ജയിച്ചവരുടേതു മാത്രമല്ല, തോറ്റവരുടേയുമാണ് പ്രവാസം!

By Deshantharam SeriesFirst Published Jun 19, 2019, 7:32 PM IST
Highlights

ദേശാന്തരം: അന്‍വര്‍ഷാ യുവധാര എഴുതുന്നു

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.


 

തീരാത്ത നൊമ്പരങ്ങളുടെ സങ്കട ഭൂമി കൂടിയാണ് പ്രവാസലോകം. വിജയിച്ചവന്റെ കഥ കോറിയിട്ട മാര്‍ബിള്‍  ഫലകങ്ങള്‍ക്കപ്പുറം തോറ്റു പിന്മാറിയവന്റെയും ഇടറിവീണ് പിന്തിരിഞ്ഞു നടന്നവന്റെയും കാലടി പാടുകളും കണ്ണീര്‍ തുള്ളികളും കണ്ടെടുക്കുക എളുപ്പമല്ല. മരുഭൂമിയില്‍ ശക്തമായി അടിച്ച വരണ്ടകാറ്റില്‍   കത്തുന്ന ചൂടില്‍  തോറ്റവന്റെ വിണ്ടുകീറിയ കാലടി പാടുകള്‍  മാഞ്ഞു പോകുകയും ചുടു കണ്ണുനീര്‍ ഭൂമിയില്‍  വീഴും മുന്‍പ് വറ്റി വരളുകയും ചെയ്യുന്നു.

ജീവിതയാത്രയില്‍ തോറ്റുപോയവരെ കുറിച്ച്, ഇടറി വീണവരെ കുറിച്ച് നാം അധികമൊന്നും ചിന്തിക്കാറില്ല. അവരുടെ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി കുറ്റപ്പെടുത്തി മറവിയുടെ ഇരുട്ടിലേക്ക് തള്ളിവിടും.

ഒരു പക്ഷെ അവര്‍ ഇന്നലെ വരെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നിരിക്കാം, കൂടെ നടന്ന് ഒരുമിച്ച് സ്വപ്ങ്ങള്‍ നെയ്തവരായിരുന്നിരിക്കാം. എല്ലാവര്‍ക്കും വിജയിക്കാനാവില്ലല്ലോ.

പ്രവാസലോകത്ത് സൗഹൃദവും സ്‌നേഹവും നിശ്ചയിക്കുന്നത് പണത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തില്‍ തന്നെയാണ്. പ്രവാസലോകത്ത് മാത്രമല്ല, പുതിയ കാലത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ.

ഏറെ കാലം മറ്റൊരാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തശേഷം  ശാരീരിക വിഷമതകള്‍ കാരണം ഏറെ അദ്ധ്വാനമുള്ള ജോലി ചെയ്യാന്‍ കഴിയാത്തത് കൊണ്ടും  പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോകുവാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടും സ്വന്തമായി ചെറിയ എന്തെങ്കിലും ചെയ്യണം എന്ന് അയാള്‍ തീരുമാനിച്ചു.
ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ ഗ്രോസറിയില്‍ ജോലി ചെയ്ത പരിചയം ഉണ്ട്. ചെറുതല്ലാത്ത സുഹൃത്തുക്കളുടെ പിന്തുണയുണ്ട്, അല്‍പം പണം കയ്യിലുണ്ട്.
അറിയാവുന്ന തൊഴില്‍ തന്നെ ആരംഭിക്കാം. ചെറിയ ഒരു ഗ്രോസറി തുടങ്ങാം. പട്ടണത്തിന്റെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞ് അധികം വാടകയൊന്നും ഇല്ലാത്ത ചെറിയ ഒരു കടമുറി കിട്ടി. അല്‍പം അറബി വീടുകളും തൊഴിലാളികള്‍ താമസിക്കുന്ന ചെറിയ വില്ലകളും ഉണ്ട്.

ഗ്രോസറിയുടെ ലൈസന്‍സ് എടുക്കുന്നത് മുതല്‍ കട സെറ്റ് ചെയ്ത് വിസ പ്രോസസിങ് ആവുമ്പോഴേക്കും ആറുമാസത്തില്‍ കൂടുതല്‍ എടുത്തു. 
കയ്യിലുള്ള പൈസയും സുഹൃത്തുക്കള്‍ സഹായിച്ച പണവും കഴിഞ്ഞു. കടം വാങ്ങിയും നാട്ടില്‍ നിന്നും വരുത്തിയും വീണ്ടും കട മുന്നോട്ട് കൊണ്ട് പോയി .
മാസങ്ങള്‍ കടന്നു പോകുകയാണ്, കച്ചവടം മോശം, പലമാസങ്ങളിലും ചിലവിനുള്ള തുക പോലും കിട്ടുന്നില്ല. കടക്കാരുടെ നിര നീളുന്നു.

ഒരു വര്‍ഷത്തില്‍ കൂടുതലായി വാടക കൊടുത്തിട്ട്, ലൈസന്‍സ് തീര്‍ന്നു .ഇനിയും മുന്നോട്ട് പോകുവാന്‍ പറ്റില്ല.

സ്ഥാപനം വിറ്റ് ഒഴിവാക്കാമെന്ന് വിചാരിച്ചാല്‍ എടുക്കാന്‍ ആരുമില്ല.

ഒന്നുകില്‍ എല്ലാം ഒഴിവാക്കി നാട്ടിലേക്ക് മുങ്ങുക. അല്ലെങ്കില്‍ എങ്ങനെയെങ്കിലും ഈ സ്ഥാപനം ക്യാന്‍സല്‍ ചെയ്ത് മറ്റൊരു തൊഴില്‍ തേടുക. കടങ്ങള്‍ ഒരുപാടുണ്ട് . 
വഴിമുട്ടിയപ്പോള്‍ കൂടെ നിന്നവരുടെയാണ് കടം അധികവും , ആരുടേയും കയ്യില്‍ ഉണ്ടായിട്ടല്ല , മറ്റു ആവശ്യങ്ങള്‍ക്ക് വെച്ചത് എടുത്തു തന്നതാണ്. കടയിലേക്കുള്ള സാധനങ്ങള്‍ ക്രെഡിറ്റ് തന്നവര്‍. എല്ലാം ഇട്ടെറിഞ്ഞു പോകുക എളുപ്പമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മുപ്പത് വര്‍ഷത്തോളം എടുത്ത പ്രവാസത്തിന്റെ നീക്കിയിരിപ്പ് ഇപ്പോള്‍ കുറെ കടങ്ങള്‍ മാത്രമാണ്.

ഒന്നും മനപ്പൂര്‍വ്വം അല്ലല്ലോ.

കട തുറക്കാതെ ആയപ്പോള്‍ ലൈസന്‍സ് ഓണര്‍ തിരഞ്ഞു വന്നു. കാര്യങ്ങള്‍ അയാളോട് പറഞ്ഞു.

'നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ്, ഞാന്‍ തല്‍ക്കാലം എന്റെ സഹോദരന്റെ സ്ഥാപനത്തില്‍ ഒരു തൊഴില്‍ ശരിയാക്കി തരാം. ബാക്കിയൊക്കെ പിന്നെ ആലോചിക്കാം'

സ്‌പോണ്‍സര്‍ സമാധാനിപ്പിച്ചു . ഒരു വര്‍ഷത്തില്‍ കൂടുതലായി സ്ഥാപനം തുടങ്ങിയിട്ട് , സ്പോണ്‍സര്‍ഷിപ്പ് തുക പോലും കൊടുത്തിട്ടില്ല, പലപ്പോഴും ലൈസന്‍സ് പ്രോസസിങ് സമയത്ത് അറബി അയാളുടെ കയ്യില്‍ നിന്നും പണം ചിലവാക്കിയിട്ടുണ്ട്.

ഇവരുടെയൊക്കെ കടങ്ങള്‍ വീട്ടാതെ  നാട്ടില്‍ പോയാല്‍ എങ്ങനെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റും?.

അറബിയുടെ ഉറപ്പില്‍ പണം കൊടുക്കുവാനുള്ളവരോട് സമയം പറഞ്ഞു. ഗ്രോസറിയുടെ മുഴുവന്‍ ഫയലുകളും ക്യാന്‍സല്‍ ചെയ്തു, പുതിയ ജോലിക്ക് കയറി, കടങ്ങള്‍ വീട്ടണം, വീണ്ടും ഒന്നേ എന്ന് തുടങ്ങണം. പുതിയ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ പഴയ ഗ്രോസറിയുടെ പൊടിപിടിച്ച ബോര്‍ഡിലേക്ക് നോക്കാറുണ്ട് .ഒരു പ്രവാസ ജന്മത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും സ്വപ്ങ്ങളിലും അതിനുള്ളിലുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പ്രവാസം ഇങ്ങനെ കൂടിയാണ്. വിജയിച്ചവരുടെ മണല്‍ ചിത്രങ്ങളിലൂടെ മുന്നോട്ട് നടക്കുമ്പോള്‍, ഇടറി വീണവരുടെയും തോറ്റുപോയവരുടെയും നിശ്വാസത്തിന്റെ ചൂട് കൂടിയുണ്ട് ഈ മരുക്കാറ്റിന്.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

click me!