മമ്മീന്ന് വിളിച്ചവൾ എന്നെ കെട്ടിപ്പിടിച്ചു, ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു

By Kutti KathaFirst Published Apr 20, 2019, 2:54 PM IST
Highlights

മായേ.. മോനെ മായേ.. ഞാൻ ഓടി എത്തിയപ്പോൾ ആ പിങ്ക് നിറം തിരക്കിൽ നിന്നും ഇറങ്ങി വന്നു. എന്‍റെ മോൾ, മായ. കരഞ്ഞോണ്ട് ഞാൻ ഓടിച്ചെന്ന് അവളെ കടന്ന് പിടിച്ചു. പക്ഷേ, കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ എനിക്ക് കഴിഞ്ഞില്ല. പകരം അവള്‍ക്കിട്ടൊരു തല്ല് കൊടുത്തിട്ട് ചോദിച്ചു. 'അമ്മേ വിട്ടു നീ എവിടേക്കാ പോയെ? എന്റെ കൺമുന്നിൽ നിന്ന് എങ്ങോട്ടാ നീ അപ്പച്ചീടെ കൈ വിട്ടു പോയത് ?' 

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

അമേരിക്കയിൽ വേനൽ മഴ പോലെ ആണ് മലയാളം സിനിമകൾ വരുന്നത്. റിലീസ് ചെയ്ത അടുത്ത നാളുകളിൽ ഒരു സിനിമ വരുകയെന്നാൽ മലയാളികളെ സംബന്ധിച്ച് അത് ഒരു ഉത്സവം കൊടിയേറിയപോലെ ആണ്. അങ്ങനെ മായാമോഹിനി ഇവിടെ തിയേറ്ററിൽ വന്നപ്പോൾ ഞങ്ങൾ കുടുംബസമേതം കാണാൻ പോകാൻ തീരുമാനിച്ചു. അന്ന് എന്റെ മൂത്തമകൾ മായയ്ക്ക് രണ്ടര വയസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ. രണ്ടാമത്തെ മകൾക്കാവട്ടെ ഒന്നരവയസ്സും. കുഞ്ഞുങ്ങളെയും കൊണ്ട് പോകുന്നത് അൽപ്പം സാഹസം ആണെന്ന് തോന്നിയെങ്കിലും ചെറുത് ഉറങ്ങിക്കോളും വലുതിനെ വല്ല ചിപ്സും ഒക്കെ കൊടുത്തു പിടിച്ചിരുത്താമെന്ന് കരുതി. 

ഏഷ്യാനെറ്റിൽ സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ ആദ്യം ദിലീപിന്റെ സ്ത്രീ വേഷം കണ്ട് 'ഇതാര് ഈ പുതിയ നടി' എന്ന് അത്ഭുതപെട്ട എനിക്ക് ആ സിനിമ കാണാൻ അത്ര ആകാംക്ഷ ആയിരുന്നു. അങ്ങനെ ചേച്ചിയും മക്കളും, ഞങ്ങളും മക്കളും അമ്മയും കൂടി വൈകിട്ടത്തെ ഷോ കാണാൻ പോയി. സിനിമ തുടങ്ങി അഞ്ച് മിനിറ്റ് ആയപ്പോൾ മുതൽ ചെറുത് കരച്ചിൽ തുടങ്ങി. പാല് കൊടുത്തും തോളിൽ ആട്ടിയും അവൾ കുറച്ചു നേരം ശാന്തമായി ഇരുന്നുവെങ്കിലും വീണ്ടും കരച്ചിൽ. പതുക്കെ പതുക്കെ മൂത്തവൾ മടിയിൽ ഇരിക്കാതെ ബഹളം തുടങ്ങി. അവൾ ഓരോരുത്തരുടെ മടിയിൽ ഇരിക്കും, വീണ്ടും എഴുന്നേറ്റ് അടുത്ത ആൾടെ അടുത്ത് പോകും തിരിച്ച് എന്റെ അടുത്ത് വരും, പിന്നെ അവളുടെ അച്ഛന്റെ അടുത്ത് പോകും. ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേരും കൂടി ഞങ്ങളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു. സിനിമ കാണാൻ ഉള്ള മോഹം ഉപേക്ഷിച്ച് എങ്ങനേം വീടെത്തിയാൽ മതിയെന്നായി ഞങ്ങൾക്ക്.

ഞാൻ ചെറിയ മോളെയും സ്‌ട്രോളറിൽ വെച്ച് ആദ്യം ഇറങ്ങി. മൂത്തമോള് മായ, ചേച്ചിയുടെ കൈപിടിച്ചിരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇറങ്ങിയത്. സിനിമ നടക്കുന്നതിനാൽ നല്ല ഇരുട്ടാണ്. പുറത്തേയ്ക്കുള്ള വഴിയുടെ കാർപ്പെറ്റിൽ നിയോൺ ലൈറ്റ് ഉള്ളത് കൊണ്ട് പുറത്തിറങ്ങി. എന്നാൽ, എല്ലാരും പുറത്തു വന്നിട്ടും ഞാൻ നോക്കിയപ്പോൾ എന്റെ മായ ഞങ്ങളുടെ കൂടെ ഇല്ല. ചേച്ചി അവളുടെ ഷൂസ് കയ്യിൽ പിടിച്ചിരിക്കുന്നു. 

"ചേച്ചി, മായ എവിടെ ?'' ഞാൻ ആധിയോടെ ചോദിച്ചു.
"അവൾ നിന്റെ പിന്നാലെ ഇറങ്ങി വന്നല്ലോ. ദേ ഓടിയ വഴി അവളുടെ ഷൂസ് ഊരി വീണത് ഞാൻ എടുത്തു.." ചേച്ചി പറഞ്ഞു.
"ഇല്ല അവളെന്റെ പിന്നാലെ വന്നില്ല.." പ്രതീക്ഷയോടെ ഞാൻ ഏട്ടനെ നോക്കി. അവളെ അമ്മയോ ചേട്ടനോ കണ്ടിട്ടും ഇല്ല. 

ഈശ്വരാ, എന്റെ കുഞ്ഞെവിടെ... ആ നിമിഷം എന്‍റെ മനസ്സിൽ കൂടി പാഞ്ഞു പോയ ചിന്തകൾ എന്നെ ഭ്രാന്തിയാക്കി. കുഞ്ഞിനെ ചേർത്ത് പിടിക്കാഞ്ഞതിന് ഏട്ടനോട് വഴക്കു കൂടി. ആ ഹാളിലൂടെ മായേ.. മായേ എന്ന് വിളിച്ച് ഞാൻ ഓടിനടന്നു. ബാത്‌റൂമിൽ കേറി നോക്കി. എന്റെ മോളെ ആരെങ്കിലും കൊണ്ട് പോയോ? ഞാൻ കരഞ്ഞു കൊണ്ട് ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞു. പൊലീസിൽ അറിയിക്കാൻ പറഞ്ഞു ബഹളം വെച്ചു. ഓഫീസിൽ ഉണ്ടായിരുന്ന ഒരു ഉത്തരേന്ത്യക്കാരൻ എന്നോട് അൽപ്പ നേരം ക്ഷമിക്കാൻ പറഞ്ഞു. സിനിമ ഇപ്പോൾ ഇന്‍റർവെൽ ആകും. അവൾ തിയേറ്ററിന്‍റെ ഉള്ളിൽ ഉണ്ടെങ്കിൽ പുറത്തു വരും. കണ്ടില്ലെങ്കിൽ അപ്പോൾ പൊലീസിൽ അറിയിക്കാം എന്ന് പറഞ്ഞു. 

പറ്റില്ല സിനിമ നിർത്തി എന്റെ മോളെ അന്വേഷിക്കണം എന്ന് ഞാൻ വാശി പിടിച്ചു  പറഞ്ഞു. അവൾ ഇവിടെ എവിടെയോ ഉണ്ട് എന്ന് പറഞ്ഞ് എല്ലാരും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇന്‍റർവെൽ വരെ കാക്കാൻ പറഞ്ഞു. ആ നിമിഷങ്ങൾ ഞാൻ എങ്ങനെ കഴിച്ചു കൂട്ടിയെന്ന് ഓർക്കുമ്പോൾ ഇന്നും പേടിയാണ്. ഒടുവിൽ ഇന്‍റർവെൽ ആയി. ആ വശത്തുള്ള ആറ് തിയേറ്ററിൽ നിന്നുമായി ആളുകൾ ഇറങ്ങുന്നു. ഞങ്ങൾ കയറിയ തീയേറ്റർ 5 ആണെങ്കിൽ അവിടെ ഏട്ടൻ കേറി നോക്കിയിട്ട് അവളെ കണ്ടില്ല. അങ്ങനെ അതിനുള്ളിൽ അവളില്ല എന്ന് പറഞ്ഞു പൊലീസിനെ വിളിക്കാനായി മുന്നോട്ട് നടന്നപ്പോൾ തിയേറ്റർ മൂന്നിൽ നിന്നും ഇറങ്ങിയ ആൾക്കൂട്ടത്തിനിടയിൽ ഒരു പിങ്ക് കളർ എന്റെ കണ്ണിൽ ഉടക്കി. ഞാൻ ആ പൊട്ടു പോലെ കണ്ട പിങ്ക് കളർ നോക്കി ഓടി. 

മായേ.. മോനെ മായേ.. ഞാൻ ഓടി എത്തിയപ്പോൾ ആ പിങ്ക് നിറം തിരക്കിൽ നിന്നും ഇറങ്ങി വന്നു. എന്‍റെ മോൾ, മായ. കരഞ്ഞോണ്ട് ഞാൻ ഓടിച്ചെന്ന് അവളെ കടന്ന് പിടിച്ചു. പക്ഷേ, കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ എനിക്ക് കഴിഞ്ഞില്ല. പകരം അവള്‍ക്കിട്ടൊരു തല്ല് കൊടുത്തിട്ട് ചോദിച്ചു. 'അമ്മേ വിട്ടു നീ എവിടേക്കാ പോയെ? എന്റെ കൺമുന്നിൽ നിന്ന് എങ്ങോട്ടാ നീ അപ്പച്ചീടെ കൈ വിട്ടു പോയത് ?' ചുറ്റിനും ആളുണ്ടെന്നോ ഒന്നും ഞാൻ നോക്കിയില്ല. എന്റെ ആധിയും സങ്കടവും എല്ലാം എന്നെ ഭ്രാന്തിയാക്കിയിരുന്നു.

മമ്മീന്ന് വിളിച്ചവൾ എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു. 'മമ്മീ.. ഞാൻ ഷൂസ് നോക്കി പോയതാ.' അവൾ അത് പറഞ്ഞു കരഞ്ഞു. പറയാതെ പോയതിനു സോറിയും പറഞ്ഞു. അങ്ങനെ മായാമോഹിനി കാണാതെ ഞങ്ങൾ വീട്ടിൽ പോയി. പിന്നെ മക്കൾക്ക്  5-6 വയസ്സ് ആകുന്നതുവരെ തിയേറ്ററിൽ സിനിമ കാണാൻ പോകുക എന്ന സാഹസം ഞങ്ങൾ ചെയ്തിട്ടേ ഇല്ല.

എന്നാൽ അവൾ ഈ സാഹസം തുടർന്ന് കൊണ്ടേയിരുന്നു. ഒരിക്കൽ സൂവിൽ പോയപ്പോഴും അവൾ ഇതുപോലെ കണ്ണ് തെറ്റിയപ്പോൾ ഒരു പ്ലേ ഏരിയയിൽ കേറി പോയി.  ഇവൾക്ക് ഒരു ചൈൽഡ് ഹോൾഡിങ് ബെൽറ്റ് വാങ്ങി ഇടണം എന്ന് വരെ ഞങ്ങൾ ചിന്തിച്ചു പോയിട്ടുണ്ട്...

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!