ലോകം മറ്റൊരു മഹായുദ്ധത്തിൽ നിൽക്കുമ്പോൾ സൈന്യം പോലും ഇല്ലാത്തൊരു രാജ്യം

Published : Mar 06, 2026, 12:15 PM IST
Costa Rica

Synopsis

മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക്കയ്ക്ക് സ്ഥിരം സൈന്യമില്ല. 1948-ൽ സൈന്യത്തെ പിരിച്ചുവിട്ട ശേഷം, പ്രതിരോധത്തിനായി ചെലവഴിക്കേണ്ടിയിരുന്ന പണം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി വിനിയോഗിച്ചു. ലോകത്ത് സൈനിക ചെലവുകൾ വർധിക്കുമ്പോൾ, സമാധാനപരമായ വികസനത്തിന്റെ ഈ കോസ്റ്റ റീക്കൻ മാതൃക ഒരു ബദൽ ചിന്ത നൽകുന്നു.

 

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ മധ്യ അമേരിക്കയിലെ മനോഹര രാജ്യമായ കോസ്റ്റ റീക്കയിലാണ്. പസഫിക് മഹാസമുദ്രവും കരീബിയൻ കടലും രാജ്യത്തിന്‍റെ രണ്ട് വശങ്ങളെയും അതിരിടുന്നത് കൊണ്ട് നീണ്ട തീരപ്രദേശങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. നിരവധി അഗ്നിപർവതങ്ങൾ, സസ്യസമൃദ്ധമായ മഴക്കാടുകൾ, ഉയർന്ന മലനിരകൾ എന്നിവ കോസ്റ്റ റീക്കയുടെ ഭൂപ്രകൃതിയെ സവിശേഷമാക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലകളിലൊന്നായി അറിയപ്പെടുന്ന ഈ രാജ്യത്ത് അനവധി ദേശീയോദ്യാനങ്ങളും സംരക്ഷിത വനപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു. ഈ വൈവിധ്യമാർന്ന പ്രകൃതി ഭൂപ്രകൃതിയാണ് കോസ്റ്റ റീക്കയെ ലോകപ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കിയത്.

സൈന്യത്തിനായി ഒഴുകുന്ന കോടികൾ

ഇവിടെയെത്തിയ ശേഷം എന്നെ ഏറെ ആകർഷിച്ചത്, ഈ രാജ്യത്തിന് ഒരു സ്ഥിര സൈന്യമില്ല എന്നതാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും യുദ്ധവും ആയുധ സംഘർഷങ്ങളും വീണ്ടും ശക്തമായി ഉയരുന്ന കാലഘട്ടം കൂടിയാണിത്. ഒരു ഭാഗത്ത് യുദ്ധം കത്തിക്കൊണ്ടിരിക്കുമ്പോൾ, മറ്റൊരു ഭാഗത്ത് രാജ്യങ്ങൾ സൈനിക ശേഷി വർധിപ്പിക്കുന്ന മത്സരത്തിലേർപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര പഠന സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോക രാജ്യങ്ങൾ പ്രതിരോധത്തിനായി വർഷത്തിൽ ഏകദേശം 2.4 ട്രില്യൺ ഡോളറിലധികം ചെലവഴിക്കുന്നു. മനുഷ്യചരിത്രത്തിൽ ഇതുവരെ കണ്ട ഏറ്റവും വലിയ പ്രതിരോധ ചെലവുകളിലൊന്നാണിത്. അത്തരൊരു ആഗോള സാഹചര്യത്തിലാണ് കോസ്റ്റ റീക്കയുടെ സവിശേഷ സാഹചര്യത്തിന്‍റെ പ്രസക്തി.

സ്ഥിരം സൈന്യം വേണ്ട

1948 -ലുണ്ടായ ആഭ്യന്തര രാഷ്ട്രീയ കലാപങ്ങൾക്ക് ശേഷം കോസ്റ്റ റീക്ക സർക്കാർ എടുത്ത ഒരു തീരുമാനമാണ് ഇതിന് പിന്നിൽ. രാജ്യത്തിന്‍റെ സ്ഥിരം സൈന്യത്തെ പൂർണമായും പിരിച്ചുവിടുക എന്നതായിരുന്നു ആ ചരിത്രപരമായ തീരുമാനം. പിന്നീട് അത് ഭരണഘടനയിൽ ഉൾപ്പെടുത്തി. അതിനുശേഷം രാജ്യത്തിന്‍റെ സുരക്ഷ പോലീസ് സേനയും അതിർത്തി സുരക്ഷാ സംവിധാനങ്ങളും വഴിയാണ് കൈകാര്യം ചെയ്യുന്നത്.

സൈന്യം നിലനിർത്താൻ ചെലവാക്കേണ്ടിരുന്ന വലിയൊരു സാമ്പത്തിക വിഹിതം സർക്കാർ വിദ്യാഭ്യാസത്തിനും ആരോഗ്യരംഗത്തിനുമായി മാറ്റിവെച്ചു. അതിന്‍റെ ഫലമായി ലാറ്റിൻ അമേരിക്കയിലെ മികച്ച പൊതുജനാരോഗ്യ സംവിധാനവും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള രാജ്യങ്ങളിലൊന്നായി കോസ്റ്റ റീക്ക മാറിയതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിര സൈന്യം ഇല്ലാത്ത രാജ്യങ്ങൾ

ലോകത്ത് ഏകദേശം 25 രാജ്യങ്ങൾക്കാണ് സ്ഥിര സൈന്യം ഇല്ലാത്തത്. അവയിൽ പലതും ചെറിയ ദ്വീപ് രാജ്യങ്ങളാണെങ്കിലും, സ്ഥിര ജനാധിപത്യ സംവിധാനത്തോടെ സൈന്യം ഇല്ലാതെ മുന്നേറുന്ന വലിയ രാജ്യങ്ങളിലൊന്നായി കോസ്റ്റ റീക്കയെ പലപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കോസ്റ്റ റീക്കയ്ക്ക് പുറമെ പാനമ, ഐസ്‌ലൻഡ്, ആൻഡോറ, മോണക്കോ, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങൾക്കും സ്ഥിര സൈന്യമില്ല. ഇവയിൽ ചില രാജ്യങ്ങൾ പോലീസിനെയും സുരക്ഷാ സേനകളെയും ആശ്രയിക്കുമ്പോൾ, ചില രാജ്യങ്ങൾ സമീപമുള്ള ശക്തമായ രാജ്യങ്ങളുമായി പ്രതിരോധ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നു.

പിന്തുടരാൻ പറ്റാത്ത മാതൃക

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും വലിയ സൈനിക ഭീഷണികൾ നേരിടേണ്ട സാഹചര്യം ഈ രാജ്യങ്ങൾക്ക് കുറവാണ്. അതിനാൽ സൈന്യം ഇല്ലാതെ മുന്നേറാനുള്ള തീരുമാനം ഇവിടെ പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്നു. എന്നാൽ, ലോകത്തിലെ പല രാജ്യങ്ങൾക്കും അത്ര എളുപ്പമുള്ള കാര്യമല്ലത്. ചരിത്രപരമായ സംഘർഷങ്ങളും അതിർത്തി തർക്കങ്ങളും സങ്കീർണമായ ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും കാരണം പല രാജ്യങ്ങൾക്കും ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നിലനിർത്തേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ കോസ്റ്റ റീക്ക ഒരു ഉദാഹരണമായിരുന്നാലും, അതേ മാതൃക എല്ലാ രാജ്യങ്ങൾക്കും അനായാസം പിന്തുടരാൻ കഴിയുന്ന ഒന്നല്ല എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും യുദ്ധവും ആയുധ മത്സരവും ശക്തമാകുന്ന ഈ കാലത്ത്, സൈന്യത്തിനായി ചെലവാക്കേണ്ടിരുന്ന പണം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വിനിയോഗിച്ച് മുന്നേറുന്ന കോസ്റ്റ റീക്കയുടെ അനുഭവം ലോകത്തിന് മുന്നിൽ ഒരു വ്യത്യസ്ത ചിന്തയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'ഷൂട്ടൗട്ട് അറ്റ് വാഡാല' പറഞ്ഞത് ഈ ഡോണിന്റെ കഥ; മാന്യ സുര്‍വെ: ദാവൂദിന്റെ കൊടിയശത്രു!
ഗാസ ബോർഡ് ഓഫ് പീസുമായി ട്രംപ് മുന്നോട്ട്, പണവും അധികാരവും ഉറപ്പിച്ച് ഹമാസും; അകലുന്ന സമാധാനം