
ആഫ്രിക്കയുടെ വടക്ക് കിഴക്കാണ് സുഡാൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം. ചെങ്കടലാണ് ഒരതിർത്തി. നൈൽ നദിയുടെ നാട്. അതുകൊണ്ട് വിദേശ രാജ്യങ്ങൾക്ക് താൽപര്യം. സ്വർണ്ണഖനികളുടെ നാട്. പക്ഷേ, ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ഒന്ന്. സമാധാനം ഇവിടെ അപൂർവം. ദാർഫൂർ സംഘർഷത്തിന്‍റെ പേരിലാണ് സുഡാൻ അടുത്തകാലം നരെ അറിയപ്പെട്ടത്. 2011 -ൽ രാജ്യം രണ്ടായി. തെക്കൻ സുഡാനും സുഡാനും. അറബ് - മുസ്ലിം വടക്ക് ഭാഗത്ത്, ക്രൈസ്തവരടക്കം മറ്റുള്ളവർ തെക്ക്. പിന്നത്തെ പ്രശ്നം അധികാരമായി. സുഡാൻ എന്നറിയപ്പെട്ട വടക്കൻ സുഡാനിൽ പ്രസിഡന്‍റ് ഒമർ ബഷീറിനെ പുറത്താക്കാൻ കലാപം തുടങ്ങി.
അതവസാനിച്ചപ്പോൾ കലാപക്കൊടിയുയർത്തിയ സായുധസംഘങ്ങൾ തമ്മിലായി യുദ്ധം. SAF (Sudanese Armed Forces), സർക്കാർ സൈന്യം. RSF (Rapid Support Forces), ജൻജവീദ് രൂപംമാറിയ സായുധ സംഘടന. ഒമർ ബഷീറിന് വേണ്ടി ദാർഫൂർ കലാപത്തിൽ കൂട്ടക്കൊല നടത്തിയവർ. ബഷീറാണ് RSF -നെ പേരുമാറ്റി ഔദ്യോഗിക സൈന്യമാക്കിയത്. പക്ഷേ, ബഷീറിനെ പുറത്താക്കാൻ അവരും ഒപ്പം നിന്നു. പിന്നെയെത്തിയ സിവിലയൻ പ്രധാനമന്ത്രി ഹംദോക്കിനെയും പുറത്താക്കാനും കൂട്ടുനിന്നു. അറബ് രാജ്യം വേണമെന്നാണ് അവരുടെ പക്ഷം. അറബ് അല്ലാത്തവരെ കൂട്ടക്കൊല ചെയ്യലാണ് അവരുടെ രീതി. ഇപ്പോൾ എൽ ഫാഷറിൽ നടന്നിരിക്കുന്നതും അതാണ്. അതിന് ലൈംഗീകാതിക്രമം വരെ ആയുധമാണ്.
സർക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയത് രണ്ട് പേരാണ്. ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ (General Abdel Fattah al-Burhan), ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ (General Muhammad Hamdan Dagalo) എന്ന ഹെമറ്റി (Hemedti). അവർ തമ്മിലാണ് ഇപ്പോഴത്തെ പോര്. ദഗലോ എന്ന ഹെമറ്റി ആണ് RSF എന്ന സായുധ സംഘടനയുടെ നേതാവ്. ഇവരുടെ അധികാരത്തർക്കമാണ് സുഡാനെ കലാപ ഭൂമിയാക്കുന്നത്.
2021 -ലെ അട്ടിമറിക്ക് ശേഷം രണ്ട് ജനറൽമാരും തമ്മിൽ തെറ്റി. ഏത് ഏതിൽ ലയിക്കണം, ആര് ഭരിക്കും എന്നായി തർക്കം. വാക്കുതർക്കം ഏറ്റുമുട്ടലിന് വഴിമാറി. 2023 -ൽ അത് തുറന്ന യുദ്ധത്തിലേക്ക് നീങ്ങി. സ്വർണ്ണഖനികൾ ദഗലോയുടെ നിയന്ത്രണത്തിലാണ്. സ്വർണം യുഎഇയിലേക്ക് കടത്തുന്നുവെന്നാണ് ജനറൽ ബുർഹാന്‍റെ ആരോപണം. കിഴക്കൻ ലിബിയ ഭരിക്കുന്ന ജനറൽ ഖലീഫത്ത് ഹഫ്താർ (Khalifa Haftar)RSF -നെ പിന്തുണക്കുന്നു എന്നും ജന. ബുറാൻ ആരോപിക്കുന്നു.
വടക്കും കിഴക്കും സർക്കാർ സൈന്യത്തിന്‍റെ, SAF -ന്‍റെ നിയന്ത്രണത്തിലാണ്. അവരെ പിന്തുണക്കുന്നത് ഈജിപ്തെന്നാണ് ആരോപണം. അതിന് കാരണം നൈൽ നദിയാണ്, നദിയിലെ വെള്ളം രണ്ടുകൂട്ടരും പങ്കുവയ്ക്കുന്നു. ചെങ്കടലിലെ സുഡാൻ തുറമുഖത്താണ് SAF ആസ്ഥാനം.
ദാർഫൂറും കോർഡോഫാനുമാണ് RSF ആസ്ഥാനം. ലിബിയിൻ - ഇജിപ്ഷ്യൻ അതിർത്തി പ്രദേശം. ഖാർത്തൂം RSF പിടിച്ചെടുത്തിരുന്നു. ഈ വർഷം സൈന്യം അത് തിരിച്ചുപിടിച്ചു. പക്ഷേ, ഖാർത്തൂം കത്തിച്ച് ചാമ്പലാക്കിയിട്ടാണ് RSF പിൻമാറിയത്. ആശുപത്രികളടക്കം കത്തിപ്പോയിരുന്നു. അന്താരാഷ്ട്ര വിമാനത്താവളം പിന്നീട് തുറന്നത് ഇക്കഴിഞ്ഞ മാസമാണ്. RSF പിടിച്ചെടുത്ത ഗെസിറയും സൈന്യം തിരിച്ചുപിടിച്ചു. പക്ഷേ, ദാർഫൂർ മുഴുവനായും പിടിച്ചെടുത്തത് ഈ ഒക്ടോബറിലാണ്. വടക്കൻ ദാർഫൂറിന്‍റെ തലസ്ഥാനമായ എൽ ഫാഷർ നഗരം പിടിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയും. അതോടെ രാജ്യം ഏതാണ്ട് വിഭജിക്കപ്പെട്ടിരിക്കയാണ്. SAF നിയന്ത്രണത്തിൽ കിഴക്കും RSF നിയന്ത്രണത്തിൽ പടിഞ്ഞാറും. ദാർഫൂറിൽ സമാന്തര സർക്കാർ പ്രഖ്യാപിച്ചിരിക്കയാണ് RSF.
18 മാസത്തെ ഉപരോധത്തിന് ശേഷമാണ് എൽ ഫാഷർ നഗരം പിടിച്ചെടുത്തത്. ഭക്ഷണം പോലും കടത്തിവിട്ടില്ല. നൂറുകണക്കിന് പേർ മരിച്ചു. നഗരത്തിന് ചുറ്റും മണ്ണുകൊണ്ടൊരു മതിൽ വരെ തീർത്തു RSF. നഗരം അറബുകളുടേതാക്കാൻ വേണ്ടി അറബുകളല്ലാത്തവരുടെ വംശഹത്യയാണ് നടത്തിയതെന്ന് ദാർഫൂറുകാർ ആരോപിക്കുന്നു. അതിന് കണ്ടെത്തിയ ഒരു വഴി ലൈംഗീകാതിക്രമവും. ഒരു വയസുള്ള കുഞ്ഞുങ്ങളെപ്പോലും ലൈംഗീകാതിക്രമത്തിന് ഇരയാക്കി.
യൂണിസെഫിന്‍റെ കണക്കനുസരിച്ച് 5 വയസിൽ താഴെയുള്ള 16 കുഞ്ഞുങ്ങൾ ലൈംഗീകാതിക്രമത്തിന് ഇരയായി. ക്രൂരമായ ആക്രമണത്തെ അതിജീവിച്ച കൗമാരക്കാരായ പെൺകുട്ടികൾ അധികവും ആത്മഹത്യ ചെയ്തു. യാഥാസ്ഥിതിക സമൂഹമാണ് സുഡാനിലേത്. ലൈംഗീകാതിക്രമങ്ങൾ തുറന്നുപറയാൻ മടിക്കും. അതുകൊണ്ട് പുറത്തറിയുന്നതും കുറവാണ്. എന്നിട്ടും അറിയുന്ന കണക്ക് പോലും അമ്പരപ്പിക്കുന്നതാണെന്ന് യുഎൻ സംഘടനകൾ പറയുന്നു. RSF -കാർ കൂട്ടക്കൊല നടത്തുന്ന ദൃശ്യങ്ങൾ വരെ പുറത്തുവന്നിരുന്നു. അവർ തന്നെ റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നതാണ് ഇതെല്ലാം.
ആരോഗ്യകേന്ദ്രങ്ങൾ പലതും തകർന്നിരിക്കുന്നു സുഡാനിൽ. ചികിത്സ തേടാൻ പോലും കഴിയില്ല. ഉള്ളയിടങ്ങൾ പ്രവർത്തിക്കുന്നുമില്ല. സുഡാൻ പോലുള്ള രാജ്യങ്ങൾക്ക് യുഎസ്എയ്ഡ് (USAID) വഴി നൽകിപ്പോന്ന സഹായമാണ് ട്രംപ് സർക്കാർ വെട്ടിക്കുറച്ചത്. യുഎസ്എയ്ഡിനെ ആശ്രയിച്ചിരുന്ന സന്നദ്ധസംഘടനകളും സഹായം നിർത്തേണ്ട അവസ്ഥയായി. 24 മില്യൻ ജനങ്ങൾ ഭക്ഷ്യക്ഷാമത്തിന്‍റെ പിടിയിലാണെന്ന് ലോക ഭക്ഷ്യപദ്ധതി പറയുന്നു. 80 ശതമാനം ഭക്ഷണവിതരണ കേന്ദ്രങ്ങളും അടച്ചു.
RSF -ന്‍റെ അടുത്ത ലക്ഷ്യം നോർത്ത് കോർഡോഫാന്‍റെ തലസ്ഥാനമായ എൽ ആബിദ് (EL Obeid) ആണെന്നാണ് റിപ്പോർട്ടുകൾ. അത് പിടിച്ചെടുത്താൽ പിന്നെ SAF -ന്‍റെ ആസ്ഥാനമായി ഖാർത്തുമീലേക്ക് കടക്കാൻ അധികം താമസിക്കില്ല. സൗദി അറേബ്യയും അമേരിക്കയും ആഫ്രിക്കൻ യൂണിയനും ഇടപെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, ഫലം കണ്ടിട്ടില്ല ഇതുവരെ. സഹായമെത്തിക്കാനുള്ള പദ്ധതി ബുർഹാൻ അംഗീകരിച്ചതാണ്. പക്ഷേ, അത് നടപ്പാകും മുമ്പ് എൽ ഫാഷർ RSF പിടിച്ചെടുത്തു. ഇനിയെന്ത് എന്നത് വ്യക്തമല്ല. ചർച്ച വഴിമുട്ടി എന്ന് മാത്രം വ്യക്തം.