കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുന്ന നേരങ്ങള്‍..

By Kutti KathaFirst Published Mar 28, 2019, 6:09 PM IST
Highlights

എല്ലാ അച്ഛനമ്മമാരും ഒരിക്കലെങ്കിലും കേട്ട ചോദ്യമായിരിക്കും, 'അമ്മേ/അച്ഛാ ഞാനെങ്ങനാ ഉണ്ടായേ?' അല്ലെങ്കില്‍, 'ഈ കുഞ്ഞുങ്ങളെങ്ങനെയാ ഉണ്ടാവണേ?' എന്നത്. 'അതേ, വെള്ളപ്പൊക്കത്തില്‍ കിട്ടിയതാണ്, ദൈവം തന്നതാണ്, വാങ്ങിയതാണ്' തുടങ്ങി പലതരം ഉത്തരങ്ങളും റെഡിയാണ്. പക്ഷെ, അതിലൊന്നും ഒരുതരി സത്യസന്ധത കാണില്ല. ഇതേ അനുഭവം എനിക്കുമുണ്ടായി.. 

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

വീട്ടില്‍ ഞങ്ങള്‍ മൂന്ന് മക്കളാണ്. ഞാന്‍ നടുക്കഷ്ണം.. ഇളയവന് എന്നേക്കാള്‍ വെറും ഒരു വയസ്സ് ഇളപ്പം. പിന്നെ, കുറേയേറെ കസിന്‍സും.. ഇവരുടെയൊക്കെ ഇടയില്‍ വളര്‍ന്നിട്ടും ഒരു കുഞ്ഞ് പിറക്കുമ്പോള്‍ ജീവിതം എങ്ങനെ മാറുമെന്ന് മനസ്സിലാകാന്‍ ഒരു കുഞ്ഞ് പിറക്കേണ്ടി തന്നെ വന്നു. ടി ടി സി പഠിക്കുമ്പോഴായിരുന്നു കല്ല്യാണം. പത്തൊമ്പതാമത്തെ വയസ്സില്‍.. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു മോളുമുണ്ടായി.. ദിയ പ്രിയദര്‍ശിനി..

പക്ഷെ, അതിലൊന്നും ഒരുതരി സത്യസന്ധത കാണില്ല

കുഞ്ഞുങ്ങള്‍ക്ക് കൗതുകം ഭയങ്കര കൂടുതലായിരിക്കും. കണ്ടിട്ടില്ലേ, നമ്മള്‍ കാണാത്ത പലതും അവര് കാണുന്നത്.. 'ഇതെന്താ, ഇതെന്താ ഇങ്ങനെ?' എന്നൊക്കെ ചോദിക്കുന്നത്. അവര്‍ ലോകത്തെ കാണുകയാണ്. ഓരോന്നും, ഓരോന്നും എന്താണെന്ന് അറിഞ്ഞു വരികയാണ്. പലപ്പോഴും, മാതാപിതാക്കള്‍ ആ സമയത്ത് പറഞ്ഞുകൊടുക്കുന്നത്, ചുറ്റുമുള്ളവര്‍ ചൊല്ലിക്കൊടുക്കുന്നത് ഒക്കെ ആഴത്തില്‍ അവരുടെ മനസ്സില്‍ പതിയും. അതാണ് യാഥാര്‍ത്ഥ്യമെന്നും അവര്‍ കരുതും. 'എന്ത് ഉത്തരം നല്‍കേണ്ടൂ' എന്നറിയാതെ അന്തം വിട്ട് നിന്ന സന്ദര്‍ഭം എല്ലാ മാതാപിതാക്കളുടെ ജീവിതത്തിലും കാണും.. പല ചോദ്യങ്ങള്‍ക്കും നൈസായി സ്കൂട്ടാവേണ്ടി വന്നിട്ടുള്ളവരെന്തായാലുമുണ്ടാകും. പക്ഷെ, കുട്ടികളാരാ മക്കള്.. അവര് അത് അങ്ങനെയൊന്നും വിടില്ല, നമ്മുടെ പിന്നാലെ പിന്നാലെ കൂടും. 

എല്ലാ അച്ഛനമ്മമാരും ഒരിക്കലെങ്കിലും കേട്ട ചോദ്യമായിരിക്കും, 'അമ്മേ/അച്ഛാ ഞാനെങ്ങനാ ഉണ്ടായേ?' അല്ലെങ്കില്‍, 'ഈ കുഞ്ഞുങ്ങളെങ്ങനെയാ ഉണ്ടാവണേ?' എന്നത്. 'അതേ, വെള്ളപ്പൊക്കത്തില്‍ കിട്ടിയതാണ്, ദൈവം തന്നതാണ്, വാങ്ങിയതാണ്' തുടങ്ങി പലതരം ഉത്തരങ്ങളും റെഡിയാണ്. പക്ഷെ, അതിലൊന്നും ഒരുതരി സത്യസന്ധത കാണില്ല. ഇതേ അനുഭവം എനിക്കുമുണ്ടായി.. 

അതെ മോളൂ, പൂച്ച ഇടയ്ക്ക് പുല്ലു തിന്നുന്നത് കണ്ടിട്ടില്ലേ

അന്ന് മൂത്ത മോൾക്ക് 6-7 വയസ് ആയ സമയം ആണ്. ആ സമയത്താണ് സഹോദരിയുടെ മകള്‍ ഗര്‍ഭിണി ആയത്. അന്ന്, മോൾ ഒരിക്കൽ ചോദിച്ചു, ''എന്താ അമ്മാ കവിതേച്ചി ഗർഭിണി ആയത് / ഞാൻ എന്താ ആകാത്തത്'' എന്ന്. അപ്പൊ തോന്നിയ ഒരു മറുപടി അങ്ങു പറഞ്ഞു, "കല്യാണം കഴിഞ്ഞ് ഭാര്യവും ഭർത്താവും കൂടി നല്ല സ്നേഹത്തിൽ ജീവിക്കണം. അതിന് ശേഷമേ ഗര്‍ഭിണിയാകൂ..'' അവള്‍ വിടാനൊരുക്കമില്ല. ഉടനെ തന്നെ അടുത്ത ചോദ്യം വന്നു, സ്നേഹത്തില്‍ ജീവിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകുമോ?'' വീണ്ടും കുഴങ്ങി. ''വാവയെ വേണ്ടപ്പോ ഡോക്ടറുടെ അടുത്ത് പോയി ഗുളിക വാങ്ങിത്തിന്നണം അപ്പൊ ഗർഭിണി ആകും'' എന്നു പറഞ്ഞു തല്‍ക്കാലത്തേക്ക് അതങ്ങ് സോൾവ് ചെയ്തു.

കുറച്ച് കഴിഞ്ഞു.. ഞാൻ ഇസ്തിരി ഇട്ടുകൊണ്ട് നില്‍ക്കുമ്പോഴാണ് കുഴപ്പിച്ച അടുത്ത ചോദ്യം വന്നത്.. "അമ്മാ, അപ്പൊ പൂച്ചക്ക് എങ്ങിനാ കുഞ്ഞുണ്ടാകുന്നേ? അതും ഡോക്ടറുടെ അടുത്ത് പോയ് ഗുളിക വാങ്ങിത്തിന്നുന്നുണ്ടോ?'' ഇവിടെ ഞാന്‍ പെട്ട്.. ചോദ്യം കേട്ടു വിരണ്ട ഞാൻ "ഒന്നിത് തീർക്കട്ടെ മോളെ..'' എന്ന് പറഞ്ഞ് തല പുകഞ്ഞ് ആലോചിച്ചു. മോളാണെങ്കില്‍ ഉത്തരത്തിന് വേണ്ടി മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നു. പെട്ടന്നാണ് ഒരു ഉപായം തോന്നിയത്.. "അതെ മോളൂ, പൂച്ച ഇടയ്ക്ക് പുല്ലു തിന്നുന്നത് കണ്ടിട്ടില്ലേ. ഗുളികയ്ക്ക് പകരം ആണ് അത് തിന്നുന്നത്'' എന്ന് പറഞ്ഞു കൊടുത്തു. അവൾക്ക് സമാധാനമായി..

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്തോ സംസാരിച്ച കൂട്ടത്തില്‍ ഞാനിത് ഒരു സുഹൃത്തിനോട് പറഞ്ഞു. അവളെന്നോട് പറഞ്ഞു, 'ഇത്തരം തെറ്റായ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കരുത്' എന്ന്. ഇപ്പോള്‍ മകള്‍ക്ക് 12 വയസ്സ് പ്രായമായി. വായിച്ചും കേട്ടും മിണ്ടിയുമെല്ലാം തനിക്കറിയേണ്ട കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവളുമാണ്. എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്. പക്ഷെ, അന്ന് ചോദിച്ച, ആ ചോദ്യം മാത്രം പിന്നീടൊരിക്കലും അവള്‍ എന്നോട് ചോദിച്ചിട്ടില്ല. പക്ഷെ, എനിക്ക് തോന്നാറുണ്ട്, കുഞ്ഞുങ്ങളോട് കുറച്ചുകൂടി സത്യസന്ധത നമ്മള്‍ കാണിക്കേണ്ടതുണ്ട് എന്ന്. ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കൊടുത്താലും അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റണമെന്നില്ല. പക്ഷെ, 'സ്കൂളില്‍ പോകുമ്പോള്‍ മോള് സയന്‍സ് ഒക്കെ പഠിക്കും.. ഇപ്പോള്‍ മോള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. മെല്ലെ മെല്ലെ അമ്മ പറഞ്ഞുതരാം..' എന്നെങ്കിലും പറയാമായിരുന്നു എന്ന് തോന്നും.

നമ്മളവര്‍ക്ക് ശരിയായ കാര്യം പറഞ്ഞുകൊടുത്തില്ലെങ്കില്‍ പുറത്തൊരു ലോകമുണ്ട്

ഞാനൊരു അധ്യാപിക കൂടിയാണ്. കൗണ്‍സലിങ്ങ് ആന്‍ഡ് സൈക്കോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ്.. എന്നിട്ടും ജീവിതത്തിലെ ഇത്തരം സത്യസന്ധത ചോര്‍ന്നുപോകുന്ന സന്ദര്‍ഭത്തെ കുറിച്ച് ഓര്‍ത്തു പോകുന്നു. അവര്‍ നമ്മുടെ കുഞ്ഞുങ്ങളാണ്. അവരുടെ ആദ്യത്തെ ലോകം നമ്മളാണ്.. പിന്നീടാണവര്‍ പുറം ലോകത്തേക്ക് പിച്ചവെക്കുന്നതും, ഓരോരുത്തരെയായി കാണുന്നതും ഓരോന്നായി പഠിക്കുന്നതും. നമ്മളവര്‍ക്ക് ശരിയായ കാര്യം പറഞ്ഞുകൊടുത്തില്ലെങ്കില്‍ പുറത്തൊരു ലോകമുണ്ട്, അവര്‍ ഈ കുഞ്ഞുങ്ങള്‍ക്ക് എന്ത് പറഞ്ഞുകൊടുക്കും എന്നറിയാനാകില്ല. അതുകൊണ്ട്, നമ്മുടെ കുഞ്ഞുങ്ങളോട് കഴിയും പോലെ സത്യസന്ധരാകാം.. 
 

click me!