യുഎസ് വെനിസ്വേലയുടെ എണ്ണ ടാങ്കർ പിടിച്ചെടുത്തു, ഇത് പടിഞ്ഞാറൻ ഗോളാർദ്ധത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള 'മൺറോ ഡോക്ട്രിൻ' നയത്തിൻറെ പുനരുജ്ജീവനമായി വിലയിരുത്തുന്നു. യുഎസിൻറെ യഥാർത്ഥ ലക്ഷ്യം ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്തിലാണെന്ന് വെനിസ്വേല.
വെനിസ്വേലയുടെ എണ്ണടാങ്കർ അമേരിക്ക പിടിച്ചെടുത്തു. എണ്ണ വിട്ടുകൊടുക്കില്ലെന്നും അറിയിച്ചു. വെനിസ്വേലയുടെ എണ്ണയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഉപരോധം നേരിട്ടിരുന്ന ടാങ്കറാണ്. എന്തിന് പിടിച്ചെടുത്തു എന്നതിന് മറ്റ് വിശദീകരണമൊന്നുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ 'മൺറോ ഡോക്ട്രിൻ' (Monroe Doctrine) പുനരുജ്ജീവിപ്പിക്കുകയാണ് അമേരിക്കയെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ഗോളാർദ്ധത്തിലെ സ്വാധീന ശക്തിയാവാനുള്ള തയ്യാറെടുപ്പെന്ന് ചുരുക്കം.
എണ്ണയ്ക്ക് വേണ്ടി
ക്യൂബയിലേക്ക് പോകുന്ന കപ്പലാണ് പിടിച്ചെടുത്തത്. അവിടെ നിന്ന് ഏഷ്യയിലേക്ക്. ഹെസ്ബുള്ളയ്ക്കും ഇറാനും വേണ്ടി എണ്ണ കൊണ്ടുപോയിട്ടുണ്ട് എന്നതാണ് ഉപരോധത്തിന് കാരണം. അതോടെയാണ് കുടിയേറ്റമോ മയക്കുമരുന്നോ ജനാധിപത്യധ്വംസനമോ ഒന്നുമല്ല, തങ്ങളുടെ എണ്ണ സമ്പത്താണ് അമേരിക്കയുടെ ലക്ഷ്യമെന്ന് വെനിസ്വേലയും പ്രഖ്യാപിച്ചത്. കരീബിയൻ കടലിൽ വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്കൻ യുദ്ധക്കപ്പലുകളാണ്. ബോട്ടുകൾ ആക്രമിക്കുന്നത് പതിവായിരിക്കുന്നു. അതിലെ ഒരു ബോട്ട് ആക്രമണവും 2 പേരുടെ മരണവും വിവാദമായി തുടരുകയാണ്.
വെനിസ്വേലയുടെ പ്രതിസന്ധി
വെനിസ്വേലൻ ഭരണാധികാരി നിക്കോളാസ് മദൂറോയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുക, ജനാധിപത്യം പുനസ്ഥാപിക്കുക. അതാണ് ട്രംപ് പറയുന്ന ലക്ഷ്യം. മദൂറോ ഏകാധിപതിയാണെന്നും ഭരണം മോശമാണെന്നും ദാരിദ്ര്യവും അക്രമി സംഘങ്ങളും കൊടികുത്തി വാഴുകയാണെന്നും ജനങ്ങളും സമ്മതിക്കുന്നു. സമാധാന നൊബേലിന് അർഹയായ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ (María Machado) രാജ്യത്ത് ഒളിവിൽ താമസിക്കുകയാണ്. പുറത്തുവന്നാൽ അറസ്റ്റ് ഉറപ്പാണ്. അമേരിക്കയുടെ സഹായത്തോടെയാണ് പക്ഷേ, ഓസ്ലോയിലെത്തിയത്.
മച്ചാഡോയടക്കം പലരും അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷേ, വെനിസ്വേല മറ്റൊരു ഇറാഖോ അഫ്ഗാനിസ്ഥാനോ ആകുമോയെന്ന ആശങ്കയിലാണ് നയതന്ത്ര വിദഗ്ധർ. ജനപ്രതിനിധി സഭാംഗങ്ങളായ ഡമോക്രാറ്റുകളും അത് ശരിവയ്ക്കുന്നു. സൈനിക നടപടി വേണമെങ്കിൽ പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അനുവാദം നേടണം അതിതുവരെ ഉണ്ടായിട്ടില്ല. ഡമോക്രാറ്റുകൾക്ക് ട്രംപിന്‍റെ ഉദ്ദേശലക്ഷങ്ങളും ഇതുവരെ കൃത്യമായി മനസിലായിട്ടില്ല. മനസിലാക്കിക്കാൻ ട്രംപ് സർക്കാൻ ശ്രമിക്കുന്നുമില്ല. അത്രപെട്ടെന്ന് തട്ടിയുടക്കാവുന്ന സമ്പ്രദായമല്ല ഏകാധിപത്യം. എതിർപ്പുകളെല്ലാം പുറന്തള്ളി നിലനിൽക്കാൻ മദൂറോ സർക്കാരിനും ചിലപ്പോൾ കഴിവുണ്ടാവും.
അഭയാർത്ഥികളും മയക്കുമരുന്നും
വെനിസ്വെലൻ അഭയാർത്ഥികളോടാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ദേഷ്യം. മയക്കുമരുന്ന് കടത്തുകാരോടും. കണക്കുകളനുസരിച്ച് വെനിസ്വേലയിൽ നിന്ന് അമേരിക്കയിലെത്തുന്നത് വളരെക്കുറിച്ച് മയക്കുമരുന്നാണ്. കൊളംബിയയാണ് കൊക്കെയ്ന്‍റെ ഏറ്റവും വലിയ ഉത്പാദകർ. അത് അമേരിക്കയിലെത്തുന്നത് വേറെ വഴിയാണ്. വെനിസ്വേല വഴിയല്ല, പസഫിക് വഴിയാണ് ഇതെല്ലാം വരുന്നതെന്ന് ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷൻ വകുപ്പ് തന്നെ പറയുന്നുണ്ട്. എന്നാൽ കൊക്കെയ്നും ഹെറോയിനും മാത്രമല്ല, അതിന്‍റെയൊക്കെ 50 ഇരട്ടി ശക്തമായ ഫെന്‍റനൈൽ (Fentanyl) കൂടി വരുന്നുണ്ട് വെനിസ്വേലയിൽ നിന്ന് എന്നാണ് ട്രംപിന്‍റെ ആരോപണം. പക്ഷേ, ഫെന്‍റനൈലിന്‍റെ നിർമ്മാണാസ്ഥാനം മെക്സിക്കോയാണ്. അത് വരുന്നത് തെക്കൻ അതിർത്തി വഴിയും. ഇതൊക്കെ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്‍റിന്‍റെ തന്നെ കണക്കുകളാണ്.
വെനിസ്വേലയുടെ എണ്ണ സമ്പത്ത്
ഇനി എണ്ണയാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് ചിന്തിക്കാൻ ഒരു പാട് കാരണങ്ങളുണ്ട്. മദൂറോ സർക്കാരിന്‍റെ പ്രധാന വരുമാന മാർഗം എണ്ണയാണ്. 9 ലക്ഷം ബാരലാണ് ദിവസേനയുള്ള കയറ്റുമതി. ചൈനയാണ് കൂടുതലും വാങ്ങുന്നത്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഈ 9 ലക്ഷമെന്നത് വെനിസ്വേലയുടെ എണ്ണ സമ്പത്തിന്‍റെ കാൽഭാഗം പോലുമാവുന്നില്ല. ആഗോള ഉത്പാദനത്തിന്‍റെ 8 ശതമാനം മാത്രമാണ് വെനിസ്വേലയുടെ സംഭാവന. എന്നാൽ, ലോകത്തെത്തന്നെ ഏറ്റവും വലിയ എണ്ണസമ്പത്തുള്ളത് വെനിസ്വേലയ്ക്കാണെന്നാണ് അമേരിക്കയുടെ തന്നെ കണക്ക്. 303 ബില്യൻ ബാരലോളം വരുന്ന ശേഖരം.

അമേരിക്കൻ ഉപരോധം
ഉത്പാദനം 2000 -ത്തോടെ ഇടിഞ്ഞിരുന്നു, ഹ്യൂഗോ ഷാവേസും മദൂറോയും ദേശീയ എണ്ണ കമ്പനിയിൽ പിടിമുറുക്കിയതാണ് കാരണമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ എണ്ണക്കമ്പനിയായ ഷെവ്‌റോൺ (Chevron Corporation) വെനിസ്വേലയിലുണ്ടെങ്കിലും പ്രവർത്തനം പരിമിതമാണ്. അമേരിക്കൻ ഉപരോധങ്ങൾ തന്നെ കാരണം. ഇനി ഉത്പാദനം കൂട്ടണമെന്ന് വിചാരിച്ചാലും എളുപ്പമല്ല. അടിസ്ഥാനസൗകര്യങ്ങൾ പരിമിതം. നിക്ഷേപമില്ല, മെഷീനുകൾക്ക് സ്പെയർപാർട്ട് പോലും കിട്ടില്ല. കാരണം അമേരിക്കയുടെ ഉപരോധം. അതേർപ്പെടുത്തിയത് ഒബാമ സർക്കാർ. അന്ന് മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു കാരണം.
വെനിസ്വേല കിട്ടിയാൽ അമേരിക്കയ്ക്ക് ചാകരയാവുമെന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. റിഗ്ഗുകളും പൈപ്പുകളും ഒക്കെ നന്നാക്കിയെടുത്ത് കഴിഞ്ഞാൽ എണ്ണയുത്പാദനം ഇരട്ടിയിലുമധികമാക്കാം. പക്ഷേ, തൽകാലം അമേരിക്കൻ പ്രസിഡന്‍റോ വൈറ്റ്ഹൗസോ അതിന് സമ്മതിച്ചിട്ടില്ല. മയക്കുമരുന്നാണ് ആദ്യ വിഷയമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി തന്നെ പറയുന്നത്.
അമേരിക്ക എണ്ണക്കമ്പനിയായ ഷെവ്‌റോണിന് ലൈസൻസ് കിട്ടിയത് ജോ ബൈഡന്‍റെ കാലത്താണ്. ഉപരോധങ്ങൾ നിലവിലുള്ളപ്പോൾ തന്നെ. അത് ട്രംപ് നീട്ടി നൽകി. സ്പാനിഷ് കമ്പനിയുമുണ്ടായിരുന്നു. പക്ഷേ, അവരുടെ ലൈസൻസ് റദ്ദാക്കി. ഗൾഫ് രാജ്യങ്ങൾക്ക് വെനിസ്വേലൻ ക്രൂഡിനോട് അധികമായി താൽപര്യമുണ്ട്. വിലക്കുറവ്, പ്രോസസ് ചെയ്യാൻ എളുപ്പം അങ്ങനെ രണ്ടാണ് കാരണങ്ങൾ. അതോടെ അമേരിക്കയിലും എണ്ണവില കുറയും. ചെലവുണ്ട്, ബില്യനുകൾ. എല്ലാം നന്നാക്കിയെടുക്കാൻ. അത് ചെലവാക്കാൻ സ്വകാര്യകമ്പനികൾ തയ്യാറേക്കും.

യുഎസിന്‍റെ ഇടപെടൽ
എന്തായാലും ലാറ്റിൻ അമേരിക്കയിലെ അമേരിക്കൻ സൈനിക വ്യൂഹത്തിന്‍റെ ചുമതലയുള്ള അഡ്മിറൽ രാജിവച്ചു. വെനിസ്വേലൻ ബോട്ട് ആക്രമണത്തിൽ, അഡ്മിറൽ ആൽവിൻ ഹോൾസി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിന് ക്ഷമ നശിച്ചതോടെ പോകാൻ പറഞ്ഞു, അതും വിരമിക്കാൻ രണ്ട് വർഷം ബാക്കിയിരിക്കെ നേരത്തെ വിരമിക്കാനാണ് ഉത്തരവ്.
മൺറോ ഡോക്ട്രിൻറെ രംഗപ്രവേശം അവിടെയാണ്. 1823 -ൽ പ്രസിഡന്‍റ് ജെയിംസ് മൺറോയാണ് ഈ നയം രൂപീകരിച്ചത്. യൂറോപ്പിനെ തള്ളുക, പുതിയ സ്വാധീന മേഖലകൾ രൂപീകരിക്കുക. ലാറ്റിൻ അമേരിക്ക അതിലൊന്ന്. അതായത് സ്വന്തം ഗോളാർധത്തിലെ സ്വാധീനം. ദൂരെയുള്ള വിദേശ ശക്തികളെ, അതായത് യൂറോപ്പിനെ വേണ്ടെന്നുവയ്ക്കുക. അന്ന് പക്ഷേ, ബ്രിട്ടന്‍റെ സൈനിക ശക്തി ആവശ്യമായിരുന്നു അമേരിക്കക്ക്. അതുകൊണ്ട് ഈ നയരേഖ യൂറോപ്പ് വകവച്ചില്ല. അമേരിക്ക അത് നടപ്പാക്കിയുമില്ല.
പക്ഷേ, ബ്രിട്ടന്‍റെ ഫോക്ലയൻഡ് അധിനിവേശമോ ലാറ്റിൻ അമേരിക്കൻ കടന്നുകയറ്റങ്ങളോ എതിർക്കാതെ വിട്ട അമേരിക്ക, സ്വന്തം താൽപര്യങ്ങൾക്കോ കടന്നുകയറ്റങ്ങൾക്കോ എതിരെ, യൂറോപ്പും മൗനം പാലിക്കണം എന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, ആഭ്യന്തരയുദ്ധത്തിന് ശേഷം അമേരിക്ക ഫ്രാൻസിനെതിരെ തിരിഞ്ഞു. മെക്സിക്കോയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ടു. ഫ്രാൻസ് അതനുസരിച്ചു. പിന്നീട് പലപ്പോഴും ഈ നയം നടപ്പാക്കി അമേരിക്ക. പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ. പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ അമേരിക്കക്ക് ഇടപെടാമെന്ന് തിയോഡോർ റൂസ്‌വെൽറ്റ് സർക്കാർ ഉറപ്പിച്ചു. സ്വന്തം പേരിൽ ചിലത് എഴുതിച്ചേർക്കുകയും ചെയ്തു റൂസ്‌വെൽറ്റ്. ട്രംപ് അതാവർത്തിച്ചു. മദൂറോയുടെ കാര്യത്തിലും ഈ നയമാണ് അമേരിക്ക ഇപ്പോൾ നടപ്പാക്കുന്നത്.


