'പ്രണയിച്ചിട്ട് പിന്മാറിയിട്ടല്ലേ? അനുഭവിക്കട്ടെ' എന്ന് പറയുന്നവര്‍ അറിയാന്‍

By Speak UpFirst Published Apr 11, 2019, 12:23 PM IST
Highlights

അവരൊരിക്കൽ  പ്രണയിച്ചിരുന്നു. പിന്നീടവൾ  അതിൽ നിന്നു പിന്മാറിയതാണെന്ന്  ആരോ പറഞ്ഞ് കേട്ടു..  "പ്രണയിച്ചിട്ട്  പിന്മാറിയിട്ടല്ലേ?  അനുഭവിക്കട്ടെ"എന്നൊരു  സ്ത്രീ തന്നെ  പറയുന്നതും ഞാൻ കേട്ടു. സത്യമെന്തെന്ന്  അറിയില്ല.. 

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

പ്രാക്ടിക്കൽ  എക്സാം  ഹാൾ ആണ്.. പഠിച്ച  കോളേജിൽ തന്നെ കാലങ്ങൾക്ക് ശേഷം  എക്സ്റ്റേർണൽ എക്സാമിനറായി ഞാൻ.. റോൾ നമ്പർ  അനുസരിച്ചു  കുട്ടികൾ  വന്നുകൊണ്ടിരിക്കുന്നു.. തുമ്പക്കതിർ  പോലെയൊരു പെൺകുട്ടി  കയറി വന്നു..  ചെറിയ ജലദോഷമുണ്ടവൾക്ക്. പനിയാണെങ്കിൽ പ്രാക്ടിക്കൽ  ചെയ്യണമെന്നില്ല, ചോദ്യങ്ങൾ  ചോദിച്ചു  വിടാം എന്നു ഞാൻ  പറഞ്ഞു..  "വേണ്ട  മാം, ഞാൻ ചെയ്തോളാം" എന്നവൾ.. 

പറയുക  മാത്രമല്ല ഭംഗിയായി  പ്രാക്ടിക്കൽ  മുഴുവൻ ചെയ്യുകയും ചീറ്റലിനും  തുമ്മലിനും  ഇടയിൽ  പോലും  ചോദ്യങ്ങൾക്ക്  വ്യക്തമായി  മറുപടി  പറയുകയും ചെയ്തു.. ഏറ്റവും അധികം മാർക്ക്  ഞാനിട്ടത്  അവൾക്കാണ്.. 

റെഗുലർ  വിദ്യാർഥികൾക്ക്  ശേഷം  സപ്ലിമെന്‍ററി  കുട്ടികൾ വന്നു തുടങ്ങി..  കൂട്ടത്തിൽ  അവൻ... മുഷിഞ്ഞ  യൂണിഫോമിന്‍റെ  ബട്ടൺ  തുറന്നു കിടക്കുന്നു. ഒന്നൊതുക്കി  വയ്ക്കാത്ത  തലമുടിയും... എന്തോ  ഒരു ചോദ്യം ഞാൻ ചോദിച്ച ഉടനെ വന്നു മറുപടി.. തീരെ ബഹുമാനം ഇല്ലാത്ത വിധത്തിൽ "ഞാനിന്നു കൊല്ലത്തീന്ന് വരുന്ന വഴിയാണ്.. പരീക്ഷയുണ്ടെന്നു  രാവിലെയാണ്  അറിഞ്ഞത്.. ഞാൻ പഠിച്ചിട്ടൊന്നും  ഇല്ല.." നോട്ടിഫിക്കേഷൻ  വന്നതൊന്നും  അറിഞ്ഞില്ലേ  എന്നു ചോദിച്ചപ്പോൾ  താല്പര്യമില്ലാതെ  പുറത്തേക്ക് നോക്കിനിന്നു  അവൻ. എന്തായാലും മൂന്നാം വട്ടം ഒരേ  വിഷയത്തിൽ  സപ്ലിമെന്‍ററി എഴുതുന്ന  അവനെ,  മിനിമം  മാർക്കിട്ടു  ഞാൻ വിട്ടു.

ഒന്നുമില്ലെങ്കിൽ  സംശയങ്ങൾ  കൊണ്ടവളെ  ശ്വാസം  മുട്ടിച്ചിട്ടുണ്ടാകാം

അവന്റെ പേര്  ആദർശ്.. അവളുടെ പേര്  ലക്ഷ്മി.. ഓർമ്മയുണ്ടാകും... പ്രണയം  നിരസിച്ചതിന്  അവളെ  അവൻ 'സ്കൂൾ  ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ'ന്റെ ആ ക്ലാസ്സ്മുറിയിൽ  ഇട്ടു  കത്തിച്ചത്... കൂടെ അവനും കത്തി  തീർന്നത്!!

അവരൊരിക്കൽ  പ്രണയിച്ചിരുന്നു. പിന്നീടവൾ  അതിൽ നിന്നു പിന്മാറിയതാണെന്ന്  ആരോ പറഞ്ഞ് കേട്ടു..  "പ്രണയിച്ചിട്ട്  പിന്മാറിയിട്ടല്ലേ?  അനുഭവിക്കട്ടെ"എന്നൊരു  സ്ത്രീ തന്നെ  പറയുന്നതും ഞാൻ കേട്ടു. സത്യമെന്തെന്ന്  അറിയില്ല.. 

എന്നിരുന്നാലും സംഭവം  കേട്ട ഉടനെ  മനസിൽ ആദ്യം വന്നത് ആ രണ്ടു കുട്ടികൾ  തമ്മിലുള്ള അന്തരമായിരുന്നു.. ഒരുപക്ഷെ, അവന്റെ ജീവിതത്തിലെ  ഉഴപ്പും  ഉത്തരവാദിത്തമില്ലായ്മയും  അവനിൽ നിന്നു പിന്മാറാൻ അവളെ പ്രേരിപ്പിച്ചിരിക്കാം.. ഒരിക്കൽ  പ്രണയിച്ചു പോയി എന്നു കരുതി എത്ര ചേർച്ചയില്ലാത്തവൻ ആയാലും പ്രണയത്തിൽ നിന്ന്  പിന്മാറാൻ സ്വാതന്ത്ര്യമില്ലവൾ  ആണോ പെണ്ണ്? 

തൃശ്ശൂരിൽ  സമാനരീതിയിൽ  കൊല്ലപ്പെട്ട നീതുവും, അവളെ കത്തിച്ചു  കൊന്ന നിതീഷും  പ്രണയത്തിലായിരുന്നുവെന്നും കേള്‍ക്കുന്നു.. മൂന്ന്  വർഷത്തെ  പ്രണയത്തിനു ശേഷം  നീതു  വിവാഹത്തിന് വിസമ്മതിച്ചെങ്കിൽ  അതിന്  അവൾക്കൊരു  കാരണമുണ്ടാവില്ലേ? ഉണ്ടാകുമെന്ന്  തന്നെ ഞാൻ വിശ്വസിക്കുന്നു... ഒന്നുമില്ലെങ്കിൽ  സംശയങ്ങൾ  കൊണ്ടവളെ  ശ്വാസം  മുട്ടിച്ചിട്ടുണ്ടാകാം. ഒരുപക്ഷെ.."vampire" ചോര  കുടിക്കുന്നവൻ  എന്നൊക്കെ ആ പയ്യന്റെ  ഫേസ്ബുക്ക്  പ്രൊഫൈലിൽ  എഴുതിക്കണ്ടു. അവന്റെ എന്തെങ്കിലും രീതികൾ  അവൾക്ക് സഹിക്കാൻ ആവാതെ  വന്നപ്പോൾ  പിന്മാറിയതാവാം.. അവനെ  വേണ്ടെന്നു വയ്ക്കാനുള്ള  സ്വാതന്ത്ര്യം  അവൾക്ക്  വിവാഹത്തിന്  മുൻപില്ലെങ്കിൽ, വിവാഹശേഷം  അവൾക്കതിന്  കഴിയുമോ?

അന്വേഷിക്കണം, അറിയണം... എന്ത് കൊണ്ട്  അവൻ  അകന്നു,  അവൾ  അകന്നു! 

പട്ടിണിക്കിട്ടു  കൊല ചെയ്യപ്പെട്ട  കൊല്ലത്തെ പെൺകുട്ടിക്ക്  ആ ദുഷ്ടരുടെ  ഇടയിൽ നിന്ന്  രക്ഷപ്പെടാൻ ആവാഞ്ഞത് ജനിക്കുമ്പോൾ  തന്നെ അവൾക്ക്‌  ഭാഗം വച്ചു കൊടുത്തിരിക്കുന്ന നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളെ പ്രതിയല്ലേ?  നിർബന്ധിച്ചു  വീഡിയോ  എടുപ്പിച്ചു തന്നെയും മാതാപിതാക്കളെയും  ചതിച്ചുവെന്നു  പറഞ്ഞു  പെൺകുട്ടിയും,  അവളാണ്  ഇറങ്ങി വന്നതും വീഡിയോ  എടുത്തതും എന്ന് പറഞ്ഞവളുടെ കാമുകനും   കഴിഞ്ഞ  ദിവസം  രംഗത്ത്  വന്നിരുന്നു. ഒരാത്മഹത്യയ്‌ക്കോ  കൊലപാതകത്തിനോ നാളെ  വഴിയായേക്കാവുന്ന  സംഭവം.. 

പ്രണയത്തിൽ  നിന്നു പിന്മാറുക  എന്നതിനെ  ചതി  എന്ന ഒറ്റപ്പേരിട്ടു  വിളിക്കുകയാണ്  സമൂഹം. ചതികളും  ചതിക്കുഴികളും  ഇല്ലെന്നല്ല.  പക്ഷെ അന്വേഷിക്കണം, അറിയണം... എന്ത് കൊണ്ട്  അവൻ  അകന്നു,  അവൾ  അകന്നു! പ്രണയം... അത് മനോഹരമാണ്..  പ്രണയത്തിലേക്ക്  വീഴുക  എന്നാണ്  പ്രയോഗം തന്നെ...  അതെ കണ്ണുമടച്ചു  വീഴുകയാണ് അതിലേക്ക്..

പെൺകുട്ടികളെ.. നിങ്ങൾ പ്രണയിക്കൂ... പക്ഷെ  ഇതൊക്കെയെന്നു ശ്രദ്ധിക്കാം... 

1.  പ്രണയിക്കുന്നവനെ  ഒന്ന് പഠിക്കാൻ  ശ്രമിക്കാം.. ഇന്നലെ  കണ്ട ഒരുവനെ  പ്രണയിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാളെ അവന്റെ ഒപ്പം നമ്മളും നമ്മുടെ കുടുംബവും  ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കുമെന്നു അല്പമെങ്കിലും ഉറപ്പു വരുത്തേണ്ടതുണ്ട്..  അവന്റെ രീതികൾ, പെരുമാറ്റം, പെരുമാറ്റവൈകൃതങ്ങൾ, സ്നേഹം  പ്രകടിപ്പിക്കുന്ന രീതി... അങ്ങനെ പലതിലൂടെയും അയാളുടെ  മാനസികനിലയെ  കുറിച്ചുള്ള  ഒരു ചിത്രം ലഭിക്കും..  

2. പ്രണയം  വീട്ടിൽ ആരോടെങ്കിലും,  പറ്റിയാൽ അമ്മയോട് തന്നെ,  അല്ലെങ്കിൽ  ബന്ധുക്കളായ  ഏറ്റവും  അടുപ്പമുള്ള ഒരാളോടെങ്കിലും പറയാൻ ശ്രമിക്കുക.  നാളെ  നിങ്ങളൊരു  പ്രശ്നത്തിൽ  പെട്ടാൽ  ഒന്ന്  വിളിച്ചു കൂടെ നിർത്താൻ ഒരാളെ കണ്ട് വയ്ക്കുക...  

"അവനൊരിക്കലും അത്  ചെയ്യില്ല" എന്ന ധാരണ മനസിൽ നിന്നു കളയുക

3. പ്രണയിക്കുന്ന ഒരുവനെ മാറ്റിയെടുക്കാൻ പ്രണയം കൊണ്ട്  കഴിയും എന്നു ഞാൻ വിശ്വസിക്കുന്നു.  അവനെ,  അവനിൽ നിനക്കിഷ്ടമല്ലാത്ത കാര്യങ്ങൾ,  നിങ്ങളുടെ ഭാവിക്ക്  ദോഷം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു തിരുത്താൻ ശ്രമിക്കുക..  അവനതിനും വഴങ്ങുന്നില്ല എങ്കിൽ ഒട്ടും  മുന്നോട്ട് പോകാൻ കഴിയില്ല എന്നു  തോന്നിയാൽ  ഉറപ്പായും നല്ല രീതിയിൽ അയാളോട്  പറഞ്ഞു  അവസാനിപ്പിക്കുക..  

4. അങ്ങനെ ഒരു ബന്ധം അവസാനിപ്പിക്കേണ്ടി  വന്നാൽ അപ്പോൾ  തന്നെ അത് വീട്ടിൽ  പറയുക.  കാരണം പിന്നീട് പ്രണയകാലത്തെ മുഖമായിരിക്കില്ല  ഒരുപക്ഷെ  അവന്. പകയോ  കൊന്നുകളയും  എന്നാ ഭീഷണിയോ  മറുഭാഗത്ത്  നിന്നുണ്ടെങ്കിൽ  നിസ്സാരമായി  എടുക്കാതെ  അത് മാതാപിതാക്കളുമായൊ  അടുപ്പമുള്ള  ബന്ധുക്കളുമായോ അപ്പപ്പോൾ  പങ്കുവയ്ക്കുക.

5. "അവനൊരിക്കലും അത്  ചെയ്യില്ല" എന്ന ധാരണ മനസിൽ നിന്നു കളയുക..  സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങൾ  മുതൽ ചാറ്റ്  ഹിസ്റ്ററി  വരെ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം എന്ന ചിന്ത മനസിൽ വേണം.  വീട്ടുകാരുടെയും  നിയമത്തിന്റെയും  സഹായം ഈ സമയങ്ങളിൽ  മടി കൂടാതെ ചേർത്ത്  നിർത്തേണ്ടതാണ്..  പ്രണയിക്കുന്ന സമയത്ത്  എത്ര  ദുര്‍ബലനിമിഷമുണ്ടായാലും  ചിത്രങ്ങൾ  പകർത്തുക,  നഗ്നത  പകർത്തുക  തുടങ്ങിയ കാര്യങ്ങൾക്ക്  വഴങ്ങാതെയിരിക്കുക.  അങ്ങനെയുള്ള  എന്തെങ്കിലും തെളിവുകൾ  വേർപിരിഞ്ഞ  ശേഷം ഉപയോഗിക്കപ്പെടാം  എന്നു തോന്നിയാൽ ഉടനടി അത് മാതാപിതാക്കളെ  അറിയിക്കുക..  

6. ഇനി വിവാഹം ഉറപ്പിച്ച ശേഷമാണ്  സ്വഭാവവൈകൃതമോ  ദുസ്വഭാവങ്ങളോ  നിങ്ങൾ  അറിയുന്നതെങ്കിൽ  നാട്ടുകാരെ  വിളിച്ചു കൂട്ടി ഉറപ്പിച്ച കല്യാണത്തിൽ  നിന്നെങ്ങനെ പിന്മാറും  എന്നാ ചിന്ത വേരോടെ പിഴുതെറിയുക... നാളെയുടെ ഭദ്രതയ്ക്കായി  ചങ്കൂറ്റത്തോടെ വീട്ടുകാരോടും കാമുകനോടും വ്യക്തമായി  തെളിവുകൾ  സഹിതം പിന്മാറാനുള്ള  കാരണങ്ങൾ  അറിയിക്കുക.

മറ്റെവിടേയ്ക്കും  ചെല്ലാതെ  മാനസികപിരിമുറക്കത്തിൽ അവർ  നിങ്ങളുടെ അടുത്തേക്ക്  ഓടി വരട്ടെ

ഒരു  കാര്യം  എടുത്തു  പറയട്ടെ..  ഇരകളിൽ  കൂടുതൽ  പെൺകുട്ടികൾ ആയത്  കൊണ്ടാണ്  സ്ത്രീപക്ഷത്തു  നിന്നു സംസാരിക്കുന്നത്.  ഉറപ്പായും  ഇത്തരമൊരു  ദുര്യോഗം  ആൺകുട്ടികൾക്കും  വന്നു കൂടായ്കയില്ല... 

മാതാപിതാക്കളെ... 

1.നിങ്ങളുടെ മക്കൾക്ക്‌  അവരുടെ ദുരവസ്ഥ പങ്കുവയ്ക്കുവാനുള്ള  സ്വാതന്ത്ര്യം  നൽകുക..  മറ്റെവിടേയ്ക്കും  ചെല്ലാതെ  മാനസികപിരിമുറക്കത്തിൽ അവർ  നിങ്ങളുടെ അടുത്തേക്ക്  ഓടി വരട്ടെ... പ്രണയനൈരാശ്യത്തിൽ നിന്ന് ഒരു  ഭീഷണിയുടെ  സ്വരമുയർന്നാൽ  രണ്ടു വീട്ടുകാരും അതറിയുകയും  അതിലിടപെടുകയും  കുട്ടികളെ പറഞ്ഞു  മനസിലാക്കുകയും  ചെയ്‌താൽ വലിയ ദുരന്തങ്ങൾ  ഒഴിവായേക്കാം.. 

2."കൊച്ചുങ്ങളല്ലേ, ഇവർക്കെന്ത്  മാനസികബുദ്ധിമുട്ട്, പ്രാരാബ്ദവുമായി  ഓടി നടക്കുന്ന ഞങ്ങൾക്കല്ലേ പ്രശ്നങ്ങൾ " എന്നു  ചിന്തിക്കരുത്.. 
മാനസികമായ  എന്തെങ്കിലും  സംഘർഷം  അവർ  അനുഭവിക്കുന്നു  എന്ന് തോന്നിയാൽ  സമയം വൈകാതെ  ഒന്നടുത്തു വിളിച്ചിരുത്തി  ചോദിക്കാം.  ഉപക്ഷിക്കേണ്ടവ വൈകിയാണ് തിരിച്ചറിയുന്നെങ്കിലും അവളോ  അവനോ തിരിച്ചറിയുന്നതെങ്കിലും  അത്  ഉപേക്ഷിക്കാൻ അവർക്ക്  കഴിയും  വിധം അവരെ  സജ്ജരാക്കാം..  അവർക്കൊപ്പം നിൽക്കാം! 
 

click me!