റഷ്യൻ പരീക്ഷണം: ലോകം വീണ്ടും ആണവപ്പന്തയത്തിലേക്കോ?

Published : Nov 06, 2025, 07:47 AM IST
Nuclear threat Rising

Synopsis

റഷ്യയുടെ പുതിയ ആണവായുധ ശേഷിയുള്ള ഡ്രോൺ, മിസൈൽ പരീക്ഷണങ്ങൾക്ക് മറുപടിയായി, 33 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച് ആണവപരീക്ഷണം പുനരാരംഭിക്കാൻ ട്രംപ് ആഹ്വാനം ചെയ്തു. ഈ നീക്കം ലോകത്തെ ഒരു പുതിയ ആണവപന്തയത്തിലേക്ക് നയിക്കുമോ എന്ന ഭയം ഉയർത്തുന്നു. 

 

ണവായുധ ഭീഷണി ഇടക്കിടെ മുഴക്കുന്ന റഷ്യൻ പ്രസിഡന്‍റ് ഇത്തവണ അത് പരീക്ഷണം വരെയെത്തിച്ചു എന്നാണ് റിപ്പോർട്ട്. ഇല്ലെന്ന് പുടിൻ പറയുന്നത് വെറും സാങ്കേതികത്വം മാത്രമാണ്. അതോടെ അമേരിക്കയും ഇളകി. 33 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിച്ച് അണ്വായുധ പരീക്ഷണം തുടങ്ങാനാണ് പ്രസിഡന്‍റ് ട്രംപിന്‍റെ ആഹ്വാനം. അതെത്രമാത്രം ഗൗരവത്തിലെടുക്കണമെന്ന് വ്യക്തമായിട്ടില്ല. പിന്നെയുമൊരു ആണവപന്തയമാണോ വരാൻ പോകുന്നതെന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്.

റഷ്യൻ പരീക്ഷണം

റഷ്യ പരീക്ഷിച്ചത് പോസിഡോൺ (Poseidon) ആണ്. ആണവ പോർമുനയുള്ള ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അത്യുഗ്ര ശേഷിയുള്ള ഡ്രോൺ. അന്തർവാഹിനികളേക്കാൾ വേഗത്തിൽ സഞ്ചരിക്കാനും ഏതുരാജ്യം വരെയുമെത്താനും കഴിവുള്ളതെന്നാണ് പുടിൻ വിശദീകരിക്കുന്നത്. ഒരു വിധത്തിലും കണ്ടെത്താനോ തടയാനോ ആവാത്തതെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് രണ്ടുകാര്യങ്ങൾ കൂട്ടിച്ചേർത്തു. അടുത്ത ഭാവിയിലൊന്നും ഇതുപോലൊന്ന് പ്രത്യക്ഷപ്പെടില്ലെന്നും ഒരു രാജ്യത്തിനും പോസിഡോണിനെ വെല്ലുവിളിക്കാനാവില്ലെന്നും.

പിന്നെ പരീക്ഷിച്ചത് ബ്യൂറെവെസ്റ്റ്നിക് മിസൈൽ (Burevestnik Missile) ആണ്. 14,000 കിമി സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഇതുരണ്ടും ആണവായുധ പരീക്ഷണത്തോട് ഉപമിക്കേണ്ടെന്നാണ് പക്ഷേ, പുടിൻ പിന്നീട് പറഞ്ഞത്. മിസൈലിന് പക്ഷേ, അമേരിക്കൻ തീരം വരെയെത്താൻ കഴിയുമെന്ന് ക്രെംലിൻ അറിയിച്ചു. അമേരിക്കയെ നേരത്തെ അറിയിച്ചിരുന്നു എന്നുമറിയിച്ചു. അത് പതിവുള്ള രീതിയാണ്. പക്ഷേ, റഷ്യയുടെ പരീക്ഷണം കഴിഞ്ഞതോടെ അമേരിക്കൻ പ്രസിഡന്‍റ് സ്വന്തം സൈന്യത്തിനും ഒരു നിർദ്ദേശം നൽകി. 33 വർഷത്തെ മൊറട്ടോറിയം അവസാനിപ്പിക്കുക, ആണവായുധ പരീക്ഷണം തുടങ്ങുക. റഷ്യയെയും ചൈനയെയും എടുത്തുപറഞ്ഞാണ് ഉത്തരവ്. ട്രൂത്ത് സോഷ്യലിലൂടെ അതറിയിക്കുകയും ചെയ്തു.

ട്രംപിന്‍റെ പോസ്റ്റ്

ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിർദ്ദേശത്തിൽ ചെറിയൊരു അവ്യക്തതയുണ്ട്. തുല്യാടിസ്ഥാനത്തിൽ എന്നേ പറയുന്നുള്ളൂ, ആയുധപരീക്ഷണം എന്ന് പറയുന്നില്ല. ഇതൊന്നും റഷ്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. പരമാധികാര രാഷ്ട്രമായ അമേരിക്കക്ക് തീരുമാനങ്ങളെടുക്കാം. പക്ഷേ, മൊറട്ടോറിയം ലംഘിച്ചാൽ റഷ്യ പ്രതികരിക്കുമെന്ന് ക്രെംലിൻ വ്യക്തമാക്കി. ട്രംപ് - ഷീ കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപിന്‍റെ പ്രഖ്യാപനത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അമേരിക്ക ആണവ നിർവ്യാപന കരാർ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രാദേശിക സമാധാനത്തിനായി പ്രവർത്തിക്കും, മറിച്ചല്ലെന്നുമാണ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞതും.

യുഎസ്എയും ആണവായുധവും

അമേരിക്ക ഏറ്റവുമൊടുവിൽ പൂർണ ആണവായുധ പരീക്ഷണം നടത്തിയത് 1992-ലാണ്. റഷ്യ 1990 -ന് ശേഷം പരീക്ഷിച്ചിട്ടില്ല, ചൈന 1996 -ന് ശേഷവും. 1998 -ന് ശേഷം വടക്കൻ കൊറിയ അല്ലാതെ മറ്റൊരു രാജ്യവും സ്ഫോടന ശക്തിയുള്ള ആണവപരീക്ഷണം നടത്തിയിട്ടില്ല. 2018 വടക്കൻ കൊറിയയും മൊറട്ടോറിയം പ്രഖ്യാപിച്ചു. കമ്പ്യൂട്ടറുകൾ ഉപയോഗിച്ചുള്ള സിമുലേഷൻസേ നടത്തിയിട്ടുള്ളൂ അമേരിക്കയും റഷ്യയും. ആണവ നിരായുധീകരണം ഷീയുമായി ചർച്ച ചെയ്തുവെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. ആണവപന്തയത്തിലേക്കൊരു തിരിച്ചുപോക്കുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ അത്ര ശുഭമല്ല. റഷ്യ പരീക്ഷിച്ച മിസൈലിന് ദീർഘദൂരം സഞ്ചരിക്കാനും നഗരങ്ങൾ അപ്പാടെ ആണവവികിരണത്തിൽ മുക്കിത്താഴ്ത്താനുമുള്ള കഴിവുണ്ട്.

1992 -ൽ അമേരിക്ക ഡിവൈഡർ (Divider) എന്ന് കോഡ് പേരിട്ട് നടത്തിയ 1054 -മത്തെ പരീക്ഷണം നെവാദയിലാണ്, ഭൂഗർഭ പരീക്ഷണത്തിന് ആ വർഷം തന്നെ അന്നത്തെ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷ് മൊറട്ടോറിയം പ്രഖ്യാപിച്ചു. പക്ഷേ, എപ്പോൾ വേണമെങ്കിലും നെവാദയിൽ പരീക്ഷണം പുനരാരംഭിക്കാം. ട്രംപിന്‍റെ പോസ്റ്റിന് നെവാദ കോൺഗ്രസ് അംഗം നൽകിയ മറുപടി അതനുവദിക്കില്ലെന്നാണ്. നിയമം കൊണ്ടുവരുമെന്നും.

1945 -ൽ നടത്തിയ ട്രിനിറ്റി ടെസ്റ്റ് (Trinity test) ആണ് അമേരിക്കയുടെ ആദ്യത്തെ ആണവായുധ പരീക്ഷണം. ന്യൂമെക്സിക്കോയിലായിരുന്നു അത്. ഹിരോഷിമ - നാഗസാക്കി ബോംബിങ്ങോടെ യുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച ആദ്യരാജ്യമായി അമേരിക്ക. അന്ന് ഹിരോഷിമയിൽ മരിച്ച് 1,40,000 പേർ, നാഗസാക്കിയിൽ 74,000 പേരും. മരണങ്ങൾ പിന്നെയും തു‍ടർന്നു. പൊള്ളലും പരിക്കുമേറ്റ് കിടന്നവർ, ആണവ വികിരണം കാരണം പിന്നെയും കുറേപ്പർ.

ആണവായുധ കണക്കുകൾ

പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടത് അമേരിക്കക്കാണ് ഏറ്റവും കൂടുതൽ ആണവായുധശേഖരം എന്നാണ്. അത് തെറ്റെന്നാണ് കണക്കുകൾ. റഷ്യക്കാണ് കൂടുതൽ, രണ്ടാം സ്ഥാനത്താണ് അമേരിക്ക. ചൈന മൂന്നാം സ്ഥാനത്തും. കഴിഞ്ഞ 5 വർഷത്തിനിടെ ചൈന സ്വന്തം ശേഖരം ഇരട്ടിയാക്കിയിരുന്നു. 2030 ഓടെ എണ്ണം 1,000 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം (Golden Dome) വികസിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ, ട്രംപിന്‍റെ പ്രഖ്യാപനത്തെ ക്രെംലിൻ നേരത്തെ അപലപിക്കയും ചെയ്തിരുന്നു.

ആദ്യഭരണ കാലത്ത് ആണവശേഖരം പത്തിരട്ടിയാക്കാൻ ശ്രമിച്ചിരുന്നു ട്രംപ്. അതുണ്ടായില്ലന്ന് മാത്രം. അമേരിക്കയും റഷ്യയും തമ്മിലുള്ള 'New start arms reduvtion treaty' അടുത്ത ഫെബ്രുവരിയിൽ അവസാനിക്കയാണ്. അതനുസരിച്ച് ഓരോ രാജ്യത്തിനും 1,550 ആണവപോർമുനകളേ പാടുള്ളൂ. ഇപ്പോഴത്തെ ട്രംപിന്‍റെ പ്രഖ്യാപനത്തെ ഡമോക്രാറ്റുകളും ആണവ വിദഗ്ധരും ഒരേപോലെ എതിർത്തിട്ടുണ്ട്. നെവാദയിൽ നിന്ന് ശക്തമായ എതിർപ്പുണ്ടാകുമെന്ന് വ്യക്തമാണ്. അതുമാത്രമല്ല, അത്ര പെട്ടെന്നൊന്നും പരീക്ഷണം തുടങ്ങാൻ പറ്റില്ലെന്നാണ് വിദഗ്ധ പക്ഷം. 36 മാസമെങ്കിലും എടുക്കും തയ്യാറെടുപ്പുകൾക്കെന്ന് വിദഗ്ദർ പറയുന്നു. തൽകാലം കാര്യങ്ങൾ പ്രവചനാതീതം.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്