നഗരത്തിന്‍റെ ആദ്യ വനിതാ മേയറായി ഷെയിൻബാം സ്ഥാനമേറ്റത് 2018 -ൽ.  2023 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പ്രസിഡന്‍റായി മത്സരിക്കാൻ വേണ്ടിയാണ് ക്ലോഡിയ മെയര്‍ സ്ഥാനമൊഴിഞ്ഞത്. 


ഗ്ലാസ് സീലീംഗ് തകർത്തെറിഞ്ഞ്, മെക്സിക്കോ ഒരു വനിതാ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരിക്കുന്നു . 200 വർഷത്തെ രാജ്യ ചരിത്രത്തിൽ ആദ്യത്തെ സംഭവം. അതും ഒരു ജൂതവംശജ. അതും ആദ്യത്തെ സംഭവം. അയല്‍ രാജ്യമായ അമേരിക്കയെ കടത്തിവെട്ടിക്കൊണ്ടാണ് മെക്സിക്കോ ഈ ചരിത്ര നേട്ടം കൈവരിച്ചത്. രണ്ട് രാജ്യങ്ങളും പല കാര്യത്തിലും രണ്ട് ധ്രുവങ്ങളിലാണ്. അതേസമയം, ഒരേ പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവരും.

മെക്സിക്കോയിൽ ഇത്തവണ വനിതാ പ്രസിഡന്‍റ് എന്ന് ഉറപ്പായിരുന്നു. രണ്ട് സ്ഥാനാർത്ഥികളും വനിതകളായിരുന്നു എന്നത് തന്നെ. ഭരണകക്ഷിയായ മൊറേന പാർട്ടിയുടെ സ്ഥാനാ‍ർത്ഥി ക്ലോഡിയ ഷെയിൻബാം പാര്‍ദോ(Claudia Sheinbaum Pardo). എതിർസ്ഥാനാർത്ഥി നാഷണല്‍ ആക്ഷന്‍ പാർട്ടിയുടെ സോചിട്ല്‍ ഗാൽവേസ് (Xochitl Galvez). ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ റെക്കോർ‍ഡ് പോളിംഗായിരുന്നു. 98 മില്യൻ വോട്ടർമാരാണ് രജിസ്റ്റർ ചെയ്തത്. പുതിയ പ്രസിഡന്‍റിനോടൊപ്പം മേയർമാർ, സെനറ്റംഗങ്ങൾ, ഗവർണർമാർ എന്നിങ്ങനെ 20,000 ത്തിലേറെ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.

പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രാഡോറിന്‍റെ (Andres Manuel Lopez Obrador) പിൻഗാമിയായാണ് ക്ലോഡിയ ഷെയിൻബാം ജയിച്ച് കയറിയത്. ലോപസ് ഒബ്രാഡോർ ഒക്ടോബര്‍ ഒന്നിന് സ്ഥാനമൊഴിയും. മെക്സിക്കയുടെ ഭരണഘടന അനുസരിച്ച് ഓബ്രാഡോറിന് ഇനി മത്സരിക്കാനാകില്ല. പകരം ക്ലോഡിയ ഷെയിൻബാനെ പിന്തുണച്ചു ഓബ്രാഡോർ. ക്ലോഡിയ ഷെയിൻബാന്‍റെ ജനപ്രീതി അതോടെ കുതിച്ചുകയറി. അട്ടിമറി വിജയമാണ് ക്ലോഡിയ നേടിയത്. എതിര്‍സ്ഥാനാര്‍ത്ഥി സോചിട്ല്‍ ഗാൽവേസ് പരാജയം സമ്മതിച്ചു. മയക്കുമരുന്നിലും കൊലപാതകങ്ങളിലും മുങ്ങിത്താഴുന്ന മെക്സിക്കോയെ രക്ഷിക്കൂ എന്ന് ക്ലോഡിയയോട് അഭ്യർത്ഥിച്ചു അവര്‍.

ക്ലോഡിയ ഷെയിൻബാന്‍റെ അച്ഛനമ്മമാര്‍ ജൂത വംശജരാണ്. നാസികളെ ഭയന്ന് ബൾഗേറിയയിൽ നിന്ന് പലായനം ചെയ്തെത്തിയതാണ് മെക്സിക്കോയിൽ. അച്ഛനും അമ്മയും ശാസ്ത്രജ്ഞർ. ഊർജതന്ത്രം പഠിച്ച ഷെയിൻബാനും ആ വഴിതന്നെ പിന്തുടർന്നു. എനർജി എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റെടുത്തു. പിന്നെ മെകസിക്കോയിലെ ഊർജ്ജ ഉപഭോഗത്തിൽ കാലിഫോർണിയയിൽ ഗവേഷണം. കാലാവസ്ഥ വ്യതിയാനത്തിലും വൈദഗ്ധ്യം നേടി. മെക്സിക്കൻ നഗരത്തിന്‍റെ പരിസ്ഥിതി സെക്രട്ടറിയായി. അന്ന് ഒബ്രാഡോർ ആയിരുന്നു നഗരപിതാവ്. 

(ക്ലോഡിയ ഷെയിൻബാം പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രാഡോറിനൊപ്പം )

ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?

മെക്സിക്കൻ മേയർ സ്ഥാനം രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥാനങ്ങളിലൊന്നാണ്. നഗരത്തിന്‍റെ ആദ്യ വനിതാ മേയറായി ഷെയിൻബാം സ്ഥാനമേറ്റത് 2018 -ൽ. 2023 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. പ്രസിഡന്‍റായി മത്സരിക്കാൻ വേണ്ടിയാണ് ക്ലോഡിയ മെയര്‍ സ്ഥാനമൊഴിഞ്ഞത്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ സംശയമുണ്ടായിരുന്നില്ല ആർക്കുമെന്നാണ് പൊതു അഭിപ്രായം. പോളുകളിൽ എപ്പോഴും മുന്നിൽ. വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തുടർച്ചയായ കുതിച്ചു കയറ്റം. പുരുഷ മേൽക്കോയ്മയും കൈക്കരുത്തും അടക്കിവാഴുന്ന രാജ്യത്തിന്‍റെ ഗ്ലാസ് സീലിംഗാണ് തകർത്തത്. ചില്ലറക്കാര്യമല്ല. ഏറ്റവും പഴക്കമേറിയ ജനാധിപത്യം എന്ന സ്ഥാനമുള്ള അമേരിക്കയ്ക്ക് പോലും ഒരു വനിതാ പ്രസിഡന്‍റില്ല, പേരിന് പോലും ഒന്ന് അവകാശപ്പെടാൻ. ഹിലരി ക്ലിന്‍റൺ മത്സരിച്ചപ്പോൾ അങ്ങനെയൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, സ്ത്രീയായത് കൊണ്ടുകൂടിയാണ് ഹിലാരി തോറ്റതെന്നാണ് പിന്നീട് പുറത്തുവന്ന ഒരു വിലയിരുത്തൽ.

മെക്സിക്കോ, ഇക്കാര്യത്തിൽ അമേരിക്കയെ തോൽപ്പിച്ചിരിക്കുന്നു. വടക്കുള്ള അയൽവാസിയുടെ സൗഹൃദം പക്ഷേ, മെക്സിക്കോയ്ക്ക് അത്യന്താപേക്ഷിതമാണ്. മയക്കുമരുന്ന് മാഫിയ, അനധികൃത കുടിയേറ്റം എന്നിവയിൽ സഹകരണം കൂടിയേ തീരൂ. മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ കണ്ണികൾ അങ്ങ് അമേരിക്കയിലേക്കാണ് നീളുന്നത്. അക്രമ പരമ്പരയും കൊലപാതകങ്ങളും നിത്യസംഭവമാണ് മെക്സിക്കോയിൽ. കാണാതാകുന്നവർ അതിലേറെ. 

തെരഞ്ഞെടുപ്പിന് മുമ്പ് 34 സ്ഥാനാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഒരു വ‍ർഷം കൊല്ലപ്പെടുന്നത് 30,000 പേരെന്നാണ് കണക്ക്. അതെ, പുതിയ പ്രസിഡന്‍റിന്‍റെ ജോലി എളുപ്പമല്ലെന്ന് തന്നെ. പ്രചാരണ കാലത്ത് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ക്ലോഡിയ ഷെയിൻബാം സ്വന്തമായി നിർദ്ദേശങ്ങളൊന്നും മുന്നോട്ട് വച്ചില്ല. പകരം മേയറായിരുന്ന കാലത്ത് പൊലീസിന്‍റെ അംഗബലവും മറ്റ് സൗകര്യങ്ങളും കൂട്ടിയത് മാത്രം ഓ‌ർമ്മിപ്പിച്ചു. അക്രമം തന്നെയാണ് വോട്ടർമാരുടെയും പ്രശ്നം. മയക്കുമരുന്ന് കാർട്ടലുകൾ തമ്മിലെ കുടിപ്പക കാരണമുള്ള കൊലപാതകങ്ങൾ, മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകലുകൾ ഇതൊക്കെ സ്ഥിരം സംഭവമാണ്. ഒരു സർക്കാരിനും ഇതൊന്നും അവസാനിപ്പിക്കാനായിട്ടില്ല. ഇതിന്‍റെയൊക്കെ വേര് കണ്ടെത്തി പരിഹാരം കാണുമെന്നും ദരിദ്രരായ യുവാക്കളെ ഇത്തരം കാർട്ടലുകൾ റിക്രൂട്ട് ചെയ്യുന്നത് തടയാൻ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നുമൊക്കയാണ് ക്ലോഡിയയുടെ വാഗ്ദാനങ്ങൾ.

പിന്നെയുള്ള പ്രശ്നം അനധികൃത കുടിയേറ്റമാണ്. ട്രംപ് പ്രസിഡന്‍റായിരുന്ന കാലത്ത് നടപ്പാക്കിയ പല നിയമങ്ങളും ബൈഡൻ തുടരുകയാണ് ചെയ്തത്. അതിർത്തി മതിൽ പോലും നിർത്തിവച്ചില്ല. ട്രംപ് തിരിച്ചെത്തുകയാണെങ്കിലും ഇതിലും കടുത്ത നടപടികൾ പ്രതീക്ഷിക്കണം. അനധികൃത കുടിയേറ്റം ഇന്ന് അമേരിക്കൻ തെരഞ്ഞെടുപ്പിലും പൊള്ളുന്ന വിഷയമാണ്. തന്‍റെ മുൻഗാമിയുടെ വിദേശനയങ്ങൾ പിന്തുടരുമെന്ന് അറിയിക്കുന്നു ക്ലോഡിയ. ലോപസ് ഒബ്രാഡോർ പലപ്പോഴും അമേരിക്കയുമായി തെറ്റിയിട്ടുണ്ട്. അനധികൃത കുടിയേറ്റ നിയന്ത്രണത്തിലും മയക്കുമരുന്ന് മാഫിയയ്ക്കെതിരായി സ്വീകരിച്ച നടപടികളിലും. സഹകരണമാകാം, പക്ഷേ, തലകുനിച്ച് അനുസരിക്കാനില്ല എന്നാണ് ക്ലോഡിയയുടെ നിലപാട്. മതിലിന് പകരം പാലങ്ങളാവാം എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. ബൈഡനോ ട്രംപോ വരികയെന്നത് അനുസരിച്ചാവും ക്ലോഡിയ ഭരിക്കുന്ന മെക്സിക്കോയുമായുള്ള അമേരിക്കയുടെ സൗഹൃദവും സഹകരണവും.

ദക്ഷിണാഫ്രിക്ക; മണ്ടേലയുടെ പാര്‍ട്ടിക്ക് 30 വര്‍ഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

തെരഞ്ഞെടുപ്പിൽ ക്ലോഡിയ വിജയിച്ച് മണിക്കൂറുകൾക്കകം പടിഞ്ഞാറൻ മെക്സിക്കൻ പട്ടണത്തിലെ മേയർ കൊല്ലപ്പെട്ടു. അതും ഒരു സ്ത്രീയായിരുന്നു. ജിമ്മിൽ നിന്ന് നടന്ന തിരികെ വരുന്നതിനിടെ സാഞ്ചസ് ഫിഗെറോവ (Sanchez Figueroa) -യെ വെള്ള വാനിലെത്തിയ അക്രമിക്കൾ വെടിവച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന ബോഡി ഗാർഡിനെയും കൊലപ്പെടുത്തി. ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. സാഞ്ചസിനെ മുമ്പ് തട്ടിക്കൊണ്ടുപോയിട്ടുണ്ട്. മൂന്ന് ദിവസം കഴിഞ്ഞാണ് അന്ന് വിട്ടയച്ചത്. 

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള ആക്രമണം റെക്കോർഡ് ഭേദിച്ചിരുന്നു. കണക്കറ്റ സ്ഥാനാർത്ഥികളെ ക്രിമിനൽ സംഘങ്ങൾ വെടിവച്ചു കൊന്നു. മെക്സിക്കോയുടെ കൊലപാതക നിരക്ക് ലോകത്ത് തന്നെ ഒന്നാമതാണ്. ഓരോ ദിവസവും 10 സ്ത്രീകളെങ്കിലും കൊല്ലപ്പെടുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അതിൽ 95 ശതമാനം കൊലപാതകങ്ങളിലും അന്വേഷണം എങ്ങുമെത്താതെ പോകുന്നതാണ് പതിവ്.

മെക്സിക്കൻ തെരഞ്ഞെടുപ്പിലെ ഇടതിന്‍റെ വിജയത്തിൽ മറ്റൊരു അപകടം കാണുന്നു, അമേരിക്കൻ മാധ്യമങ്ങൾ. മെക്സിക്കോയിലെ ഇടത് തരംഗം പതുക്കെ പതുക്കെ ജനാധിപത്യം അവസാനിപ്പിക്കുമോ എന്ന ഭയം. ഒരൊറ്റ പാർട്ടിയാണ് മുമ്പ് മെക്സിക്കോ ഭരിച്ചിരുന്നത്. പിആര്‍ഐ (Institutional Revolutionary Party). നീണ്ട 71 വര്‍ഷം മെക്സിക്കോ ഭരിച്ച പാര്‍ട്ടി, 1997 -ലെ തെരഞ്ഞെടുപ്പിലാണ് മറ്റ് പാർട്ടികൾക്ക് കോൺഗ്രസിൽ പോലും പ്രവേശനം കിട്ടിയത്. 2000 വരെ കാത്തിരിക്കേണ്ടി വന്നു മറ്റൊരു പാര്‍ട്ടിക്ക് രാജ്യത്തെ ഭരണാധികാരം ലഭിക്കാന്‍. ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിൽ ഇനിയും ഒരു തിരിച്ച് പോക്കിന്‍റെ നിഴൽ കാണുന്നു പലരും. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ മൊറേന പാർട്ടിക്ക് വേണമെങ്കിൽ ഭരണഘടന തിരുത്താം. നീതിന്യായ സംവിധാനം നിയന്ത്രിക്കാം എന്നൊക്കെയാണ് മറ്റുള്ളവരുടെ ആശങ്ക. ജഡ്ജിമാരെ നിയമിക്കുന്ന രീതി മാറ്റാൻ ഭരണഘടനാ തിരുത്ത് ആവശ്യപ്പെട്ടിരുന്നു ലോപസ് ഒബ്രാഡോർ. അഴിമതി ഇല്ലാതാക്കാൻ എന്നായിരുന്നു അന്നത്തെ വിശദീകരണം. ഈ നയം പിന്തുടരുമെന്ന് അറിയിച്ചിരിക്കയാണ് ക്ലോഡിയ ഷെയിൻബാം. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷം എന്തുമാറ്റവും വരുത്താനുള്ള സ്വാതന്ത്ര്യമാണ് ക്ലോഡിയ ഷെയിൻബാമിന് നൽകുന്നത്. പക്ഷേ, ജനാധിപത്യത്തെ അട്ടിമറിക്കില്ല എന്നാണ് അവർ നൽകിയിരിക്കുന്ന ഉറപ്പ്. അപ്പോഴും ലോപസ് ഒബ്രാഡോറിന്‍റെ സ്വാധീനമാണ് പലരുടേയും ആശങ്കയ്ക്ക് അടിസ്ഥാനം. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന ലോപസ് ഒബ്രാഡോറിന്‍റെ പ്രഖ്യാപനമൊന്നും ആരും അത്ര വിശ്വസിച്ചിട്ടില്ല.