ഉഷ്ണതരംഗത്തിൽ ഉരുകുന്ന യൂറോപ്പ് ; എയർകണ്ടീഷൻ കിട്ടാനില്ല, ഉയരുന്ന ചൂടും മരണങ്ങളും

Published : Jul 02, 2026, 03:13 PM IST
Heatwave in Europe

Synopsis

ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ കനത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. 'ഒമേഗ ബ്ലോക്ക്' എന്ന പ്രതിഭാസമാണ് ഈ അസഹനീയമായ ചൂടിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ നിർമ്മിച്ച കെട്ടിടങ്ങളും എയർകണ്ടീഷണറുകളുടെ കുറവും യൂറോപ്പിന്റെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

 

ഫ്രാൻസിൽ 80 വർഷത്തിന് ശേഷം ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ, മുങ്ങിമരിച്ചത് 48 പേർ. കാറിനുള്ളിൽ പെട്ട രണ്ട് കുട്ടികളടക്കം വേറെയും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പവർകട്ട് കാരണമുള്ള ചൂട് വേറെ. ഇറ്റലിയിൽ 16 നഗരങ്ങളിൽ താപനില മുന്നറിയിപ്പ്. ബ്രിട്ടനിലും ചൂട് കൂടിയ ദിവസം. സ്പെയിനിലും മരണങ്ങൾ. ഒമേഗ ബ്ലോക്ക് എന്ന പ്രതിഭാസമാണ് പിന്നിൽ. എയർകണ്ടീഷണറുകൾ തള്ളിക്കളഞ്ഞിരുന്ന യൂറോപ്പ്, അതിൽ മാറിച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. പക്ഷേ, എത്രപേർക്ക് ചെലവ് താങ്ങാനാകും എന്നത് മറ്റൊരു വിഷയം. 2003 ഓഗസ്റ്റിലും ഉണ്ടായിരുന്നു ഇത്രയും തന്നെ ചൂട്. 16 ദിവസം നീണ്ടുനിന്നു. രേഖപ്പെടുത്തിയത് 80,000 മരണം. ഇപ്പോൾ വീണ്ടും പടിഞ്ഞാറൻ യൂറോപ്പ് ചുട്ടുപൊള്ളുകയാണ്. ജാഗ്രതാ നിർദ്ദേശങ്ങൾ, താപനില മുന്നറിയിപ്പ്. സ്കൂളുകൾ അടച്ചു. പൊതുഗതാഗതം തടസ്സപ്പെട്ടു.

ഒമേഗ ബ്ലോക്ക്

'ഒമേഗ ബ്ലോക്ക്' എന്നറിയപ്പെടുന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ അറിയിക്കുന്നു. രണ്ട് കുറഞ്ഞ മർദ്ദമേഖലയുടെ ഇടയിൽ ഉയർന്ന മർദ്ദമേഖല രൂപപ്പെടുന്നതാണ് ഒമേഗ ബ്ലോക്ക്. ഉയർന്ന മർദ്ദ മേഖല കാരണം ഭൂമിയിൽ നിന്നുയരുന്ന ചൂട് അന്തരീക്ഷത്തിലേക്ക് കടക്കില്ല, ഉപരിതലത്തിൽ തന്നെ തങ്ങിനിൽക്കും. ഗ്രീക്ക് അക്ഷരമായ ഒമേഗയുടെ രൂപത്തിലായതുകൊണ്ടാണ് ഈ പേര്. സാധാരണയായി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന കാറ്റും ഇത് തടസ്സപ്പെടുത്തും. ചൂട് അസഹനീയമാകും. അതാണിപ്പോൾ യൂറോപ്പിൽ സംഭവിക്കുന്നത്.

സമയം മാറി, പലതിന്‍റെയും

ഫൌണ്ടനുകളിലും ജലസ്രോതസുകളിലും തിരക്ക്. അതിനിടെയാണ് മുങ്ങിമരണങ്ങൾ. ഈഫൽ ഗോപുരം സമയം മാറ്റി. ബക്കിംഗ് ഹാം കൊട്ടാരത്തിലെ ഗാർഡ് മാറ്റ ച്ചടങ്ങ് വെട്ടിച്ചുരുക്കി. ചൂട്, പാരീസിലെ ഫാഷൻ വീക്കിനെയും ബാധിച്ചു. കാഴ്ചക്കാർ ഉരുകി. ഷോ സമയം മാറ്റി ഡിസൈനേഴ്സും കമ്പനികളും. കെട്ടിടനിർമ്മാണ തൊഴിലാളികളുടെ ജോലി സമയം മാറ്റി. കാർഷിക മേഖലയിൽ കനത്ത തിരിച്ചടിയായി ചൂട്. പല കർഷകരും വിളവെടുപ്പ് രാത്രി കാലത്തേക്ക് മാറ്റി.

ആൽബിഡോ പ്രഭാവം

ആഗോള താപനം തന്നെയാണ് കാരണമെന്നതിൽ ആർക്കും സംശയമില്ല. മറ്റിടങ്ങളേക്കാൾ ചൂട് കൂടിവരുന്നുണ്ടായിരുന്നു യൂറോപ്പിൽ. കാലാവസ്ഥാ റിപ്പോർട്ടുകൾ മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു. ഉഷ്ണതരംഗങ്ങളും കനത്ത മഴയും വെള്ളപ്പൊക്കവും പതിവായിട്ട് പതിറ്റാണ്ടുകളായി. മനുഷ്യന്‍റെ പ്രവർത്തികൾ തന്നെയാണ് കാരണവും. കുറച്ചുകാലമായി യൂറോപ്പിൽ ആൽബിഡോ പ്രഭാവവും (Albedo effec) കണ്ടുതുടങ്ങിയിരുന്നു. സൂര്യപ്രകാശം തിരികെ പ്രതിഫലിക്കുന്ന പ്രതിഭാസം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും യൂറോപ്പിൽ ചൂടുകൂടാൻ കാരണമാണ്. സമുദ്രങ്ങൾക്ക് മുകളിലെ വെളുത്ത മഞ്ഞുപാളികൾ പ്രകൃതിദത്തമായ എയർകണ്ടീഷണറാണ്. മഞ്ഞ് സൂര്യന്‍റെ ചൂട് പ്രതിഫലിപ്പിച്ച് തിരിച്ചയക്കുകയാണ് ചെയ്യുക. പക്ഷേ, മഞ്ഞില്ലാത്തതിനാൽ ധ്രുവപ്രദേശത്തെ സമുദ്രത്തിലേക്കാണ് സൂര്യപ്രകാശം വീഴുന്നത്. സമുദ്രം അത് ആഗിരണം ചെയ്യുന്നു. അങ്ങനെയും ചൂട് യൂറോപ്പ് വരെയെത്തും.

കെട്ടിടവും ചൂടും

വേറെയുമുണ്ട് കാരണങ്ങൾ. യൂറോപ്പിലെ കെട്ടിടങ്ങളെല്ലാം തണുപ്പിനെ പ്രതിരോധിക്കാനുള്ളതാണ്. ചൂടിനെ തളച്ചിടുന്നതാണ്. ഇൻസുലേറ്റഡ് ആണ് വീടുകൾ. ശീതകാലത്ത് അത് വേണം. പക്ഷേ, ഇപ്പോഴത്തെ ചൂടിനെയും അത് തളച്ചിടുന്നു എന്നതാണ് പ്രശ്നം. പക്ഷേ, എപ്പോഴും ചൂടൽപ്പം കൂടുതലുള്ള തെക്കൻ യൂറോപ്പിലെ കെട്ടിടങ്ങൾ വ്യത്യസ്തമാണ്. ചെറിയ ജനാലകളും കട്ടിയുള്ള ചുമരുകളുമായത് കൊണ്ട് സൂര്യപ്രകാശം അധികം കയറില്ല. ചൂടും കുറയും.

യൂറോപ്പിന് വേണം എയർകണ്ടീഷൻ

ഇതിനൊപ്പം ചേർത്ത് വയ്ക്കേണ്ട ഒരു കാര്യമാണ്. എയർകണ്ടീഷണറുകൾ ശീലമില്ല യൂറോപ്പിന് എന്ന കാര്യം. അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല ഇത്രകാലവും. 20 ശതമാനം വീടുകൾക്കേ എയർകണ്ടീഷണിംഗ് ഉള്ളൂ. അമേരിക്കയിൽ അത് 90 ശതമാനമാണ്. യൂറോപ്പിന് അത് ആഡംബരമായിരുന്നു ഇത്രനാളും. വൈദ്യുതി നിരക്കും കൂടുതലായിരുന്നു യൂറോപ്പിൽ. അത് താങ്ങാൻ സാധാരണക്കാർക്ക് പറ്റുകയുമില്ല. ഇനി എസി വയ്ക്കാമെന്ന് വച്ചാൽ തന്നെ അതിലുമുണ്ട് പ്രശ്നം. പഴയ കെട്ടിടങ്ങളാണ് കൂടുതലും. ഇംഗ്ലണ്ടിൽ അത് 1900 -ന് മുമ്പാണ്. അത്രയും പഴയ കെട്ടിടങ്ങളിൽ സെൻട്രൽ എസി സ്ഥാപിക്കാൻ എളുപ്പമല്ലെന്നാണ് വിദഗ്ധ പക്ഷം. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളാണെങ്കിൽ സർക്കാരിന്‍റെ അനുമതിയും കിട്ടില്ല. ഇതെല്ലാം പോരാതെയാണ്, യൂറോപ്പിന്‍റെ പരിസ്ഥിതി നയം. 2050 ഓടെ കാലാവസ്ഥ സന്തുലിതമാകും എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ചൂട് പുറന്തള്ളുന്ന, അതുവഴി പുറത്തെ ചൂട് 2 മുതൽ 4 വരെ ഡിഗ്രി ഉയരാൻ കാരണമാവുന്ന എയർകണ്ടീഷണറുകൾ ക്ലൈമറ്റ് ന്യൂട്രാലിറ്റി എന്ന ലക്ഷ്യം അസാധ്യമാക്കും. എന്നിട്ടും എയർകണ്ടീഷണറുകൾക്ക് ആവശ്യക്കാർ കൂടുകയാണെന്നാണ് കണക്ക്. അതിന് പരിധി ഏർപ്പെടുത്തിയിരുന്നു സ്പെയിൻ പോലുള്ള രാജ്യങ്ങൾ. മറ്റ് രാജ്യങ്ങളും ആ വഴി പിന്തുടരേണ്ടിവരും എന്നാണ് നിഗമനം.

 

PREV
Read more Articles on
click me!

Recommended Stories

ബ്രിട്ടനിൽ അധികാരം ഉറപ്പിക്കാൻ കഴിയാതെ പ്രധാനമന്ത്രിമാർ, ഇരുപ്പുറപ്പിച്ച ലാരിയെന്ന പൂച്ചയും!
ഇറാനുള്ള നഷ്ടപരിഹാരവും ഇസ്രയേലും; ഒരേ സമയം വിരുദ്ധ അഭിപ്രായങ്ങൾ പറഞ്ഞ് അവ്യക്ത സൃഷ്ടിച്ച് യുഎസ്