
മരണശേഷം ഇറങ്ങിയ ഒരു ഓർമ്മക്കുറിപ്പ്, ഒരുപാട് പേരുടെ ഉറക്കം കെട്ടിരിക്കുന്നു. വിർജീനിയ ജുഫ്രെ (Virginia Giuffre) ആദ്യമിത് തുറന്നു പറഞ്ഞപ്പോൾ തന്നെ മുഖം മൂടികൾ പലതും ഇളകി വീണിരുന്നു. ‘Nobodys Girl' എന്ന ഓർമ്മക്കുറിപ്പുകളിൽ പറയുന്ന മുൻ പ്രധാനമന്ത്രി ആരെന്ന് വ്യക്തം. വിവാദങ്ങളുടെ കുരുക്ക് മുറുകിയതോടെ മറ്റൊരു ഉന്നതനായ, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ (Prince Andrew) തന്‍റെ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ചു. വലിയ കാര്യമൊന്നുമില്ല പക്ഷേ. ജനിച്ചത് രാജകുമാരനായി, അതുകൊണ്ട് തന്നെ അതുപേക്ഷിക്കാനും പറ്റില്ല. ഉപേക്ഷിച്ച ചിലത് ശരിക്കും ഉപേക്ഷിക്കണമെങ്കിൽ ചില നടപടിക്രമങ്ങളുണ്ട്. പാർലമെന്‍റ് കൂടി ഉൾപ്പെടുന്ന നടപടിക്രമം. അതുണ്ടായിട്ടില്ല.
ചോര വരുന്നതുവരെ അടിക്കുക, ഉപദ്രവിക്കുക, ബലാത്സംഗം ചെയ്യുക. ഒരു പ്രധാനമന്ത്രി 18 -കാരിയായ ഒരു പെൺകുട്ടിയോട് ചെയ്തതാണ്. അതുപോലെ പലർ. Nobodys Girl എന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചത് വിർജീനിയ ജുഫ്രെ ആത്മഹത്യ ചെയ്ത് ആറ് മാസത്തിന് ശേഷമാണ്. ബോധം കെടുന്നതുവരെ ശ്വാസംമുട്ടിക്കുകയും അതുകണ്ട് അലറിച്ചിരിക്കുന്നതുമായിരുന്നു പ്രധാനമന്ത്രിയുടെ വിനോദം. തന്നെ ഇനി അയാളുടെ അടുത്തേക്ക് വിടരുതെന്ന് എപ്സ്റ്റീനോട് അപേക്ഷിച്ചപ്പോൾ, അത് തള്ളിക്കളഞ്ഞു എന്നാണ് ഓർമ്മക്കുറിപ്പ്.
(ഇസ്രയേലിന്‍റെ 10- മത്തെ പ്രധാനമന്ത്രി യെഹൂദ് ബാരക്)
ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച എപ്സ്റ്റീൻ ഫയലുകളിൽ ഇസ്രയേലി മുൻ പ്രധാനമന്ത്രി യെഹൂദ് ബാരകിന്‍റെ കത്തുണ്ട്, പിറന്നാൾ ആശംസാക്കത്ത്. സൗഹൃദത്തിന്‍റെ ആഴം അതിൽ വ്യക്തമാണ്. ബരാക് തന്നെയാണ് ഈ പ്രധാനമന്ത്രിയെന്ന് പല മാധ്യമങ്ങളും പറയുന്നുമുണ്ട്. ഓർമ്മക്കുറിപ്പുകളിൽ പേര് പറഞ്ഞിട്ടില്ലെങ്കിലും തന്നെ ബലാത്സംഗം ചെയ്തവരുടെ കൂട്ടത്തിൽ ഈ പേര് പറഞ്ഞിട്ടുണ്ട് വിർജീനിയ ജുഫ്രെ. അന്ന് ബരാക് അതെല്ലാം നിഷേധിച്ചിരുന്നു. ഈ പ്രധാനമന്ത്രിയുടെ ക്രൂരത കാരണമാണ് എപ്സ്റ്റീന്‍റെ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് തുടങ്ങിയതെന്നുമാണ് വിർജീനിയ ജുഫ്രെ എഴുതുന്നത്.
ട്രംപിന്‍റെ പേരും
ആറ് വയസുള്ളപ്പോൾ സ്വന്തം അച്ഛൻ, അതിൽ നിന്ന് ഒളിച്ചോടി തെരുവുകളിൽ, പ്രായപൂർത്തിയാവും മുമ്പ് ജെഫ്രി എപ്സ്റ്റീന്‍റെ സഹായിയായ ഗിസ്‍ലൈൻ മാക്സ്വെല്ലിന്‍റെ കണ്ണിൽപ്പെട്ടു. അതും ഡോണൾഡ് ട്രംപിന്‍റെ 'മാരാ ലാഗോ' ക്ലബിൽ (Mar-a-Lago Club) വച്ച്. ജോലി നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പിന്നെ ആ സംഘത്തിൽ നിന്ന് പുറത്ത് കടക്കാനായില്ല.
അച്ഛനും അമ്മയും നിശബ്ദരായിരുന്നു. എപ്സ്റ്റീൻ നൽകിയ പണം അച്ഛൻ വാങ്ങി എന്നാണ് വിർജീനിയ ജൂഫ്രേ തന്‍റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നത്. വിർജീനിയയെ പോലെ നൂറുകണക്കിന് പെൺകുട്ടികളാണ് എപ്സ്റ്റീന്‍റെയും അയാളുടെ സുഹൃത്തുക്കളുടെയും ഇരകളായത്. ചിലരുടെ അച്ഛനമ്മാർ നൽകിയ പരാതിയാണ് തുടക്കം. അതൊരു വലിയ മഞ്ഞുമലയുടെ അറ്റമായിരുന്നു. വിർജീനിയ ജുഫ്രേ കൂടി കളത്തിലിറങ്ങിയതോടെ വലിയൊരു ചതുരംഗക്കളമായി. എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തു. ഗിസ്ലൈൻ മാക്സ്വെൽ ശിക്ഷിക്കപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ക്ലൈന്‍റ് ലിസ്റ്റിൽ ഡോണൾഡ് ട്രംപിന്‍റെ പേരുമുണ്ട്. പക്ഷേ, സർക്കാർ അത് പുറത്ത് വിട്ടിട്ടില്ല. ജുഫ്രേയും ആത്മഹത്യ ചെയ്തു. പക്ഷേ, കഥ അവിടെ അവസാനിച്ചില്ല. ഓർമ്മക്കുറിപ്പുകൾ ഒരു കൊടുങ്കാറ്റാവുകയാണ്.
(ആന്‍ഡൂ രാജകുമാരന്‍ അമ്മ എലിസബത്തിനൊപ്പം)
ആൻഡ്രൂ രാജകുമാരൻ
സമ്പന്നരും ശക്തരുമായ പലരുണ്ട് ഓർമ്മകുറിപ്പുകളിൽ. പുസ്തകം പുറത്തുവരും മുമ്പ് തന്നെ ആൻഡ്രൂ രാജകുമാരൻ തന്‍റെ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചു. 'ഡ്യൂക്ക് ഓഫ് യോർക്ക്' (Duke of York) എന്ന വിശേഷണമുൾപ്പടെ. വിവാദങ്ങളിൽ നിന്ന് രാജകുടുംബത്തെ രക്ഷപ്പെടുത്താനാവണം. ആൻഡ്രൂവിനെതിരെ കേസ് നൽകിയപ്പോൾ ഓൺലൈനിലൂടെ തന്നെ അപമാനിക്കാൻ ഒരു സംഘത്തെ തന്നെ ആൻഡ്രൂ ഏർപ്പെടുത്തിയെന്നും പുസ്തകത്തിൽ പറയുന്നു. വിർജീനിയ ജുഫ്രെയെ കണ്ടിട്ടേയില്ലെന്ന് ആവർത്തിക്കുന്ന ആൻഡ്രൂ പക്ഷേ, കോടതിക്ക് പുറത്ത് അവരുമായി ധാരണയിലെത്തി. കോടികൾ നൽകി എന്നാണ് റിപ്പോർട്ട്.
വിർജീനിയ ജുഫ്രെയുടെ ചരിത്രം ചികയാൻ തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസുകാരനോട് ആൻഡ്രൂ ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലും അന്വേഷണം നടക്കുകയാണ്. സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് വിർജീനിയ ജുഫ്രെയുടെ സഹോദരനടക്കം ഉള്ളവരുടെ വാദം. അതൊരു മുഖം രക്ഷിക്കൽ മാത്രമായി ചുരുങ്ങുന്നു എന്നും. പക്ഷേ, അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും വ്യക്തമാണ്. സ്ഥാനം ഉപേക്ഷിക്കൽ പേരിന് മാത്രമെന്നത് അതിന്‍റെ ബാക്കി.