
പൗരത്വം റദ്ദാക്കും എന്ന ഭീഷണി പലരുടേയും തലയ്ക്ക് മുകളിൽ തൂക്കിയിട്ടുണ്ട് അമേരിക്കൻ പ്രസിഡന്‍റ്. എലൺ മസ്ക്, സൊഹ്രാൻ മംദാനി (Zohran Mamdani), റോസി ഒ'ഡോണൽ (Rosie O'Donnell)... സത്യത്തിൽ ട്രംപിന് പൗരത്വം എടുത്തുകളയാൻ പറ്റുമോ എന്നതാണ് ചോദ്യം. പ്രസിഡന്‍റിന് അങ്ങനെയൊരു ഉത്തരവിടാൻ പറ്റില്ല. അത് കോടതിയുടെ തീരുമാനമാകണം. ഇവർ അനഭിമതരെന്ന് തെളിയിക്കേണ്ട ചുമതല സർക്കാരിന്‍റെതാണ്. പക്ഷേ, അതത്ര എളുപ്പവുമല്ല.
അമേരിക്കയിൽ ജനിച്ചവരല്ല മസ്കും സോഹ്റാൻ മംമദാനിയും. പൗരത്വം കിട്ടിയവരാണ്. അത് കിട്ടിയത് തെറ്റായ വിവരങ്ങൾ നൽകിയിട്ടാണെന്നോ സത്യം മറച്ചുവച്ചുവെന്നോ തെളിഞ്ഞാൽ കേസിനുള്ള വകുപ്പാണ്. യുദ്ധ കുറ്റവാളികളെ ഈ വ്യവസ്ഥകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടിരുന്നു. മുൻ നാസികളുൾപ്പടെ. റോസി ഡോണൽ അമേരിക്കയിൽ തന്നയാണ് ജനിച്ചത്. അവരുടെ പൗരത്വം റദ്ദാക്കാനേ കഴിയില്ല. സ്വയം ഉപേക്ഷിച്ചാലല്ലാതെ.
പൗരത്വം റദ്ദാക്കൽ വളരെകുറച്ചേ നടന്നിട്ടുള്ളൂ. ജൂൺ 13 -ന് അങ്ങനെയൊന്ന് നടന്നിട്ടുണ്ട്. എലിയറ്റ് ഡ്യൂക്ക് (Elliott Duke) എന്നയാളുടെ പൗരത്വം റദ്ദാക്കിയത് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ശേഖരിച്ചതിനും പ്രചരിപ്പിച്ചതിനുമാണ്. ലോകമഹാ യുദ്ധക്കാലത്തും ശീതയുദ്ധക്കാലത്തും പൗരത്വം റദ്ദാക്കൽ നടന്നിരുന്നു. 90 -കൾക്ക് ശേഷം വളരെക്കുറച്ച് മാത്രം. 10 വർഷത്തിനിടെ വെറു 11 കേസുകൾ.
(സൊഹ്രാൻ മന്ദാനി)
സൊഹ്രാൻ മംദാനി
ഈ മൂന്നുപേരും ട്രംപിന്‍റെ ശത്രുപക്ഷത്താണ്, സാമ്യം അതുമാത്രം. മസ്ക് ആദ്യം സുഹൃത്ത് ഇപ്പോൾ ശത്രു. സൊഹ്രാൻ മംദാനി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം. ഇപ്പോൾ മേയർ സ്ഥാനത്തേക്കുള്ള ഡമോക്രാറ്റ് നോമിനിയും. തീവ്ര ഇടതുപക്ഷ ചിന്തകളാണ് മംദാനിക്ക്. ആൾത്താമസമില്ലാത്ത വീടുകൾ ഏറ്റെടുത്ത് വീടില്ലാത്തവർക്ക് കൊടുക്കണമെന്ന് മംദാനി പണ്ട് പറഞ്ഞ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. മംദാനിയുടെ അച്ഛന്‍റെ പുസ്തകത്തിലുമുണ്ട് ചില വിവാദ പരാമർശങ്ങൾ. ബോംബ് സ്ഫോടനങ്ങൾ നടത്തുന്ന ചാവേറുകളെ സൈനികരെന്ന് വിശേഷിപ്പിച്ചത് ഉദാഹരണം. ഒക്ടോബർ ഏഴ് ഹമാസ് ആക്രമണ ശേഷം സോഷ്യൽ മീഡിയയിലെ കുറിപ്പ് 'മൂന്നാമത്തെ ഇന്തിഫാദ' എന്നാണ്.
മംദാനിയുടെ തന്നെ സ്ഥിരം മുദ്രാവാക്യം 'ഗ്ലോബലൈസ് ദ ഇന്തിഫാദ' എന്നായിരുന്നു. വിമർശനങ്ങളെത്തുടർന്ന് അതിൽ വിശദീകരണങ്ങൾക്കാണ് ഇപ്പോഴത്തെ ശ്രമം. പക്ഷേ ഒരു വിരോധാഭാസം, മംദാനിയുടെ പ്രചാരണത്തിന്‍റെ ചുക്കാൻ പിടിക്കുന്നതും എപ്പോഴും ഒപ്പമുള്ളതും അമേരിക്കൻ ജൂതരാണ്. അതേസമയം പല ജൂത സംഘടനകളും മംദാനിയെ എതിർക്കുന്നു. മംദാനിയുടെ തീവ്രപക്ഷ ചിന്തകളാവണം കമ്മ്യൂണിസ്റ്റ് എന്ന് പ്രഖ്യാപിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. 'ഇവിടെയൊരു കമ്മ്യൂണിസ്റ്റിനെ വേണ്ട' എന്നാണ് വാചകം. കുടിയേറ്റക്കാരെ പിടികൂടുന്ന ICE -യോട് (United States Immigration and Customs Enforcement) സഹകരിക്കാത്തതാണ് ട്രംപിന്‍റെ ദേഷ്യത്തിന് കാരണമെന്നാണ് മംദാനിയുടെ പ്രതികരണം.
(റോസി ഒ'ഡോണൽ)
സ്റ്റീഫൻ മില്ലർ
ട്രംപിന്‍റെ ആദ്യഭരണ കാലത്ത് ജസ്റ്റിസ് വകുപ്പിൽ ഡിനാച്യുറലൈസേഷൻ (Denaturalization) ഓഫീസ് തന്നെ തുറന്നിരുന്നു. 1,600 കേസുകൾ റഫർ ചെയ്യും എന്ന് പറഞ്ഞെങ്കിലും ആകെ 100 കേസുകളേ ഫയൽ ചെയ്തുള്ളു. ബൈഡന്‍റെ കാലത്ത് അതടച്ചു. ഇപ്പോൾ പിന്നെയും തുറന്നിട്ടുണ്ട്. അന്ന് മുതൽ ഇന്നുവരെ 5 കേസുകൾ എത്തിയിട്ടുണ്ട്.
അവിടെയാണ് സ്റ്റീഫൻ മില്ലറിൻറെ (Stephen Miller) രംഗപ്രവേശം. ട്രംപിന്‍റെ നയ ഉപദേഷ്ടാവ്. കുടിയേറ്റനയം മില്ലറിന്‍റെ ബുദ്ധിയാണ്. പൗരത്വം റദ്ദാക്കൽ നടപടി ടെർബോചാർജ്ജ്ഡ് (Turbocharged) ആയിരിക്കും എന്നാണ് മില്ലറിന്‍റെ വാക്ക്. ആരാണീ സ്റ്റീഫൻ മില്ലർ? Deputy chief of staff, policy അതാണ് സ്റ്റീഫൻ മില്ലറിന്‍റെ ഔദ്യോഗിക പദവി. ദിവസം 3,000 അറസ്റ്റുകൾക്ക് ഉത്തരവിട്ടത് ട്രംപാണെങ്കിലും അത് തയ്യാറാക്കിയത് മില്ലറാണ്. തിരിച്ചടി മനസിലായപ്പോൾ ട്രംപ് അത് വെട്ടിക്കുറച്ചു. പക്ഷേ വെട്ടിക്കുറയ്ക്കൽ നീണ്ടുനിന്നില്ല. തുടരുകയാണിപ്പോഴും.
നാടുകടത്തലാണെങ്കിൽ നിയമത്തിന്‍റെ പരിധികളും ലംഘിച്ച് തുടരുന്നു, വിലങ്ങ് വച്ച്, വലിച്ചിഴച്ച്, യാതൊരു മര്യാദയുമില്ലാതെ, മനുഷ്യത്വവുമില്ലാതെയാണ് നാടുകടത്തൽ. അതിൽ പല രാജ്യങ്ങളും പ്രതിഷേധിക്കുകയും ചില രാജ്യങ്ങൾ സ്വന്തം വിമാനങ്ങളയച്ച് അവരെ കൊണ്ടുവരികയും ചെയ്തു. 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം. ജന്മാവകാശ പൌരത്വം നിഷേധിക്കൽ, ഇതെല്ലാം മില്ലറിന്‍റെ സംഭാവനകളാണ്.
പല നയങ്ങളും ക്രൂരമെന്നാണ് വിമർശകരുടെ പക്ഷം. കാലിഫോർണിയയിൽ ജനിച്ച സ്റ്റീഫൻ മില്ലർ സ്കൂൾ പഠനകാലത്ത് തന്നെ വലത്തോട്ടാണ് ചാഞ്ഞത്. പഠനശേഷം സ്റ്റീവ് ബാനണിന്‍റെ (Steve Bannon) സംഘാംഗം. അവിടെ നിന്ന് ട്രംപ് സംഘത്തിലേക്ക്. ട്രംപിന്‍റെ പ്രസംഗങ്ങൾ എഴുതിക്കൊടുക്കുന്നത് മില്ലറാണ്. അമേരിക്കൻ കാർണേജ് പോലെ ചില പദപ്രയോഗങ്ങൾ കുപ്രസിദ്ധവുമായി. പക്ഷേ, മില്ലർ വിചാരിച്ചാലും പൗരത്വം റദ്ദാക്കൽ അത്ര എളുപ്പമായിരിക്കില്ല.