അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ഞെട്ടിച്ച് ഡെമോക്രാറ്റുകൾക്ക് ചരിത്ര വിജയം. കോൺഗ്രസിലെ ഇരുസഭകളും പിടിച്ചെടുത്ത ഡെമോക്രാറ്റുകൾ, അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചു. ആദ്യത്തെ മുസ്ലിം സെനറ്റർ ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു വിജയം ഡമോക്രാറ്റുകൾ പോലും പ്രതീക്ഷിച്ചിരിക്കില്ല. കോൺഗ്രസിലെ രണ്ട് സഭകളും ഡമോക്രാറ്റുകൾ കൊണ്ടുപോയി. ജനപ്രതിനിധിസഭയും സെനറ്റും. കാലാകാലമായി റിപബ്ലിക്കൻ ചുവപ്പായിരുന്ന സംസ്ഥാനങ്ങൾ നീലയിൽ കുതിർന്നു. പലതും ചരിത്രം കുറിക്കുന്ന വിജയങ്ങളാണ്. ആദ്യത്തെ ആഫ്രിക്കൻ - അമേരിക്കൻ വനിതാ ഗവർണർ, സെനറ്റിലേക്കുള്ള ആദ്യത്തെ മുസ്ലിം അംഗം, സ്വവർഗാനുരാഗി സെനറ്റംഗമായതും ആദ്യം. സഹകരിക്കുമെന്നാണ് ട്രംപിന്റെ പ്രതികരണം. പക്ഷേ, എന്തുപറ്റിയെന്ന ചിന്തകളും വിശകലനങ്ങളും തുടങ്ങിക്കഴിഞ്ഞു റിപബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ. പ്രസിഡന്റിൽ നിന്ന് അകലം പാലിച്ചവർപോലും തോറ്റു. ഇറാൻ യുദ്ധത്തെ കുറ്റം പറയുന്നു റിപബ്ലിക്കൻ അംഗങ്ങൾ. സാമ്പത്തികമാണ് പ്രശ്നമെന്ന അഭിപ്രായവുമുണ്ട്. പക്ഷേ, പരമ്പരാഗത റിപബ്ലിക്കൻ സംസ്ഥാനങ്ങൾ പോലും കൂറുമാറിയതിന്റെ അർത്ഥം വ്യക്തമായിട്ടില്ല പാർട്ടിക്ക്.
ഒഴുകിപ്പരന്ന നീല
നീലയങ്ങനെ പരന്നൊഴുകിപ്പടർന്നത് എങ്ങനെയെന്ന ആലോചന തീർന്നിട്ടില്ല. ട്രംപ് പറന്നുനടന്നാണ് റാലികളിൽ പങ്കെടുത്തത്. ഈ പ്രായത്തിലെ ഒരാൾക്ക് സാധാരണഗതിയിൽ അസാധ്യമായ കാര്യം. എന്നിട്ടും ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥികൾ തോറ്റു. ട്രംപിനോട് അകലം പാലിച്ചവരും തോറ്റു. റിപബ്ലിക്കൻ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടത്, ഒരു തലമുറക്കാലത്തേക്കാളും അധികാരം നിലനിർത്തിയ ഇടങ്ങളിലാണ്. Rust Belt ട്രംപിനൊപ്പമേ നിന്നിട്ടുള്ളു. വ്യവസായങ്ങൾ തുരുമ്പിച്ചയിടങ്ങളിൽ അവ വീണ്ടെടുക്കും എന്നുറപ്പ് നൽകിയ ട്രംപിനൊപ്പമായിരുന്നു വോട്ടർമാർ. ഇല്ലിനോയി മുതൽ വിസ്കോൺസിൻ വരെ. അത് പോയി. കനേഡിയൻ അതിർത്തി മുതൽ ടെക്സസ് വരെ നീളുന്ന Great Plains -ഉം ട്രംപിനെ പിന്തുണച്ച് പോരുന്നു. ഇത്തവണഅതും പോയി.

കൻസസ് ഡമോക്രാറ്റുകൾക്ക് അവസാനം കിട്ടിയത് 1930 -കളിലാണ്. സൗത്ത് കരോലൈനയിലെ സെനറ്റ് സീറ്റ് നഷ്ടപ്പെട്ടത് 1960 -കളിൽ. ടെക്സസിലെ ചുവപ്പ് ഒരുകാലത്തും മായില്ലെന്ന് വിചാരിച്ചിരുന്നു ഡമോക്രാറ്റുകളും. 1990 -കൾക്ക് ശേഷം ടെക്സസ് അവർക്ക് കിട്ടിയിട്ടില്ല. ഉൾപ്രദേശങ്ങളിലും ലറ്റീനോകൾക്കിടയിലും കിട്ടിയിരുന്നതെല്ലാം അപ്പാടെ പോയി. മധ്യമേഖലയിൽ ഡമോക്രാറ്റുകൾക്ക് ജീവൻ വച്ചു. അയോവ, മിഷിഗൻ, മിനസോട്ട, ഒഹായോ എന്നിവിടങ്ങളിൽ ഗവർണർ സ്ഥാനവും സെനറ്റും ഡമോക്രാറ്റുകൾ നേടി. റിപബ്ലിക്കൻ പാർട്ടി, അതിർത്തികൾ പുനർനിർണയിച്ച് ആധിപത്യം നേടാൻ ശ്രമിച്ചിരുന്നു. ഫലിച്ചില്ലെന്നുവേണം കരുതാൻ. കോടീശ്വരനായ ഇലൺ മസ്ക് റിപബ്ലിക്കൻ പാർട്ടിക്ക് നൽകിയ 168 മില്യൻ ഡോളറിനും ടെക്സസിൽ അധികാരം ഉറപ്പിക്കാനായില്ല. ഫണ്ടിന്റെ കാര്യത്തിൽ വളരെപ്പിന്നിലായിരുന്നു ഡമോക്രാറ്റ് പാർട്ടി. മസ്ക് എല്ലാംകൂടി ബില്യനുകളാണ് നൽകിയത്. തന്റെ പേര് ബാലറ്റിലുണ്ടായിരുന്നെങ്കിൽ പാർട്ടി തോൽക്കില്ലായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രസിഡന്റിന്റെ പ്രതികരണം.
തോറ്റുപോയ റിപബ്ലിക്കന്മാർ
ടെക്സസിൽ സെനറ്റ് സീറ്റും ഗവർണർ സ്ഥാനവും നേടിയത് ഡമോക്രാറ്റുകളാണ്. സെനറ്ററായത് ജെയിംസ് തലാരിക്ക (James Talarica). ഗവർണറായത് ഗിന ഹിനോജോസ (Gina Hinojosa), ഗവർണറാകുന്ന ആദ്യത്തെ ലറ്റീനോ വംശജ. കൻസസിനും കിട്ടി ഡമോക്രാറ്റിക് സെനറ്ററെ. ഏതാണ്ടൊരു നൂറ്റാണ്ടിന് ശേഷമുള്ള വിജയം. സ്പീക്കറാവുക ഹക്കീം ജെഫ്രീസ് (Hakeem Jeffries) ആണ്. Great American Comeback എന്ന് വിശേഷിപ്പിച്ചു ജെഫ്രീസ്.
30 വർഷം മെയ്ൻ ( Maine) സെനറ്റായിരുന്ന സൂസൻ കോളിൻസിന്റെ (Susan Collins) തോൽവി റിപബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ചു. ആ സ്ഥാനനഷ്ടം പാർട്ടിയുടെ തോൽവിയുടെ വ്യാപ്തി സൂചിപ്പിച്ചു. ട്രംപിൽ നിന്ന് അകലം പാലിച്ചിട്ടും കോളിൻസിന് വിജയിക്കാനായില്ല.
അയോവ, ഒഹായോ, നോർത്ത് കരോലൈന എന്നിവയെല്ലാം പിടിച്ചെടുത്തു ഡമോക്രാറ്റുകൾ. 1964 ൽ നഷ്ടപ്പെട്ട സൗത്ത് കരോലൈനയും തിരികെപ്പിടിച്ചു. റിപബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം (Lindsay Graham) മരിച്ചതോടെ, ഗ്രഹാമിന്റെ സഹോദരിയാണ് മത്സരരംഗത്തിറങ്ങിയത്. ട്രംപ് നേരിട്ട് തെരഞ്ഞെടുത്ത സ്ഥാനാർത്ഥി. അങ്ങനെ പ്രസിഡന്റ് നേരിട്ട് തെരഞ്ഞെടുത്ത, പിന്തുണച്ച പലരും തോറ്റുവെന്നതാണ് സത്യം. ജോർജിയ, ടെക്സസ്, ഒക്കെ ഉദാഹരണങ്ങളാണ്.
ഒഹായോവിൽ വിവേക് രാമസ്വാമി ഇറക്കിയ പ്രചാരണവീഡിയോ വിവാദമായിട്ടും ട്രംപ് പിന്തുണച്ചതും അടിതെറ്റിച്ചുവെന്ന് വേണം കരുതാൻ. ടെക്സസിൽ ട്രംപിന്റെ സ്ഥാനാർത്ഥി പാക്സ്റ്റൺ (Paxton) ആണ്. അതും കൈവിട്ടുപോയി. മസ്കിന്റെ കോടികളും വെറുതേയായി. തെരഞ്ഞെടുപ്പുഫലം ഏതാണ്ട് വ്യക്തമായശേഷം ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ അക്കൗണ്ട് നിശബ്ദമായി. മൂന്നുമണിക്കൂറോളം നീണ്ടു. പിന്നെ വന്നത് 'സ്വന്തം പേരില്ലാത്തതിന്റെ പേരിലെ തോൽവി' എന്ന അവകാശവാദമാണ്. പക്ഷേ, ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഇറാൻ യുദ്ധമല്ല കാരണം, ചുങ്കങ്ങളുമല്ല, അതൊക്കെ ചെറിയ കാരണങ്ങൾ മാത്രം, സ്ഥാനാർത്ഥികളാണ് കാരണമെന്ന് തർക്കിച്ച് ഉറപ്പിച്ചു പ്രസിഡന്റ്.

ചില അട്ടിമറികൾ
സെനറ്റിലെ ആദ്യത്തെ മുസ്ലിം അംഗമാവുകയാണ് അബ്ദുൾ എൽ-സയീദ് (Abdul El-Sayed). മിഷിഗൺ നിർണായക സംസ്ഥാനമാണ്. ജോ ബൈഡനൊപ്പമായിരുന്നു 2020 -ൽ. 2024 പക്ഷേ ട്രംപിനൊപ്പമായി. മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കൂടിയാണ് മിഷിഗൺ. ചില നഗരങ്ങളിൽ അത് 60 ശതമാനത്തോളമാണ്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിയും മിഷിഗണിലെ ഡിയർബോണിലാണ് (Dearborn). 2024 -ലെ വിജയം പക്ഷേ, ട്രംപിന് ആവർത്തിക്കാനായില്ല. വേറെയും പലതുമുണ്ട് ഈ തെരഞ്ഞെടുപ്പിലെ ചരിത്രം കുറിച്ച വിജയങ്ങൾ.
5 ആഫ്രോ അമേരിക്കൻ വംശജർ ഗവർണർമാരായി. ഇത്രയും നാൾ അത് മൂന്നുവരെയേ എത്തിയിട്ടുള്ളു. 2008 -ൽ അത് രണ്ടായിരുന്നു. പിന്നെ മൂന്നായി. ഇപ്പോൾ 5 ഉം. ആദ്യത്തെ ലറ്റീനോ ഗവർണറും ഇത്തവണത്തെ ചരിത്രമാണ്. സ്വവർഗാനുരാഗിയായ ആദ്യത്തെ പുരുഷസെനറ്ററായി ക്രിസ് പാപ്പാസ് (Chris Pappas). ജനപ്രതിനിധി സഭാംഗമായിരുന്നു ഇതുവരെ. LGBTQ വനിതാ സെനറ്റർ നേരത്തെയുണ്ട്, ടാമി ബാൾഡ്വിൻ (Tammy Baldwin).
വനിതാ ഗവർണർമാരുടെ എണ്ണം കൂടി, 17 ആയി. കൻസസ് അലാസ്ക കൂടിയായാൽ എണ്ണം കൂടും. ജോർജിയയിൽ ആഫ്രോ അമേരിക്കൻ വംശജ ആദ്യമായി ഗവർണ സ്ഥാനത്തെത്തി. അറ്റ്ലാന്റയിലെ മേയറായിരുന്ന കെയ്ഷ ലാൻസ് ബോട്ടംസ് (Keisha Lance Bottoms). ആദ്യത്തെ തദ്ദേശീയ ഗവർണറെ കിട്ടിയത് ന്യൂ മെക്സിക്കോയ്ക്കാണ്, ഡെബ് ഹാലാൻഡ് (Deb Haaland). ടെക്സസിൽ നാലാമൂഴത്തിന് ഒരുങ്ങിയിരുന്ന ഗ്രെഗ് ആബട്ടിന് തോൽവിയൊരു ഞെട്ടലായി. പകരം ലറ്റീനോ വംശജ ആദ്യമായി അധികാരത്തിലെത്തുകയാണ്. 100 മില്യൺ ഫണ്ടിന്റെ ശക്തിയുമായായാണ് ആബട്ട് മത്സരിച്ചത്. ഏറ്റവും പണമൊഴുകിയ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന റെക്കോർഡ് ടെക്സസിനാണ്. മസ്കിന്റെ പണം കിട്ടിയത് റിപബ്ലിക്കൻ പാർട്ടിക്ക്. പക്ഷേ, ജയിച്ചത് ഡമോക്രാറ്റായ ജെയിംസ് ടലറിക്കോ (James Talarico). മസ്ക്, തന്റെ കണക്കുകൂട്ടൽ തെറ്റിയെന്ന് പോസ്റ്റുമിട്ടു.
എൽ സായിദിന്റെ നന്ദി പ്രസംഗം
അതിർത്തി പുനർനിർണയിച്ച് ഭരണം പിടിക്കാൻ റിപബ്ലിക്കൻ പാർട്ടി ശ്രമിച്ച 15 ഡിസ്ട്രിക്റ്റുകളും ഡമോക്രാറ്റുകൾ നിലനിർത്തി. നാല് സീറ്റ് കൂടുതലും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് മിഷിഗനിൽ എൽ സായിദിന്റെ (El Sayed) വിജയമാണ്. റിപബ്ലിക്കനായ മൈക് റോജേഴ്സിനെയാണ് സയിദ് തോൽപ്പിച്ചത്. അവസാനനിമിഷം സയിദിനുള്ള പിന്തുണ പിൻവലിച്ചിരുന്നു ഡമോക്രാറ്റായ ഹാലി സ്റ്റീവൻസ് (Haley Stevens), എന്നിട്ട് റോജേഴ്സിന് പിന്തുണ അറിയിച്ചു. അത് വിവാദമായി. ഡമോക്രാറ്റുകൾ, പാലം വലിച്ചുവെന്ന് കുറ്റപ്പെടുത്തി. അത് പക്ഷേ ഫലത്തിൽ പ്രതിഫലിച്ചില്ല. എൽ സയിദിനെ 'ജിഹാദിസ്റ്റ്' എന്നുവിളിച്ച് ആക്ഷേപിച്ചിട്ടുണ്ട് ട്രംപ്. അത് കോളിളക്കമുണ്ടാക്കുകയും ചെയ്തു.

വിജയിച്ചപ്പോൾ അതിനെല്ലാം മറുപടി പറഞ്ഞു എൽ സായിദ്. എൽ സായിദിന്റെ വിജയ പ്രസംഗത്തിലെ പല വാചകങ്ങളും പ്രയോഗങ്ങളും സോഷ്യൽ മീഡിയയിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. വിജയപ്രസംഗം സാധാരണ വോട്ടർമാർക്കും അണികൾക്കുമുള്ള നന്ദി അറിയിക്കാനും മുന്നിലുള്ള ലക്ഷ്യങ്ങൾ വിശദീകരിക്കാനുമാണ് സാധാരണ സ്ഥാനാർത്ഥികൾ വിനിയോഗിക്കുക. പക്ഷേ, സായിദ് അതിൽ വ്യത്യസ്തനായി. അതിൽ ചില വിമർശനങ്ങൾ നേരിട്ടെങ്കിലും. തന്റെ വിജയം 'രുചികരമായ വൈരുദ്ധ്യം' എന്ന് വിശേഷിപ്പിച്ചു സായിദ്.
തന്റെ പേര് ഉച്ചരിക്കാൻ കഴിയാത്ത പ്രസിഡന്റ് ഇനി തന്നെ സെനറ്റർ എന്നുവിളിച്ചാൽ മതിയെന്ന് പരിഹാസിച്ചു. കൈയടിച്ച് ചിരിച്ച് കൊണ്ട് ജെ ഡി വാൻസിനെ 'ഹബീബീ' എന്ന അറബി വാക്കിൽ അഭിസംബോധന. ഇൻഷാള്ളയ്ക്ക് (Inshallah) പകരം ഇനി അൽഹംദുലില്ല (Alhamdulilla) എന്ന് പറയാമെന്ന് അടുത്തത്. അതും വലതുപക്ഷത്തെ പേരെടുത്ത് പരിഹസിച്ച് കൊണ്ട്. തന്നെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടിവരുമല്ലോ വാൻസ്. 'Wolverine 1, Buckeye 0' എന്ന് അടുത്ത വാചകം. അതൊരു കോളജ് ഫുട്ബോൾ എതിരാളിക്കഥയാണ്. എൽ സായിദ് പഠിച്ച മിഷിഗൺ കോളജിലെ ഫുട്ബോൾ ടീമാണ് വോൾവറിൻ (Wolverine). വാൻസ് പഠിച്ച ഒഹായോ യൂണിവേഴ്സിറ്റിയിലെ ഫുട്ബോൾ ടീമാണ് ബക്കി (Buckeye). ചരിത്രത്തിലിടം നേടിയ ശത്രുക്കളാണ് രണ്ട് ടീമും. അതാണ് എൽ സായിദ് ഉദ്ദേശിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വാൻസ്, സായിദിനെ രൂക്ഷമായി ആക്രമിക്കുകയും ചെയ്തിരുന്നു. അറബി വാക്കുകൾ വേറെയും ഉപയോഗിച്ചു സായിദ്. മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകേണ്ടി വരുന്ന ഒരേയൊരു സെനറ്ററായിരിക്കും സായിദ് എന്ന ട്രംപിന്റെ പരിഹാസത്തിനും മറുപടി നൽകി സായിദ്. 'പ്രസിഡന്റ് ലൈ ഡിറ്റക്ടറിന് (Lie Detector - നുണ പരിശോധനാ ഉപകരണം) മുന്നിലിരിക്കൂ, താൻ മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കാം' എന്നായി. തന്റെ മതവിശ്വാസവും, പലസ്തീൻ അനുകൂല നിലപാടും ഈജിപ്ഷ്യൻ വംശപാരമ്പര്യവും തുറന്ന് പറഞ്ഞ് തന്നെയായിരുന്നു സായിദിന്റെ പ്രചാരണം. ഡോക്ടർ കൂടിയാണ് അബ്ദുൾ റഹ്മാൻ മുഹമ്മദ് എൽ സയീദ് (Abdul Rahman Mohammed El Sayed). ഭാര്യ ഇന്ത്യൻ വംശജയാണ്.














