
ഡയാന രാജകുമാരിയുടെ ഇളയ സഹോദരൻ ഏൾ സ്പെൻസറിന്‍റെ പുസ്തകത്തിലെ ('സ്വാന്‍ സോംഗ്: ഡയാന മൈ സിസ്റ്റര്‍') ചില ആരോപണങ്ങൾ ബ്രിട്ടനിൽ കോളിളക്കമുണ്ടാക്കുകയാണ്. ബ്രിട്ടീഷ് രാജകുടുംബമാണ് കേന്ദ്രബിന്ദു. ഡയാനയുടെ മരണത്തിന് ശേഷം സ്പെൻസറും ചാൾസുമായുണ്ടായ രണ്ട് ഫോൺകോളുകളാണ് വിവാദമായിരിക്കുന്നത്. ബിബിസിക്ക് നൽകിയ അഭിമുഖത്തൽ ഏൾ സ്പെൻസർ അതെല്ലാം ഒന്നുകൂടി ഉറപ്പിച്ചുപറഞ്ഞു. ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ പ്രതികരണം മറ്റൊന്നാണ്.
ഡയാനയുടെ ശവമഞ്ചം മക്കൾ അനുഗമിക്കണോ എന്നതിലായിരുന്നു ഫോൺകോൾ. അത് വേണോയെന്ന് ചോദിച്ച തന്നോട്, ചാൾസ് ദേഷ്യപ്പെട്ടുവെന്നും കടമയെന്തെന്ന് അറിയില്ലെന്ന് ആരോപിച്ചുവെന്നും ഡയാനയുടെ സഹോദരൻ പറയുന്നു. ഒന്ന് നിർത്തിയ ശേഷം, പിന്നെ പറഞ്ഞ വാക്കുകളാണ് തന്നെ ഞെട്ടിച്ചതെന്നും. 'എന്തായാലും നമ്മൾ അവളെ പെട്ടെന്ന് തന്നെ മറക്കും', അതായിരുന്നു ചാൾസിന്‍റെ വാക്കുകളെന്ന് ഉറപ്പിച്ച് പറയുന്നു സ്പെൻസർ.
മറ്റൊരു ഫോൺ കോൾ കൂടിയുണ്ടായി. പാരിസിലെ കാറപകടത്തിൽ ഡയാന മരിച്ച ശേഷം തന്നെ വിളിച്ചപ്പോൾ ചാൾസിന് അസാധാരണമായൊരു സന്തോഷമുള്ളത് പോലെ തോന്നിയെന്നാണ് സ്പെൻസറുടെ ആരോപണം. ദക്ഷിണാഫ്രിക്കയിലെ വീട്ടിലായിരുന്ന താൻ അർദ്ധരാത്രിയാണ് ഡയാനയുടെ മരണവിവരം അറിഞ്ഞത്. പലരും വിളിച്ച് ദുഖം പങ്കുവച്ചു. പക്ഷേ, ചാൾസിന്‍റെ സ്വരത്തിൽ മാത്രം സന്തോഷമാണ് പ്രതിധ്വനിച്ചതെന്നും സ്പെൻസർ കൂട്ടിച്ചേർക്കുന്നു.
ഡയാനയുടെ മരണശേഷവും അതിന് മുമ്പും രാജകുടുംബം ഒരുപാട് പഴി കേട്ടതാണ്. മരണ ശേഷം രാജകുടുംബത്തിന്‍റെ, പ്രത്യേകിച്ച് എലിസബത്ത് രാജ്ഞിയുടെ പ്രതികരണവും ചില തീരുമാനങ്ങളും ബ്രിട്ടിഷ് ജനതയെത്തന്നെ അമ്പരപ്പിച്ചിരുന്നു. സംസ്കാരച്ചടങ്ങിൽ ഏൾ സ്പെൻസറിന്‍റെ വികാരഭരിതമായ വാക്കുകളും അന്ന് വലിയ വാർത്തയായതാണ്. ഹാരിയും മേഗനും തിരിച്ചെത്തിയ ശേഷമാണ് ഈ പുതിയ വിവാദമെന്നതും ഏറെ ശ്രദ്ധേയം.