എപ്സ്റ്റീൻ വിവാദത്തിൽ ട്രംപിന്‍റെ പേര് ആറായിരം തവണ വന്നിട്ടും അദ്ദേഹം സുരക്ഷിതനാണ്. എന്നാൽ, എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പീറ്റർ മാൻഡൽസണുമായുള്ള സൗഹൃദം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചു.
എപ്സ്റ്റീൻ വിവാദത്തിൽ പേരുള്ള അമേരിക്കൻ പ്രസിഡന്‍റ് സുരക്ഷിതനാണ്. 6,000 തവണയാണ് ഡോണൾഡ് ട്രംപിന്‍റെ പേര് എപ്സ്റ്റിന്‍ ഫയൽസിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. ഇനി പ്രോസിക്യൂഷനില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു കഴിഞ്ഞു. പഴങ്കഥ എന്നെഴുതിത്തള്ളുകയാണ് ഡോണൾഡ് ട്രംപ്. കുടുങ്ങാൻ സാധ്യതയെന്ന് നിരീക്ഷകർ കാണുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയെയാണ്. സ്റ്റാമർ ഒരുതരത്തിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും പീറ്റർ മാൻഡൽസണുമായുള്ള സ്റ്റാമറുടെ സൗഹൃദം വിനയായി. സമ്പന്നരുമായുള്ള ഇടപാടുകൾ കാരണം രണ്ടുതവണ സർക്കാരിലെ സ്ഥാനം രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട് മാൻഡൽസണ്. ഇത് മൂന്നാം തവണയാണ്.
ഏറ്റു പറഞ്ഞ് സ്റ്റാമർ
പീറ്റർ മാൻഡൽസണിനെ അമേരിക്കൻ അംബായിഡറായി നിയമിച്ചപ്പോൾ എപ്സീറ്റീനുമായുള്ള സൗഹൃദം തനിക്കറിയാമായിരുന്നുവെന്ന് സ്റ്റാമർ സമ്മതിച്ചുകഴിഞ്ഞു, അതും പാർലമെന്‍റിന് മുന്നിൽ. സ്റ്റാമറിന് മാത്രമല്ല, രാഷ്ട്രീയവൃത്തങ്ങളിൽ പലർക്കും അറിയാമായിരുന്നു. പക്ഷേ, അതിന്‍റെ ആഴവും പരപ്പും ഒന്നുമറിയില്ലായിരുന്നു തങ്ങൾക്കാർക്കുമെന്നാണ് സ്റ്റാമർ മാധ്യമങ്ങളോട് പറഞ്ഞത്.നിയമനവേളയിൽ എപ്സ്റ്റീൻ ബന്ധത്തെക്കുറിച്ച് മാൻഡൽസൺ പറഞ്ഞതെല്ലാം വെറുതെയെന്നും സ്റ്റാമർ അറിയിച്ചു.
2008 -ൽ എപ്സ്റ്റീൻ ആദ്യം ശിക്ഷിക്കപ്പെട്ടിട്ടും മാൻഡൽസൺ അയാളുമായുള്ള ബന്ധം തുടർന്നുവെന്ന് വെളിപ്പെട്ടത് കഴിഞ്ഞ വർഷം. അതോടെ അംബാസിഡർ സ്ഥാനത്ത് നിന്ന് പുറത്താക്കി.ഇത്തവണ അമേരിക്കൻ കോൺഗ്രസ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ട ഫയലുകളിലാണ്, മാൻഡൽസൺ ചില പ്രധാന വിവരങ്ങൾ ചോർത്തിയെന്ന് വ്യക്തമായത്. എപ്സ്റ്റീനും അയാളുടെ വാൾ സ്ട്രീറ്റ് സുഹൃത്തുക്കൾക്കും പ്രയോജനപ്പെട്ടിരിക്കാവുന്ന വിവരങ്ങൾ. അങ്ങനെയാണ് House of Lords -ൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും മാൻഡൽസൺ രാജിവച്ചത്.
ഇരുട്ടിന്‍റെ രാജകുമാരൻ
മാൻഡൽസൺ പ്രശസ്തനായിരുന്നു മുമ്പേതന്നെ. ഇരുട്ടിന്‍റെ രാജകുമാരൻ (Prince of Darkness) എന്ന ഇരട്ടപ്പേര് വീണത് വെറുതേയല്ല. ലേബർ പാർട്ടിയെ 1997 -ൽ അധികാരത്തിലെത്തിച്ചത് മാൻഡൽസണിന്‍റെ കൂടി പരിശ്രമമായിരുന്നു. അന്ന് മാൻഡൽസൺ വകുപ്പില്ലാത്ത മന്ത്രിയായി. പക്ഷേ, ഒരു വർഷത്തിനകം രാജിവയ്ക്കേണ്ടിവന്നു. കോടീശ്രരനായ സുഹൃത്തിന്‍റെ കൈയിൽ നിന്ന് വാങ്ങിയ പണത്തിന്‍റെ കണക്ക് രഹസ്യമായി സൂക്ഷിച്ചതുകൊണ്ട്. അടുത്ത വർഷം ട്രേഡ് സെക്രട്ടറിയായി തിരിച്ചെത്തി. പിന്നെയും രാജി. സമ്പന്നന്‍റെ പാസ്പോട്ട് അപേക്ഷയിൽ ഇടപെട്ടതിന്. അത് ഇന്ത്യൻ വ്യവസായിയായ ഹിന്ദുജയാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

(പീറ്റർ മണ്ടൽസണും കെയർ സ്റ്റാർമറും)
പിന്നെ, ബ്രസൽസിലേക്ക് പോയെങ്കിലും തിരിച്ചെത്തി. ഗോർഡൻ ബ്രൗൺ സർക്കാരിനെ താങ്ങിനിർത്താൻ. ലേബർ പാർട്ടി പിന്നത്തെ തെരഞ്ഞെടുപ്പിൽ തോറ്റു. അപ്പോൾ മാൻഡൽസൺ സ്വകാര്യമേഖലയിലേക്ക് മാറി. പിന്നെ തിരിച്ചെത്തിയത് സ്റ്റാമറുടെ യുഎസ് അംബാസിഡറായി. മാസങ്ങൾക്കകം തന്നെ എപ്സ്റ്റീനുമൊത്തുള്ള ചിത്രം പുറത്തുവന്നു. പിന്നെ, ഇമെയിലുകളുടെ വരവായി. കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയതിന് എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടപ്പോഴും മാൻഡൽസൺ എപ്സ്റ്റീന് ഉപദേശങ്ങൾ നൽകി. ഇപ്പോൾ പുറത്തുവന്ന ഫയലുകളിലാണ് സൗഹൃദത്തിന്‍റെ ആഴം വ്യക്തമാവുന്നത്.
ധനമന്ത്രിയെ ഭീഷണിപ്പെടുത്താൻ ഉപദേശിച്ച എംപി
സർക്കാരിൽ ബിസിനസ് സെക്രട്ടറിയായിരുന്ന മാൻഡൽസൺ 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ച ചില സാമ്പത്തികനയങ്ങൾ എപ്സ്റ്റീനെ അറിയിച്ചു. തീർന്നില്ല, 2009 -ൽ ബാങ്കർമാർക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കാൻ തന്ത്രം പറഞ്ഞുകൊടുത്തു. അതായത് ബ്രിട്ടിഷ് ധനമന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തുക. അതനുസരിച്ച് ജെപി മോർഗൻ ചേസ് (JP Morgan Chase), അന്നത്തെ ധനമന്ത്രി അലിസ്റ്റർ ഡാർലിംഗിനെ (Alistair Darling) വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഡാർലിംഗിന്‍റെ ഓർമ്മക്കുറിപ്പുകളിലുണ്ട്. യൂറോയെ താങ്ങിനിർത്താൻ യൂയൂ ഒരു ഉത്തേജന പാക്കേജിന് തീരുമാനിച്ചതും മാൻഡൽസൺ, എപ്സ്റ്റീന് ചോർത്തിക്കൊടുത്തു. എപ്സ്റ്റീൻ 75,000 ഡോളർ മാൻഡൽസണിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനും തെളിവുണ്ട്. മാൻഡൽസണിന്‍റെ പങ്കാളിക്കും പണമയച്ചെന്നാണ് ഇമെയിലുകൾ. ഒരു സ്ത്രീയ്ക്കൊപ്പം മാൻഡൽസൺ നിൽക്കുന്ന ചിത്രവുമുണ്ട്.
വഞ്ചകൻ
രാജ്യത്തെയും പാർട്ടിയെയും പാർലമെന്‍റിനെയും മാൻഡൽസൺ വഞ്ചിച്ചു എന്ന് സ്റ്റാമർ. ഈ വിവാദവും മാൻഡെൽസണിന്‍റെ നടപടികളും സ്റ്റാമറിന് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. രണ്ട് വർഷമേ ആയിട്ടുള്ളൂ സ്റ്റാമർ പ്രധാനമന്ത്രിയായിട്ട്. പാർട്ടിക്കുള്ളിൽ തന്നെ ചില വെല്ലുവിളികളുണ്ടെന്നാണ് സൂചന. മുമ്പൊക്കെ സ്ഥിരതായിരുന്നു ബ്രിട്ടിഷ് രാഷ്ട്രീയത്തിന്‍റെ മുഖം. പക്ഷേ, ഇക്കഴിഞ്ഞ വർഷങ്ങളിൽ അതങ്ങനെയല്ല. 11 വർഷത്തിനിടെ 5 പ്രധാനമന്ത്രിമാർ വന്നുപോയി. രാജകുടുംബത്തിലുണ്ടായ ആൻഡ്രൂ വിവാദവും ബ്രിട്ടിഷ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതാണ്.
മറിച്ചാണ് അമേരിക്കയിലെ കഥ. കോൺഗ്രസിന് മുന്നിൽ, ചോദ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്‍റിന് ഉത്തരം പറയേണ്ട. ബിൽ ക്ലിന്‍റനെ വിളിപ്പിച്ച കമ്മിറ്റി ട്രംപിനെ വിളിപ്പിക്കുന്നില്ല. വിളിപ്പിക്കുകയുമില്ല.


