
സൊഹ്റാൻ മംമ്ദാനി (Zohran Mamdani) എന്ന ഇന്ത്യൻ - ഉഗാണ്ടൻ അമേരിക്കൻ ന്യൂയോർക്കിന്‍റെ മേയറായപ്പോൾ അടിയേറ്റത് തീവ്രവലതുപക്ഷത്തിന്‍റെ ചാമ്പ്യനായ പ്രസിഡന്‍റിനാണ്. 'കമ്മ്യൂണിസ്റ്റ്' എന്നാക്ഷേപിച്ചു, ട്രംപ്. അത് ലോകത്തെ തീവ്രവലത് ഏറ്റെടുത്തു. പക്ഷേ, യൂറോപ്പിലെ ഇടത് അടക്കം മംദാനിയുടെ വിജയം ആഘോഷമാക്കി. ഇതിനെല്ലാമിടയിൽ ഒരു ടേക് ഓവർ എന്ന പേടിയും ഉരുത്തിരിയുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. അത് പല തരത്തിലാണ്. ഡമോക്രാറ്റ് പാർട്ടിക്കുള്ളിലും മംമ്ദാനിയുടെ വിജയം ഒരു ആശയസംഘർഷത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
'Stepping from the old to the new...' അർത്ഥഗർഭമായ വാക്കുകൾ. അതിന് പിന്നാലെ ദൂം എന്ന ബോളിവുഡ് ചിത്രത്തിലെ ടൈറ്റിൽ ട്രാക്കും ഹാളിൽ മുഴങ്ങി. മൺസൂൺ വെഡ്ഡിംഗിന്‍റെയും സലാം ബോംബെയുടെയും സംവിധായികയുടെ മകന്‍റെ വിജയത്തിന് ബോളിവുഡ് ഗാനം അകമ്പടിയായത് സ്വാഭാവികം. അച്ഛൻ മഹ്മൂദ് മംമ്ദാനിയ്ക്കും (Mahmood Mamdani) സിന്ധിലും ഗുജറാത്തിലുമാണ് വേരുകൾ. മംമ്ദാനിയുടെ ഇൻസ്റ്റയിൽ ഹിന്ദി സന്ദേശങ്ങൾ പതിവ്. ചെറിയ സംഭാവനകളിലൂടെ പ്രചാരണത്തിന് ഫണ്ട് കണ്ടെത്തിയ മംമ്ദാനി പുരോഗമന വാദികളായ നേതാക്കളുടെ പിന്തുണ നേടിയിരുന്നു. ബെർണി സാൻഡേഴ്സ് (Bernie Sanders) അടക്കം. യൂറോപ്പിലെ ഇടതുപക്ഷത്തിന് മംമ്ദാനിയുടെ വിജയം ഒരു പ്രതീക്ഷയാണ്. തങ്ങൾക്കും ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷ.
ജർമ്മനിയിലെ ഇടത് പാർട്ടി പ്രചാരണ കാലത്ത് ന്യൂയോർക്കിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഫ്രാൻസിലെ ഇടതിനും മംമ്ദാനിയുടെ വിജയം ശുഭപ്രതീക്ഷയാണ്. അതേസമയം മംമ്ദാനിയുടെ വിജയം അത്ര ശുഭകരമായി പലരും കാണുന്നില്ല. 1892 -ന് ശേഷം ഏറ്റവും പ്രായംകുറഞ്ഞ മേയർ, ആദ്യത്തെ മുസ്ലിം മേയർ. ആഫ്രിക്കയിൽ ജനിച്ച ആദ്യത്ത മേയർ. ഈ ഐഡന്‍റിറ്റിയാണ് ചിലർ ആഘോഷമാക്കുന്നത്. പക്ഷേ, അതിൽ ചിലർ അപകടം കാണുന്നു. മൾട്ടി കൾച്ചറലിസം (Multiculturalism) ഇത്രയും വേണ്ട എന്നൊരു മുന്നറിയിപ്പ്. മറ്റൊന്ന് ന്യൂയോർക്കിലെ അധികാരത്തിന്‍റെയും ബിസിനസിന്‍റെയും ചരടുകൾ വലിക്കുന്നവർ അസ്വസ്ഥരായെന്നാണ് റിപ്പോർട്ട്. എതിരാളിയായിരുന്ന ആൻഡ്രൂ കുവോമോയുടെ (Andrew Cuomo) സഹായി, യൂണിയനുകളെയെല്ലാം ഫോൺ ചെയ്ത് പിന്തുണ നൽകരുതെന്ന് ആവശ്യപ്പെട്ടുവെന്ന് ന്യൂയോർക്ക് ടൈംസ് എഴുതുന്നു. റിയൽ എസ്റ്റേറ്റ് ലോബികളും അസ്വസ്ഥരാണ്. എക്സിലും ചില മുന്നറിയിപ്പുകൾ വന്നു. മില്യണുകളാണ് മംമ്ദാനിയുടെ കൈയിലേക്ക് വരിക എന്ന മുന്നറിയിപ്പ്.
34 -കാരനായ മംമ്ദാനി മത്സരത്തിനിറങ്ങിയത് അപരിചിതമുഖമായാണ്. ഇന്ന് അമേരിക്കയിലെ മാത്രമല്ല, ലോകത്തെ തന്നെ പ്രശസ്തമായ മുഖം. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് റാപ്പറായിരുന്നു. ഹൌസിംഗ് കൌൺസിലറുമായിരുന്നു. കുറഞ്ഞ വരുമാനക്കാരെ സഹായിക്കുന്ന കൌൺസിലർ. അതിൽ നിന്ന് ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായത് സമ്പന്നർക്ക് നികുതി, നഗരത്തിൽ സൌജന്യ ബസ് സർവീസ്, വാടകയിലെ നിയന്ത്രണങ്ങൾ, സ്ഥിര വാടകയുള്ള താമസസ്ഥലങ്ങൾ, നഗരത്തിന്‍റെ നിയന്ത്രണത്തിലുള്ള കുറഞ്ഞ നിരക്കിൽ എല്ലാം ലഭ്യമാകുന്ന പലചരക്ക് കടകൾ, 5 വയസ് വരെ കുഞ്ഞുങ്ങൾക്ക് ചികിത്സ, 10 ലക്ഷത്തിലേറെ വരുമാനമുള്ള നഗരവാസികൾക്ക് 2 ശതമാനം നികുതി, അങ്ങനെ പല വാഗ്ദാനങ്ങൾ നൽകിയാണ്. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ വെറും 1 ശതമാനമായിരുന്നു മംമ്ദാനിയുടെ പിന്തുണ. പിന്നെ അമ്പരപ്പിക്കുന്ന ഉയർച്ച, വിജയം. അത് സമ്മതിക്കുന്നു എല്ലാവരും. തന്ത്രങ്ങളും പുതുമയുള്ളതായിരുന്നു. ലക്ഷ്യമിട്ടത് വാടകയും ജീവിതച്ചെലവും. മംമ്ദാനി ബ്രാൻഡ് വിറ്റില്ല, പകരം സമയം നൽകാൻ ആവശ്യപ്പെട്ടു ജനങ്ങളോട്, വോളണ്ടിയർമാരായി. സോക്കർ ടൂർണമെന്‍റ് നടത്തി, അതിൽ നിന്നും വോളണ്ടിയർമാരെ കിട്ടി. ഫണ്ട് സ്വീകരിച്ചത് ചെറിയ തുകകളായി. അതേസമയം കുവോമോക്ക് 25 മില്യന്‍റെ പിഎസി ഫണ്ടാണ് (Political action committee Fund) കിട്ടിയത്.
(സൊഹ്റാൻ മംമ്ദാനിയും ഭാര്യയും)
അണിയറയിൽ മംമ്ദാനിയ്ക്ക് സഹായകമായി ചില തന്ത്രപരമായ നീക്കങ്ങളും നടന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. വ്യവസായികളുമായി കൂടിക്കാഴ്ചകളുൾപ്പടെ. സമ്പന്നർക്ക് നികുതിയെന്ന ഭീഷണിയിലുള്ള അവരുടെ ആശങ്കകൾ തണുപ്പിക്കാൻ. ഗവർണർ കാത്തി ഹോക്കുലുമായി (Kathy Hochul) സന്ധിസംഭാഷണം നടത്തി. അവർ മംമ്ദാനിയെ അംഗീകരിച്ചു. നിർണായകമായ നീക്കം. ഇതൊക്കെയാണെങ്കിലും ജയിക്കുമെന്ന് അവർ പോലും പക്ഷേ, വിചാരിച്ചിരുന്നില്ല. പ്രസംഗം എഴുതിയത് അവസാനഘട്ടത്തിലാണ്. ശേഷിക്കുന്നത് വാഗ്ദാനങ്ങളുടെ പാലനമാണ്. എല്ലാം നടപ്പാക്കാൻ പറ്റുമോയെന്ന സംശയം കുറവല്ല. മേയറുടെ അധികാരപരിധി പ്രധാന കാരണം. 12 വർഷം മുമ്പ് ബിൽ ഡി ബ്ലാസിയോ (Bill de Blasio) എന്ന ഡമോക്രാറ്റ് മേയർ അധികാരത്തിലെത്തിയത് ഇതേ ചിന്താഗതിയുമായാണ്.
ന്യൂയോർക്കിലെ സാമ്പത്തിക, സാമൂഹ്യ അസമത്വങ്ങളെക്കുറിച്ച് ബ്ലാസിയോ പ്രസംഗിച്ചു. അത് കേട്ട് ഇടതുപക്ഷം കൈയടിച്ചു. പലതും പ്രതീക്ഷിച്ചു. പക്ഷേ, 8 വർഷത്തിന് ശേഷം മേയറുടെ അധികാരപരിധികളിൽ പെട്ട് ശ്വാസംമുട്ടി ഒന്നും നടപ്പാക്കാനാകാതെ നിരാശനായി ഇറങ്ങി ബ്ലാസിയോ. ഇത്തവണ ബ്ലാസിയോ മംമ്ദാനിയെ പിന്തുണച്ചു. ശേഷിക്കുന്നത് മറ്റ് ചില വെല്ലുവിളികളാണ്. സോഷ്യൽ ഡമോക്രാറ്റ് എന്ന വിശേഷണം സ്വയം നൽകിയ മംമ്ദാനി, തീവ്ര ഇടതിലേക്ക് ചായില്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കേണ്ടിവരും, ന്യൂയോർക്കിലെ വ്യവസായ ലോകത്തെ സമാധാനിപ്പിക്കാൻ. പലസ്തീൻ ആഭിമുഖ്യത്തിന്‍റെ അർത്ഥം ഇന്തിഫാദ ആഗോളവത്കരിക്കൂവെന്ന ആഹ്വാനമല്ലെന്നും ഉറപ്പിക്കണം. ഏറ്റവും കൂടുതൽ ജുതരുള്ള അമേരിക്കൻ നഗരമാണ് ന്യൂയോർക്ക്.
ഡമോക്രാറ്റ് പാർട്ടിക്കുള്ളിലും ചല പിടിവലികളുണ്ട്. ഇടത് എന്നാൽ എത്ര ഇടത്തോട്ട് എന്ന പിടിവലി. പുരോഗമനവാദികൾ പിന്തുണക്കുന്നു. പക്ഷേ, പ്രായോഗികവാദികൾ സംശയിക്കുന്നു. മംമ്ദാനിയുടെ വിജയം നിർണായക സംസ്ഥാനങ്ങളെ അകറ്റുമെന്നാണ് സംശയം. വൈറ്റ് ഹൗസ് തിരിച്ച് പിടിക്കാൻ അത് സഹായിക്കില്ലെന്നും. പക്ഷേ, മംമ്ദാനിയുടെ ആരാധകരുടെ നിരാശ മറ്റൊന്നാണ്. മംമ്ദാനിക്ക് ഒരിക്കലും പ്രസിഡന്‍റാകാൻ പറ്റില്ല. അമേരിക്കയിൽ ജനിച്ചയാളിനേ പ്രസിഡന്‍റാകാൻ കഴിയൂവെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. അതായത്, Natural born citizen. അത് ഭേദഗതി ചെയ്യാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ട്. പരാജയപ്പെട്ടിട്ടേയുള്ളൂ. സ്ഥാപക നേതാക്കളുടെ ആശങ്കകളാണ് ഈ വ്യവസ്ഥക്ക് പിന്നിൽ. അല്ലെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതി ന്യൂയോർക്കിൽ അംഗീകരിച്ചത് പോലെ മറ്റെവിടെയും അംഗീകരിക്കണമെന്നില്ല. അമേരിക്കയുടെ സ്വത്വം അതംഗീകരിക്കില്ല. ന്യൂയോർക്കിലെ സംസ്കാര വൈവിധ്യം എല്ലായിടത്തും ബാധകവുമല്ല.