
ബ്രിട്ടീഷ് രാജകുടുംബം ആൻഡ്രൂ രാജകുമാരന്‍റെ രാജകീയ പദവികൾ എടുത്തുകളയുകയാണ്. രാജകുടുംബത്തിന്‍റെ ആധുനിക ചരിത്രത്തിൽ ആദ്യത്തെ സംഭവം. വിൻഡ്സറിലെ താമസസ്ഥലവും നഷ്ടമാവും. കിരീടാവകാശത്തിൽ എട്ടാമതാണ് ആൻഡ്രൂ. പക്ഷേ, അത് തുടരും. എപ്സ്റ്റീൻ കേസിൽ തന്നെ ആൻഡ്രൂവിന് മുഖം നഷ്ടപ്പെട്ടിരുന്നു. രാജകുടുംബത്തിനൊപ്പം ചടങ്ങുകളിൽ പങ്കെടുക്കാതെയായി. വിർജീനിയ ജൂഫ്രേയുടെ പുസ്തകമാണ് അവസാനത്തെ ആണിയായത്.
ഡ്യൂക്ക് ഓഫ് യോർക്ക് (Duke of York), എന്നതടക്കം സ്ഥാനപ്പേരുകൾ കഴിഞ്ഞയാഴ്ച ആൻഡ്രൂ സ്വയം ഉപേക്ഷിച്ചിരുന്നു. പക്ഷേ, പദവികൾ കൊട്ടാരം തന്നെ എടുത്തുകളയുന്നത് അസാധാരണമാണ്. ബാരൺ, ഡ്യൂക്ക്, ഏൾ (Baron, Duke, Earl) എല്ലാം പോയി. ചാൾസ് രാജാവിനുള്ള പരിമിത അധികാരങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. 1917 -ൽ ബ്രിട്ടിഷ് പാർലമെന്‍റ് ഒരു നിയമം പാസാക്കിയിരുന്നു. ശത്രുരാജ്യത്തെ രാജകുമാരൻമാർക്കും മറ്റും ബ്രിട്ടിഷ് സ്ഥാനപ്പേരുകൾ നൽകുന്നത് അവസാനിപ്പിക്കാനായിരുന്നു അത്. അതുപോലെയൊരു നിയമമാണ് ഇപ്പോഴും വേണ്ടിയിരുന്നത്.
പക്ഷേ, അതൊരു ചർച്ചയും വിവാദവുമാകും. അതൊഴിവാക്കാനാണ് ചാൾസ് റോയൽ വാറന്‍റ് പുറപ്പെടുവിച്ചത്. എന്നിട്ടത് നീതി ന്യായ വകുപ്പ് മന്ത്രി ഡേവിഡ് ലാമിക്ക് അയച്ചു. നിയമനങ്ങൾക്കാണ് സാധാരണ റോയൽ വാറന്‍റ് പുറപ്പെടുവിക്കുക. ആൻഡ്രൂവിന് പദവികൾ നഷ്ടമാകുമെങ്കിലും മക്കൾക്ക് പദവികൾ നഷ്ടമാകില്ല. ആൻഡ്രൂവിന് പക്ഷേ, താമസസ്ഥലവും നഷ്ടമായി. വിൻഡ്സറിലെ 30 മുറിയുള്ള വീട്ടിൽ നിന്ന് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്ക് (Sandringham Estate). അതിലേത് വീടെന്ന് തീരുമാനമായിട്ടില്ല. വിവാഹമോചനം നേടിയെങ്കിലും ഭാര്യ സെയ്റ ഫെർഗൂസണും മക്കളും ആൻഡ്രൂവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇനിയതില്ല. സെയ്റ അതവസാനിപ്പിച്ചു.
ആൻഡ്രൂവിന്‍റെ ചെലവ് കൊട്ടാരം വഹിക്കും. അതായത് ചാൾസിനെ ആശ്രയിച്ചാവും ഇനിയുള്ള ആൻഡ്രൂവിന്‍റെ ജീവിതം എന്നർത്ഥം. ക്രൗൺ എസ്റ്റേറ്റ് (Crown Estate) എന്നറിയപ്പടുന്ന വസ്തുവകകളുണ്ട് രാജാവിന്. വരുമാനം പോകുന്നത് ട്രഷറിയിലേക്കാണ്. അതിന്‍റെ ലാഭവിഹിതം രാജകൊട്ടാരത്തിനും കിട്ടും. ലാഭം കൂടുന്നതനുസരിച്ച് വിഹിതവും കൂടും. പക്ഷേ, അത് കണക്കാക്കുന്നത് സർക്കാരാണ്. 2023 - 24 -ൽ ക്രൗൺ എസ്റേറ്റിന്‍റെ ആസ്തികൾ 15 ബില്യൻ പൗണ്ടായിരുന്നു. അതൊന്നും പക്ഷേ, സ്വകാര്യസ്വത്തല്ല. വിൽക്കാനോ കൈമാറാനോ പറ്റില്ല. ഭരണം മാറുമ്പോൾ അതും മാറും.
എംപിമാർക്ക് ആൻഡ്രൂവിന്‍റെ എപ്സ്റ്റീൻ കഥകളിൽ അസ്വസ്ഥത കടുത്തുതുടങ്ങിയിരുന്നു. പാർലമന്‍റ് നേരിട്ട് വോട്ടിട്ട് ആൻഡ്രൂവിനെ പുറത്താക്കും മുമ്പ് കൊട്ടാരം ഇടപെട്ടതാവാമെന്നാണ് നിഗമനം. തൽകാല രക്ഷയായി ആൻഡ്രൂവിന്. പൊതുജനങ്ങളിൽ നിന്നുതന്നെ ചോദ്യങ്ങൾ കേട്ടുതുടങ്ങിയിരുന്നു ചാൾസ് രാജാവ്. 14 വർഷം മുമ്പ് തന്നെ എപ്സ്റ്റീൻ ബന്ധത്തിൽ വ്യാപാര പ്രതിനിധി സ്ഥാനം നഷ്ടപ്പെട്ടിരുന്നു ആൻഡ്രൂവിന്. കുറേക്കാലമായി സുഖകരമല്ലാത്ത പലതും കേട്ട് തുടങ്ങിയിട്ട്. ചില ബിസിനസ് ബന്ധങ്ങൾ, പണം വരുന്ന വഴികൾ, അങ്ങനെ പലത്. എല്ലാം കൂടി ഇപ്പോൾ തീരുമാനമായി എന്ന് വേണം കരുതാൻ.