ഒമേഗ ത്രീ ഫാറ്റി ആസിഡാൽ സമ്പുഷ്ടമാണ് മത്തി. ഹൃദ്രോഗത്തെ പ്രതിരോധിക്കുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും ഒരു ഗംഭീര കക്ഷിയാണ് ഈ ഒമേഗ ത്രീ ഫാറ്റി ആസിഡ്.
മലയാളികളുടെ പ്രിയപ്പെട്ട മീനാണ് മത്തി. വറുത്തതും കറിവെച്ചതും ഒക്കെയായുള്ള മത്തി വിഭവങ്ങൾ നോൺവെജിറ്റേറിയൻസിന് ഒഴിവാക്കാൻ പറ്റാത്ത രുചി ഭേദങ്ങളാണ്. ടേസ്റ്റിനൊപ്പം ആരോഗ്യപരമായും മികച്ചു നിൽക്കുന്നതു കൊണ്ടുകൂടെ മത്തി വിട്ടൊരു കളി മലയാളിക്ക് ഇത്തിരി ബുദ്ധിമുട്ടാണ്. ടേസ്റ്റ്, പോഷണഗുണങ്ങൾ, വിലയിലെ കുറവ്, ലഭ്യത തുടങ്ങിയ ഒരുപാട് കാരണങ്ങളുണ്ട് മത്തിയെ സാധാരണക്കാർക്ക് ഇഷ്ടപ്പെടാൻ. കുറച്ച് കാലങ്ങളായി ഈ മത്തിയുടെ ലഭ്യത കേരള തീരത്ത് കുറയുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
മത്തിക്ക് ഇത്ര പ്രത്യേകതയുണ്ടാകാൻ എന്താണ് കാരണം?
ഇറ്റലിയിലെ സാർഡീന ദ്വീപിന്റെ പേരിൽനിന്നാണ് മത്തിക്ക് സാർഡീൻ എന്ന പേര് ലഭിച്ചത്. സാർഡീനയ്ക്ക് സമീപമുള്ള കടലിൽ ധാരാളമായി മത്തി ലഭ്യത ഉണ്ടായിരുന്നു എന്നതാണ് ഈ പേര് വന്നതിന് പിന്നിലെ കാരണം. അറ്റ്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമാണ് മത്തിയുടെ പ്രധാന ഉറവിടങ്ങൾ. ആഫ്രിക്കൻ രാജ്യമായ മൊറോക്കയുടെ തീരത്താണ് ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി.
ആഗോള തലത്തിൽ മത്തിക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കുന്നതിൽ നെപ്പോളിയൻ ചക്രവർത്തിക്ക് കാര്യമായ പങ്കുണ്ടെന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്. ടിന്നിലടച്ച മത്തിയുടെ ഉപയോഗത്തിന് അദ്ദേഹം വലിയ പ്രചാരം നൽകിയിരുന്നത്രേ. ആദ്യമായി ടിന്നിലടച്ച് സൂക്ഷിച്ച മത്സ്യം മത്തിയാണെന്നും പറയപ്പെടുന്നുണ്ട്. സൈനിക ദൗത്യങ്ങൾക്കും പർവതാരോഹണങ്ങൾക്കും മത്തി ടിന്നിലടച്ച് കൊണ്ടുപോകാറുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോക മഹായുദ്ധകാലത്തും വ്യാപകമായി മത്തി ഉപയോഗിച്ചിരുന്നു.
ആരോഗ്യ ഗുണങ്ങൾ
ഒമേഗ ത്രീ ഫാറ്റി ആസിഡാൽ സമ്പുഷ്ടമാണ് മത്തി. ഹൃദ്രോഗത്തെ പ്രതിരോധിക്കുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും ഒരു ഗംഭീര കക്ഷിയാണ് ഈ ഒമേഗ ത്രീ ഫാറ്റി ആസിഡ്. കൂടാതെ, ഇത് ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്ത സമ്മർദ്ദവും കുറയ്ക്കുമെന്നും പഠനങ്ങളുണ്ട്. ഇത് കൂടാതെ തന്നെ പല രോഗങ്ങൾക്കും മരുന്നാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്.
ശരീര കോശങ്ങളുടെ വളർച്ചയ്ക്കും തേയ്മാനം കുറയ്ക്കാനും ആവശ്യമായ പ്രോട്ടീൻ സ്രോതസ്സുകൂടിയാണ് മത്തി. മത്തിയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നേ കുറവാണ്. അതുകൊണ്ടുതന്നെ ഡയറ്റ് പ്ലാനുകളിൽ പലരും മത്തി ഉൾക്കൊള്ളിക്കാറുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യവും ഫോസ്ഫറസും മത്തിയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഡിയുടെ അളവും മത്തിയിൽ ധാരാളമായുണ്ട്. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും സഹായിക്കുന്ന വിറ്റാമിൻ B12. ഇത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമൃദ്ധമാണ് ഈ സൂപ്പർ ഫിഷ്. കടൽപ്പായലുകളും സൂക്ഷ്മജീവികളും ചെറു മത്സ്യങ്ങളുടെ മുട്ടകളുമാണ് മത്തികളുടെ പ്രധാന ഭക്ഷണം.
മത്തികളുടെ റീപ്രൊഡക്ഷൻ വളരെ വേഗത്തിൽ നടക്കുന്ന ഒന്നാണ്. പെൺ മത്തികൾ ഒരേ സമയം ആയിരക്കണക്കിന് മുട്ടകൾ കടലിൽ നിക്ഷേപിക്കും എന്നാണ് കണക്ക്.
