ജി 7 ഉച്ചകോടി; യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക

Published : Jun 22, 2024, 09:45 AM ISTUpdated : Jun 22, 2024, 10:59 AM IST
ജി 7 ഉച്ചകോടി;  യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക

Synopsis

സഖ്യരാജ്യങ്ങൾ ഒറ്റയ്ക്കും കൂട്ടായും നേരിടുന്ന വെല്ലുവിളികൾ ഇത്തവണ ധാരാളം. ഗാസ പ്രതിസന്ധി, യുക്രൈൻ യുദ്ധം, ചൈന ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളി അങ്ങനെ വിഷയങ്ങൾ ധാരാളം. 


ജി7 ഉച്ചകോടി ഇത്തവണ തെക്കൻ ഇറ്റാലിയൻ തീരത്തെ അലൂലിയയിലാണ് നടന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, അമേരിക്ക, ജ‍ർമ്മനി, ഇറ്റലി, ജപ്പാൻ എന്ന ഏഴ് രാജ്യങ്ങൾ, ലോകത്തെ സമ്പന്നരായ ജനാധിപത്യശക്തികൾ. ആഗോള സമ്പദ്‍വ്യവസ്ഥയുടെ പകുതിയോളം പങ്കിട്ടെടുക്കുന്ന കൂട്ടായ്മ. റഷ്യൻ പ്രസിഡന്‍റിന്‍റെ അസാന്നിധ്യം 2014 മുതലേയുള്ള പതിവ്. പക്ഷേ, ഇത്തവണയും യുക്രൈന്‍ പ്രസിഡന്‍റെത്തി. റഷ്യയുടെ മരവിപ്പിച്ച ആസ്തികളിൽ നിന്നുള്ള പലിശ യുക്രൈന് വേണ്ടി ഉപയോഗിക്കാൻ ധാരണയുമായി. അതൊരു ദീർഘകാല പദ്ധതിയാണെന്നുള്ളത് പടിഞ്ഞാറിനും യുക്രൈനും ആശ്വാസമാണ്. മാത്രമല്ല, അമേരിക്കയും യുക്രൈനും 10 വർഷത്തെ ഉഭയകക്ഷി സുരക്ഷാ കരാറിലും ഒപ്പുവച്ചു. 'ചരിത്രപരം' എന്ന് വിശേഷിപ്പിച്ചു, സെലൻസ്കി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയോ മിലോനി, മാർപാപ്പയേയും നരേന്ദ്രമോദിയേയും ക്ഷണിച്ചതും ശ്രദ്ധിക്കപ്പെട്ടു.

ജി 7 ചരിത്രം

1973 ലെ എണ്ണ പ്രതിസന്ധിക്കാലത്താണ് ജി 7 സഖ്യം രൂപം കൊണ്ടത്. വൻശക്തികളായ രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നാണ് തുടക്കം. എണ്ണ പ്രതിസന്ധിയും നാണ്യപ്പെരുപ്പവും പിന്നെ ബ്രെട്ടൺ വുഡ്സ് സിസ്റ്റവും (Bretton Woods System) ആയിരുന്നു അന്നത്തെ വിഷയങ്ങൾ. ഈ സിസ്റ്റം അനുസരിച്ച് അമേരിക്കൻ ഡോളറിന്‍റെ മൂല്യം കണക്കാക്കിയിരുന്നത് സ്വർണ വിലയനുസരിച്ചാണ്. മറ്റ് രാജ്യങ്ങളുടെ കറൻസികൾ അമേരിക്കൻ ഡോളറിന്‍റെ മൂല്യത്തോട്  ചേർത്ത് കെട്ടപ്പെട്ടു. ഇതിലൊരു മാറ്റം വരുത്താൻ ആഗോള സഹകരണം ആവശ്യമായിരുന്നു. അങ്ങനെ ജി 7 എന്ന സഖ്യം ജന്മമെടുത്തു. ആദ്യം നടന്നത് ഫ്രാൻസിൽ. 1976 -ൽ കാനഡയും അംഗമായി. 77 മുതൽ യുയു  പ്രതിനിധികളും പങ്കെടുത്തു തുടങ്ങി. 98 -ൽ റഷ്യ അംഗമായെങ്കിലും 2014 -ൽ ക്രൈമിയ പിടിച്ചെടുത്തതിന് പിന്നാലെ ഗ്രൂപ്പില്‍ നിന്നും പുറത്തിറങ്ങി.  2017 -ൽ റഷ്യ സ്ഥിരമായി കളം വിട്ടു. അത്രയും നാൾ അത് ജി 8 എന്ന് വിളിക്കപ്പെട്ടു. സാമ്പത്തികം, സുരക്ഷ, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം ഒക്കെ വിഷയമാകാറുണ്ട്. അങ്ങനെ ഒരു ചർച്ചയാണ് 2015 -ലെ പാരിസ് ധാരണയില്‍ എത്തിനിന്നത്. 

ഗാസ സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഊർജ്ജിതം; പക്ഷേ, അയയാതെ ഹമാസും ഇസ്രയേലും

സഖ്യരാജ്യങ്ങൾ ഒറ്റയ്ക്കും കൂട്ടായും നേരിടുന്ന വെല്ലുവിളികൾ ഇത്തവണ ധാരാളം. ഗാസ പ്രതിസന്ധി, യുക്രൈൻ യുദ്ധം, ചൈന ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളി അങ്ങനെ വിഷയങ്ങൾ ധാരാളം. ജി 7 -ന്‍റെ പ്രസക്തി നഷ്ടപ്പെട്ടു എന്നൊരു വാദവും ഉയരുന്നുണ്ട്. ജി 20 നാണ് ഇനി പ്രസക്തി എന്നും. ഇന്ത്യ, ചൈന, ബ്രസീൽ എന്നിവരെ കൂടിക്കൂട്ടി ജി 7 വിപുലീകരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ മാർപാപ്പയായി പോപ് ഫ്രാന്‍സിസ്. 

പുതിയ പ്രതിസന്ധികള്‍

ഇത്തവണ എന്തായാലും സെലൻസ്കിയുടെ പ്രതീക്ഷ വാനോളമായിരുന്നു. റഷ്യയുടെ പിടിച്ചെടുത്ത ആസ്തികൾ യുക്രൈയ്ന് വേണ്ടി ഉപയോഗിക്കാം എന്ന അമേരിക്കയുടെ വാദമാണ് പിടിവള്ളി. 325 ബില്യൻ ഡോളറാണ് ആസ്തി. അതിൽ നിന്നുള്ള പലിശ മാത്രം വർഷം 3 ബില്യൻ ഡോളര്‍ വരും. അന്താരാഷ്ട്ര വിപണിയിൽ നിന്ന് 50 ബില്യൻ ഡോളര്‍ കടമെടുത്ത് അത് യുക്രൈയ്ന് നൽകിയിട്ട്, വായ്പയുടെ പലിശ ആസ്തിയുടെ പലിശയായ 3 ബില്യനിൽ നിന്ന് അടക്കാം എന്നാണ് ഇപ്പോഴത്തെ പദ്ധതി. അതിന് അംഗീകാരവുമായി. ഇത് വെറും 'കൊള്ള' എന്നാരോപിക്കുന്ന റഷ്യയാകട്ടെ, 'തിരിച്ചടിക്കും' എന്ന് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. ഗാസ സംഘർഷത്തിനൊപ്പം ചൈനയും റഷ്യയും ഉയർത്തുന്ന സാമ്പത്തിക വെല്ലുവിളികളും കുടിയേറ്റവും ജി ഏഴില്‍ ചർച്ചയായി. അതേസമയം മാർപാപ്പ വിഷയമാക്കിയത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സുരക്ഷയാണ്.

തെരഞ്ഞെടുപ്പുകളും പരാജയ ഭീതിയും 

ഇത്തവണത്തെ ഉച്ചകോടിക്കെത്തിയതിൽ പകുതിയും തിളക്കമറ്റ നേതാക്കളാണെന്നാണ് നിരീക്ഷകപക്ഷം. പല രാജ്യങ്ങളും തെരഞ്ഞെടുപ്പിനോട് അടുക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ ,... യൂറോപ്യന്‍ യൂണിയന്‍ (യുയു) പാർലമെന്‍റിലേക്കുള്ള തോൽവി കാരണം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫ്രാന്‍സ്, അങ്ങനെ പോകുന്നു പട്ടിക. ഇതിന്‍റെ പശ്ചാത്തലത്തിൽ യുക്രൈയ്ന് സഹായം ഉറപ്പാക്കുന്നതിനായിരുന്നു ആദ്യ പരിഗണന. അമേരിക്കയിൽ ബൈഡനും ബ്രിട്ടനിൽ സുനകും വീണ്ടും  അധികാരത്തിലെത്തുമെന്ന് ഉറപ്പില്ല. ഇറ്റലിയുടെ മെലോനി മാത്രം, യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വിജയ ലഹരിയിലായിരുന്നു.

മെക്സിക്കന്‍ ചരിത്രം തിരുത്തി ക്ലോഡിയ ഷെയിൻബാം; പക്ഷേ, കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

ബ്രിട്ടനിൽ തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല. അമേരിക്കയിൽ ബൈഡനും ട്രംപും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കാനഡയിൽ ജസ്റ്റിൽ ട്രൂഡോയ്ക്കും ജനപിന്തുണ കുറയുന്നുവെന്നാണ് വിലയിരുത്തൽ. ജപ്പാനിൽ പ്രധാനമന്ത്രി ഫ്യുമിയോ ക്ഷിതയ്ക്കും നല്ല രാഷ്ട്രീയ കാലമല്ല. സ്ഥാനനഷ്ടം സാധ്യതയായി തെളിയുന്നുണ്ട്. ഉച്ചകോടിയിലെ ക്ഷണിതാക്കൾ പടിഞ്ഞാറൻ രാഷ്ട്ര നേതാക്കളല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രസീലിയിൻ പ്രസിഡന്‍റ് ലുല ദി സിൽവ, തുർക്കി പ്രസിഡന്‍റ് തയിബ് എർദോഗൻ, യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരൻ എന്നിങ്ങനെ പോകുന്ന ആ പട്ടിക. 

ആശങ്കയായി തീവ്രവലത് മുന്നേറ്റങ്ങള്‍

അമേരിക്കൻ, ഫ്രഞ്ച്, ജർമ്മൻ നേതാക്കളെ അലട്ടുന്ന പ്രധാന വിഷയം വലതുപക്ഷത്തിന്‍റെ മുന്നേറ്റമാണ്. തീവ്രവലതിന് ചൈനയോട് സൗഹൃദമാണ്, പുടിന്‍റെ മേലുള്ള ഉപരോധങ്ങളോട് താൽപര്യവുമില്ല. എന്നാല്‍, ചൈനയുടെ മേൽ കൂടുതൽ നികുതി ചുമത്താനാണ് അമേരിക്കയുടെ ശ്രമം, റഷ്യക്കുമേൽ രണ്ടാംഘട്ട ഉപരോധങ്ങള്‍ക്കുള്ള ശ്രമങ്ങളും. ട്രംപാണ് അമേരിക്കയിൽ അധികാരത്തിൽ വരുന്നതെങ്കിൽ അതെല്ലാം ട്രംപ് അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് പലരും. 

യുയു തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ വലതുപക്ഷ പാർട്ടിയായ ആര്‍എന്‍ (National Rally) ആണ് മുന്നേറിയത്. അതാണ് രാജ്യത്ത് പെട്ടെന്ന് തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള കാരണം. അതിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മാരി ലൈ പെന്‍റെ നാഷണല്‍ റാലി. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയേക്കില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ഇത്രയും നാൾ തീവ്രവലതിനെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താൻ മറ്റ് പാർട്ടികൾ ഒറ്റക്കെട്ടായി ശ്രമിച്ചിരുന്നു. അതിനൊപ്പം ജനത്തിന്‍റെ അവിശ്വാസവും കൂടിച്ചേർന്നപ്പോൾ ഭരണം മാരി ലൈ പെന്നിന് കൈയെത്താത്ത അകലത്തായി. പക്ഷേ, ഇപ്പോഴതല്ല സ്ഥിതി. 

ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?

യൂറോപ്പിലെ ആകെയുള്ള വലത് മുന്നേറ്റം വലിയൊരു ഭീഷണിയായി രൂപമെടുത്തിരിക്കുന്നു. ഇടത് പാർട്ടികൾ തിരക്കിട്ട സഖ്യരൂപീകരണ ചർച്ചകളിലാണ്. 'വലതിനെ തോൽപ്പിക്കൂ' എന്നാവശ്യപ്പെടുന്നു മക്രോൺ. പക്ഷേ, പ്രസിഡന്‍റിന് യഥാർത്ഥ ജീവിതവുമായി ബന്ധമില്ലെന്ന ആരോപണവും ശക്തമാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ, മക്രോണിന് മറ്റൊരു പാർട്ടിയുടെ പ്രധാനമന്ത്രിയുമായി സഹകരിച്ച് ഭരിക്കേണ്ടിവരും. ഇപ്പോഴത്തെ ഭൂരിപക്ഷ ഭരണത്തിൽ പ്രസിഡന്‍റിനാണ് മുന്‍തൂക്കക്കൂടുതൽ. ഭരണനേതൃത്വം പ്രസിഡന്‍റിനാണ്. പ്രധാനമന്ത്രി താഴെ തട്ടിലാണ്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായാൽ ഇമ്മാനുവൽ മക്രോണിന് ഇതെല്ലാം നഷ്ടമാകും. 

മറ്റൊരു പാർട്ടിയംഗം പ്രധാനമന്ത്രിയാകുന്ന സാഹചര്യം അവസാനമുണ്ടായത് ജാക് ഷിറാകിന്‍റെ കാലത്താണ്. ഫ്രഞ്ച് ജനതക്ക് വലിയ താൽപര്യമുള്ള കാര്യമല്ല ഈ 'സഹകരണഭരണം' എന്നാണ് വിലയിരുത്തൽ. ബ്രിട്ടനിൽ സുനകിനും ജീവൻ മരണ പോരാട്ടമാണ് നടക്കുന്നത്. പക്ഷേ, പുറത്തേക്ക് എന്നാണ് സൂചന. ജൂലൈ നാലിനാണ് 650 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ്. ഭൂരിപക്ഷ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാം. സുനകിന്‍റെ പ്രചാരണത്തിന് പോലും ചൂടില്ല എന്നാണ് സ്വന്തം പാർട്ടിയുടെ തന്നെ ആശങ്ക. വോട്ടെടുപ്പിന് മുന്നേ താൻ എല്ലാം മതിയാക്കുമെന്ന വാർത്ത നിഷേധിക്കേണ്ട അവസ്ഥവരെയുണ്ടായി സുനകിന്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തന്നെ പാർട്ടിയെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ലോകമഹായുദ്ധത്തിന്‍റെ 'ഡി ഡേ' (D day) വാർഷികത്തിൽ നിന്ന് സുനക് നേരത്തെ യാത്രപറഞ്ഞത് മറ്റൊരു ദുരന്തമായി. ബ്രിട്ടിഷ് പ്രധാനമന്ത്രിയില്ലാത്ത ഫോട്ടോകൾ പാർട്ടിയേയും ജനത്തേയും ഞെട്ടിച്ചു. തെറ്റ് തിരിച്ചറിഞ്ഞ സുനകിന് മാപ്പ് പറയേണ്ടിവന്നു. ലിസ് ട്രസാണ് കൺസർവേറ്റിവ് പാർട്ടിയുടെ തക‍ർച്ചക്ക് തുടക്കമിട്ടതെന്ന് വിമർശിക്കുന്നു പലരും. അതിലെ രക്തസാക്ഷി സുനകായിരിക്കും എന്നതാണ് ഇപ്പോഴത്തെ നിരീക്ഷണം.

PREV
Read more Articles on
click me!

Recommended Stories

നിയന്ത്രണം ഉറപ്പിക്കാൻ യുഎസ്; അടുത്തത് ഗ്രീൻലാൻഡ്, ക്യൂബ, ഇറാൻ, നിർദ്ദേശങ്ങൾ നൽകി ട്രംപ്
എണ്ണസമ്പത്തിൽ ഒന്നാമത്, എന്നിട്ടും സർക്കാർ ഭക്ഷ്യകിറ്റുകൾക്കായി ക്യൂ നിൽക്കേണ്ടി വരുന്ന ജനത