്. പോർട്ട് സുഡാനിൽ നാവികാസ്ഥാനമാണ് ഇപ്പോൾ റഷ്യയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. പല ശക്തികൾ അവരുടെ താൽപര്യങ്ങൾക്കായി പലവഴിക്ക് പിടിച്ചുവലിക്കുന്ന രാജ്യം. അധികാരത്തിനും വംശാധിപത്യത്തിനുമായി പടവെട്ടുന്ന സൈന്യങ്ങൾ. സുഡാനിൽ സമാധാനം മരുപ്പച്ചയാണെന്ന് വ്യക്തം.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്