
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
എല്ലാ അമ്മമാർക്കും തന്‍റെ കുഞ്ഞുങ്ങളുടെ കുസൃതിക്കഥകൾ, ഓർമ്മകൾ എല്ലാം പങ്കുവെക്കാൻ ഒത്തിരി ഇഷ്ടമാവും. എനിക്കുമുണ്ട് പറയാൻ എന്‍റെ മകളുടെ ചെറുപ്പത്തിലേയും ഇപ്പോഴത്തേയും കുസൃതികളും കുറുമ്പുകളും..
പ്രതീക്ഷിക്കാത്ത നേരത്താണ് കുഞ്ഞിനെ ജന്മം നൽകേണ്ടി വന്നത്. ഇന്നവൾക്ക് 10 വയസ്സുണ്ട്. ഏഴാം മാസത്തിനൊടുവിലായിരുന്നു അവളുടെ ജനനം. ഗോപിക എന്ന് അവൾക്ക് പേരുചൊല്ലി. ഈശ്വരൻ സഹായിച്ച്, വളരെ ശ്രദ്ധാപൂർവ്വമായ പരിചരണം നല്ല ആരോഗ്യമുള്ള കുഞ്ഞാക്കി. അവളുടെ എട്ട് മാസം തികയുന്നതുവരെ വെറും മുലപ്പാൽ തന്നെയായിരുന്നു കൊടുത്തിരുന്നത്. അത് ധാരളം ഉണ്ടായിരുന്നു താനും. അതാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ടതും. ഒരോ പ്രാവശ്യം ഡോക്ടറെ കാണിക്കാൻ പോവുമ്പോൾ ഞാൻ അവരോട് ചോദിക്കും ഹാര്‍ഡ് ഫുഡ് കൊടുക്കാറായോ ഡോക്ടര്‍ എന്ന്. എന്നെ ഡോക്ടര്‍ വഴക്കുപറയും നിനക്കെന്താ ധൃതി എന്നും പറഞ്ഞ്.
അങ്ങനെ അവളേയും കൊണ്ട് ഞാൻ തിരിച്ച് ദുബായിലേക്കു പോയി. ഒറ്റയ്ക്കുള്ള വാസം. അന്നും അവൾക്ക് മുലപ്പാൽ മതി. ഒരു നേരം റാഗി കൊടുക്കാൻ തുടങ്ങി. അങ്ങനെ എവിടെ വെച്ചായാലും അവൾ ആഗ്രഹിക്കുന്ന സമയത്ത് മുലയൂട്ടണം. കരയില്ല. വാശിയില്ല. ദയനീയ നോട്ടമാണ്.
അങ്ങനെ രണ്ടര വയസ്സ് തികഞ്ഞു. എങ്ങനെ ഇതൊന്ന് നിർത്തും എന്നാലോചിച്ചിരിക്കവേ എന്നിലെ മുലപ്പാലിനും മാറ്റങ്ങൾ വന്നു. പഴയത് പോലെ ചുരത്തുന്നില്ല. പക്ഷെ, അവൾക്ക് ഒരു മാവുമില്ല. ഒരു ദിവസം ആ മാറ്റം അവൾ തിരിച്ചറിഞ്ഞു. അവൾ എന്റെ രണ്ടു മാറിടങ്ങളിൽ മാറി മാറി നോക്കി എന്നേയും ഒരു ചോദ്യ ചിഹ്നമെന്നപോൽ നോക്കി. അവളുടെ നോട്ടം എന്നിൽ ചിരിയും സങ്കടവും ഒരു പോലെ നിറച്ചു. എനിക്ക് മനസ്സിലായി അവൾ 'ഇതെന്താ നിന്ന് പോയത്' എന്ന് എന്നോട് ചോദിച്ചതാണെന്ന്.
ഞാൻ പറഞ്ഞു, 'വാവേ ഇഞ്ഞമിഞ്ഞ കഴിഞ്ഞൂലോ, ഇനിയെന്താ ചെയ്യാ' എന്ന്. (അവളുടെ പദപ്രയോഗമാണ് '' ഇഞ്ഞമിഞ്ഞ" എന്നത്). നിഷ്കളങ്കമായ ചിരിയോടുകൂടിയുള്ള മറുപടി കേട്ട് ഞാൻ ഇനി ഞാൻ എന്ത് പറയുമവളോട് എന്നാലോചിച്ചു ചിരിച്ചു.. അവളുടെ മറുപടി ഇങ്ങനെയായിരുന്നു. "ആണോ, എന്നാ മദീന ന്ന് വാങ്ങി നിറയ്ക്കാലൊ.." എന്നായിരുന്നു... അത്രയ്ക്കും സിമ്പിളായ കാര്യമായിരുന്നു അത്. 'മദീന' എന്നത് അവിടെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണ്. ഇത്രയ്ക്കും അവൾക്ക് പ്രിയമായിരുന്നു അത്.
അവളെ പോലെ ഓരോ കൊച്ചു കുഞ്ഞിനും ഉണ്ടാവും നിഷ്കളങ്കമായ വാക്കുകൾ കുസൃതികൾ.. കുഞ്ഞിന് എന്നും പ്രിയപ്പെട്ടത് മുലപ്പാൽ തന്നെ. അത് അവരുടെ ഭക്ഷണം മാത്രമല്ല, അവകാശം കൂടിയാണ്...
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം