ഇങ്ങനെ കൊല്ലാന്‍ കൊടുക്കാനാണോ നിങ്ങള്‍ക്ക് പെണ്‍മക്കള്‍?

By Speak UpFirst Published Apr 2, 2019, 6:01 PM IST
Highlights

പക്ഷെ, താനൊരു ഭാരമാണെന്നും കല്യാണം കഴിയാത്തത് എന്തോ വലിയൊരു ശാപമാണെന്നും ഉള്ളിലിങ്ങനെ തോന്നിക്കൊണ്ടേയിരിക്കും. അത് ഊതി വീർപ്പിച്ചു പൊട്ടാറാക്കാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചുകൊണ്ടേയിരിക്കും.

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

കെട്ടിക്കാറായ പെണ്മക്കളുള്ള അച്ഛനമ്മമാർ പലപ്പോഴും പറയുന്നതാണ് "ഹോ ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ ഒരു ഭാരം ഒഴിഞ്ഞു"എന്ന്. ശരിക്കും നിങ്ങളാലോചിച്ചിട്ടുണ്ടോ ഇത് കേൾക്കുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്‌ഥ? ഭാരമാണെങ്കിൽ പണ്ടേ കൊണ്ട് കളയാത്തതെന്ത് എന്ന് ഒരുപക്ഷേ അവൾ ചോദിച്ചില്ലാന്ന് വരും.. അല്ലെങ്കിലും തർക്കുത്തരം പറയരുത് എന്നു പഠിപ്പിച്ചാണല്ലോ നിങ്ങൾ അവളെ വളർത്തിയത്. 

ഒരു പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്

പക്ഷെ, താനൊരു ഭാരമാണെന്നും കല്യാണം കഴിയാത്തത് എന്തോ വലിയൊരു ശാപമാണെന്നും ഉള്ളിലിങ്ങനെ തോന്നിക്കൊണ്ടേയിരിക്കും. അത് ഊതി വീർപ്പിച്ചു പൊട്ടാറാക്കാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത്തിരി തടി കൂടുതലാണെങ്കില്‍, നിറം കുറവാണെങ്കില്‍ പിന്നെ വന്നു തറക്കുന്ന നോട്ടങ്ങളെല്ലാം കുറ്റപ്പെടുത്തലിന്റെയും സഹതാപത്തിന്റെയും ഭാരം പേറുന്നവയാവും.

അങ്ങനെയൊക്കെയാവും മിക്കവാറും പെണ്‍കുട്ടികൾ കല്യാണം ജീവിതപ്രശ്നമായി കാണാൻ തുടങ്ങുന്നത്. പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് വിവാഹമെന്ന് പറഞ്ഞു പഠിപ്പിച്ചത് ഒപ്പം തന്നെ ഉണ്ടാവും. അങ്ങനെ പറഞ്ഞു വിട്ട ( ആ പ്രയോഗത്തിലെ ക്രൂരത ആരും ഓർക്കാറില്ല, സ്വന്തം അനുഭവത്തിൽ വരാത്തിടത്തോളം അത് ആർക്കും മനസ്സിലാവുകയും ഇല്ല) ഒരു പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗ്യാസ് പൊട്ടിത്തെറിച്ച കഥകൾ കേട്ടു തഴമ്പിച്ച നമ്മുടെ കാതുകൾക്ക് ഇതൊരു പുതുമായാവില്ല. 

നീ അർഹിക്കാത്ത, നീ സമ്പാദിക്കാത്ത ഒരു അണ പൈ നിനക്ക് കിട്ടില്ല

പക്ഷെ, ഭക്ഷണം കിട്ടാതെ ഒരു ജീവൻ പൊലിഞ്ഞു പോവുക എന്നു പറയുന്നത് എത്രമാത്രം ഭീകരമായ അവസ്‌ഥയാണ്‌ എന്നൊന്ന് ഓർക്കണം. പ്രാണൻ പടിയിറങ്ങിപ്പോവുന്നത് ഓരോ നിമിഷവും ആ കുട്ടി അറിഞ്ഞിട്ടുണ്ടാവും. അവസാനത്തെ കണ്ണു മങ്ങലിൽ ഒരു വറ്റ് ചോറാവും അവൾ അതിയായി ആഗ്രഹിച്ചിട്ടുണ്ടാവുക. എന്തൊരു വർഗ്ഗമാണീ മനുഷ്യൻ? ഇത്രമാത്രം ക്രൂരത കാണിക്കാൻ വിട്ടുകൊടുക്കാൻ എന്തിന്  വളർത്തി വലുതാക്കുന്നു പെണ്മക്കളെ നിങ്ങൾ? "നീ അർഹിക്കാത്ത, നീ സമ്പാദിക്കാത്ത ഒരു അണ പൈ നിനക്ക് കിട്ടില്ല" എന്നു മുഖത്തു നോക്കി പറഞ്ഞ് ഇറങ്ങിപ്പോരാനുള്ള ധൈര്യം ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇവിടെയവൾ ജീവനോടെ കണ്ടേനെ. സ്ത്രീധനം നിയമം വഴി നിരോധിച്ചിട്ടും ആചാരമായി കൊണ്ടു നടക്കുന്നവരെ പോറ്റുന്നത് പെണ്‍മക്കളുടെ അച്ഛനമ്മമാര്‍ കൂടിയാണ്.

നോട്ടുകെട്ടുകൾക്ക് മേലെയാണ് നിന്റെ സ്‌ഥാനം എന്നു മകളോട് പറഞ്ഞു കൊടുക്കാത്ത ഓരോ അച്ഛനും അമ്മയും ഇവിടെ പ്രതികളാണ്. അങ്ങനെയാണെങ്കിൽ മകളവിടെ നിന്നു പോവും എന്നാണ് പറയുന്നതെങ്കിൽ ഉത്തരം ഒന്നേയുള്ളൂ :മരിച്ച മകളെക്കാൾ, ചത്തു ജീവിക്കുന്ന മകളെക്കാൾ ഭേദമാണ് സ്വന്തം കാലിൽ നിൽക്കുന്ന ജീവനുള്ള മകൾ.

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!