പാതിയില്‍ വേര്‍പെട്ടു പോയെങ്കിലും പിയാമ്മേ..., ഞങ്ങളുടെയുള്ളില്‍ എപ്പോഴും നീയുണ്ട്, 

Published : Mar 14, 2025, 02:43 PM IST
പാതിയില്‍ വേര്‍പെട്ടു പോയെങ്കിലും പിയാമ്മേ..., ഞങ്ങളുടെയുള്ളില്‍ എപ്പോഴും നീയുണ്ട്, 

Synopsis

അമ്മയും പ്രീതിയും തമ്മില്‍ വല്ലാത്തൊരാത്മബന്ധമുണ്ടായിരുന്നു. അടുക്കളയില്‍ നീളുന്ന സംസാരത്തിന്റെ വീഡിയോ അവരറിയാതെ എടുത്ത് മോന്‍ എനിക്കയച്ചു തരും.

ഒരിക്കല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എന്റെ ഇളയ മകളെ മാത്രമായി നാട്ടില്‍ വിടേണ്ട സാഹചര്യമുണ്ടായി. ഏറെക്കാലം അവളുടെ മകനോടൊപ്പം എന്റെ കുഞ്ഞുമകള്‍ക്കും അവള്‍ അമ്മയായി. വാക്കുകള്‍ ഉച്ചരിച്ചു തുടങ്ങിയ ആ പ്രായത്തില്‍ പ്രീതിയെ അവള്‍ 'പിയാമ്മ' എന്നു വിളിച്ചതിന്റെ സന്തോഷം ആവേശത്തോടെ അവള്‍ പങ്കുവെച്ചു.

ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാ സ്ത്രീകളും എനിക്ക് പ്രിയപ്പെട്ടവരാണ്. അമ്മമാര്‍, മക്കള്‍, അനുജത്തിമാര്‍, കൂട്ടുകാരികള്‍, സഹപ്രവര്‍ത്തകര്‍. ഓരോ ബന്ധങ്ങളും ഓരോ കടങ്കഥകളാണെന്നു പറയും പോലെ ഓരോരുത്തരെപ്പറ്റി ഓര്‍ക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ മനസ്സിലെത്തും. എങ്കിലും ഇവിടെ ഞാന്‍ എഴുതുന്നത് ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വന്ന രോഗാവസ്ഥയോടു ധൈര്യസമേതം പൊരുതിയ എന്റെ സഹോദരഭാര്യയെക്കുറിച്ചാണ്. 

പ്രീതി. അതാണ് അവളുടെ പേര്.

ആദ്യമായി തമ്മില്‍ കാണുന്നത് കല്യാണനിശ്ചയത്തിനാണ്. കൃത്രിമ അലങ്കാരങ്ങളേതുമില്ലാതെ തന്നെ നേര്‍ത്ത സ്വര്‍ണ്ണവര്‍ണം തുന്നിപ്പിടിപ്പിച്ച പച്ച നിറമുള്ള പട്ടുസാരിയില്‍ അവള്‍ സുന്ദരിയായിരുന്നു. കണ്ടമാത്രയില്‍ വര്‍ഷങ്ങളായി അടുപ്പമുള്ളയൊരാള്‍ വിളിക്കുന്നതുപോലെ അവളെന്റെ ചെല്ലപ്പേര് വിളിച്ചു. ശേഷം അപരിചിതത്വത്തിന്റെ ലാഞ്ചനയേതുമില്ലാതെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വതവേ അന്തര്‍മുഖിയായ എന്നോട് അത്രയും സ്വാതന്ത്ര്യത്തോടെ മറ്റൊരാള്‍ സംസാരിക്കുന്നത് ആദ്യമായിരുന്നു.

ഓരോ വര്‍ഷവും അവധിക്കാലത്തു നാട്ടിലെത്തുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തരുടെയും പ്രിയമറിഞ്ഞു വിഭവങ്ങളൊരുക്കാനും സല്‍ക്കരിക്കാനും എന്റെ അമ്മയോടൊപ്പം അവള്‍ മുന്നിട്ടിറങ്ങും. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ ജീവിച്ചിട്ടും എനിക്കറിയാത്ത പലരും അവളോട് ഏറെ സൗഹൃദത്തോടെ സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ കണ്ടത്. ഇതിനിടയില്‍ ചിലരോടൊക്കെ 'ഏട്ടന്റെ പെങ്ങളാ..'എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടി വന്നതിനും ഞാന്‍ സാക്ഷിയായി. 

'ആ.. ഇവരെന്നു വന്നു' എന്ന മറുചോദ്യത്തിന് പുഞ്ചിരിച്ച മുഖവുമായി നില്‍ക്കേണ്ട ബാധ്യത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആളുകളെ അഭിമുഖീകരിക്കാനുള്ള സ്വാഭാവികമായ എന്റെ ഉത്കണ്ഠയെ സംരക്ഷിച്ചു കൊണ്ട് അവള്‍ സമര്‍ത്ഥമായി ഉത്തരം നല്‍കും. 

ഒരിക്കല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എന്റെ ഇളയ മകളെ മാത്രമായി നാട്ടില്‍ വിടേണ്ട സാഹചര്യമുണ്ടായി. ഏറെക്കാലം അവളുടെ മകനോടൊപ്പം എന്റെ കുഞ്ഞുമകള്‍ക്കും അവള്‍ അമ്മയായി. വാക്കുകള്‍ ഉച്ചരിച്ചു തുടങ്ങിയ ആ പ്രായത്തില്‍ പ്രീതിയെ അവള്‍ 'പിയാമ്മ' എന്നു വിളിച്ചതിന്റെ സന്തോഷം ആവേശത്തോടെ അവള്‍ പങ്കുവെച്ചു. പിന്നീട് ഞങ്ങള്‍ക്കിടയില്‍ അത് പ്രീതിയുടെ വിളിപ്പേരായി മാറി. 

എപ്പോഴും നെറ്റിയിലണിയുന്ന ചുവന്ന വലിയ പൊട്ടും അതിനുമുകളില്‍ ചന്ദനവും കുങ്കുമവും ചേര്‍ന്ന കുറിയും സീമന്തരേഖയിലെ സിന്തൂരവുമാണ് പ്രീതിയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക. വിടര്‍ന്ന കണ്ണുകള്‍ കറുത്ത കണ്മഷിയില്‍ നീട്ടിയെഴുതിയിട്ടുണ്ടാവും. നന്നേ വെളുത്ത നിറമുള്ള അവള്‍ക്ക് എല്ലാ വേഷങ്ങളും നിറങ്ങളും ഇണങ്ങുമായിരുന്നു.

അമ്മയും പ്രീതിയും തമ്മില്‍ വല്ലാത്തൊരാത്മബന്ധമുണ്ടായിരുന്നു. അടുക്കളയില്‍ നീളുന്ന സംസാരത്തിന്റെ വീഡിയോ അവരറിയാതെ എടുത്ത് മോന്‍ എനിക്കയച്ചു തരും. വെടിവട്ടം പറയുമ്പോഴുള്ള രണ്ടുപേരുടെയും മുഖഭാവങ്ങള്‍ ചിരിക്കുള്ള വക നല്‍കും. ഞാന്‍ നാട്ടിലെത്തിയാല്‍ ഇരുവരും ചേര്‍ന്ന് ഒരുപാട് വിശേഷങ്ങള്‍ പറയും. ഒരുപാടിഷ്ടത്തോടെ ഞാനത് കേട്ടിരിക്കും.   

ലോകമൊന്നാകെ കൊറോണ കലിതുള്ളിയ കാലത്താണ് എന്റെ സഹോദരനൊപ്പം പ്രീതിയും ആശുപത്രിയിലാകുന്നത്. രോഗം ഭേദമായി മാസങ്ങള്‍ പിന്നിട്ടിട്ടും പലപ്പോഴും അവളില്‍ സമാന രോഗലക്ഷണങ്ങളുണ്ടായി. ഓരോ തവണ ചികിത്സ തേടുമ്പോഴും ആ രോഗലക്ഷണങ്ങള്‍ കൊറോണയുടെ അനന്തരഫലങ്ങളായി വ്യാഖാനിക്കപ്പെട്ടു. മാസങ്ങളുടെ തുടര്‍ചികിത്സക്ക് ശേഷം ഏതോ ഒരു ഡോക്ടര്‍ക്ക് തോന്നിയ സംശയം എത്തിച്ചത് തിരുവനന്തപുരം ആര്‍സിസി -യിലാണ്.

രോഗവിവരം അറിഞ്ഞതിനു ശേഷമുള്ള നടുക്കത്തില്‍ നിന്നും പെട്ടെന്ന് തന്നെ അവള്‍ മോചിതയായി. മൊബൈലിലൂടെയുള്ള ഞങ്ങളുടെ സംസാരങ്ങള്‍ക്കിടയില്‍ പലപ്പോഴും ഗദ്ഗദമടക്കാനാവാതെ വാക്കുകള്‍ മുറിയുന്നതും പെട്ടെന്നുതന്നെ സഹജമായ നേരമ്പോക്കുകള്‍ നിറഞ്ഞ ഞങ്ങളുടെ പതിവ് സംസാരരീതിയിലേക്ക് അവള്‍ തിരികെവരുന്നതും അമ്പരപ്പോടെയാണ് ഞാന്‍ കേട്ടിരുന്നത്.      

വേദന നിറഞ്ഞ അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും ജീവിതത്തോടുള്ള ആഗ്രഹവും പ്രത്യാശയും അവള്‍ മുറുകെപ്പിടിച്ചു. അവളുടെ ആത്മവിശ്വാസത്തിന് തണലായി പ്രാര്‍ത്ഥനകളോടെ കുടുംബമൊന്നാകെ ഒപ്പം നിന്നു. അസാമാന്യമായ മനഃധൈര്യം കൊണ്ട് അവള്‍ ഞങ്ങളെയേവരെയും അവളോട് ചേര്‍ത്തുനിര്‍ത്തിയെന്ന് പറയുന്നതാവും കൂടുതല്‍ ശരി. കഠിനമായ ചികിത്സകളുടെ നാള്‍വഴികളിലും പ്രതിസന്ധികള്‍ പലതും നേരിടേണ്ടി വന്നപ്പോഴും അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ അവള്‍ ചെറുത്തുനിന്നു. ഏത് വേദനയും സഹിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. പലരും പിന്തിരിഞ്ഞു പോയേക്കാവുന്ന സാഹചര്യത്തിലും തന്നെ ദിനം പ്രതി വരിഞ്ഞു മുറുക്കുന്ന രോഗത്തോട് അവള്‍ പൊരുതിക്കൊണ്ടേയിരുന്നു. അവസാന ശ്വാസം വരെ.  

ഒടുവില്‍, ഒരുപാട് പ്രതീക്ഷകളും പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളും ബാക്കി വെച്ച് രണ്ടു വര്‍ഷം മുന്‍പ് അവള്‍ യാത്രയായി. അവളുടെ അകാലമരണം ഞങ്ങളിലേല്‍പ്പിച്ച ആഘാതം വലുതായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ ഒത്തുചേരലുകളിലും പ്രീതിയുടെ അദൃശ്യസാന്നിധ്യം ഒപ്പമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളുടെ പിറന്നാളും വിവാഹവാര്‍ഷികവുമെല്ലാം ഞങ്ങള്‍ ഓരോരുത്തരും ഓര്‍മയില്‍ സൂക്ഷിക്കുന്നു. പരസ്പരം പങ്കുവെയ്ക്കാറില്ലെങ്കിലും.

പാതിയില്‍ വേര്‍പെട്ടു പോയെങ്കിലും നക്ഷത്രങ്ങളുടെ ലോകത്തു നിന്നും ഞങ്ങളെ കേള്‍ക്കാന്‍ അവള്‍ക്കു കഴിയുമെങ്കില്‍ ഒന്ന് മാത്രം പറയാനാഗ്രഹിക്കുന്നു. 

''പിയാമ്മേ... ഞങ്ങളുടെയുള്ളില്‍ എപ്പോഴും നീയുണ്ട്...''

എന്റെ ജീവിതത്തിലെ സ്ത്രീ കൂടുതൽ എഴുത്തുകൾ വായിക്കാം.

PREV
click me!

Recommended Stories

തനിക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പ് ഇല്ലാതാക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; പുറത്ത് നിന്ന് ഉപദേശം വേണ്ടെന്ന് യൂറോപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ